മനുഷ്യര്‍  2

കോളേജിലെത്തിയപ്പോള്‍  ശമ്പളം 14ക ആയി.

ഗുരുകുലത്തില്‍ വന്നിരുന്നവരില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും എല്ലാവരുമുണ്ടായിരുന്നു.

പുന്നശ്ശേരി നമ്പിയുടെ ഇന്നു ജീവിച്ചിരിക്കുന്ന ശിഷ്യരില്‍ പ്രധാനി, കെ.പി. നാരായണ പിഷാരടിയുടെ അനുജന്‍, സംസ്‌കൃത പണ്ഡിതന്‍, അധ്യാപകന്‍. കൊടിക്കുന്നത്ത് പിഷാരത്ത് അച്യുതപിഷാരടി മാസ്റ്റര്‍ക്ക് അനേകം വിശേഷണങ്ങള്‍ ചേരും.     ''അറിവുനേടാനുള്ള വാസന ജന്മസിദ്ധമായി വേണം'',  മാസ്റ്റര്‍ പറയും:  ''ശക്തി അഥവാ ജന്മവാസനയാണ് ആദ്യം വേണ്ടത്. ലോകം, ശാസ്ത്രം, കാവ്യം തുടങ്ങിയവയുടെ പഠനവും പിന്നെ കാവ്യജ്ഞന്മാരുടെ അഥവാ ഗുരുക്കരുടെ ശിക്ഷണവും വേണം. ഇതെല്ലാം ചേര്‍ന്നതാണ് കാവ്യത്തിന്റെ (അറിവിന്റെ) ഉദ്ഭവത്തിനു കാരണം.'    എല്ലാവര്‍ഷവും ഇദ്ദേഹത്തിന്റെ പിറന്നാളിന് അനേകം പേര്‍ കൊടിക്കുന്നത്ത് ഒത്തുകൂടും. പ്രൊഫ. ആര്‍.

എസ്. ശര്‍മ, എം.കെ. രാമചന്ദ്രന്‍ തുടങ്ങി ചില വിശിഷ്ടവ്യക്തികള്‍. ഇക്കൊല്ലം മാസ്റ്റര്‍ ആഘോഷിച്ചത് 104ാം പിറന്നാളാണ്. ചെമ്പ്ര തൃക്കോവില്‍ പിഷാരത്ത് 1912 മീനമാസം തിരുവാതിര നക്ഷത്രത്തിലാണ് ജനിച്ചത്. അച്ഛന്‍ പുതുശ്ശേരി പശുപതി നമ്പൂതിരി. അമ്മ നാരായണിക്കുട്ടി.  പ്രൊഫ. കെ.പി. നാരായണ പിഷാരടി ജ്യേഷ്ഠനാണ്. രണ്ട് അനുജത്തിമാര്‍: നാരായണിക്കുട്ടിയും ദേവകിയും.    അമ്മാവന്റെ കീഴില്‍ മണലില്‍ എഴുതുക, ഓലയില്‍ കൂട്ടുക തുടങ്ങി പാരമ്പര്യരീതിയിലായിരുന്നു വിദ്യാഭ്യാസം തുടങ്ങിയത്. അക്കാലത്ത് എഴുത്തുപള്ളിക്കൂടങ്ങളിലെ കുട്ടികളുടെ ൈകയില്‍ ഒരു ഓലക്കെട്ടുണ്ടാവുമെന്ന കാര്യം മാസ്റ്റര്‍ ഓര്‍ക്കുന്നു. കുമരനെല്ലൂര്‍ ഹൈസ്‌കൂളില്‍ തേര്‍ഡ് ഫോറത്തില്‍ ചേര്‍ന്ന് ഒരുകൊല്ലം കഴിഞ്ഞപ്പോള്‍ ഫീസ് കൊടുക്കാനില്ലാത്തതുകാരണം സ്‌കൂള്‍പഠനം നിര്‍ത്തിയ കാര്യവും.    

കെ.പി. അച്യുത പിഷാരടി

അക്കാലത്ത് ജ്യേഷ്ഠന്‍ പട്ടാമ്പി കോളേജില്‍നിന്ന് ശിരോമണി പാസായി അധ്യാപകജീവിതം ആരംഭിച്ചിരുന്നു. താമസം കൊടിക്കുന്നത്തുതന്നെ. അഞ്ചാറു കുട്ടികളെ വീട്ടില്‍വെച്ച് അദ്ദേഹം പഠിപ്പിച്ചിരുന്നു. അവരുടെ കൂടെയിരുന്ന് അനുജനും പഠിക്കാന്‍ തുടങ്ങി. തൃത്താലയില്‍ അച്യുത പൊതുവാളുടെ സ്‌കൂളില്‍ സംസ്‌കൃതം എന്‍ട്രന്‍സിന് തയ്യാറെടുപ്പുനടത്തി. പട്ടാമ്പി കോളേജില്‍െവച്ചായിരുന്നു പരീക്ഷ. 1935ലായിരുന്നു ആ പരീക്ഷയും അതിലെ വിജയവും.    
കോളേജില്‍ ചേര്‍ന്ന വര്‍ഷംതന്നെയാണ് പുന്നശ്ശേരി നമ്പി യശഃശരീരനായത്. മുമ്പ് ജ്യേഷ്ഠന്റെ കൂടെപ്പോയി നമ്പിയെ നേരില്‍ക്കണ്ടത് ഓര്‍മയുണ്ട്. സംസ്‌കൃതത്തിന്റെ പ്രചാരത്തിന് ജീവിതം ഉഴിഞ്ഞുവെച്ച ആളായിരുന്നു 

പുന്നശ്ശേരി നമ്പി. അക്കാലത്ത്  സിലോണില്‍നിന്നും തിരുവനന്തപുരത്തുനിന്നും ആളുകള്‍ നമ്പിയുടെ ഗുരുകുലത്തില്‍  വന്നിരുന്നു. അവരില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും കീഴ്ജാതിക്കാരുമായി സകലതരത്തിലുള്ള ആളുകളുമുണ്ടായിരുന്നു. വന്നവര്‍ക്കെല്ലാം ആ മഹാനുഭാവന്‍, വേദഭാഷയെന്ന നിലയില്‍ മാറ്റിനിര്‍ത്തിയ സംസ്‌കൃതത്തിന്റെ ലോകം തുറന്നുകൊടുത്തു.   1939ല്‍ സാഹിത്യശിരോമണി പാസായി പട്ടാമ്പി കോളേജില്‍ത്തന്നെ മൂന്നുമാസം പിഷാരടി അധ്യാപകനായി. പിന്നെയാണ് വടകരയില്‍ കാവില്‍ രാമപ്പണിക്കരുടെ സംസ്‌കൃതം സ്‌കൂളില്‍ അധ്യാപകനാകുന്നത്. കൂടെ വേങ്ങശ്ശേരി നാരായണന്‍ നമ്പൂതിരിയും ഉണ്ടായിരുന്നു. ഇത് 194142 കാലത്താണ്. മാസശമ്പളം 12 ക!     
അക്കാലത്ത് ജ്യേഷ്ഠന്‍ പാവറട്ടി കുര്യാക്കോസ് മാസ്റ്ററുടെ സംസ്‌കൃതകോളേജില്‍ അധ്യാപകനായി ചേര്‍ന്നിരുന്നു. അവിടെ കൂടുതല്‍ ആളുകളെ ആവശ്യമുണ്ടെന്നു പറഞ്ഞ്  ഇദ്ദേഹത്തേയും ക്ഷണിച്ചു. എം.പി. ശങ്കുണ്ണിനായര്‍, പൊന്നാനി കെ. കൃഷ്ണവാരിയര്‍, പട്ടാമ്പി ശ്രീകൃഷ്ണശര്‍മ, പട്ടാമ്പി പരമേശ്വരനുണ്ണി തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കോളേജിലെത്തിയപ്പോള്‍ ശമ്പളം 14 ക. ആയി. പക്ഷേ, സമയത്തിന് തരില്ല. കുര്യാക്കോസ് മാസ്റ്ററുടെ മകളുടെ വിവാഹത്തിന് അക്കൊല്ലം ഗ്രാന്റ് കിട്ടിയതു മുഴുവന്‍ ചെലവാക്കേണ്ടിവന്നുവത്രെ.  അങ്ങനെ ശമ്പളം മുടങ്ങി. ജ്യേഷ്ഠന്‍ വിളിച്ചിട്ട് അവിടെ ചെന്നവര്‍ക്കൊക്കെ 
പരാതിയായി. വൈകാതെ സകലരും അവിടം വിടുകയുംചെയ്തു. കോളേജില്‍നിന്ന് വീണ്ടും സ്‌കൂളിലേക്ക്... ചെമ്പ്ര ഹയര്‍ എലിമെന്ററി സ്‌കൂളില്‍ മലയാളം അധ്യാപകനായി ചേരുന്നത് 194445 കാലത്താണ്. അക്കാലത്ത് സാഹിത്യശിരോമണി ബിരുദം എട്ടാംതരത്തില്‍ മലയാളം പഠിപ്പിക്കാനുള്ള യോഗ്യതയല്ലാത്തതിനാല്‍ വിദ്വാന്‍ പരീക്ഷയ്ക്കിരുന്ന് അത് പാസാകേണ്ടിവന്നു.     

'മലയാളവും സംസ്‌കൃതവും; മാസ്റ്റര്‍ ഏതു ഭാഷയെയാണ് കൂടുതലിഷ്ടപ്പെടുന്നത്?', ഇടയ്ക്കു ചോദിച്ചു. ഉത്തരം വള്ളത്തോളിന്റെ കവിതയായിരുന്നു: 'അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചിടുന്നതൊന്നാമതായ്.' വേദവും ശാസ്ത്രവും കാവ്യവും ഏതൊരാള്‍ക്കും ഹൃത്തില്‍ പതിയണമെങ്കില്‍ മാതൃഭാഷയുടെ വായില്‍നിന്നുതന്നെ കേള്‍ക്കണം!     1945ല്‍ കോഴിക്കോട് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ പൊന്നാനി കെ. കൃഷ്ണവാരിയരുടെ ക്ഷണപ്രകാരം അധ്യാപകനായിച്ചേര്‍ന്ന കാലവും ഇദ്ദേഹത്തിന് നല്ല ഓര്‍മയുണ്ട്. അക്കാലത്ത് കെ.പി. നാരായണ പിഷാരടി ഗണപത് സ്‌കൂളില്‍ അധ്യാപകനായിരുന്നു. അങ്ങനെ ഒരു കൊല്ലം. അപ്പോഴേക്കും ജ്യേഷ്ഠന് മധുര അമേരിക്കന്‍ കോളേജിലേക്ക് ക്ഷണംവന്നു. ആ ഒഴിവില്‍ ഗണപത് സ്‌കൂളില്‍ ചേര്‍ന്ന് 1958 വരെ അധ്യാപകനായി. പിന്നീട് താനൂര്‍ ദേവധാര്‍ സ്‌കൂളിലേക്കു മാറി. 1970ല്‍ വിരമിച്ചു. വിരമിച്ചിട്ട് ഇത് നാല്‍പ്പത്തിനാലാം വര്‍ഷം! അമ്മാവന് തീരെ വയ്യാതായിരുന്ന കാലത്ത് അദ്ദേഹം പറഞ്ഞതുപ്രകാരം കൊടിക്കുന്നത്ത് വന്നുതാമസിച്ച് കുട്ടികളെ പഠിപ്പിച്ചുകൂടുകയായിരുന്നു. ചെറുപ്പത്തില്‍ അമ്മാവന്റെ മകളെ വിവാഹം കഴിക്കണമെന്ന് വീട്ടുകാര്‍ക്ക് നിര്‍ബന്ധമായിരുന്നു. അന്ന് അതില്‍ താത്പര്യമുണ്ടായില്ല. ആ കുട്ടിയുടെ വിവാഹം കഴിയുന്നതുവരെ തനിക്ക് വിവാഹം വേണ്ടെന്നുവെച്ചു. പിന്നീട് അതിന് നിര്‍ബന്ധിക്കാനും ആരുമുണ്ടായില്ല.     'ആധുനികകേരളം കണ്ട മഹാനായ പണ്ഡിതനായിരുന്നല്ലോ ജ്യേഷ്ഠന്‍, എന്താണ് ആ ജീവിതത്തെക്കുറിച്ച്  പറയാനുള്ളത്?', മാസ്റ്ററോടു ചോദിച്ചു.    ''തിരുവേഗപ്പുറ ആണ്ടാളത്ത് പിഷാരത്ത് ഒരു ശേഖരമ്മാവനുണ്ടായിരുന്നു. അന്ന്  തറവാട്ടില്‍ ഞാനും ജ്യേഷ്ഠനും പിന്നെ ചെറിയമ്മയുടെ മകന്‍ കൃഷ്ണനും. ഒരാളെത്തന്നാല്‍ കൊണ്ടുപോയി പഠിപ്പിക്കാമെന്ന് അദ്ദേഹം അമ്മാവനോട് പറഞ്ഞു. പത്തുകൊല്ലം ജ്യേഷ്ഠന്‍ അവിടെയുണ്ടായി. അതില്‍ അടിത്തറ നല്ലവണ്ണം ഉറച്ചിട്ടുണ്ട്. പിന്നീട് നാരായണപിഷാരടി പുന്നശ്ശേരിയുടെ ശിഷ്യനായി. അതുകഴിഞ്ഞ് തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ ചേര്‍ന്നപ്പോള്‍, തിരുവനന്തപുരത്ത് കോവിലകം അധ്യാപകനായി റിട്ടയര്‍ചെയ്ത ആറ്റൂര്‍ കൃഷ്ണപിഷാരടിയുടെ കൂടെക്കൂടി അനേകം കാര്യങ്ങള്‍ പഠിക്കുകയുണ്ടായി.''    'എന്താണ് ജീവിതസന്ദേശമായി പറയാനുള്ളത്?' പിരിയുംമുമ്പ്  മാസ്റ്ററോട് ചോദിച്ചു. 

''വൃക്ഷങ്ങള്‍ ഫലമുണ്ടാക്കുന്നതും നദികള്‍ ജലം വഹിക്കുന്നതും പശുക്കള്‍ പാല്‍ ചുരത്തുന്നതും അവരവര്‍ക്കുവേണ്ടിയല്ലല്ലോ. പരോപകാരാര്‍ഥമിദം ശരീരം എന്നു കരുതി സ്വാര്‍ഥത ഉപേക്ഷിക്കുക'',  മാസ്റ്റര്‍ പറഞ്ഞു.    
പ്രാചീന നെടുങ്ങനാട്ടിലെ പരദേവതാസ്ഥാനമായ കൊടിക്കുന്ന് ഭഗവതിക്ഷേത്രത്തിലെ വാര്‍ഷികമഹോത്സവം 'പൂരം പടഹാര'മെന്നറിയപ്പെട്ടിരുന്നു. നെടുങ്ങേതിരിപ്പാടില്‍നിന്ന് ക്ഷേത്രം സാമൂതിരി ഏറ്റെടുത്തിട്ടും അത് നടന്നുവന്നു. ഭടന്മാര്‍ക്ക് ഭക്ഷണംകൊടുക്കലും കര്‍മികളായ ബ്രാഹ്മണര്‍ക്ക് ദക്ഷിണകൊടുക്കലുമാണ് പടഹാരത്തില്‍ പ്രധാനം. രാജാവിന്റെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചുവരുന്നവരുടെ പേര്‍വിളിച്ച് പ്രതിഫലംനല്കുന്ന ചടങ്ങിന് നേതൃത്വംകൊടുക്കുന്ന വ്യക്തിയെ 'കോവില്‍പള്ളി എഴുത്തച്ഛന്‍' എന്നു വിളിച്ചിരുന്നു. അച്യുത പിഷാരടി മാസ്റ്റര്‍ ഏറെക്കാലം പ്രതിഫലമില്ലാതെ കോല്‍പ്പള്ളി എഴുത്തച്ഛനായിരുന്നിട്ടുണ്ട്.    വളരെ നിശ്ശബ്ദനായി, സമൂഹത്തെ സഹായിക്കാന്‍ സദാസേവനസന്നദ്ധനായി, അറിവുതേടിയെത്തുന്നവരെ സ്‌നേഹമിറ്റുവീഴുന്ന കണ്ണുകളോടെ നോക്കിക്കണ്ട് മഹാമനുഷ്യനായ ഈ എഴുത്തച്ഛന്‍ ഇന്നും കൊടിക്കുന്നിലെ പൂമുഖത്തിരിക്കുന്നു.


rajendu@gmail.com