സംവത്സരങ്ങള്‍ നീണ്ടുനിന്ന അമാവാസിക്കുശേഷം ഈ ശശികല വീണ്ടും ഉദിക്കുകയാണ്. എറണാകുളം കടവന്ത്രയിലെ വിശാലകൊച്ചി വികസന അതോറിറ്റിയുടെ ഗസ്റ്റ് ഹൗസിലിരുന്ന് രണ്ടാംവരവില്‍ താന്‍ ആദ്യമെഴുതിയ സിനിമാപ്പാട്ടിന്റെ വരികള്‍ പാടിക്കേള്‍പ്പിക്കുമ്പോള്‍ ശശികല മേനോന്റെ മുഖത്ത് തികഞ്ഞ സന്തോഷം.  
    സ്ത്രീകള്‍ അധികം വിജയിച്ചിട്ടില്ലാത്ത പാട്ടെഴുത്തിന്റെ ലോകത്ത് എഴുപതുകളുടെ മധ്യത്തില്‍ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി കടന്നുവന്നു. ആറുവര്‍ഷത്തിനുശേഷം ബിരുദപഠനകാലത്ത് ആ പെണ്‍കുട്ടി ബാലചന്ദ്രമേനോന്റെ 'താരാട്ടി'ല്‍ രവീന്ദ്രന്‍ മാഷിന്റെ സംഗീതത്തില്‍ പി. സുശീലാമ്മ പാടിയ 'ആലോലം പൂമുത്തേ ആരാരിരോ...' എന്ന താരാട്ടുപാട്ടോടെ പാട്ടെഴുത്തിന് വിരാമമിട്ടു. വിവാഹജീവിതം ആരംഭിച്ചപ്പോള്‍ ആ പാട്ടെഴുത്തുജീവിതം അവസാനിക്കുകയായിരുന്നു. അതിനിടയില്‍ ഒരു ഡസനോളം ശ്രദ്ധേയമായ ഗാനങ്ങള്‍ ആ തൂലികത്തുമ്പില്‍നിന്ന് പിറവിയെടുത്തു. ഏറ്റവുമധികം മലയാള സിനിമാപ്പാട്ടുകളെഴുതിയ വനിത ശശികല മേനോനാണെന്ന് അടുത്തകാലത്താണ് അവര്‍ മനസ്സിലാക്കിയതുപോലും! നേമം പുഷ്പരാജിന്റെ 'കുക്കിലിയര്‍' എന്ന സിനിമയ്ക്ക് എം. ജയചന്ദ്രന്‍ ഈണംപകര്‍ന്ന് പി. ജയചന്ദ്രന്‍ പാടിയ 'ശശിലേഖ മിഴിചാരി മറയുന്നതെന്തേ...' എന്ന പാട്ടോടെ ഗാനരചനയിലേക്കുള്ള തന്റെ രണ്ടാംവരവ് ആഘോഷിക്കുകയാണ് ശശികല ഇപ്പോള്‍. 
    ഓക്‌സ്‌ഫോര്‍ഡ് മേനോന്‍ എന്ന ചെല്ലപ്പേരുള്ള വിശ്വനാഥ മേനോന്റെ 'മോളൂട്ടി' കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ ചില ബാലപ്രസിദ്ധീകരണങ്ങളില്‍ എഴുതിയിരുന്നു. 'സിന്ദൂരം'  എന്ന സിനിമയ്ക്ക് എല്ലാ വിഭാഗത്തിലും പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന ഡോ. ബാലകൃഷ്ണന്റെ പത്രപ്പരസ്യം മാതൃഭൂമിയിലൂടെ വന്നപ്പോള്‍ മകള്‍പോലും അറിയാതെ അച്ഛന്‍ അവളുടെ രണ്ടുകവിതകള്‍ അയച്ചുകൊടുത്തു. ഒരു ദിവസം അപ്രതീക്ഷിതമായി ഒരതിഥി വീട്ടിലെത്തി സത്യന്‍  അന്തിക്കാട്. അന്നദ്ദേഹം ഡോ.  ബാലകൃഷ്ണന്റെ അസിസ്റ്റന്റായി ജോലിചെയ്യുകയാണ്. സിന്ദൂരത്തിലെ പാട്ടിന്റെ സിറ്റുവേഷന്‍സ് വിവരിച്ചു കൊടുത്തപ്പോള്‍ ഇഷ്ടദൈവമായ കൃഷ്ണനെ സ്തുതിക്കുന്ന പാട്ട് താനെഴുതിക്കൊള്ളാമെന്നായി ശശികല. എ.ടി. ഉമ്മറിന്റെ സംഗീതത്തില്‍  ശ്രീലത നമ്പൂതിരി പാടിയ 'യദുകുല മാധവ യശോദ നന്ദനാ...' എന്ന  പാട്ടെഴുതിക്കൊണ്ട് പുതിയകാവ്  ഗവ. ഹൈസ്‌കൂളിലെ 9ാം തരം വിദ്യാര്‍ഥിനി  ചരിത്രത്തിലേക്ക് വലംകാല്‍വെച്ച് കയറി.


വിശ്വനാഥമേനോന്റെ സുഹൃത്തായിരുന്ന എ. വിന്‍സെന്റ് ശശികലയുടെ കവിതകളടങ്ങിയ നോട്ടുബുക്ക് കാണാനിടയായതോടെ മഞ്ഞിലാസിന്റെ 'അഗ്‌നി നക്ഷത്ര'ത്തിലെ മുഴുവന്‍ പാട്ടുകളുമെഴുതാന്‍ മദ്രാസിലേക്ക് വിളിപ്പിച്ചു.  എ.വി.എം. സ്റ്റുഡിയോയിലെത്തിയപ്പോള്‍ ദേവരാഗങ്ങളുടെ രാജശില്പി ദേവരാജന്‍മാസ്റ്റര്‍ അവിടെയുണ്ട്. മാഷ് ഭയങ്കര ദേഷ്യക്കാരനാണെന്ന് ശശികലയെ ആരൊക്കെയോ പറഞ്ഞുപേടിപ്പിച്ചിരുന്നു. അദ്ദേഹം സൂക്ഷിച്ചൊരു നോട്ടം! പക്ഷേ ശശികലയുടെ വരികളിലൂടെ  കണ്ണോടിച്ചപ്പോള്‍ സംതൃപ്തമായൊരു മന്ദഹാസമായിരുന്നു മാസ്റ്ററുടെ മറുപടി. 
'നിത്യസഹായ മാതാവേ, ആശ്രിതര്‍ക്കാശ്വാസമേകണമേ...' എന്ന ഗാനം പി. സുശീലയുടെ സ്വരമാധുരിയില്‍ ഹിറ്റായി. 'സ്വര്‍ണമേഘത്തുകിലിന്‍ ഞൊറിയഴിഞ്ഞു, സ്വപ്നസന്ധ്യ ലജ്ജയോടെ മുഖം കുനിച്ചു...' മാസ്റ്ററുടെ സംഗീതസംവിധാനത്തില്‍ ഗാനഗന്ധര്‍വന്‍ പാടിയ അഗ്‌നിനക്ഷത്രത്തിലെ മറ്റൊരു  മനോഹരഗാനം! 
    സിനിമാടാക്കീസില്‍ നിറഞ്ഞോടിയ വയനാടന്‍ തമ്പാനിലെ അഞ്ച് പാട്ടുകള്‍ക്കുംകൂടി ദേവരാജന്‍  മാഷും ശശികലയും ഒന്നിച്ചു. 'ഏകാന്തസ്വപ്നത്തിന്‍ മരതകദ്വീപില്‍ ഏതോ ശരത്കാല നീലിമയില്‍...' എന്നെഴുതിയത് പ്രണയം അനുഭവമായി മാറാത്ത പതിനേഴുകാരിയാെണന്ന് വിശ്വസിക്കാന്‍ അന്ന് പലര്‍ക്കുമായില്ല. 
     വിശാലകൊച്ചി വികസന അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ഭര്‍ത്താവ് വേണുഗോപാല്‍,  തിരക്കുകള്‍ക്കിടയിലും ശശികലയുടെ മടങ്ങിവരവിന് കഴിയുന്ന പ്രോത്സാഹനം നല്‍കുന്നുണ്ട്. മലയാളസിനിമയില്‍ ദൃശ്യവിസ്മയം തീര്‍ത്ത എ. വിന്‍സെന്റ് ഓര്‍മയാകുന്നതിനുമുമ്പ് വടപളനിയിലെ ഫ്‌ളാറ്റില്‍ ശശികല അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അനശ്വരതയുടെ തീരംതേടി തുഴഞ്ഞുപോയ വിന്‍സെന്റ് മാഷിനോടാണ് ശശികലയുടെ കടപ്പാടത്രയും. 
വിദ്യാധരന്‍മാസ്റ്ററുടെ സംഗീത സംവിധാനത്തില്‍ വര്‍ണവൃന്ദാവനം, ശിവപഞ്ചാക്ഷരി, ദേവായനം, ദേവതീര്‍ഥം എന്നീ ആല്‍ബങ്ങളിലും ശരത് സംഗീതംചെയ്ത ഒമ്പത് നാടന്‍ പാട്ടുകളുടെ ഫ്യൂഷനായ 'സ്‌ട്രോബറി തെയ്യ'ത്തിലും എല്ലാ പാട്ടുകളും എഴുതിയത് ശശികലാമേനോനാണ്. ചില പ്രൊഫഷണല്‍ ട്രൂപ്പുകള്‍ക്കുവേണ്ടി നാടകഗാനങ്ങളും എഴുതിയിട്ടുണ്ട്. 
    എറണാകുളത്ത് കടവന്ത്രയിലെ ജി.സി.ഡി.എ.യുടെ ഗസ്റ്റ്ഹൗസില്‍ സംതൃപ്തമായ കുടുംബജീവിതം നയിക്കുകയാണ് ഇപ്പോള്‍ ശശികല. മക്കള്‍ ലക്ഷ്മി വേണുഗോപാലും വിഘ്‌നേശ് വേണുഗോപാലും. 

madhuthripperumthura1@gmail.com