രജപുത്ര ജന്മിമാര്‍ക്കുവേണ്ടി എല്ലുമുറിയെ പണിയെടുക്കാന്‍ വിധിക്കപ്പെട്ട ആദിവാസി കുടുംബത്തിലായിരുന്നു ആ കുട്ടി ജനിച്ചത്. ജന്മിമാരും അവരുടെ ഗുണ്ടകളുമായി ഏറ്റുമുട്ടല്‍ പതിവായിരുന്ന കാലം. പകലന്തിയോളം പാടത്ത് പണിയെടുക്കണം. കാലികളെ തീറ്റണം, പാല്‍ കറന്നെടുക്കണം. തൊട്ടടുത്തുള്ള വനമേഖലയില്‍നിന്ന് കാലികളെ പിടിക്കാന്‍ വരുന്ന വന്യമൃഗങ്ങളെ തുരത്തണം. ഇതിനിടയ്ക്ക് വല്ലപ്പോഴും സ്‌കൂളിലേക്ക്. കൃഷിയിടം ഏറെയുണ്ടെങ്കിലും ഉടമസ്ഥാവകാശമില്ല. ഒക്കെയും ജന്മിമാരുടേത്. അവര്‍ വഴക്കുണ്ടാക്കാന്‍ വരുന്നത് നാടന്‍ തോക്കുമായിട്ടാണ്. എതിര്‍ക്കുന്നത് മുളവടിയുമായി. മിക്ക വഴക്കും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചായിരിക്കും.
വെളുപ്പാന്‍ കാലത്തുതന്നെ കൃഷിയിടത്തിലേക്ക് പോകണം. കുടുംബാംഗങ്ങളെല്ലാവരും ഒന്നിച്ചാണ് യാത്ര. ദൂരെ വനാതിര്‍ത്തിയിലുള്ള കൃഷിയിടത്തേക്ക് പോകുന്നത് കാളവണ്ടിയിലാണ്. ആ കുട്ടിയാവും കാളവണ്ടി തെളിക്കുക. വല്ലപ്പോഴുമൊക്കെ സ്‌കൂളിലും പോകും. വീട്ടില്‍ ആണ്‍മക്കളുണ്ടാവുന്നത് പൊതുവേ എല്ലാവര്‍ക്കും വലിയ കാര്യമാണ്. കൃഷിപ്പണിചെയ്യാന്‍ ആളെ കിട്ടുമല്ലോ എന്ന ആശ്വാസം. പെണ്‍മക്കളായാല്‍ കൃഷിപ്പണിചെയ്‌തേ മതിയാവൂവെന്നത് വേറെകാര്യം.ആ കുട്ടിയെ ഇന്ന് നിങ്ങള്‍ക്കറിയാം. മലയാളികള്‍ക്കാകെ അറിയാം. വാര്‍ത്തകള്‍ക്കുനടുവില്‍ ഇപ്പോള്‍ അയാളുണ്ട്-പേര് ടിക്കാറാം മീണ. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍.
നൂറ്റാണ്ടുകളായി കൊടിയ ദുരിതവും ചൂഷണവുമൊക്കെ അനുഭവിക്കുന്ന ആദിവാസിവിഭാഗമാണ് രാജസ്ഥാനിലെ മീണ സമുദായം. ജാട്ട്, ഗുജ്ജര്‍ എന്നീ സമുദായങ്ങളെപ്പോലെ ജയ്പ്പുരില്‍നിന്ന് നൂറുകിലോമീറ്റര്‍ അകലെ മതാസ്യ പ്രദേശത്തുള്ളവര്‍. മതാസ്യ എന്ന വാക്കിന് മത്സ്യവുമായി ബന്ധമുണ്ട്. മീണ എന്ന വാക്കും മീനിന് അടുത്തുള്ളതുതന്നെ. മുഗളന്മാരുടെ ആക്രമണത്തെ ചെറുക്കാന്‍ നാട്ടുരാജാക്കന്മാര്‍ മീണ സമുദായത്തിന്റെ സഹായം തേടി. 11-ാം നൂറ്റാണ്ടുമുതലേ പോരാളികളുടെ സമുദായമായിരുന്നു മീണ സമുദായം. മുഗളന്മാരോട് ഏറ്റുമുട്ടി ധാരാളം പേര്‍ കൊല്ലപ്പെട്ടു. പല സമയത്തും കൂട്ടത്തോടെ പിന്‍വാങ്ങേണ്ടിവന്നു.
കൃഷിയും താമസസ്ഥലവുമൊക്കെ ഉപേക്ഷിച്ച് പുതിയ ഇടങ്ങളിലേക്കുള്ള യാത്ര. അതിനിടയ്ക്ക് രജപുത്രരുടെയും അവരുടെ ഗുണ്ടകളുടെയും ആക്രമണം. ബ്രിട്ടീഷ് ഭരണകാലത്തും ഏറെ ഉപദ്രവമേറ്റു. അമ്പതുകളും അറുപതുകളും കടുത്ത പീഡനത്തിന്റെ കാലമായിരുന്നു. ടിക്കാറാമിന്റെ ബാല്യകാലം കൂടിയായിരുന്നു അത്. തോക്കുമായി വരുന്ന അക്രമികളും അവരെ വടിയും മറ്റ് ചില്ലറ ആയുധങ്ങളുമൊക്കെയായി നേരിടുന്ന സ്വന്തക്കാരും. അന്ന് മീണ സമുദായക്കാര്‍ക്ക് നേതൃത്വംകൊടുത്തിരുന്നത് ടിക്കാറാമിന്റെ പിതാവായിരുന്നു-ജയറാം മീണ. പ്രദേശത്തെ സമുദായനേതാവെന്നനിലയ്ക്ക് പട്ടേല്‍ എന്ന പേരായിരുന്നു അദ്ദേഹത്തിന്റേത്. കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെയും കൂട്ടരുടെയും പോരാട്ടം. രൂക്ഷമായ രക്തച്ചൊരിച്ചിലിന്റെ ദിവസങ്ങള്‍. ഇതിനിടയ്ക്ക് കൃഷിസ്ഥലത്ത് പണി. പശുക്കളെ കറക്കല്‍. ഇതിനിടയ്ക്ക് സ്‌കൂളിലേക്കും.ജയറാം പട്ടേലിന്റെ ആറുമക്കളില്‍ നാലാമനാണ് ടിക്കാറാം. ആണ്‍കുട്ടികള്‍ നാലുപേര്‍. മൂത്തമകന്‍ രത്തന്‍ലാലിനെ ജയറാം പട്ടേല്‍ ദൂരെ സെവായ് മാധവ്പുരിലുള്ള സ്‌കൂളില്‍വിട്ട് പഠിപ്പിച്ചു. മിടുക്കനായി പഠിച്ചുപാസായപ്പോള്‍ ഉന്നതപഠനത്തിന് ഡല്‍ഹിയിലേക്കയച്ചു. സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ഐ.പി.എസ്. പാസായ രത്തന്‍ലാല്‍, കേന്ദ്രഭരണപ്രദേശത്തെ പോലീസുദ്യോഗസ്ഥനായി.

എല്ലാ മക്കളെയും പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി ജയറാം പട്ടേലിനുണ്ടായിരുന്നില്ല. ടിക്കാറാമിനെ കൂടുതല്‍ പഠിപ്പിക്കണമെന്ന് രത്തന്‍ലാല്‍ നിര്‍ബന്ധിച്ചു. ഇളയസഹോദരന് പഠിക്കാന്‍വേണ്ടി ഇടയ്ക്കുള്ള രണ്ടുസഹോദരന്മാരും കൃഷിയിടങ്ങളിലേക്ക് ഒതുങ്ങിക്കൂടി. ഇപ്പോഴും അതോര്‍ക്കുമ്പോള്‍ ടിക്കാറാം മീണയുടെ കണ്ണുനിറയും.
ടിക്കാറാമിന്റെ ബാല്യകാലം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. രണ്ടുമക്കളെയെങ്കിലും പഠിപ്പിക്കാന്‍ നിരക്ഷരരായ മാതാപിതാക്കള്‍ ഏറെ പാടുപെട്ടു. വീടെന്നുപറയാന്‍ ഒരു കുടില്‍മാത്രം. പഴയ ഗ്രാമീണരീതിയിലുള്ള കട്ടിലുകള്‍ അടുക്കിവെച്ച് എല്ലാവരും ഒന്നിച്ചാണ് കിടപ്പ്. അടുക്കളയോടുചേര്‍ന്ന് ഒരു അറയില്‍ നാല് ഗോതമ്പുചാക്കുകള്‍ സൂക്ഷിച്ചിട്ടുണ്ടാവും. ദിവസവും അമ്മ ധാപ്പു ആവശ്യത്തിന് ഗോതമ്പെടുത്ത് പൊടിച്ച് ചപ്പാത്തിയുണ്ടാകും. എല്ലാവര്‍ക്കും ആഹാരമുണ്ടാക്കിക്കൊടുത്തശേഷം അമ്മയും കൃഷിസ്ഥലത്തേക്ക് തിരിക്കും.
കൃത്യമായി സ്‌കൂളില്‍പോകാന്‍ കഴിയാത്തതായിരുന്നു ടിക്കാറാമിന്റെ സങ്കടം. ഒഴിവുദിവസങ്ങളിലൊക്കെയും കൃഷിപ്പണിചെയ്യണം. ഉച്ചതിരിഞ്ഞ് രണ്ടുമണിയോെട സ്‌കൂളില്‍നിന്ന് വന്നാലുടന്‍ കൃഷിസ്ഥലത്തേക്ക് തിരിക്കും. വിത്ത് വിതയ്ക്കുന്ന സമയത്തും വിളവെടുപ്പുകാലത്തും ദിവസങ്ങളോളം സ്‌കൂള്‍പഠനം മുടങ്ങും. മറ്റുദിവസങ്ങളില്‍ കൂടുതല്‍ പണിയുണ്ടായാല്‍ സഹോദരന്മാര്‍ നിര്‍ബന്ധിക്കും. അപ്പോഴും സ്‌കൂളില്‍പ്പോകാതെ കൃഷിപ്പണിക്ക് പോകും. നാലാംക്ലാസുവരെ വീട്ടില്‍നിന്ന് രണ്ടുകിലോമീറ്റര്‍ അകലെ ജൊലന്ത എന്ന സ്ഥലത്തെ സ്‌കൂളിലാണ് പോയത്. പിന്നെ അഞ്ചുകിലോമീറ്റര്‍ അകലെ പുരാകിര്‍ത്തി ഗ്രാമത്തിലെ സ്‌കൂളില്‍. ബി.എ.യ്ക്ക് സെവായ് മാധവ്പുരിലുള്ള കോളേജില്‍. ഇവിടേക്ക് 70 കിലോമീറ്ററുണ്ട്.
ബി.എ.വരെ ഇംഗ്ലീഷ് പഠിച്ചിട്ടേയില്ല മീണ. ജ്യേഷ്ഠന്‍ രത്തന്‍ലാല്‍ കൊണ്ടുവന്ന ചില പുസ്തകങ്ങളില്‍നിന്ന് കുറേ ഇംഗ്ലീഷ്വാക്കുകള്‍ കാണാപ്പാഠം പഠിച്ചു. അതൊന്നും കൂട്ടിവായിക്കാനറിയില്ലെങ്കിലും കിട്ടുന്ന വാക്കുകളൊക്കെ പഠിച്ചുകൊണ്ടേയിരുന്നു. പശുക്കളെ മേയ്ക്കാന്‍ പോകുമ്പോള്‍ പാഠപുസ്തകങ്ങള്‍ കൈയിലെടുക്കും. പശുക്കളെ കാട്ടില്‍ മേയാന്‍വിട്ട് മരച്ചുവട്ടിലിരുന്ന് വായിക്കും. ഗൃഹപാഠങ്ങള്‍ ചെയ്യുന്നതും ഈ സമയത്താണ്. സന്ധ്യയായാല്‍ പശുക്കള്‍ സ്വയം മടങ്ങിവരും. പാല്‍ കറന്നെടുക്കുന്നതും വലിയ ജോലിതന്നെ. തള്ളവിരല്‍ക്കൊണ്ട് നന്നായമര്‍ത്തി രണ്ട് കൈകൊണ്ടുമാണ് പാല്‍ കറക്കുക. എല്ലാവരും അധ്വാനിച്ചാലും ഒന്നിനും തികയില്ല. പിതാവ് പലിശക്കാരുടെ കൈയില്‍നിന്ന് കാശ് കടംവാങ്ങും. കൊള്ളപ്പലിശയാണ്. വിളവെടുക്കുമ്പോള്‍ തിരികെ കൊടുക്കണം. പേമാരിവന്നാലും വരള്‍ച്ച കടുത്താലും വിളവൊക്കെ നശിക്കും. പ്രതികൂല സാഹചര്യങ്ങളിലും ടിക്കാറാമിനെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ഉത്സാഹിച്ചു. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എം.എ.യ്ക്ക് ചേര്‍ന്നപ്പോഴാണ് ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങിയത്. പഠനം ഒരാവശ്യമായി മാറുകയായിരുന്നു. പിതാവ് വായ്പയെടുത്ത് ഒരു ട്രാക്ടര്‍ വാങ്ങിയതോടെയാണ് വീട്ടിലെ വരുമാനം കൂടാന്‍ തുടങ്ങിയത്. കര്‍ഷകരായ സഹോദരങ്ങള്‍തന്നെയാണ് അത് ഓടിച്ചത്.
ജ്യേഷ്ഠനെപ്പോലെ ടിക്കാറാമിനെയും ജയറാം പട്ടേല്‍ സെവായി മാധവ്പുരിലെ സ്‌കൂളിലേക്കയച്ചു. അന്ന് ശൈശവവിവാഹമായിരുന്നു നാട്ടുനടപ്പ്. ഒമ്പതാംക്‌ളാസില്‍ പഠിക്കുമ്പോള്‍ത്തന്നെ ആലോചനവന്നു. രത്തന്‍ലാലിന്റെ ഭാര്യാസഹോദരന്റെ മകള്‍ ഡോളിയായിരുന്നു വധു. വിവാഹനിശ്ചയവും ഉടന്‍തന്നെ നടന്നു. വധുവിന്റെ വീട്ടില്‍നിന്ന് ഒരു സംഘം ആളുകള്‍ വരന്റെ വീട്ടിലെത്തി. വധുവിന്റെ പിതാവ് ടിക്കാറാമിന്റെ കൈയില്‍ അഞ്ചുരൂപാനോട്ട് വെച്ചുകൊടുത്തു. കൈയില്‍ ഒരു ചരടും കെട്ടി. വിവാഹനിശ്ചയവും കഴിഞ്ഞു.

കല്യാണം പത്താംക്‌ളാസില്‍ പഠിക്കുമ്പോഴായിരുന്നു. മുഴുവന്‍ ഗ്രാമവാസികളും പങ്കെടുത്ത രണ്ടാഴ്ചനീണ്ട ആഘോഷങ്ങള്‍. പാട്ടും നൃത്തവുമൊക്കെയായി പൊടിപൊടിച്ച കല്യാണം. പക്ഷേ, വരന്‍ വധുവിനെ കണ്ടിട്ടേയില്ല; വധു വരനെയും. വധുവിന്റെ പേര് ഡോളി എന്നാണെന്നുമാത്രമറിയാം ടിക്കാറാമിന്. അഞ്ചാംക്‌ളാസില്‍ പഠിത്തംനിര്‍ത്തി കുടുംബത്തോടൊപ്പം കാര്‍ഷികവൃത്തിയിലേക്ക് തിരിഞ്ഞവള്‍. സ്വന്തം ഗ്രാമത്തില്‍നിന്ന് പത്തുകിലോമീറ്ററോളം ദൂരത്താണ് വധുവിന്റെ വീട്. കല്യാണത്തിന് ഗ്രാമവാസികളൊക്കെ ഘോഷയാത്രയായി വധുവിന്റെ വീട്ടിലേക്ക്. വാളും തോക്കുമൊക്കെയുണ്ട് കൈയില്‍. പാട്ടുപാടി നൃത്തമാടിയാണ് ഘോഷയാത്ര. അകമ്പടിക്ക് അമ്പത് കാളവണ്ടികളും അമ്പത് കുതിരകളും. കൊഴുപ്പുകൂട്ടാന്‍ രണ്ട് ആനയും. വരന് 15 വയസ്സ് ആകുന്നതേയുള്ളൂ. വധുവിന് 14-ഉം.
കല്യാണംകഴിഞ്ഞ് വധുവിനോട് ഒന്നും മിണ്ടാതെ, ഒന്ന് കാണുകപോലും ചെയ്യാതെ ടിക്കാറാം പിറ്റേന്നുതന്നെ സ്‌കൂളിലേക്ക് മടങ്ങി. ആ വര്‍ഷം, 1978-ല്‍ പത്താംക്‌ളാസ് പാസായി, ഫസ്റ്റ് ക്‌ളാസോടെ. അതിന് ഒരുവര്‍ഷംമുമ്പ് 1977-ല്‍ ജ്യേഷ്ഠന് ഐ.പി.എസ്. കിട്ടിയിരുന്നു.ഇന്റര്‍മീഡിയറ്റ് പരീക്ഷയും നല്ലനിലയില്‍ പാസായപ്പോള്‍ മകനെ ഡല്‍ഹിക്കയച്ച് പഠിപ്പിക്കാന്‍ പിതാവ് തീരുമാനിച്ചു. അതുവരെ താത്പര്യമായിരുന്ന ബയോളജി ഉള്‍പ്പെട്ട സയന്‍സ് വിഷയങ്ങള്‍ ഒഴിവാക്കി പൊളിറ്റിക്‌സ് ഐച്ഛികവിഷയമായെടുത്തു. ബി.എ.യ്ക്ക് പഠിക്കുമ്പോഴും ഭാര്യയെ കണ്ടിരുന്നില്ല. ആറുവര്‍ഷത്തിനുശേഷം 1984-ല്‍ വീണ്ടുമൊരു ചടങ്ങ്. രണ്ടാമതൊരു കല്യാണം എന്നുതന്നെ പറയാം. അതാവട്ടെ, ബി.എ. അവസാനവര്‍ഷം പഠിക്കുമ്പോഴും.
ഇരുവരും പരസ്പരം കാണുന്നത് ഈ സമയത്താണ്. കല്യാണം കഴിഞ്ഞ് ടിക്കാറാം പഠനം തുടരാന്‍ ഡല്‍ഹിക്ക് വണ്ടികയറി. ഡോളി ഭര്‍ത്തൃഗൃഹത്തില്‍ വീട്ടുകാരോടൊപ്പം കൃഷിപ്പണിക്കുമിറങ്ങി. വീട്ടിലെ എല്ലാ അംഗങ്ങളും പാടത്ത് പണിയെടുത്തേപറ്റൂ. ടിക്കാറാം ബി.എ. നല്ലനിലയില്‍ പാസായി. പിന്നെ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എം.എ. പൊളിറ്റിക്‌സിന്. അതുകഴിഞ്ഞ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുപ്പ്. ആദ്യത്തെ തവണ ഗ്രൂപ്പ് ബി പാസായി. ഡല്‍ഹി സെക്രട്ടേറിയറ്റില്‍ ജോലികിട്ടി. ആകെക്കൂടി പുതിയൊരു ആത്മവിശ്വാസം കൈവന്നു. പിറ്റേവര്‍ഷം വീണ്ടും പരീക്ഷയെഴുതി. ജോലി കിട്ടിയത് റെയില്‍വേ സര്‍വീസില്‍. വീണ്ടുമെഴുതിയപ്പോള്‍ ഐ.എ.എസ്. 1988 ബാച്ച് ഉദ്യോഗസ്ഥനായി നിയമനം കേരള കേഡറില്‍.
ടിക്കാറാമിന് ഐ.എ.എസ്. കിട്ടിയത് ഗ്രാമത്തില്‍ വലിയ സംഭവമായി. മീണ സമുദായത്തിലേക്ക് വരുന്ന ആദ്യത്തെ ഐ.എ.എസ്. അതെന്താണെന്ന് ആര്‍ക്കും അറിവില്ലായിരുന്നു. ടിക്കാറാം കളക്ടറാകാന്‍ പോവുകയാണെന്ന് അവര്‍ മനസ്സിലാക്കി. കളക്ടറെന്നാല്‍ വലിയ ജോലിയാണെന്ന് അവര്‍ക്കറിയാമായിരുന്നു. നാട്ടിലെത്തിയ ടിക്കാറാമിന് ഗ്രാമവാസികള്‍ വലിയ സ്വീകരണംനല്‍കി. അനേകം കുതിരകളുടെ അകമ്പടിയോടെ പാട്ടും നൃത്തവുമൊക്കെയായിട്ടായിരുന്നു സ്വീകരണം.
content highlights: Tikaram meena, chief electrol officer kerala, Teeka Ram Meena the 1988 batch officer hails from a tribal family in Rajasthan.