പളനിമാഷിൽ ഓർമയുടെ കടൽ ഇരമ്പുകയായിരുന്നു. വയലാറിന്റെ 
അന്ത്യനാളുകൾ വീണ്ടെടുക്കുമ്പോൾ അദ്ദേഹം വാക്കുകളിൽ തട്ടി ഇടറി. കട്ടിക്കണ്ണടയുടെ 
ചില്ലിൽ കണ്ണീരുവീണു. വലിയൊരു നിശ്ശബ്ദതയ്ക്കൊടുവിൽ രാഘവപ്പറമ്പിൽ അന്ന് എരിഞ്ഞടങ്ങിയ ചിത പോലെ ഒരു വിതുമ്പൽ പതുക്കെ ശാന്തമായി. 
ആരാണ് ഈ പളനിമാഷ്?  ജി. രാമവർമ തിരുമുല്പാട് എന്ന വയലാർ രാമവർമയുടെ മൂന്ന് പെൺമക്കൾക്കുംട്യൂഷൻ മാസ്റ്ററായി വളരെക്കാലം കോവിലകത്ത് താമസിക്കാൻ ഭാഗ്യമുണ്ടായ സ്കൂളധ്യാപകൻ. കവിയുടെ അന്ത്യദിനങ്ങൾക്ക് നേർസാക്ഷിയായഅപൂർവം വ്യക്തികളിലൊരാൾ. ഇന്ദ്രധനുസ്സ് തൂവൽ കൊഴിച്ചിട്ട രാഘവപ്പറമ്പിലേക്ക് ഒരു തീർഥാടകനെപ്പോലെ ഇക്കഴിഞ്ഞ 39 വർഷവും 
ഒരിക്കൽപോലും മുടങ്ങാതെ മാഷ് പോയി. ഒളിമങ്ങാത്ത ഓർമകൾക്കു മുമ്പിൽ അഞ്ജലീബദ്ധനായി, തിലോദകം 
പോലെഒരു പിടി ചോറുണ്ട്, 
അത്തന്റെ അവകാശമെന്ന 
മട്ടിൽ അദ്ദേഹം ഒാരോവട്ടവും മടങ്ങി.     

week3
1969 ജനവരിയിലാണ് 
കോഴിക്കോട് മാങ്കാവ് ഹൈസ്കൂളിൽനിന്ന് ട്രാൻസ്ഫർ ഓർഡറുമായി പളനി ആചാരി, വയലാർ ഈസ്റ്റ് യു.പി.എസ്സിലേക്ക് വരുന്നത്. ഒരവധി ദിവസം കോവിലകം വാല്യക്കാരിയുടെ മകൻ ഗോപി വന്നറിയിച്ചു- അംബാലികത്തമ്പുരാട്ടി വിളിക്കുന്നു! 
പളനിമാഷ് ചെല്ലുമ്പോൾ 
നാലുകെട്ടിന്റെ ഒരു മൂലയിൽ പടർന്നുകയറിയ പിച്ചിയെശുശ്രൂഷിച്ചുകൊണ്ട് നിൽക്കുകയാണ് കവി. ഒറ്റമുണ്ട് മടക്കിക്കുത്തിയിരിക്കുന്നു. വിടർന്ന ചിരിയോടെ അദ്ദേഹം മാഷിനെ 
തന്റെ അമ്മയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. 
അമ്മ പറഞ്ഞു: “കുട്ടന്റെ മക്കളെ സാറ് സ്കൂളിൽ മാത്രം പഠിപ്പിച്ചാൽ പോരാ, വീട്ടിലും പഠിപ്പിക്കണം”.  വയലാറിന്റെ മക്കളായ ഇന്ദുലേഖയെയും യമുനയെയും സിന്ധുവിനെയും വിളിച്ച് അപ്പോൾതന്നെ  ദക്ഷിണ 
കൊടുപ്പിക്കുകയും ചെയ്തു.


 അന്ന് വയലാറിന്റെ മൂത്ത മകൻ ശരത്ചന്ദ്ര വർമ കളമശ്ശേരി രാജഗിരി കോൺവെന്റ് സ്കൂളിൽ പഠിക്കുകയായിരുന്നു.അധികദിവസം 
കഴിയും മുമ്പ് വയലാർ പളനിയോട് ചോദിച്ചു: “സാറിന് ഇവിടെ താമസിക്കരുതോ?”  പളനിമാഷ് ഒന്ന് പരുങ്ങി. ഒന്നാമത് മാഷിന് കോവിലകത്തെ രീതികൾ അറിഞ്ഞുകൂടാ. തന്റെ പെരുമാറ്റത്തിൽ ആർക്കെങ്കിലുംഅനിഷ്ടം ഉണ്ടായാലോ? പക്ഷേ, 
അംബാലികത്തമ്പുരാട്ടി വാശിപിടിച്ചു: “കുട്ടന് നിർബന്ധം, സാറ് ഇവിടെ താമസിച്ചേ പറ്റൂ!” അമ്മയും മകനും നിർബന്ധിച്ചപ്പോൾ കെട്ടും ഭാണ്ഡവും മുറുക്കി പളനിമാഷ്  രാഘവപ്പറമ്പിൽ ചേക്കേറി. വയലാർപണികഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ  തെക്കുഭാഗത്തുള്ള പഴയ നാലുകെട്ടിലാണ് പളനിമാഷിനുള്ള മുറി വയലാറും പത്നി 
ഭാരതിത്തമ്പുരാട്ടിയും ചേർന്ന് ഒരുക്കിയത്.     
രാഘവപ്പറമ്പിൽ അന്ന് തകർത്തുവാരാറുള്ള രണ്ട് ആഘോഷങ്ങളുണ്ട്-  
മീനഭരണിനാളിൽ
കവിയുടെ പിറന്നാളും ധനുമാസത്തിലെ തിരുവാതിരയും. പിറന്നാൾദിവസം അമ്മ മകനെ കണ്ണെഴുതിക്കും, ദശപുഷ്പം ചൂടിക്കും. അങ്ങനെ 
ഒരു അമ്മയും മകനും ലോകത്തൊരിടത്തും ഉണ്ടായിട്ടില്ല എന്ന്  പളനിമാഷ്. അമ്മ അംബാലികത്തമ്പുരാട്ടിക്ക് 
മുപ്പത്തിമൂന്നാം വയസ്സിൽ പിറന്ന ഏക ആൺതരി. നന്നേ  
ചെറുപ്പത്തിൽ വയലാറിന്റെ പിതാവ് വെള്ളാരപ്പള്ളി കേരളവർമകാലയവനികയ്ക്കുള്ളിൽ മറഞ്ഞിരുന്നു. അമ്മയുടെയും  മകന്റെയും ആത്മബന്ധത്തെപ്പറ്റി വയലാറിന്റെ ഭാര്യ ഭാരതിത്തമ്പുരാട്ടി ‘ഇന്ദ്രധനുസ്സിൻ തീരത്ത് ’ എന്നപുസ്തകത്തിൽ ഇങ്ങനെ എഴുതി: ‘മകന്റെഭാവിയിൽ കണ്ണുനട്ടിരിക്കുന്ന, ആരുടേയും 
സ്നേഹം കിട്ടാത്തതുകൊണ്ട് മകനെ മാത്രംസ്നേഹിച്ചിരുന്ന  അമ്മ. അമ്മയ്ക്ക് എത്ര സ്നേഹം തിരിച്ചു കൊടുത്താലും മതിവരാത്ത 
മകൻ. എന്തൊരു ശക്തിയാണ് അവരുടെ ആത്മ  ബന്ധത്തിന്!’     അതേപ്പറ്റി പളനിമാഷിനും പറയാനുണ്ട്. ഒരിക്കൽ അമ്മയ്ക്ക് വയ്യാതെ വന്നപ്പോൾ വയലാർ ഏറെ അസ്വസ്ഥനായി. ആ 
അസ്വസ്ഥതയിൽനിന്നാണ് 
‘ചായം’ എന്ന സിനിമയിൽ 
അയിരൂർ സദാശിവൻ പാടിയ ‘അമ്മേ അമ്മേ അവിടുത്തെ 
മുമ്പിൽ ഞാനാര്’ എന്ന പാട്ടിന്റെ പിറവി. ആ പാട്ട് എഴുതിക്കഴിഞ്ഞ് ആദ്യം വായിച്ചുനോക്കാൻ കൊടുത്തത് പളനിമാഷിനാണ്. വയലാർ സൃഷ്ടിയിലേർപ്പെടുന്നതിന് മുമ്പ് 
കണ്ടാൽ അറിയാം: മുറ്റത്തെ 
പൂന്തോട്ടത്തിൽ മറ്റേതോ ലോകത്തെന്നപോലെ  കൈവീശി നടക്കും. പാതിരാത്രിയിൽ 
അദ്ദേഹത്തിന്റെ എഴുത്തുമുറിയിൽ വിളക്ക് തെളിയും. 


    വയലാർ എത്തിയെന്നറിഞ്ഞാൽ രാഘവപ്പറമ്പിൽ ഉത്സവമേളമാണ്. രാഷ്ട്രീയക്കാർ, 
സിനിമക്കാർ, എഴുത്തുകാർ, തൊഴിലാളികൾ... ആരുടെ 
മുമ്പിലും ഒരിക്കൽപ്പോലും കോവിലകം ദുർമുഖം കാണിച്ചിട്ടില്ല.  അടുക്കളയിൽ ഭാരതിത്തമ്പുരാട്ടിയും രാമചന്ദ്രനും പരിവാരങ്ങളും വെച്ചുവിളമ്പാൻ എപ്പോഴും തയ്യാർ. “ഭാരതീ... 
മുളകുദോശ!” പ്രിയപ്പെട്ട മുളകുദോശയ്ക്കു വേണ്ടിയുള്ള 
ആ വിളി ഏത് പാതിരാത്രിയിലുമുണ്ടാകും. ഒരിക്കൽ തന്റെ വിരലുകൾഉയർത്തിക്കാട്ടി അദ്ദേഹം പറഞ്ഞു: 
“ഈ വിരലുകൾ മതിഎനിക്ക് എന്റെ മക്കളെ  പോറ്റാൻ!”ഒരു പിറന്നാൾ മാത്രം പക്ഷേ, രാഘവപ്പറമ്പിൽ  ആഘോഷിച്ചില്ല. കവിയുടെ മരണത്തിന് മുൻപുള്ള 46-ാം പിറന്നാൾ. 
അതിനു പിന്നിലൊരു കഥയുണ്ട്. വയലാറിന്റെ ആത്മമിത്രം മലയാറ്റൂർ രാമകൃഷ്ണന്റെ ദൈവാധീനം 
അറിയാൻ ജ്യോത്സ്യൻ അരൂർ ശ്രീധരനെ അമ്മ രാഘവപ്പറമ്പിലേക്ക് വിളിപ്പിച്ചു. കുട്ടന്റെ ദശാസന്ധിയും നോക്കണമെന്നായി അമ്മ. തിരുമേനിയുടെ 46-ാം വയസ്സിൽ ഒരു ‘ഘട്ടം’ 
തരണം ചെയ്യേണ്ടിവരുമെന്ന് നാഗരാജക്ഷേത്ര സന്നിധിയിലിരുന്ന് ജ്യോത്സ്യൻ പ്രവചിച്ചു. അത് അമ്മയുടെ മരണമായിരിക്കാമെന്നാണ് കേട്ടുനിന്നവർ ഊഹിച്ചത്.  അമ്മ വേദനിക്കുമെന്ന് അറിഞ്ഞിട്ടുകൂടി  
46-ാം ജന്മദിനം രാഘവപ്പറമ്പിൽ ആഘോഷിക്കാൻ വയലാർ എത്തിയില്ല!     
വയലാറിനെക്കുറിച്ച് ഒട്ടേറെ കഥകൾ പളനിമാഷ് 
ഒാർക്കുന്നു. ഒരിക്കൽ ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേനടയിൽനിന്ന് അദ്ദേഹം സിഗററ്റ്  വലിച്ചു.  ക്ഷേത്രജീവനക്കാർ 
പുകവലിക്കുന്നത് ചോദ്യം 
ചെയ്തു. ശല്യം സഹിക്കാതെ 
കവി സൗമ്യമായി പറഞ്ഞു: 
“ഇതെന്റെയൊരു വഴിപാടാണ്. തെക്കേനടയിൽനിന്ന് സിഗററ്റു വലിച്ചുകൊള്ളാമെന്ന് ഞാൻ നേർച്ച നേർന്നിരുന്നു.” ക്ഷേത്രജീവനക്കാരന്റെ 
പൊടി പോലും പിന്നീടവിടെ 
കണ്ടില്ല!     
1975 ഒക്ടോബർ 21-ാം തീയതി വൈകിട്ട് ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിലെ ആർട്സ് ക്ലബ്ബ്  ഉദ്ഘാടനമായിരുന്നു വയലാർ പങ്കെടുത്ത അവസാനത്തെ പൊതുചടങ്ങ്. അന്നത്തെ ആ ചടങ്ങിന്റെ ശബ്ദരേഖ ഒരു നിധിപോലെ പളനി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. 


ചടങ്ങ് കഴിഞ്ഞ് വെളുപ്പിന് നാലു മണികഴിഞ്ഞു തിരിച്ച് 
രാഘവപ്പറമ്പിലെത്താൻ.ഡ്രൈവർ സദാശിവൻ ഹോൺ മുഴക്കിയപ്പോൾ പളനിമാഷാണ് ഗേറ്റു തുറന്നുകൊടുത്തത്. വയലാർ തീരെ അവശനായിരുന്നു. ഷർട്ടിട്ടില്ല. ഒരു കാലിൽ 
മാത്രം ചെരിപ്പ്. “ഇനി എന്നെക്കൊണ്ട് ഒന്നും  നടക്കുമെന്ന് തോന്നുന്നില്ല”, ഇങ്ങനെ പറഞ്ഞുകൊണ്ടാണ് വയലാർ 
വീട്ടിലേക്ക് കയറിയത്.
22-ാം തീയതി ഒരതിഥിയുണ്ടായിരുന്നു. ഇടുക്കി ഡിവൈ.എസ്.പിയായിരുന്ന സി.സി. ജോൺ. മകളുടെ കല്യാണംക്ഷണിക്കാൻ മകളുമൊത്ത്വന്നതായിരുന്നു അദ്ദേഹം. പെൺകുട്ടി അമ്മയ്ക്ക് ദക്ഷിണ കൊടുത്തു. 
പകരം  അമ്മ ഒരു സ്യൂട്ട്കെയ്സ് സമ്മാനിച്ചു. അന്ന് സന്ധ്യയായതോടെ  വലയാർ രക്തം ഛർദിച്ചു. സദാശിവൻ കുടുംബഡോക്ടറായ ഗംഗാധരനെ വിളിച്ചുകൊണ്ടുവന്നു. ശിശുരോഗവിദഗ്ധനായ ഗംഗാധരനെ വയലാറിന് വലിയവിശ്വാസമായിരുന്നു. ഉടൻതന്നെ  മതിലകത്തെ ഗ്രീൻ ഗാർഡൻസ് ഹോസ്പിറ്റലിൽ വയലാറിനെ 
പ്രവേശിപ്പിച്ചു. രാമവർമയുടെ നില ഗുരുതരമാണെന്ന 
വാർത്ത കാട്ടുതീ പോലെ പടർന്നു. 
മുഖ്യമന്ത്രി അച്യുതമേനോൻ ഇടപെട്ട് മെഡിക്കൽകോളേജിൽനിന്ന് ഡോ. പി.കെ. വാര്യരും ഡോ. രാമചന്ദ്രനും ഗ്രീൻ ഗാർഡൻസ് ഹോസ്പിറ്റലിൽ
എത്തി. നില അല്പം മെച്ചപ്പെട്ടതോടെ 23-ാം തീയതി രാത്രിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മെഡിക്കൽ കോളേജിലെ 14-ാം വാർഡിലാണ് 
വയലാറിനെ കിടത്തിയത്.  


കുടുംബാംഗങ്ങൾ അടുത്തുള്ള ജെമിനി ഹോട്ടലിൽ മുറിയെടുത്തു. തൊട്ടടുത്ത മുറിയിൽ പളനിമാഷും  വയലാറിന്റെ അനന്തരവൻ ചന്ദ്രപ്പനും ഡ്രൈവർ സദാശിവനും. 
വയലാറിന് രക്തം പൊയ്ക്കൊണ്ടിരുന്നു. രക്തം കൊടുക്കാൻ കോളേജ് വിദ്യാർഥികളടക്കം അനേകം പേർ പുറത്ത് ക്യൂ 
നിന്നു. സ്ഥിതി വഷളാവുകയായിരുന്നു. 25-ാം തീയതി രാത്രി വയലാറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്കുശേഷം അവസ്ഥ മെച്ചപ്പെട്ടെങ്കിലും  പിറ്റേന്ന് വൈകുന്നേരത്തോടെ വയലാറിന് 
അസുഖം മൂർച്ഛിച്ചു. മകൻ ശരത്ചന്ദ്രനൊപ്പം പളനിമാഷ്  
അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകണ്ടു. വെളുപ്പിന് നാലരയോടെ ആ സ്പന്ദനം 
എന്നേയ്ക്കുമായി നിലച്ചു.     
 മാഷ് കഥ നിർത്തി അകത്തേക്ക് പോയി. ഒരു പിടി മണ്ണുമായി അദ്ദേഹം തിരികെവന്നു. രാഘവപ്പറമ്പിലെ മണ്ണാണ്.  
മേഘജ്യോതിസ്സുപോലെ 
ക്ഷണികമാണെങ്കിലും പാട്ടിന്റെ ചക്കരപ്പന്തലിൽ തേൻമഴ ചൊരിഞ്ഞഗന്ധർവരാജകുമാരൻ ചവുട്ടിനിന്ന മണ്ണ്. ഈ 
മണ്ണിൽ ഇനിയൊരു ജന്മംകൂടി കവി ചോദിച്ചു.   മരണമില്ലാത്ത ഒരാൾക്ക്എന്തിനാണ് അനവധി ജന്മങ്ങൾ?

 

madhuthripperumthura1@gmail.com