പ്രകാശം പരത്തുന്ന പെൺകുട്ടി എന്നുപറയുന്നത് അവളായിരുന്നു. അവൾ സെറ്റിൽ വന്നാൽ ലൈറ്റപ്പ് ചെയ്യാൻ മധു അമ്പാട്ടൊന്നും വേണ്ടെന്നു ഞാൻ പറയുമായിരുന്നു. കാരണം അവളെത്തുന്നിടം അവളങ്ങ് ഏറ്റെടുക്കും. ചിരിച്ചും കളിച്ചും ഊർജം പകർന്നും നിറയുന്ന പ്രകാശസാന്നിധ്യം. അവൾ ഇത്ര നേരത്തേ പോകാൻ പാടില്ലായിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്.
സിനിമാസംവിധായകനും നടിയും എന്ന ബന്ധമല്ല ഞാനും കല്പനയും തമ്മിൽ. എനിക്കവൾ ചവറ വി.പി. നായരുടെ മകളാണ്. മദിരാശിജീവിതത്തിലെ എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു വി.പി. നായർ. അന്ന് ആ വീട്ടിൽ പോവുമ്പോൾ മൂന്നു പാവാടക്കാരികളിലൊരാളായിരുന്നു കല്പന.

പിന്നീട് സിനിമയിലെത്തിയെങ്കിലും എന്റെ സിനിമകളിൽ അഭിനയിച്ചിരുന്നില്ല. ഇടയ്ക്ക് റെയിൽവേ സ്റ്റേഷനിലൊക്കെവെച്ച് കാണുമ്പോൾ ഓടിവരും. ‘‘എന്നെ എന്താ സിനിമയിൽ അഭിനയിപ്പിക്കാത്തത്’’ എന്നു ചോദിക്കും.

ഒടുക്കം ശങ്കരനും മോഹനനും എന്ന ചിത്രത്തിലാണ് ഞാൻ കല്പനയെ ക്ഷണിക്കുന്നത്. അതിന്റെ സെറ്റിൽ വന്നപ്പോൾ, അതുവരെ അഭിനയിപ്പിക്കാത്തതിന് കുറെ ചീത്തപറഞ്ഞാണു തുടങ്ങിയത്. ആ സ്നേഹപരിഭവം ഞാനിപ്പോഴും ഓർക്കുന്നു.

ചിത്രത്തിൽ കൊയിലാണ്ടിഭാഷയായിരുന്നു കല്പനയുടെ കഥാപാത്രത്തിന്. ഇത് മലയാളമൊന്നുമല്ലെന്നു പറഞ്ഞ കല്പന അത് അനായാസം സംസാരിച്ചഭിനയിച്ചു. തിങ്കളാഴ്ച ഞാൻ തൃശ്ശൂരിൽ പവിത്രൻ അനുസ്മരണത്തിൽ സംസാരിക്കാനെത്തിയതാണ്. രാവിലെ ഷാജി പട്ടിക്കര വിളിച്ചുപറഞ്ഞാണ് കല്പനയുടെ വിയോഗമറിയുന്നത്. ഈ അനുസ്മരണത്തിൽ ഇനി ഒരുപാടുപേർ കടന്നുവരും. മലയാളസിനിമയ്ക്കു മാത്രമല്ല, എനിക്ക് വ്യക്തിപരമായി വലിയ നഷ്ടബോധം തോന്നുന്ന നിമിഷങ്ങളാണിത്.