സൃഷ്ടിയുടെയെല്ലാം ഗര്‍ഭപാത്രമായ, ഇവിടെയുള്ളതിനെയെല്ലാം പ്രസവിച്ച ഈ ഊര്‍ജത്തെ 'ദേവി' എന്നുവിളിക്കുന്നു. ഈ സൃഷ്ടിയിലുള്ളതെല്ലാം നിങ്ങളുടെ ശരീരം, മനസ്സ്, ബുദ്ധി, അഹംബോധം, സ്ഥൂലവും സൂക്ഷ്മവുമായ ഊര്‍ജങ്ങള്‍, എല്ലാംതന്നെ ഒരേയൊരു ഊര്‍ജത്തിന്റെ വ്യത്യസ്തമായ പ്രകടരൂപങ്ങളാണ്. ഈ ഒരൊറ്റ ഊര്‍ജത്തെയാണ് 'ദേവി' എന്നുവിളിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ദേവിയെ ശക്തി എന്നും പരാമര്‍ശിക്കുന്നത്. ശക്തി എന്ന പദത്തിന് ഊര്‍ജം എന്ന അര്‍ഥമാണുള്ളത്.

നിങ്ങള്‍ക്ക് കൈയൊന്നുയര്‍ത്തണമെങ്കില്‍, എന്തെങ്കിലും സംഭവിക്കണമെങ്കില്‍ അതിനൊരുതരം ഊര്‍ജമാവശ്യമാണ്. അതുകൊണ്ട്, ഈ ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത് ശക്തിയാണ്. ആ ശക്തിയെ ഉപയോഗപ്പെടുത്തുന്നതാണ് നവരാത്രി. അതേ ശക്തിയെ ഉപയോഗപ്പെടുത്താനുള്ള വഴികളാണ് പൂജയും ആത്മീയാനുഷ്ഠാനങ്ങളും. അതുകൊണ്ട് നവരാത്രിയുടെ ഒമ്പതു ദിവസങ്ങളില്‍ ദേവിയെ എല്ലാ നാമങ്ങളിലും രൂപങ്ങളിലും ആരാധിക്കുകയാണു ചെയ്യുന്നത്. ഈശ്വരീയത എല്ലായിടത്തുമുണ്ട്. എന്നാല്‍, അത് ഉറങ്ങിക്കിടക്കുകയാണ്. അതിനെ ഉണര്‍ത്താനുള്ള പ്രക്രിയയാണ് പൂജ.

ദുര്‍ഗ, ലക്ഷ്മി, സരസ്വതി

നവരാത്രിയുടെ ആദ്യത്തെ മൂന്നുദിവസങ്ങളില്‍ ദേവിയെ ദുര്‍ഗയുടെ രൂപത്തിലാണ് ആരാധിക്കുന്നത്. ദുര്‍ഗശക്തിയുടെ സാന്നിധ്യത്തില്‍ നിഷേധശക്തികള്‍ക്ക് മങ്ങലേല്‍ക്കുന്നു. അവള്‍ നിഷേധാത്മകതയെ ശുഭാത്മകതയാക്കിമാറ്റുകയാണു ചെയ്യുന്നത്. വിജയം കൊണ്ടുവരുന്ന 'ജയദുര്‍ഗ' എന്നും ദുര്‍ഗയെ വിളിക്കാറുണ്ട്.

ദുര്‍ഗയും ചുവന്നനിറവും

ദുര്‍ഗയ്ക്ക് ചുവന്നനിറവുമായി ബന്ധമുണ്ട്. ചുവന്ന വസ്ത്രംധരിച്ച രൂപത്തിലാണ് ദുര്‍ഗയെ ചിത്രീകരിച്ചിരിക്കുന്നത്. ചുവപ്പ് ചലനാത്മകതയുടെ പ്രതീകമാണ്. നിങ്ങള്‍ പരിശീലനം നേടിയ ആളായിരിക്കാം. നിങ്ങള്‍ക്ക് കഴിവുകളുണ്ടാകാം. എന്നാല്‍, കാര്യങ്ങള്‍ നീക്കാനുള്ള കഴിവ് നിങ്ങള്‍ക്കില്ലെങ്കില്‍, ആളുകളെ ഒരുമിച്ചുകൊണ്ടുവരാനുള്ള കഴിവില്ലെങ്കില്‍, ഫലത്തിന് താമസംവരുന്നു. അതുമൂലം നിങ്ങള്‍ക്ക് ഫലപ്രദമായി ഒന്നും ചെയ്യാന്‍പറ്റുകയുമില്ല. നിങ്ങള്‍ ദുര്‍ഗയെ പ്രാര്‍ഥിക്കുമ്പോള്‍, അവള്‍ നിങ്ങളിലേക്ക് കാര്യങ്ങള്‍ നടത്താനുള്ള ഊര്‍ജം വര്‍ഷിക്കുന്നു.

നവദുര്‍ഗ

ദുര്‍ഗശക്തിയുടെ ഒമ്പതുഘടകങ്ങളാണ് നവദുര്‍ഗ. ഇത് എല്ലാ നിഷേധാത്മകതകള്‍ക്കും തടയിടുന്ന കവചമാണ്. നിങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍, മാനസികതടസ്സങ്ങള്‍ എന്നിവയുണ്ടെങ്കില്‍, ദേവിയുടെ ഈ സ്വഭാവങ്ങള്‍ ഒന്നോര്‍മിക്കുമ്പോള്‍ത്തന്നെ, മാനസികതടസ്സങ്ങള്‍ നീങ്ങുന്നു. പരിഭ്രാന്തി, സ്വയം സംശയം, ഭീതി എന്നിവയുള്ളവരുടെ പ്രജ്ഞയുയര്‍ത്താന്‍ ദേവിയുടെ നാമങ്ങള്‍ ജപിച്ചാല്‍മാത്രം മതിയാകും. അതു നിങ്ങളെ കൂടുതല്‍ കേന്ദ്രീകൃതരും ധീരരും മനസ്സാന്നിധ്യമുള്ളവരുമാക്കിത്തീര്‍ക്കുന്നു. 

ദേവിയുടെ മഹിഷാസുരമര്‍ദിനീരൂപം

മഹിഷാസുരമര്‍ദിനിയുടെ രൂപത്തിലുള്ള ദേവിദുര്‍ഗ മഹിഷത്തെ നശിപ്പിക്കുന്നവളാണ്. 'മഹിഷം' എന്നാല്‍, പോത്ത് എന്നാണര്‍ഥം. പോത്ത് അലസതയുടെയും മടിയുടെയും ജഡതയുടെയും പ്രതീകമാണ്. ഒരു വ്യക്തിയുടെ ആത്മീയവും ഭൗതികവുമായ പുരോഗതിക്കു തടസ്സമാകുന്നത് ഈ സ്വഭാവങ്ങളാണ്. ദേവി, ശുഭകരമായ ഊര്‍ജത്തിന്റെ ഭണ്ഡാരമാണ്. ആ സാന്നിധ്യത്തില്‍ അലസതയുടെയോ ജഡതയുടെയോ ചെറിയ കണികവരെ അപ്രത്യക്ഷമാകുന്നു.

ലക്ഷ്മി

നവരാത്രിയുടെ അടുത്ത മൂന്നുദിവസങ്ങളില്‍ ദേവിയെ ലക്ഷ്മിയുടെ രൂപത്തില്‍ ആരാധിക്കുന്നു. ലക്ഷ്മി സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവിയാണ്. നമ്മുടെ ജീവിതത്തിന്റെ നിലനില്പിനും വളര്‍ച്ചയ്ക്കും സമ്പത്ത് ഒരു പ്രധാന ഘടകമാണ്. ധാരാളം പണമുണ്ടാവുന്നതിലും അപ്പുറമാണത്. ജ്ഞാനത്തിന്റെയും നൈപുണ്യത്തിന്റെയും കഴിവുകളുടെയും സമൃദ്ധിയാണു സമ്പത്ത്.
ഒരു വ്യക്തിയുടെ പൂര്‍ണമായ ആത്മീയവും ഭൗതികവുമായ സുഖത്തിന്റെ പ്രകടരൂപമാണ് ലക്ഷ്മി. ഈ ദിവ്യോര്‍ജം നമ്മിലേക്കു ചൊരിയുന്ന എട്ടു ഘടകങ്ങളുണ്ട്.

1. ആദിലക്ഷ്മി: ഉറവിടത്തിന്റെ ഓര്‍മയാണിത്. ഈ മുഴുവന്‍ സൃഷ്ടിയുടെയും ഭാഗമാണു നമ്മള്‍ എന്നകാര്യം മറക്കുമ്പോള്‍, നമ്മള്‍ വളരെ ചെറുതാണെന്നും സംരക്ഷിതരല്ലെന്നും നമുക്കുതോന്നും. ആദിലക്ഷ്മി നമ്മെ ഉറവിടത്തിലേക്കു ബന്ധിപ്പിച്ച് മനസ്സിന് ശക്തിയും ശാന്തിയും പ്രദാനംചെയ്യുന്നു. 

2. ധനലക്ഷ്മി ഭൗതികസ്വത്തുക്കളെ പ്രതിനിധാനം ചെയ്യുന്നു. 

3. വിദ്യാലക്ഷ്മി ജ്ഞാനം, നൈപുണ്യം, കഴിവുകള്‍ എന്നിവയെ പ്രതിനിധാനംചെയ്യുന്നു. 

4. ധാന്യലക്ഷ്മി ആഹാരത്തിന്റെ രൂപത്തിലാണു പ്രകടമാകുന്നത്. നമ്മുടെ ആഹാരമാണ് നമ്മള്‍ എന്നൊരു ചൊല്ലുണ്ട്. ശരിയായ സമയങ്ങളിലും സ്ഥലങ്ങളിലുംവെച്ച് കഴിക്കുമ്പോള്‍ അത് ശരീരത്തെയും മനസ്സിനെയും ശുഭകരമായി സ്വാധീനിക്കുന്നു. 

5. സന്താനലക്ഷ്മി പ്രകടമാകുന്നത് സന്താനങ്ങളുടെയും ക്രിയാത്മകതയുടെയും രൂപത്തിലാണ്. ക്രിയാത്മകതയും നൈപുണ്യവും കഴിവുകളുമുള്ളവര്‍ ലക്ഷ്മിയുടെ ഈയൊരു ഘടകംകൊണ്ട് അനുഗൃഹീതരാണ്. 

6. ധൈര്യലക്ഷ്മി ധൈര്യമെന്ന ധനത്തിന്റെ രൂപത്തില്‍ പ്രകടമാകുന്നു. 

7. വിജയലക്ഷ്മി വിജയത്തിന്റെ പ്രകടരൂപമാണ്. 

8. ഭാഗ്യലക്ഷ്മി ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും ഘടകത്തിന്റെ പ്രകടരൂപമാണ്. ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍, വിവിധ ഘടകങ്ങളാണ് ഒരാളില്‍ പ്രകടമാകുന്നത്. ഉദാഹരണത്തിന്, ധൈര്യലക്ഷ്മി ഒരു വ്യക്തിക്ക് ധൈര്യംനല്കുന്നു.

എന്നാല്‍, വിജയലക്ഷ്മിയില്ലാതെ അയാള്‍ക്ക് വിജയിക്കാന്‍ പറ്റുകയില്ല. അതുകൊണ്ട് ലക്ഷ്മീദേവിക്കായി സമര്‍പ്പിച്ച മൂന്നു ദിവസങ്ങളില്‍, സമ്പത്തിന്റെ ഈ ഘടകങ്ങളെല്ലാം നല്കാന്‍ നമ്മള്‍ ദേവിയോട് പ്രാര്‍ഥിക്കുന്നു.

സരസ്വതി

നവരാത്രിയുടെ അവസാനത്തെ മൂന്നുദിവസങ്ങള്‍ സരസ്വതിക്കുവേണ്ടിയുള്ളതാണ്. സരസ്വതി ജ്ഞാനത്തിന്റെ ദേവിയാണ്. ആത്മാവിന്റെ(സ്വ) സത്താണ്(സാരമാണ്) അവള്‍ നല്കുന്നത്. സരസ്വതിയെ പലപ്പോഴും ഒരു പാറക്കല്ലില്‍ ഇരിക്കുന്നതായാണ് പ്രതിനിധാനം ചെയ്യാറുള്ളത്. ജ്ഞാനം പാറക്കല്ലിനെപ്പോലെ സ്ഥിരമായി പിന്തുണയ്ക്കുന്നു. എല്ലാക്കാലവും അത് നമ്മോടൊപ്പമുണ്ട്.

സരസ്വതി വീണവായിക്കുന്നു. വീണയുടെ മനോഹരനാദം മനസ്സിന് ശാന്തിയും സമാധാനവുമാണു നല്കുക. അതുപോലെ ആത്മീയമായ ജ്ഞാനം വിശ്രാന്തിയും ജീവിതത്തില്‍ ആഘോഷവും സൃഷ്ടിക്കുന്നു.
സരസ്വതിയുടെ വാഹനമാണ് അരയന്നം. അരയന്നത്തിന് പാലും വെള്ളവും കലര്‍ത്തിക്കൊടുത്താല്‍ അത് പാലുമാത്രം അടര്‍ത്തിയെടുത്ത് കുടിക്കും എന്നൊരു ചൊല്ലുണ്ട്. ഇത് വിവേകത്തെ പ്രതിനിധാനം ചെയ്യുന്നു. ഇതുപയോഗിച്ച് നമ്മള്‍ ജീവിതത്തില്‍നിന്ന് ശുഭകരമായതെടുത്ത് ചീത്തയായതിനെ കളയണം.

മയിലുകളാണ് ദേവിയുടെ കൂടെയുള്ളത്. മഴയ്ക്കുമുമ്പ് മയില്‍ നൃത്തംവെച്ച്, അതിന്റെ മനോഹരവര്‍ണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇത് എപ്പോഴും ചെയ്യാറില്ല. ഈശ്വരീയതയുടെ ഈ ഊര്‍ജം ശരിയായ ജ്ഞാനത്തെ ശരിയായ സമയത്ത് പ്രകടിപ്പിക്കാനുള്ള കഴിവാണു നല്കുന്നത്. വ്യത്യസ്തതരത്തിലുള്ള പഠനങ്ങളില്‍, സ്പന്ദിക്കുന്ന പ്രജ്ഞയാണ് സരസ്വതീദേവി. അവള്‍ ആത്മീയപ്രകാശത്തിന്റെയും ജ്ഞാനത്തിന്റെയും ഉറവിടവും അജ്ഞാനത്തെ അകറ്റുന്നവളുമാണ്.
നമ്മള്‍ ദേവിയുടെ വ്യത്യസ്തനാമങ്ങളും ഗുണങ്ങളും നവരാത്രിയുടെ ഒമ്പതു ദിവസങ്ങളില്‍ ജപിച്ച് ആദരിക്കുമ്പോള്‍ നമ്മള്‍ നമ്മളില്‍ത്തന്നെ ആ ഗുണങ്ങള്‍ക്കു ജീവന്‍ നല്കുകയാണ്. യഥാസമയം ആവശ്യമനുസരിച്ച് അവ നമ്മളില്‍ പ്രകടമാവുകയും ചെയ്യുന്നു.