ജീവിച്ചിരുന്ന കാലത്ത്‌ പല നക്ഷത്രങ്ങളുടെയിടയിൽ ഒരു നക്ഷത്രംമാത്രമായിരുന്ന എം.എസ്‌. സുബ്ബലക്ഷ്മി നൂറാം ജന്മവാർഷികമായതോടെ കർണാടക സംഗീതനഭസ്സിൽ ജ്വലിക്കുന്ന ധ്രുവനക്ഷത്രമായി മാറിയിരിക്കുന്നു എന്ന വസ്തുത ഒരു  അദ്‌ഭുതമാണ്‌. നാല്പതുകൾ മുതൽ അറുപതുകൾ വരെയായിരുന്നു കർണാടകസംഗീതത്തിന്റെ ആധുനിക കൃതയുഗം-ഗോൾഡൻ ഏജ്‌. പുരുഷവിഭാഗത്തിൽ അരിയക്കുടി, ശെമ്മാങ്കുടി, ജി.എൻ.ബി., ചെമ്പൈ, പാലക്കാട്‌ മണി, ചൗഡയ്യ തുടങ്ങിയ മഹാരഥന്മാരുടെ നീണ്ടനിര. പക്ഷപാതസ്വഭാവമുള്ള മുൻവിധികളെ ചെറുത്തുമുന്നേറിയ സ്ത്രീസംഗീതജ്ഞരുടെ കൂട്ടത്തിൽ എം.എൽ. വസന്തകുമാരിയും ഡി.കെ. പട്ടമ്മാളും എം.എസ്സും മുൻപന്തിയിൽ.ഈ താരനിരകളിൽ ഏറ്റവും പ്രതിഭാശാലിയായ ഗായിക എം.എസ്‌. ആയിരുന്നില്ല എന്നത്‌ സംഗീതാസ്വാദകരുടെ ഇടയിൽ അംഗീകരിക്കപ്പട്ടിരുന്ന ഒരു ധാരണയായിരുന്നു. 32-ാം വയസ്സിൽ മൺമറഞ്ഞ ഇരിങ്ങാലക്കുടക്കാരി എൻ.സി. വസന്തകോകിലത്തിന്റെ ശബ്ദമാധുരിയും സ്വരനിയന്ത്രണവും എം.എസ്സിനെ നിഷ്‌പ്രഭയാക്കാൻ പോന്നവയായിരുന്നുവെന്ന്‌ അക്കാലത്ത്‌ പലരും വിശ്വസിച്ചിരുന്നു. പട്ടമ്മാളിന്റെ പ്രത്യേകതകൾ-ശബ്ദത്തിന്റെ അതുല്യത, പഠിച്ച്‌ സ്വന്തമാക്കിയ കീർത്തനങ്ങളുടെ ആകെത്തുക, മൗലികതയോടുള്ള സത്യനിഷ്ഠ-അവരെ സമാനതകളില്ലാത്ത കലാകാരിയാക്കി.

ഒന്നുരണ്ട്‌ തലമുറകൾ മാറിയതോടെ കൃതയുഗത്തിന്റെ ലക്ഷണനിർണയങ്ങളും മാറിമറിഞ്ഞു. ആത്മാർപ്പണംചെയ്ത സംഗീതാരാധകരുടെ മനസ്സിൽമാത്രം തിളങ്ങുന്നവരായി വസന്തകുമാരിയും പട്ടമ്മാളും മറ്റും പരിണമിച്ചപ്പോൾ, സാധാരണക്കാരെ കൂടുതൽ  ആകർഷിക്കുന്ന പ്രതിഭാസമായി എം.എസ്‌. വളർന്നുപ്രകാശിച്ചു. ഏത്‌ മുക്കിലുംമൂലയിലും സൂര്യനുദിക്കുന്നത്‌ എം.എസ്സിന്റെ സുപ്രഭാതകീർത്തനങ്ങൾ കേട്ടുകൊണ്ടാണെന്ന സ്ഥിതിവിശേഷമുണ്ടായി. ജന്മവാർഷികം നാട്ടിൽ മാത്രമല്ല, ഐക്യരാഷ്ട്രസഭയിലും കൊണ്ടാടപ്പെടുന്ന ഉത്സവമായതും എം.എസ്‌. എന്ന വ്യക്തിത്വത്തിന്റെ പ്രത്യേകതയിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. മറ്റൊരു ക്ളാസിക്കൽ വിദ്വാനോ വിദുഷിക്കോ കിട്ടിയിട്ടില്ലാത്ത അംഗീകാരമാണ്‌ എം.എസ്സിനെ തേടിവരുന്നത്‌. സമകാലികർ ഇരുപതാം നൂറ്റാണ്ടിലേക്ക്‌ ഒതുങ്ങിയപ്പോൾ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക്‌ സങ്കോചമില്ലാതെ എം.എസ്‌. കടന്നുചെല്ലുന്നതും ആവേശത്തോടെ സ്വീകരിക്കപ്പെടുന്നതുമാണ്‌ നാം കാണുന്നത്‌.
എന്താണിതിനുകാരണം? മറ്റാർക്കും സാധിക്കാത്തവിധത്തിൽ ജനഹൃദയങ്ങളിലേക്ക്‌ കടന്നുചെല്ലാൻ എം.എസ്സിന്‌ സാധിച്ചുവെന്നതുതന്നെ പ്രധാനകാരണം. ഒപ്പമുള്ളവരിൽനിന്ന്‌ വ്യത്യസ്തമായ ചില സവിശേഷതകൾ എം.എസ്സിനുണ്ടായിരുന്നു. സിനിമയിലൂടെ ലഭ്യമായ ഗ്ളാമർ, പ്രകടമായ ഹൃദയനൈർമല്യത്തിന്റെ ആകർഷണശക്തി, ഭക്തിസംഗീതത്തിന്റെ ആൾരൂപമായി ഉയർന്നതിലൂടെയുണ്ടായ സ്വാധീനം ഇതിനെല്ലാം ഉപരിയായി കർണാടക സംഗീതത്തിൽ മാത്രമല്ല ഇന്ത്യയിലെത്തന്നെ കലാരംഗത്ത്‌ മറ്റാർക്കും കിട്ടാതെപോയ ഒരു സുപ്രധാന ആനുകൂല്യം എം.എസ്സിന്‌ ലഭിച്ചു, മാർക്കറ്റിങ്‌ വിദ്യയിൽ അദ്വിതീയനായ ഒരു മാനേജർ ഇംപ്രസാരിയോയുടെ സേവനം -ടി. സദാശിവം.

ടി. സദാശിവം ഒരു വിവാദപുരുഷനായിരുന്നു. ചിലർക്ക്‌ ദൈവവും മറ്റുചിലർക്ക്‌ ചെകുത്താനും. പക്ഷേ, എതിരാളികൾപോലും അദ്ദേഹത്തിന്റെ കാര്യശേഷിക്കുമുമ്പിൽ തലകുനിക്കേണ്ടിവന്നിട്ടുണ്ട്‌. ‘ആനന്ദവികടൻ’ എന്ന തമിഴ്‌മാസികയെ വിജയിപ്പിച്ചതിൽ പത്രാധിപരായിരുന്ന സുപ്രസിദ്ധ എഴുത്തുകാരൻ കൽകി കൃഷ്ണമൂർത്തിക്കും മാനേജരായിരുന്ന സദാശിവത്തിനും തുല്യപങ്കാണുള്ളത്‌. പിന്നീട്‌ സി. രാജഗോപാലാചാരിയുടെ ശിഷ്യനും സഹായിയുമെല്ലാമായ സദാശിവം ചരിത്രത്തിന്റെതന്നെ ഭാഗമായശേഷമാണ്‌ 95-ാം വയസ്സിൽ വിടവാങ്ങിയത്‌.
എം.എസ്സിന്റെ ഭർത്താവായി 60 കൊല്ലം സദാശിവം ജീവിച്ചു. ഭർത്താവെന്നനിലയിലും മാനേജർ എന്നനിലയിലും എം.എസ്സിന്റെ സംഗീതസപര്യയെ പൂർണമായും നിയന്ത്രിച്ചുമുന്നേറിയത്‌ സദാശിവമായിരുന്നു. എന്തുപാടണം, എങ്ങനെ പാടണം, എത്രനേരം പാടണം, എവിടെയെല്ലാം പാടണം എന്നൊക്കെ സദാശിവമാണ്‌ നിശ്ചയിച്ചത്‌. സിനിമയിൽ എം.എസ്‌. പ്രത്യക്ഷപ്പെടണമെന്നും നാലുപടങ്ങൾ കഴിഞ്ഞപ്പോൾ സിനിമയിൽനിന്ന്‌ വിരമിക്കണമെന്നും തീരുമാനിച്ചത്‌ സദാശിവമാണ്‌. ‘മീര’ എന്ന ചിത്രത്തിനുശേഷം (1945) ഭക്തിപ്രസ്ഥാനത്തിന്റെ അവതാരമായി എം.എസ്‌. അറിയപ്പെടണമെന്നും സദാശിവം വിധിച്ചു.

സദാശിവത്തിന്റെ ആധിപത്യം കാരണം എം.എസ്‌.സംഗീതത്തിന്‌ ചില പോരായ്മകളുണ്ടായി എന്ന വിമർശം അവർ ജീവിച്ചിരുന്നപ്പോൾത്തന്നെയുണ്ടായി. ആവശ്യത്തിലധികം ഭക്തിയിൽ ഊന്നിയതുകൊണ്ട്‌ കർണാടകസംഗീതത്തിന്റെ വിശാലതയിലേക്ക്‌ കടന്നുപറ്റാൻ എം.എസ്സിന്‌ കഴിയാതെപോയി എന്നതായിരുന്നു പ്രധാന പരാതി. അത്‌ ശരിയായിരുന്നു. 
%എന്നാൽ, സദാശിവത്തിന്റെ മേൽനോട്ടം കാരണം എം.എസ്സിനുലഭിച്ച നേട്ടങ്ങൾ കോട്ടങ്ങളെ അതിജീവിക്കാൻ പോന്നതായിരുന്നു. ലോകമെങ്ങും അറിയപ്പെടുന്ന സംഗീതജ്ഞയായി അംഗീകരിക്കപ്പെടാൻ ആ മേൽനോട്ടം വഴിതുറന്നു. സിനിമയിലേക്കുള്ള ചെറിയ കാൽവെപ്പ്‌ ജനസമ്മതിയെ സംബന്ധിച്ചിടത്തോളം വലിയൊരു കൈവശപ്പെടുത്തലായി. പരോപകാര സ്ഥാപനങ്ങൾക്കുവേണ്ടി കച്ചേരികൾ നടത്താൻ മുന്നോട്ടുവന്നതോടെ എം.എസ്‌. സാമൂഹികസേവനത്തിന്റെ പ്രതീകമായി. ഭക്തിസംഗീതത്തിൽ ഉറച്ചുനിന്നതുകാരണം ജനലക്ഷങ്ങൾ എം.എസ്സിനെ ഒരു പുതിയ മീരയായി, ഈശ്വരസാന്നിധ്യമായി കാണാൻതുടങ്ങി.

വാസ്തവത്തിൽ, മധ്യവയസ്സുകഴിഞ്ഞതോടെ, എം.എസ്സിന്റെ സ്വത്വത്തിൽ ദൈവികഗുണത്തിന്റെ എന്തോ ഒരു ശോഭ കണ്ടുതുടങ്ങിയിരുന്നു. ആരോടും ദേഷ്യപ്പെടാത്ത, ആരെക്കുറിച്ചും ദോഷംപറയാത്ത, എല്ലാവർക്കും നല്ലതുവരട്ടെയെന്ന്‌ പ്രാർഥിക്കുന്ന, എപ്പോഴും ശാന്തമായിമാത്രം കാണപ്പെടുന്ന, ഒരു അസാധാരണ സാന്നിധ്യം-ലൗകികനേട്ടങ്ങൾക്കുവേണ്ടി ഏതോ പബ്ളിക്‌ റിലേഷൻസ്‌ വിദഗ്‌ധൻ ആസൂത്രണംചെയ്ത നയരേഖയല്ലായിരുന്നു എം.എസ്സിന്റെ ഭക്തി. മറിച്ച്‌, ഉള്ളിന്റെയുള്ളിൽനിന്ന്‌ സ്വയം ഉയർന്നുവന്ന ഒരു ശക്തിയായിരുന്നു അത്‌. കാപട്യമില്ലായ്മ ആ ഭക്തിക്ക്‌ ഉണർവുപകർന്നു. സ്വതഃസിദ്ധമായ നന്മ ആ വ്യക്തിത്വത്തിന്‌ പ്രകാശം പകർന്നു. നൂറുശതമാനം  സഹജമായ, പച്ചയായ, സ്വഭാവസിദ്ധമായ ധർമബോധത്തിന്റെ ആവിഷ്കരണമായിരുന്നു.
 എം.എസ്‌.ജന്മശതാബ്ദി ആഘോഷിക്കാൻ മുംബൈയിലെ ആരാധകർ ഡോ. എം.എസ്‌. സുബ്ബലക്ഷ്മി സെന്റിനറി അവാർഡ്‌ എന്ന പേരിൽ ദ്വിദിനപരിപാടി സംഘടിപ്പിച്ചു. ആദ്യത്തെ ദിവസം എം.എസ്സിന്റെ ജീവിതത്തെ ആസ്പദമാക്കിയ നാടകാവിഷ്കരണം, രണ്ടാംദിവസം തിരഞ്ഞെടുത്ത ഏഴ്‌ വിദുഷികൾക്ക്‌ പുരസ്കാരദാനം.  

പരിപാടിയുടെ അധ്യക്ഷൻ വി. ശങ്കർ ഒരു കഥ പറഞ്ഞു; എം.എസ്സിന്റെ കച്ചേരി കേൾക്കാൻ ഒരു വൃദ്ധദമ്പതിമാർ എത്തിയ കഥ. ദൂരെയെവിെടയോ ആണ്‌ അവർ താമസിച്ചിരുന്നത്‌. വണ്ടിപിടിക്കാൻ വേണ്ട സാമ്പത്തികസ്ഥിതിയുമില്ല. അവർ നടന്നു. ഒരു ദിവസം മുഴുവൻ നടക്കേണ്ടിവന്നു കച്ചേരി നടക്കുന്നഹാളിൽ ചെന്നുചേരാൻ. എത്തിയപ്പോഴേക്ക്‌ കച്ചേരി തീരുകയായിരുന്നു. ആരോ എം.എസ്സിനെ വിവരമറിയിച്ചു. മനസ്സുരുകിയ എം.എസ്‌. ഒട്ടും മടിക്കാതെ കച്ചേരി നീട്ടി. ഒരു മണിക്കൂർ മുഴുവൻ അവർ, ആ ദമ്പതിമാർക്കുമാത്രമെന്നോണം രാഗവിസ്താരം നടത്തി. മറ്റുള്ളവരുടെ വേദനകളറിയാനും അവരെ സമാശ്വസിപ്പിക്കാനും എം.എസ്സിനുണ്ടായിരുന്ന കഴിവ്‌ അസാധാരണമായിരുന്നു. സംഗീതത്തിന്‌ വ്യക്തിമാഹാത്മ്യത്തിന്റെ ഉൾക്കരുത്ത്‌ നല്കിയതാണ്‌ എം.‌എസ്‌.സുബ്ബലക്ഷ്മിയുടെ വിരാമമില്ലാത്ത പ്രശസ്തിക്ക്‌ കാരണം.

(മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ ലേഖകന്റെ എം.എസ്‌. സുബ്ബലക്ഷ്മിയുടെ ജീവചരിത്രം ‘എം.എസ്‌. എ ലൈഫ്‌ ഇൻ മ്യൂസിക്‌’ പ്രശസ്തമാണ്‌)