വെറും 13 ദിവസംകൊണ്ട് പാകിസ്താനെ മുട്ടുകുത്തിച്ച്  കിഴക്കൻ പാകിസ്താനെ സ്വതന്ത്ര ബംഗ്ലാദേശെന്നു പ്രഖ്യാപിക്കുമ്പോൾ ഇന്ത്യ ആർപ്പുവിളിച്ചത് ഒരാൾക്കുവേണ്ടി-ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റെ നെടുംതൂണായിരുന്ന ഇന്ദിരാഗാന്ധിക്കുവേണ്ടി. 1967-ൽ ഗൂംഗി ഗുഡിയ (മിണ്ടാട്ടമില്ലാത്ത പാവക്കുട്ടി) എന്നു വിളിച്ച് പരിഹസിച്ച ഇന്ദിരയെ പിന്നീട് ലോകംകണ്ടത് ഇന്ത്യയുടെ ദുർഗയായി. ഒമ്പതുമാസത്തെ കാത്തിരിപ്പിനും തയ്യാറെടുപ്പുകൾക്കുമൊടുവിൽ പഴുതടച്ച നയതന്ത്രനീക്കങ്ങളിലൂടെ ഇന്ദിരയെന്ന കൂർമബുദ്ധിയായ പ്രധാനമന്ത്രി രാജ്യത്തിന്റെ സൈന്യത്തിന് വിജയവഴിയൊരുക്കുകയായിരുന്നു. 

ഇടക്കാല ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തി 1971 മാർച്ച് 18-ന് വൻഭൂരിപക്ഷത്തോടെ ഇന്ദിരാഗാന്ധി സർക്കാർ വീണ്ടും അധികാരത്തിലേറുമ്പോൾ കിഴക്കൻ പാകിസ്താനിൽ ആഭ്യന്തരപ്രശ്നങ്ങൾ മൂർധന്യത്തിലെത്തിയിരുന്നു. കിഴക്കൻ പാകിസ്താനിൽ പാക് സൈന്യം നടത്തിയ കൂട്ടക്കൊലയും തടർന്നുള്ള അഭയാർഥിപ്രവാഹവും കണ്ടതോടെ അതുവരെ കിഴക്കൻ പാക് വിഷയത്തിൽ ചേരിചേരാ നയം തുടർന്ന ഇന്ദിര നയം മാറ്റി. ഇതിനിടെ, പാകിസ്താനുമേൽ സമ്മർദംചെലുത്തി കിഴക്കൻ പാകിസ്താനെതിരായ സൈനിക നടപടി അവസാനിപ്പിക്കാൻ ­യു.എസ്. അടക്കമുള്ള അന്താരാഷ്ട്രശക്തികളോട് ഇന്ദിര ആവശ്യപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. 

ഇന്ദിരയോട് അകാരണമായ അനിഷ്ടം പുലർത്തിയിരുന്നു അന്നത്തെ യു.എസ്. പ്രസിഡന്റ് റിച്ചാർഡ് നിക്സൺ  ‘ആ സ്ത്രീ’ എന്നാണ് ഇന്ദിരയെ  സംബോധന ചെയ്തിരുന്നത്. മറുഭാഗത്ത് പാകിസ്താൻ സൈനിക ജനറൽ യഹ്യാ ഖാനോട് എന്തെന്നില്ലാത്ത സൗഹൃദവും. ജൂലായ് ആദ്യവാരം അന്നത്തെ യു.എസ്. ദേശീയസുരക്ഷാ ഉപദേഷ്ടാവ് ഹെൻറി കിസ്സിൻജർ ഇന്ത്യ സന്ദർശിച്ചവേളയിൽ ഇന്ദിര അദ്ദേഹത്തെ പ്രഭാതഭക്ഷണത്തിനു ക്ഷണിച്ചു. കിസ്സിൻജറിനൊപ്പമുള്ള കൂടിക്കാഴ്ചയ്ക്ക് കരസേനാ മേധാവി മനേക് ഷായെക്കൂടി ഇന്ദിര ക്ഷണിച്ചിരുന്നു.

സൈനിക യൂണിഫോമിൽതന്നെ ഷാ എത്തണമെന്ന് ഇന്ദിര ശഠിച്ചു. മൂവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ കിഴക്കൻ പാകിസ്താൻ ജനതയുടെ ജനാധിപത്യപരമായ ആവശ്യങ്ങൾ അംഗീകരിക്കാൻ യു.എസ്. പാകിസ്താനോട് ആവശ്യപ്പെടണമെന്നും അഭയാർഥിപ്രശ്നം ഇന്ത്യയുടെ കൈവിട്ടുപോകുകയാണെന്നും ഇന്ദിര കിസ്സിൻജറിനെ അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഒരുറപ്പും നൽകാനാവില്ലെന്നായിരുന്നു കിസ്സിൻജറുടെ മറുപടി. അങ്ങനെയെങ്കിൽ, കിഴക്കൻ പാകിസ്താനിൽ സൈനിക ഇടപെടൽ നടത്താൻ മനേക് ഷായോട് ആവശ്യപ്പെടുമെന്ന് ഇന്ദിര അതേനാണയത്തിൽ മുന്നറിയിപ്പ് നൽകി. ഡൽഹിയിൽനിന്ന് പാകിസ്താനിലേക്കാണ് കിസ്സിൻജർ പോയത്. അവിടെനിന്ന് രഹസ്യമായി ചൈനയിലെ പീക്കിങ്ങിലേക്കും. ഇന്ത്യക്കെതിരേ പാകിസ്താൻ- യു.എസ്. -ചൈന സഖ്യം രൂപപ്പെടുന്നെന്ന് മനസ്സിലാക്കിയ ഇന്ദിര ഒരുമാസത്തിനുള്ളിൽ സോവിയറ്റ് യൂണിയനുമായി സൗഹൃദ ഉടമ്പടിയിൽ ഒപ്പുവെച്ചു. ബംഗാൾ ഉൾക്കടലിൽ യു.എസ്. തങ്ങളുടെ  കപ്പൽപ്പടയെ വിന്യസിച്ചപ്പോൾ വ്ലാഡിവൊസ്തോക്കിൽനിന്ന് സോവിയറ്റ് യൂണിയന്റെ അണ്വായുധശേഷിയുള്ള കപ്പൽവ്യൂഹത്തെ എത്തിച്ച് ചെറുക്കാനും മറുഭാഗത്ത് ചൈനയുടെ സൈനികനീക്കം തടയാനും ഇന്ദിര ഉപയോഗിച്ചത് സോവിയറ്റുയൂണിയനുമായുണ്ടാക്കിയ ആ ഉടമ്പടിയാണ്.

ഇന്ത്യ സംയമനംപാലിക്കണമെന്നും പാകിസ്താനുമായി ചർച്ച നടത്തണമെന്നും പറഞ്ഞവരോട് ഇന്ദിരയുടെ മറുപടി ഇതായിരുന്നു: ‘ഇത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തർക്കമല്ല. ചർച്ച നടക്കേണ്ടത് പാകിസ്താന്റെ പ്രസിഡന്റും ജനവിധിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ബംഗ്ലാദേശിലെ അവാമിലീഗും തമ്മിലാണ്’. അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് അഭിമുഖം നൽകാനും ഇന്ദിര മറന്നില്ല. ബി.ബി.സി.യിൽ ജൊനാഥൻ ഡിംബിൾബിക്ക്‌ നൽകിയ അഭിമുഖത്തിൽ ഇന്ത്യ സംയമനം പാലിക്കാത്തതെന്തെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് ‘ഹിറ്റ്‌ലർ വംശഹത്യ നടത്തുമ്പോൾ എന്തുകൊണ്ടാണ് നിങ്ങൾ ജൂതന്മാർ മരിച്ചോട്ടെയെന്നും ജർമനിയുമായി സമാധാനചർച്ച നടത്തൂവെന്നും ആവശ്യപ്പെടാതിരുന്നത്’ എന്ന് തിരിച്ചടിച്ചു.

ഡിസംബർ മൂന്നിന് പാകിസ്താൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യോമാക്രമണം നടത്തുമ്പോൾ കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ദിര. ആക്രമണവിവരം ലഭിച്ചതോടെ ഡൽഹിയിലേക്ക് മടങ്ങിയെത്തിയ ഇന്ദിരയ്ക്ക് സൈന്യം സ്ഥിതിഗതികൾ ബോധ്യപ്പെടുത്തിയിരുന്നു. അർധരാത്രിയോടെ മന്ത്രിസഭായോഗവും പ്രതിപക്ഷനേതാക്കളുടെ യോഗവും വിളിച്ച ഇന്ദിര അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. പാകിസ്താനെതിരേ യുദ്ധം ആരംഭിക്കുന്നെന്ന വിവരം അവർ ആകാശവാണിയിലൂടെ ലോകത്തെ അറിയിച്ചു. 

കരസേനയ്ക്കൊപ്പം നാവികസേനയും വ്യോമസേനയും യുദ്ധത്തിൽ പങ്കെടുക്കുന്നതിനും ഇന്ദിര അനുമതി നൽകി. ഒടുവിൽ രണ്ടാംലോകയുദ്ധത്തിനുശേഷം ലോകംകണ്ട ഏറ്റവും വലിയ കീഴടങ്ങലിലൂടെ പാകിസ്താനെ അടിയറവു പറയിച്ചു. ബംഗ്ലാദേശ് എന്ന പുതിയ രാജ്യം പിറന്നു. ഇന്ദിരയെ ആളുകൾ കക്ഷിരാഷ്ട്രീയഭേദമെന്യേ അഭിനന്ദനങ്ങൾ കൊണ്ടുമൂടി. ഇന്ത്യയുടെ ‘ദുർഗ’യെന്ന് പ്രതിപക്ഷനേതാവ് അടൽ ബിഹാരി വാജ്‌പേയി ഇന്ദിരയെ വിളിക്കുമ്പോൾ അത് പഴയ ‘പാവക്കുട്ടി’ എന്ന  പരിഹാസത്തിന് കാലംകരുതിവെച്ച മറുപടിയായി.

content highlights: when goongi gudiya to became durga