എഴുത്തിനിരുത്ത്


വട്ടെഴുത്തില്‍ ഹരിശ്രീക്കു പകരം 'നമോത്തുചിനതം' എന്നാണ് എഴുതിയിരുന്നത് മലയാളിയുടെ ജീവിതത്തില്‍ വിദ്യാരംഭം എന്ന ചടങ്ങ് എന്നുമുതലാണ് തുടങ്ങിയത്? ഇതാ അതിന്റെ ചരിത്രവും ശാസ്ത്രവും


ഞാന് എന്ന ആത്മകഥയില് സമുദായപരിഷ്‌കര്ത്താവും പത്രാധിപരുമായിരുന്ന സി.വി. കുഞ്ഞിരാമന് തന്റെ ആദ്യക്ഷരാനുഭവങ്ങളെ ഇങ്ങനെയാണ് ചികഞ്ഞെടുക്കുന്നത്:
'എന്നെയും അഞ്ചുവയസ്സില്ത്തന്നെയാണ് എഴുത്തിനിരുത്തിയത്. ആശാന്വന്ന വിവരമറിഞ്ഞ് ഗണപതിക്കോപ്പൊരുക്കിവെക്കാന് അച്ഛന് അമ്മയോടാജ്ഞാപിച്ചു. സ്വര്ണംപോലെ തേച്ചുമിനുക്കിയ തളിക,
തുമ്പ മുതലായവകൊണ്ട് അലങ്കരിച്ച വൈകുണ്ഠത്തിലെ മണിയറയെ
മനോഹരമാക്കുന്ന ഏഴു തിരിയിട്ട
നിലവിളക്ക്, തൂശനിലപ്പുറത്ത് നിറനാഴി, ഗണപതി ഭഗവാന് കണ്ടാലുടന് വയറുനിറയുമാറ് കുന്നുകുന്നായി കൂട്ടിയ അപ്പം. അട, മലര്, കദളിപ്പഴം, നവസുന്ദരിമാരുടെ വേണ്ട, വേണ്ട അത്ര ചെറുപ്പത്തില് ആ ഉപമയ്ക്ക്
പ്രസക്തിയില്ലാത്ത ഗൗളിപാത്രക്കരിക്കുകളുടെ കദംബം. ആശാനും എനിക്കും ഇരിക്കാന് മഞ്ഞുകട്ടപോലെ വെണ്മയേറിയ മടക്കുപുടവ വിരിച്ച ആമക്കുരണ്ടികള്. ആശാന് തളികയിലിരുന്ന പച്ചരിപ്പുറത്ത് ഹരി
എന്നെഴുതി, എന്റെ വിരല്പിടിച്ച് അതിന്മേല് എഴുതിച്ചു. ഞാന് എഴുത്തുതുടങ്ങിയ ഉടനെ കുഞ്ഞമ്മാവി 'നാത്തൂനേ കുരവ' എന്ന് കുരവയിടാന് തുടങ്ങി.'
ആറുചക്രത്തിന്റെ ചെമന്ന
കാക്കാലന് ഉടുപ്പിട്ട്, ഒരു കരയന്മുണ്ടുടുത്ത് പള്ളിക്കൂടത്തിന്റെ വടക്കെ ഭിത്തിക്കടുത്ത് അച്ഛനോടുചേര്ന്നിരുന്ന്, പൂജാദ്രവ്യങ്ങളായ മലരും പഴവും വായ് നിറയെത്തിന്നതും ആദ്യം അരിയിലും പിറ്റേന്നുമുതല്
മണലിലും എഴുതിപ്പിച്ചതും ഓര്ക്കുന്നുണ്ട് ഇ.വി. കൃഷ്ണപിള്ള. ഇ.എം.
എസ്. നമ്പൂതിരിപ്പാടാകട്ടെ ആ ഓര്മയ്ക്ക് അധികമാനം നല്കുന്നത്
ഇങ്ങനെ: 'എന്നെയും പതിവുപോലെ എഴുത്തിനുവെച്ചു. എന്നാല്,
എഴുത്തും വായനയും കണക്കും
എന്നക്രമത്തില് സ്‌കൂള് രീതിയിലുള്ള പഠിപ്പ് തുടരുന്നതിനുപകരം സംസ്‌കൃതം പഠിപ്പിലേക്കാണ് എന്നെ തിരിച്ചുവിട്ടത്. ഇക്കാര്യത്തില് എന്റെ ഗുരുനാഥസ്ഥാനം ഏറ്റെടുത്ത മാന്യന്
എന്റെ ബുദ്ധിപരമായ വളര്ച്ചയിലും സ്വഭാവ രൂപവത്കരണത്തിലും അമ്മയെക്കാളും ഒട്ടുംകുറയാത്ത
പങ്കുവഹിച്ചിട്ടുണ്ട്.'
ഏതൊരാളെയും 'സവര്ണ'നാക്കുന്ന ഉദാത്ത സങ്കല്പമാണല്ലോ എഴുത്തിനിരുത്ത്. (അക്ഷരത്തിന് 'വര്ണം' എന്നും പേരുണ്ട്.) എഴുത്തിനിരുത്ത് എന്ന ചടങ്ങിന് ഏതായാലും വൈദികകാലത്തോളം പഴക്കമില്ല. അന്ന് അക്ഷരം പ്രചാരത്തിലുണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ. പിന്നെയും പിറകിലേക്കുപോയാല് നമുക്ക് സൈന്ധവലിപിയുണ്ട്. പക്ഷേ, ഒരു നൂറ്റാണ്ടിനടുത്ത്
കൊണ്ടുപിടിച്ച ശ്രമമുണ്ടായിട്ടും ആ ലിപി നമുക്ക് ഇന്നും വഴങ്ങിത്തന്നിട്ടില്ല. ഋഗ്വേദകാലം മുതല് ചൗളകര്മത്തോടുകൂടി (തല മുണ്ഡനംചെയ്യുന്ന ചടങ്ങ്) പ്രാഥമികപാഠങ്ങള് പഠിക്കുന്ന രീതിയുണ്ടായിരുന്നതായി
എ.എസ്. അള്‌ട്ടേക്കറെപ്പോലുള്ള
പണ്ഡിതര് നിരീക്ഷിച്ചിട്ടുണ്ട്. ഉത്തര രാമചരിതത്തില് ലവകുശന്മാരും രഘുവംശത്തിലെ രഘുവും അങ്ങനെ
ചൗളത്തോടുകൂടി
വിദ്യാഭ്യാസം തുടങ്ങിയവരാണ്. പിന്നീടാണ് ഉപനയനം.
വേദാഭ്യാസം ആരംഭിക്കാനുള്ള സമയമാണത്. ശൈശവകാലത്തെ ചടങ്ങുകളായ അന്നപ്രാശവും (ചോറൂണ്) ഗൃഹനിഷ്‌ക്രമണവും (ആദ്യമായി പുറത്തുകൊണ്ടുപോകല്) വിവരിക്കുന്ന ഗൃഹ്യധര്മസൂത്രങ്ങളൊന്നും വിദ്യാരംഭത്തെ പരാമര്ശിക്കുന്നേയില്ല. ആയതിനാല് അക്ഷരവിദ്യ ഉറയ്ക്കുകയും അത് വിദ്യാഭ്യാസത്തിന്റെ
അവിഭാജ്യഘടകമായി മാറുകയും ചെയ്ത കാലത്തായിരിക്കണം എഴുത്തിനിരുത്ത് ഒരു പ്രത്യേക ആചാരമായി മാറിയിട്ടുണ്ടാകുക.
അശോക ചക്രവര്ത്തിയുടെ കാലത്തോടെ പൂര്ണ വളര്ച്ചയെത്തിയ ബ്രാഹ്മി ലിപിയില്‌നിന്നാണ് എല്ലാ
ഭാരതീയലിപികളും ഉടലെടുക്കുന്നത്. ഏറെക്കാലം പിടിതരാതെ നിന്ന ആ അമ്മലിപിയുടെ കുരുക്കഴിച്ചെടുക്കുന്നത് ജെയിംസ് പ്രിന്‌സെപ്പ് എന്ന അകാലത്തില് അന്തരിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു, 1837ല്. ബ്രാഹ്മിക്ക് രണ്ട് വകഭേദങ്ങള് വടക്കനെന്നും തെക്കനെന്നും.
തെക്കന്ബ്രാഹ്മിയില്‌നിന്ന് പരിണമിച്ച് ഏതാണ്ട് 89 നൂറ്റാണ്ടുകളോടെ വട്ടെഴുത്ത് കേരളത്തില് പ്രചുരപ്രചാരമായി. വട്ടെഴുത്തില് അക്ഷരം പഠിക്കുന്നവര് എഴുതിത്തുടങ്ങിയത് 'നമോത്തു ചിനതം' എന്നായിരുന്നു. ജിനദേവന് അഥവാ മഹാവീരന് നമസ്‌കാരം

എന്നര്ഥം. ആദ്യക്ഷരങ്ങളായ 'ന'യോടും 'മോ'യോടും 'നം' എന്ന് കൂട്ടിച്ചേര്ത്ത് 'നാനം മോനം' എന്ന്
വട്ടെഴുത്തിന് പേരുവന്നത് അങ്ങനെയാണ്. എഴുത്തച്ഛന്റെ കാലത്തോടെ 'രണ്ടക്ഷരം പഠിക്കണം'
എന്നുള്ളത് കേരളത്തിന്റെ പ്രവണതയായി. ശ്രീരാമോദന്തവും അമരകോശവും ഗണിതവും
കാവ്യങ്ങളുമെല്ലാം നിഷ്‌കര്ഷയോടെ പഠിച്ചത് സര്വകലാശാലകളിലും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലും ജോലി മോഹിച്ചായിരുന്നില്ല. വയലില് പണിക്കിറങ്ങുന്നതിന് മുന്നോടിയായുള്ള ആത്മസംസ്‌കരണ പ്രവര്ത്തനമായിരുന്നു അതും. മൂന്നാംവയസ്സിലെത്തിയ കുട്ടി ഗ്രാമത്തിലെ ആദരിക്കപ്പെടുന്ന വ്യക്തിയുടെ അടുത്തേക്ക് എഴുത്തിനായി ആനയിക്കപ്പെടുന്നു. മൂന്നില് കഴിഞ്ഞില്ലെങ്കില് അഞ്ചില് തീര്ച്ചയായും നടക്കണം. നാലിലും ആറിലും അത് പാടില്ലെന്ന് മുഹൂര്ത്തപദവി പോലുള്ള പ്രമാണഗ്രന്ഥങ്ങള് നിഷ്‌കര്ഷിക്കുന്നു. ആദ്യം എഴുതാനുപയോഗിച്ച 'ഉണക്കലരി' സൂക്ഷിച്ചുവെച്ച് കുറഞ്ഞത് ഏഴുദിവസം പ്രഭാതശുദ്ധിക്കുശേഷം മാതാവോ പിതാവോ അമ്മാവനോ അക്ഷരം പറഞ്ഞുകൊടുത്ത് എഴുതിക്കുന്ന പതിവുണ്ടായിരുന്നു. ക്രൈസ്തവ വിശ്വാസികളും 'ഹരിശ്രീ' തന്നെയാണ് എഴുതിയിരുന്നതെങ്കിലും പ്രായേണ, 'സര്വേശ്വരായ നമഃ തമ്പുരാന് തുണയ്ക്ക ഗുരുവേ ശരണം' എന്നിങ്ങനെ എഴുതിച്ചുവന്നു.എഴുത്താരംഭിച്ച കുട്ടി ഉടനടി വിദ്യാലയത്തിലേക്കില്ല. നങ്ങേലിയുടെ തങ്കക്കുടത്തിനെ ഇടശ്ശേരി പള്ളിക്കൂടത്തിലേക്കയയ്ക്കുന്നത് ഏഴുവയസ്സിനുശേഷം ഉള്ളില് കൗതുകമേറിക്കഴിഞ്ഞിട്ട് മാത്രമാണല്ലോ. ഒരു മുഴുവന് തേങ്ങയുടെ ഉള്ഭാഗം കളഞ്ഞ് കണ്ണുകളില് ഒന്നുമാത്രം തുളച്ചുള്ള ഒരു കുടുക്കയില് നല്ല പഞ്ചാരമണല് നിറച്ച് ഒരു കൊച്ചോലക്കഷ്ണവുമായി പട്ടുകോണവുമുടുത്ത് എഴുത്തുപള്ളിയിലേക്ക് യാത്രപോകുന്നതിനെക്കുറിച്ച് പുത്തേഴത്ത് രാമന്മേനോന് എഴുതിയിട്ടുണ്ട്. എഴുത്തുപള്ളിയില് പ്രായപൂര്ത്തിയാകുന്നവരെ പെണ്കുട്ടികള്ക്ക് വിലക്കില്ല. ഒരു മിക്‌സഡ് സ്‌കൂള് സംവിധാനം. വിവിധ വിഷയങ്ങള് പഠിക്കുന്ന വ്യത്യസ്തപ്രായക്കാരെ ഒരേ അധ്യാപകന്തന്നെ മുതിര്ന്ന വിദ്യാര്ഥികളുടെ സഹായത്താല് സമര്ഥമായി
കൈകാര്യം ചെയ്തിരുന്ന നമ്മുടെ എഴുത്തുപള്ളിമാതൃക ഉപയോഗിച്ചുകൊണ്ടാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില് ഇംഗ്ലണ്ടിലെ പ്രാഥമിക വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തിയത് എന്ന വസ്തുത, വിദ്യാഭ്യാസമേഖലയിലെ ഇംഗ്ലീഷുകാരുടെ സംഭാവനകളെക്കുറിച്ച് വാചാലമാകുമ്പോള് മറക്കാന്പാടുള്ളതല്ല.മലയാളിയുടെ ഏതുക്രിയയും വളരെ സ്​പഷ്ടവും സുന്ദരവും ലഘുവുമാണ്. എഴുത്തിനിരുത്തും അങ്ങനെത്തന്നെ. എന്നാല്, അഗാധമായ ദാര്ശനിക, മനഃശാസ്ത്ര, പ്രായോഗികമാനം കൂടി അതിനുണ്ടെന്നത് വിശദീകരിച്ചത് ഗുരു നിത്യചൈതന്യ യതിയാണ്, കാണുക: 'കുഞ്ഞിന്റെ കൈപിടിച്ച് അരിയില് എഴുതുമ്പോള് അവന്റെ കണ്ണ് അരിയിലുണ്ടാകുന്ന പാടിലേക്ക് ഉറ്റുനോക്കുന്നു. കണ്ണുകൊണ്ടുകാണുന്ന രൂപത്തെ ഗുരുനാഥന് ഉച്ചരിക്കുമ്പോള് വാഗിന്ദ്രിയംകൊണ്ട് ആ വാക്ക് പറയാനുള്ള പ്രേരണ അവനിലുണ്ടാകുന്നു. അവന് കാതുകൊണ്ട് കേള്ക്കുന്നു. കണ്ണുംകാതും ഒന്നിച്ചുപ്രവര്ത്തിക്കുന്നു. ശബ്ദം എഴുതിക്കൊണ്ട് ഏറ്റുപറയുമ്പോള് കര്‌മേന്ദ്രിയമായ കൈയും വാഗിന്ദ്രിയമായ നാവും ഒന്നിച്ചുപ്രവര്ത്തിക്കുന്നു.
അങ്ങനെ ഗുരുനാഥന് വിദ്യാധനം നല്കുന്ന നിമിഷത്തില്ത്തന്നെ രണ്ട് കര്‌മേന്ദ്രിയങ്ങളും രണ്ട് ജ്ഞാനേന്ദ്രിയങ്ങളും അക്ഷരാഭ്യാസമെന്ന പ്രക്രിയയിലേക്ക് വരുന്നു. ഇത് അത്യന്തം രഹസ്യമായ ഒരു മാര്ഗമായതുകൊണ്ടുതന്നെ തങ്ങള് ചെയ്യുന്നതെന്താണെന്ന് കുഞ്ഞുങ്ങള് അറിയുന്നില്ല, ചിലപ്പോള് ബന്ധുജനങ്ങളും. ഒരു ഭിഷഗ്വരന്, രോഗിക്ക് പ്രിയമല്ലാത്തതാണെങ്കിലും ഹിതകരമായ മരുന്ന് എപ്രകാരമാണോ ബോധപൂര്വം കൊടുക്കുന്നത്, അതുപോലെയാണ് ഒരു ഉപാദ്ധ്യായന് കുഞ്ഞുങ്ങളെ വിദ്യയുടെ പ്രകാശക്ഷേത്രത്തിലേക്ക് ആനയിച്ചുകൊണ്ടുവരുന്നത്.'ഇറ്റാലിയന് വിദ്യാഭ്യാസവിചക്ഷണ മരിയ മോണ്ടിസോറിക്ക് ഇത് വ്യക്തമായും മനസ്സിലായിരുന്നു. കടലാസ്സില് അക്ഷരരൂപങ്ങള് വെട്ടിയെടുത്ത് പശതേച്ച് മണല്പിടിപ്പിച്ച് അതില് വിരലോടിപ്പിച്ച് അക്ഷരബോധമുറപ്പിക്കുന്ന രീതി പ്രചുര പ്രചാരമാക്കിയത് അവരാണ്. അവര്‌ക്കൊരു മദിരാശിവാസക്കാലമുണ്ടായിരുന്നു എന്ന് നമ്മളെത്രപേര് ഓര്ക്കുന്നുണ്ട് ?riturasgrijit@gmail.com