Kalpana 8കോട്ടയത്ത് ഒളശ്ശയിൽ മലയാളത്തിന്റെ ഒരേയൊരു എൻ.എൻ. പിള്ള ജീവിക്കുകയും മരിക്കുകയും ചെയ്തതിന്റെ കാലസാക്ഷിയായ ‘ഡയണീഷ്യ’ എന്ന വീടിന്റെ മുകൾനിലയിലിരുന്നാണ് ഈ കുറിപ്പ് എഴുതുന്നത്. സ്വസഹോദരിയുടെ മരണവാർത്തയുംകൊണ്ടാണ് ഈ പകൽ പിറന്നത്. കല്പനയുടെ കല്പന ഇനിയില്ല എന്നാണ് പറയുന്നത്. ഇനി ജീവനോടെ അവരെ എവിടെയും കാണാൻ കഴിയില്ല എന്നതാണ് മരിച്ചു എന്നതിന്റെ വിശദീകരണം. അഭിനയിച്ച അസംഖ്യം സിനിമകളിലൂടെ തിരശ്ശീലയിലും ടെലിവിഷന്റെ ചതുരക്കളത്തിലും അവരെ ഇനിയും ഒരുപാടുകാലം കാണാൻ കഴിയുമെന്ന് ആശ്വസിക്കാം.

ഞാനിരിക്കുന്ന മുറിയുടെ ചുവരിൽ എൻ.എൻ. പിള്ളയും സഹോദരി ഓമനയും ചേർന്നിരിക്കുന്ന ചിത്രം. കുട്ടൻ (വിജയരാഘവൻ) പറഞ്ഞതുകേട്ട് ‘ചിറ്റ’ എന്ന് ഞാനടക്കമുള്ള സുഹൃത്തുക്കൾ വിളിക്കുന്നു അവരെ. ഏട്ടൻ എഴുതിയ വിചിത്രസ്വഭാവികളായ കഥാപാത്രങ്ങളെ, എഴുത്തുകാരനെ അദ്ഭുതപ്പെടുത്തി രംഗത്ത് പകർന്നാടിയ അനിയത്തി. എന്നെ കൂടപ്പിറപ്പായിക്കണ്ടിരുന്ന കല്പനയെ, ഞാൻ എഴുതിയ ‘പെരുവണ്ണാപുരത്തെ വിശേഷങ്ങൾ’ എന്ന സിനിമയിൽ അഭിനയിച്ച കാലംതൊട്ട് എനിക്കറിയാം. മനോരമ, സുകുമാരി, കെ.പി.എ.സി. ലളിത അങ്ങനെ പേർപെറ്റ അഭിനേത്രികളുടെ ഒപ്പം ചേർത്തുനിർത്തേണ്ട പേരുതന്നെയാണ് കല്പനയുടേത്. ആയുസ്സ് നീട്ടിക്കൊടുത്തിരുന്നെങ്കിൽ ഇനിയും എത്രയെത്ര കഥാപാത്രങ്ങളെ മിഴിവോടെ നമുക്കുമുന്നിൽ ജീവൻനൽകി അവതരിപ്പിച്ചേനെ ആ കഴിവുറ്റ കലാകാരി. കല്പന എന്ന വാക്കിന് മലബാറിൽ അവധി എന്നൊരു അർഥംകൂടിയുണ്ട്. ഇന്ന് മനസ്സിന് അവധിയാണ്. 

തിരികെക്കിട്ടാതെപോവുന്ന വിശുദ്ധജന്മങ്ങളുടെ ഓർമനാളുകൾ വരും. അന്നു നമുക്ക് ഓർമയുണ്ടാവട്ടെ, നമ്മുടെ കല്പനയെ... 

അരവിന്ദൻതൊട്ട് മാർട്ടിൻ പ്രക്കാട്ട് വരെയുള്ള മാധ്യമബോധമുള്ളവരും സിനിമയെ വിരുദ്ധങ്ങളായ കോണുകളിൽനിന്നു നോക്കിക്കണ്ടവരുമായ നിരവധി സംവിധായകരുടെ, എഴുത്തുകാരുടെ എന്നത്തെയും പ്രിയപ്പെട്ട നടിയായിരുന്നു, പ്രിയകല്പനാ, നിങ്ങൾ. മുഖ്യധാരാസിനിമ അതിന്റെ നടപ്പുശീലങ്ങളിൽനിന്നു വഴിമാറിസഞ്ചരിക്കാൻ തുടങ്ങിയ സമയത്ത് കല്പനയ്ക്കു നൽകാൻ പുതിയവേഷങ്ങൾ തയ്ക്കാൻ  പലരും ആഗ്രഹിച്ചകാലത്തെ മരണം അകാലത്തിൽത്തന്നെയായിരുന്നു. പത്മരാജനും അരവിന്ദനും അരങ്ങൊഴിഞ്ഞ് 25 ആണ്ട് തികയുന്ന കാലത്ത്, കല്പനാ, നിങ്ങളുടെ മരണം ആ സത്യം വീണ്ടും ഓർമിപ്പിക്കുന്നു: പകരക്കാരില്ല പോയിമറഞ്ഞവർക്ക്...