പ്രചരിപ്പിക്കുന്നതുപോലെ 2009-ൽ അല്ല  അക്ഷരമാല ഉപേക്ഷിച്ചത്. 1990-കളുടെ  രണ്ടാംപകുതിയിലാണത്‌.  പ്രൈമറിവിദ്യാഭ്യാസം പരിഷ്കരിക്കാൻ വിദേശവായ്പ സ്വീകരിച്ചതിന്റെ ഭാഗമായി കരിക്കുലത്തിലും പാഠപുസ്തകങ്ങളിലും ഇടപെടാൻ  ‘എഡ്‌സിൽ’ (എജ്യുക്കേഷണൽ കൺസൽട്ടൻസ് ഇന്ത്യാ ലിമിറ്റഡ്) എന്ന കൺസൽട്ടൻസി വന്നു. അതിന്റെ മേധാവി സുബീർ ശുക്ല എന്ന എം.ബി.എ.ക്കാരനാണ്,   കുട്ടികളെ അക്ഷരങ്ങൾ പഠിപ്പിക്കേണ്ടതില്ലെന്ന നിർദേശം ഡി.പി.ഇ.പി. സംസ്ഥാനതല വർക്‌ഷോപ്പുകളിൽ നൽകിയത്. കോവളത്തും ആക്കുളത്തും കനകക്കുന്നിലുമൊക്കെനടന്ന വർക്‌ഷോപ്പുകളിലാണ് അതുവരെ നിലനിന്ന വിദ്യാഭ്യാസസങ്കല്പത്തെ മൊത്തം തകിടംമറിച്ചത്.  വ്യവഹാരമനശ്ശാസ്ത്രത്തെ അടിസ്ഥാനമാക്കിയ വിദ്യാഭ്യാസമായിരുന്നു നമ്മുടെ നാട്ടിൽ നിലനിന്നതെങ്കിൽ  അതിനുപകരം ജ്ഞാനനിർമിതിവാദം കൊണ്ടുവന്നു.

വാഷിങ്ടൺ ഇന്ത്യൻ എംബസിയിലെ എൻ. വെള്ളൂരിയും ലോകബാങ്കിന്റെ സൗത്ത് ഏഷ്യാ റീജണൽ വൈസ് പ്രസിഡന്റ്‌ ഡി. ജോസഫ് വുഡും 1996 ജൂലായ്‌ 15-ന് വാഷിങ്ടൺ ഡി.സി.യിലാണ് കേരളസർക്കാരിനുവേണ്ടി ഡി.പി.ഇ.പി.യുടെ രണ്ടാംകരാർ ഒപ്പിട്ടത്. ആദ്യകരാർ ഒപ്പിട്ടത് 1994 ഡിസംബർ 22-നാണ്. രണ്ടാം കരാറിനുശേഷമാണ് പാഠപുസ്തകപരിഷ്കരണം തുടങ്ങിയത്. കരാറിന്റെ ഭാഗമായാണ് എഡ്‌സിൽ വന്നത്. എഡ്‌സിലിനുപുറമേ  ലോകബാങ്കിന് തൃപ്തികരമായ ഒരു എൻ.­ജി.ഒ.യും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് കരാറിലുണ്ട്. 
കേരള വിദ്യാഭ്യാസനിയമപ്രകാരം (കെ.­ഇ.ആർ.) പാഠപുസ്തകങ്ങൾ ഉണ്ടാക്കേണ്ടത് എസ്.സി.ഇ.ആർ.ടി.(സ്റ്റേറ്റ്‌ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ്‌ ട്രെയിനിങ്)യാണ്. എന്നാൽ, 1996-ൽ വിദ്യാഭ്യാസമന്ത്രി പി.ജെ. ജോസഫ് പ്രത്യേക ഉത്തരവിലൂടെ ആ അധികാരം ഡി.പി.ഇ.പി.ക്കുനൽകി (GO (Rt) 3328/96/Gen.Edn.14/10/96) കരിക്കുലവും പാഠപുസ്തകങ്ങളും മാറ്റുകയെന്നത് ഡി.പി.ഇ.പി. കരാറിന്റെ ഭാഗമായിരുന്നു. അങ്ങനെയാണ് കിങ്ങിണി, പൂത്തിരി, കുന്നിമണി തുടങ്ങിയ പേരുകളിൽ പാഠപുസ്തകങ്ങൾ ഉണ്ടാക്കിയത്. 1997-'98 കാലത്തുണ്ടാക്കിയ ഈ പുസ്തകങ്ങളിലാണ് അക്ഷരമാല ആദ്യം ഒഴിവാക്കിയത്.

കുളം കുഴിച്ചതിങ്ങനെ
അക്ഷരം പഠിപ്പിക്കേണ്ടതില്ല എന്നുമാത്രമല്ല സുബീർ ശുക്ലയും ശാലൂ കർളയും ഉൾപ്പെടുന്ന എഡ്‌സിൽ സംഘം നിർദേശിച്ചത്.  കുട്ടികൾ എഴുതുമ്പോൾ തെറ്റിയാൽ തിരുത്തേണ്ടതില്ല, ഗുണനപ്പട്ടികയും കവിതകളും കാണാപ്പാഠമാക്കേണ്ടതില്ല, കുട്ടികൾ സ്വയം അറിവുനിർമിക്കുമ്പോൾ അധ്യാപകർ ഒരു ഫെസിലിറ്റേറ്ററായി നിന്നാൽമതി തുടങ്ങിയ സിദ്ധാന്തങ്ങൾ കേരളത്തിൽ നടപ്പാക്കി. കേട്ടെഴുത്തും കോപ്പിയെഴുത്തും ഒഴിവാക്കി. ക്ലാസ് റൂമുകളിൽ മാനകഭാഷയ്ക്കുപകരം പ്രാദേശികഭാഷമതി എന്നും പറഞ്ഞു. ഓർമശക്തി പരീക്ഷിക്കുന്ന എഴുത്തുപരീക്ഷ ഒഴിവാക്കണം, പകരം നിരന്തരമൂല്യനിർണയം നടപ്പാക്കണം തുടങ്ങിയ  അത്യന്തം അപകടകരമായ  നിർദേശങ്ങളും കൊണ്ടുവന്നു. 2007-ൽ കാൽക്കൊല്ലപ്പരീക്ഷ ഒഴിവാക്കി. എഴുത്തുപരീക്ഷ ഒഴിവാക്കാനുള്ള ശ്രമം ശക്തമായ  എതിർപ്പുനേരിട്ടപ്പോൾ  എല്ലാവരെയും ജയിപ്പിക്കുക എന്ന തന്ത്രം പ്രയോഗിച്ചു. പത്താം  ക്ലാസിൽ ജയിക്കാൻ 35 ശതമാനം മാർക്കുവേണമെന്നത് 2007-ൽ 30 ശതമാനമാക്കി.  നിരന്തരമൂല്യനിർണയമെന്ന പേരിൽ 20 ശതമാനം മാർക്കുനൽകി. പത്തുശതമാനം  മാർക്കുകിട്ടുന്നവർക്ക് ജയിക്കാമെന്നായി. ചോദ്യനമ്പറിട്ടാൽ അരമാർക്കുകൊടുക്കണം എന്ന വാക്കാൽ നിർദേശവുംകൂടി നടപ്പായപ്പോൾ  വിജയശതമാനം കുതിച്ചുകയറി.

എഡ്‌സിലിന്റെ വിദ്യാഭ്യാസദർശനമെന്തെന്ന് വ്യക്തമാക്കുന്നതാണ് 1997 ഫെബ്രുവരി മൂന്നുമുതൽ 12 വരെ രാജസ്ഥാനിലെ ഉദയ്‌പ്പുരിൽ അവർ നടത്തിയ  നാഷണൽ റിസോഴ്‌സ് ക്യാമ്പ്. അതിന്റെ രേഖയിൽ പറയുന്നത് കൗതുകകരമാണ്. ഉദാഹരണമായി, ഭാഷാപഠനത്തിന് ശ്രവണം, ഭാഷണം, വായന, എഴുത്ത് എന്ന സമീപനം ആവശ്യമില്ല. അക്ഷരം, വാക്ക്, വാക്യം എന്ന രീതിയിലാണ് ഭാഷ പഠിക്കേണ്ടത് എന്നത്‌ അബദ്ധസങ്കല്പമാണ്. ഭാഷയും ഭാഷാഭേദവും തമ്മിൽ വ്യത്യാസമില്ല. ഇതുതന്നെയാണ്  കേരളത്തിൽ നടപ്പാക്കിയത്. കേരളത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങളാണ് 2005-ലെ ദേശീയ കരിക്കുലം ഫ്രെയിംവർക്കിൽ സ്വീകരിച്ചത്. ഇതുതന്നെയാണ് 2007-ലെ കേരള കരിക്കുലം  നടപ്പാക്കിയത്.പ്രസിദ്ധ വിദ്യാഭ്യാസവിചക്ഷണനും കോഴിക്കോട് സർവകലാശാലാ വിദ്യാഭ്യാസവിഭാഗം മേധാവിയുമായിരുന്ന ഡോ. കെ. സോമൻ, ഡി.പി. ഇ.പി.യുടെ ഗവേണിങ്‌ബോഡിയിൽ ഉണ്ടായിരുന്നു. എഡ്‌സിലിന്റെ തലതിരിഞ്ഞ വിദ്യാഭ്യാസസങ്കല്പങ്ങൾ കണ്ടതോടെ ‘ഈ യാത്ര ഇരുട്ടിലേക്കാണ്’ എന്നുപറഞ്ഞുകൊണ്ട്‌ അദ്ദേഹം ഗവേണിങ് ബോഡിയിൽനിന്ന് രാജിവെച്ചു. ഡി.പി.­ഇ.പി.യിലെ ദുരനുഭവങ്ങൾ ‘ഒരധ്യാപകന്റെ ഓർമക്കുറിപ്പുകൾ’ എന്ന ആത്മകഥയിൽ അദ്ദേഹം വിവരിക്കുന്നുണ്ട്‌.

കമ്മിറ്റി റിപ്പോർട്ടുകൾക്ക് പുല്ലുവില
1997-ൽ ഡി.പി.ഇ.പി. പാഠ്യപദ്ധതി നടപ്പാക്കിയപ്പോൾത്തന്നെ ആക്ഷേപങ്ങളും ഉയർന്നു.  പാഠപുസ്തകം പരിശോധിക്കാൻ പല കമ്മിറ്റികളെയും  സർക്കാർ നിയോഗിച്ചു.1998-ൽ നായനാർ സർക്കാർ എസ്‌.‌സി.ഇ. ആർ.ടി. ഡയറക്ടറായിരുന്ന ഡോ. ബി. വിജയകുമാറിന്റെ നേതൃത്വത്തിൽ  15 അംഗ കമ്മിറ്റിയുണ്ടാക്കി.  പാഠപുസ്തകങ്ങളിൽ സമഗ്രമായി അഴിച്ചുപണി വേണമെന്ന് കമ്മിറ്റി ശുപാർശചെയ്തു. നാലിലെ ‘കിങ്ങിണി’യിൽ ഒമ്പതുപാഠങ്ങൾ പൂർണമായി മാറ്റണം, 11 എണ്ണം മാറ്റിയെഴുതണം എന്നതുൾപ്പെടെ ധാരാളം നിർദേശങ്ങൾ നൽകി. ഒന്നും നടപ്പാക്കാൻ തയ്യാറായില്ല.   കാരണം, വായ്പനൽകുന്നവർക്കാണ് പരമാധികാരം. പ്രോജക്ട് സ്റ്റേറ്റിന് ഒന്നുംചെയ്യാൻ അധികാരമില്ലെന്ന് കരാറിൽ പറയുന്നുണ്ട്‌.വീണ്ടും ആക്ഷേപമുയർന്നപ്പോൾ പാഠപുസ്തകങ്ങൾ പരിശോധിക്കാൻ    പ്രൊഫ. എസ്. ഗുപ്തൻനായരുടെ നേതൃത്വത്തിൽ കമ്മിറ്റിയുണ്ടാക്കി. 1999 ഫെബ്രുവരി 17-ന് നിലവിൽവന്ന കമ്മിറ്റിയിൽ ഡോ. ബി. ഹൃദയകുമാരിയും അംഗമായിരുന്നു. പാഠപുസ്തകങ്ങൾ ബാലിശമാണെന്നാണ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. പാഠഭാഗങ്ങളിലെ ഭാഷ മലയാളത്തിന്റെ മണമോ ഗുണമോ ഇല്ലാത്തതാണ്. ഓർമശക്തിയെ തള്ളിക്കളഞ്ഞത് അങ്ങേയറ്റം അപകടകരമാണെന്ന് മുന്നറിയിപ്പുനൽകുന്നു. ‘നാലാം ക്ലാസ് കഴിയുന്നതിനുമുമ്പ് പെരുക്കപ്പട്ടിക കാണാതെ ചൊല്ലാൻ കഴിയണം. മൂന്നാംക്ലാസുമുതൽ കോപ്പിയെഴുത്തും  എഴുത്തുപരീക്ഷയും നിർബന്ധമാണ്’ -കമ്മിറ്റി ശുപാർശചെയ്തു. ഒന്നും നടപ്പായില്ല.

2001-ൽ  ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മുഖ്യമന്ത്രി എ.കെ. ആന്റണിയെക്കണ്ട്‌, പാഠപുസ്തകങ്ങൾ പരിശോധിക്കാൻ കമ്മിറ്റിയെ വെക്കണമെന്ന്‌ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഡോ. എ. സുകുമാരൻനായരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വന്നത്. ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ ഭാഷയും ഗണിതവും  ഉറയ്ക്കുന്ന സമീപനമല്ല പാഠപുസ്തകത്തിലെന്ന്‌ കണ്ടെത്തിയ കമ്മിറ്റി ഇങ്ങനെ പറയുന്നു:‘കേരളത്തെപ്പോലെ  വിദ്യാഭ്യാസകാര്യത്തിൽ ഒരു സുവർണകാലഘട്ടത്തിനുടമയായ  സംസ്ഥാനം ദേശീയ മുഖ്യധാരയുമായി തുലനംചെയ്യാനാകാത്തവിധം താഴ്ന്നനിലവാരമുള്ള  പാഠ്യപദ്ധതികൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്നത്  നീതീകരിക്കാവുന്നതല്ലെന്ന് അടിവരയിട്ട് പറയാൻ ഈ കമ്മിറ്റി ആഗ്രഹിക്കുന്നു. എല്ലാപ്രവർത്തനങ്ങളുടെയും ചുമതല എസ്.സി.ഇ.ആർ.ടി.യെ ഏൽപ്പിക്കണം. ബാഹ്യ ഏജൻസികളിൽനിന്നുള്ള  ഇടപെടലുകളൊന്നും അനുവദിക്കാൻ പാടില്ല.’ ഏഴാംക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലെ ‘മതമില്ലാത്ത ജീവൻ’ എന്ന പാഠം വിവാദമായപ്പോഴാണ് അത്‌ പരിശോധിക്കാൻ 2008-ൽ ഡോ. കെ.എം. പണിക്കരുടെ നേതൃത്വത്തിൽ കമ്മിറ്റിയുണ്ടാക്കിയത്. പാഠത്തെക്കുറിച്ച് ഉയർന്ന പരാതി പരിശോധിക്കുക, കരിക്കുലവും ടെക്‌സ്റ്റ്ബുക്കും മൊത്തത്തിൽ പരിശോധിക്കുക എന്നിവയും പ്രസക്തമെന്നുതോന്നുന്ന മറ്റുവിഷയങ്ങളുമായിരുന്നു പരിഗണനാവിഷയങ്ങൾ.

ഒരുവിഷയവും സമഗ്രതയിൽ അവതരിപ്പിക്കുന്നില്ല എന്നു കണ്ടെത്തിയ കമ്മിറ്റി പാഠപുസ്തകത്തിലെ  ഭാഷ മാനകഭാഷയായിരിക്കണമെന്നും അഭിപ്രായപ്പെട്ടു. ഉള്ളടക്കം പാഠപുസ്തകത്തിൽ ഉണ്ടായിരിക്കണം,  അധ്യാപകന്റെ കൈപ്പുസ്തകത്തിൽ ഉണ്ടായാൽപ്പോരാ.2013-ൽ  ഡോ. പി.കെ. അബ്ദുൽ അസീസ് കമ്മിറ്റി നൽകിയ റിപ്പോർട്ടിലും ഭാഷാപഠനത്തിന് കൃത്യമായ ഘടനയില്ല, കുട്ടികൾക്ക് ഉറച്ച വ്യാകരണാടിത്തറ ലഭിക്കുന്നില്ല എന്നിങ്ങനെ അഭിപ്രായപ്പെടുന്നു. പിന്നീട് പാഠപുസ്തകങ്ങളിൽ ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നാൽ, അക്ഷരം പഠിപ്പിക്കാത്തതുൾപ്പെടെ മൗലികമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. മാതൃഭാഷയിൽ തെറ്റുകൂടാതെ   എഴുതാൻ കഴിയാത്തവർ പത്താം ക്ലാസിൽ മുഴുവൻ എപ്ലസും വാങ്ങിപ്പോകുമ്പോൾ  തകരാറ് ഗുരുതരമാണെന്ന്‌ മനസ്സിലാക്കണം.
  നാലകത്ത് സൂപ്പി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോൾ 2004-ൽ ഡി.പി.ഇ.പി. രീതി എട്ടാംക്ലാസുമുതൽ വേണ്ടാ എന്ന് സർക്കാർ തീരുമാനിച്ചിരുന്നു.  പൊതുവിദ്യാഭ്യാസം അട്ടിമറിക്കുന്നുവെന്നുപറഞ്ഞ്‌ ചിലർ രംഗത്തുവന്നു.  അവർ വിജയിച്ചു. സൂപ്പിയുടെ മന്ത്രിസ്ഥാനംതന്നെ നഷ്ടമായി. ഡോ. അബ്ദുൾ അസീസ് കമ്മിറ്റിയുടെ ചില ശുപാർശകൾ നടപ്പാക്കാൻ ശ്രമിച്ചപ്പോൾ  പൊതുവിദ്യാഭ്യാസം അട്ടിമറിക്കരുതെന്നു പറഞ്ഞ് 2014-ലും ഈ സംഘടനകൾ രംഗത്തുവന്നു.1998 മുതൽ 2013 വരെ സർക്കാരുകൾ നിയോഗിച്ച വിവിധ കമ്മിറ്റികൾ  സുപ്രധാനമായ ശുപാർശകൾ നൽകിയിട്ടും എന്തുകൊണ്ടാണ് അവ നടപ്പാകാത്തത് അല്ലെങ്കിൽ നടപ്പാക്കാൻ സമ്മതിക്കാത്തത്  എന്നതാണ് പ്രസക്തമായ ചോദ്യം.  മന്ത്രി ശിവൻ കുട്ടിയുടെ പുതിയ ഉറപ്പ്‌  അങ്ങനെയാവില്ല എന്നാശിക്കട്ടെ.