മനുഷ്യര്‍  3

നമ്പൂതിരി: ''നിണക്കു കാര്യം അറിഞ്ഞുകൂടാ, മകളേ. ചെര്‍മന് എഴുത്തു പഠിക്കാന്‍തന്നെ പാടില്ല.'' 
അവന്‍ എഴുത്തുപഠിച്ചു പാട്ടുപാടാന്‍ തുടങ്ങിയാല്‍ നാട്ടില്‍ മഴ പെയ്കയില്ല.
കുട്ടി: ''ഇന്നലെ വയ്യിട്ടു നല്ല മഴ പെയ്തുവല്ലോ.'' 
നമ്പൂതിരി: ''നീ എന്തെങ്കിലും പറയൂ, കുട്ടീ. ചെര്‍മന് പഠിക്കാന്‍ പാടില്ലെന്നു വിധിച്ചിട്ടുണ്ട്. നിണക്കു പറഞ്ഞാല്‍ മനസ്സിലാകില്ല.'' 
സരസ്വതീവിജയം (നോവല്‍)  പോത്തേരി കുഞ്ഞമ്പു

ജാതി കൊടികുത്തിവാണ 19ാം നൂറ്റാണ്ടില്‍ നമ്പൂതിരിപുലയ വിവാഹം അദ്ദേഹം നോവലില്‍ ആവിഷ്‌ക്കരിച്ചു
 

ജാതിയില്‍ താഴ്ന്നവന് അക്ഷരം തീണ്ടിക്കൂടാത്ത കാലത്തിന്റെ ചിത്രമാണ് മലയാളത്തിലെ ആദ്യനോവലുകളിലൊന്നായ 'സരസ്വതീവിജയ'ത്തിലെ ഈ സംഭാഷണം. വക്കീലായ ഒ. ചന്തുമേനോന്‍ തലശ്ശേരിയില്‍നിന്ന് 'ഇന്ദുലേഖ' രചിച്ച് രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴാണ്1892ല്‍, മറ്റൊരു വക്കീലായ കുഞ്ഞമ്പു തലശ്ശേരിയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ കണ്ണൂരില്‍ 'സരസ്വതീവിജയം' പ്രസിദ്ധീകരിച്ചത്. 19ാം നൂറ്റാണ്ടിലെ മലയാള നോവല്‍ രചയിതാക്കളിലെ ഒരേയൊരു ഈഴവനായിരുന്നു കുഞ്ഞമ്പു.


    കുബേരന്‍ നമ്പൂതിരിയുടെ കാര്യസ്ഥന്‍ രാമര്‍കുട്ടി നമ്പ്യാര്‍ ഒരു അവര്‍ണനെ മര്‍ദിച്ച് അവശനാക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് നോവലിന്റെ പ്രമേയം. സാമൂഹികപരിഷ്‌കരണം, ദളിത് മുന്നേറ്റം എന്നിവ വിഷയമായ നോവല്‍ കുമാരനാശാന്റെ 'ദുരവസ്ഥ'യ്ക്കും30 വര്‍ഷം മുമ്പാണ് വെളിച്ചം കണ്ടത്. ജാതീയത കൊടികുത്തിവാണിരുന്ന 19ാം നൂറ്റാണ്ടിലാണ് നമ്പൂതിരിപുലയ വിവാഹമെന്ന വിപ്ലവകരമായ ആശയം അദ്ദേഹം ഈ നോവലിലൂടെ ആവിഷ്‌കരിച്ചത്. കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരത്തിനും 13 വര്‍ഷം മുമ്പാണ് നോവലിലെ സ്മാര്‍ത്തവിചാരവും പുറന്തള്ളലുമെന്നതും ശ്രദ്ധേയമാണ്. കീഴാളവീക്ഷണത്തിലുള്ള ആദ്യ മലയാള നോവലും സരസ്വതീവിജയമാണ്.
'പണ്ടെത്ര പുലയരെ ജീവനോടെ കിളങ്കാലില്‍ കിടത്തി കിളച്ചിട്ടുണ്ട്. എത്ര എണ്ണത്തിനെ ചളിയില്‍ ചവിട്ടി മുക്കീട്ടുണ്ട്. അതിനൊന്നും കുറ്റമുണ്ടായില്ലല്ലോ' എന്ന് രാമര്‍കുട്ടി നമ്പ്യാര്‍ക്ക് തടവുശിക്ഷ വിധിച്ചതറിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും കരഞ്ഞുകൊണ്ട് ഉരുവിട്ട വാക്കുകള്‍ അക്കാലത്ത് കീഴാളര്‍ നേരിട്ട അടിച്ചമര്‍ത്തലിന്റെ സാക്ഷിമൊഴിയാകുന്നു. ദുരവസ്ഥയെ കേരളത്തിലെ പുരോഗമന സാഹിത്യത്തിന്റെ മുന്നോടിയായാണ് ഇ.എം.എസ്. വിശേഷിപ്പിച്ചത്. കുടിയൊഴിപ്പിക്കല്‍ വിഷയമായ രചനയായിട്ടും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ കോലായചര്‍ച്ചകളിലും കുഞ്ഞമ്പുവിന്റെ നോവലിന് ഇരിപ്പിടം കിട്ടിയില്ല. 


  പോത്തേരി കുഞ്ഞമ്പു ജാതിവ്യവസ്ഥയോടുള്ള തന്റെ എതിര്‍പ്പ് ഒടുക്കിയത്, ഈ നോവലെഴുതി മാത്രമായിരുന്നില്ല; അക്ഷരം തൊട്ടുകൂടാത്തവര്‍ എന്ന് സമൂഹം വിധിച്ചവര്‍ക്കായി തന്റെ വീടിനടുത്ത് ഒരു പള്ളിക്കൂടമുണ്ടാക്കിക്കൊണ്ടുകൂടിയായിരുന്നു.  അതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ അന്ന് ആ മഹാമനുഷ്യനുനേരേ ചീറിയടുത്തു. ആ വെളിച്ചം തല്ലിക്കെടുത്താന്‍ പലരും ഒരുങ്ങി. സ്വന്തം സമുദായക്കാരായിരുന്നു എതിര്‍പ്പുമായി മുന്നില്‍.  അദ്ദേഹത്തിന്റെ കുടുംബത്തിന് തുണിയലക്കിക്കൊടുക്കുകയും ക്ഷൗരം നടത്തുകയും ചെയ്തിരുന്നവരെ അതില്‍നിന്ന് വിലക്കി. കുഞ്ഞമ്പു അടങ്ങിയിരുന്നില്ല. ദൂരദേശത്തുനിന്ന് ആ സമുദായത്തില്‍പ്പെട്ടവരെ കൊണ്ടുവന്ന് വീടിനടുത്ത് താമസിപ്പിച്ച് അദ്ദേഹം അതിനെ നേരിട്ടു!  അയ്യങ്കാളി പുലയര്‍ക്കായി പള്ളിക്കൂടം സ്ഥാപിക്കുന്നതിനുംമുമ്പ്, സഹോദരന്‍ അയ്യപ്പന്‍ 'പുലയന്‍ അയ്യപ്പന്‍' എന്ന് ശകാരമേറ്റുവാങ്ങുന്നതിനുമൊക്കെ കാല്‍ നൂറ്റാണ്ടുമുമ്പാണ് ഇതെല്ലാം നടന്നത് എന്നുമോര്‍ക്കുക.


       സ്‌കൂള്‍ മാത്രമല്ല, ബാങ്കും അച്ചടിശാലയും സ്ഥാപിച്ച് കുഞ്ഞമ്പു കാലത്തിനുമുന്നേ നടന്നു. ടിപ്പു സുല്‍ത്താന്റെ പതനശേഷം 19ാം നൂറ്റാണ്ടോടെ, ബ്രിട്ടീഷ് മേല്‍ക്കോയ്മ മലബാറില്‍ വേരുറപ്പിച്ചു. ടിപ്പുവിന്റെ ഭരണകാലത്തുതന്നെ ക്ഷയിച്ചുതുടങ്ങിയ സവര്‍ണാധിപത്യത്തെ ബ്രിട്ടീഷ് കൊളോണിയല്‍ സംസ്‌കാരവും ബാസല്‍മിഷന്റെ വിദ്യാഭ്യാസവും കൂടുതല്‍ ദുര്‍ബലമാക്കി. ഈ സാഹചര്യത്തിന്റെ ഗുണം കൈമുതലാക്കിയവരായിരുന്നു മലബാറിലെ തിയ്യസമുദായം. വിദ്യാഭ്യാസത്തിലൂടെയും തൊഴില്‍ പദവികളിലൂടെയും അവര്‍ പതുക്കെ സാമൂഹികമായിത്തന്നെ ഉയര്‍ന്നുവന്നു. ഈയൊരു സാമൂഹികാടിത്തറയില്‍നിന്നാണ് കുഞ്ഞമ്പുവിന്റെ വളര്‍ച്ചയുണ്ടായത്. ആ വളര്‍ച്ചയില്‍ സ്വന്തം നേട്ടങ്ങള്‍ വെട്ടിപ്പിടിക്കാനല്ല, കീഴാളരെ കൈപിടിച്ചുയര്‍ത്താനാണ് അദ്ദേഹം മുന്‍കൈയെടുത്തത്. 


    കണ്ണൂര്‍ നഗരത്തിനടുത്ത പള്ളിക്കുന്നിലെ ഒരു സാധാരണ കുടുംബത്തില്‍ 1857ലായിരുന്നു പോത്തേരി കുഞ്ഞമ്പുവിന്റെ ജനനം. അച്ഛന്‍, പോത്തേരി ഒണക്കന്‍. മെട്രിക്കുലേഷന്‍ കഴിഞ്ഞ് കുറച്ചുകാലം കുഞ്ഞമ്പു മലപ്പുറത്ത് പോസ്റ്റുമാസ്റ്ററും തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ പകര്‍പ്പെഴുത്ത് ഗുമസ്തനുമായി. പിന്നീട് വക്കീല്‍ പഠനത്തിലേക്ക് തിരിഞ്ഞു. പഠനം കഴിഞ്ഞ് തളിപ്പറമ്പിലും കണ്ണൂരിലും വക്കീലായി പ്രാക്ടീസ് തുടങ്ങി. അറക്കല്‍, ചിറക്കല്‍ രാജകുടുംബങ്ങളുടെ നിയമോപദേശകനുമായി. അദ്ദേഹം ഒരു കേസ് വാദിച്ച മികവുകണ്ട് ചിറക്കല്‍ കോവിലകം അദ്ദേഹത്തിന് നൂറുകണക്കിന് ഏക്കര്‍ സ്ഥലമാണ് പഴയ കണ്ണൂര്‍ പട്ടണത്തില്‍ പതിച്ചുനല്‍കിയത്. 
   പന്നേന്‍പാറയിലാണ് കുഞ്ഞമ്പു ആദ്യം സ്‌കൂള്‍ സ്ഥാപിച്ചത്. മേലേ ചൊവ്വയിലേക്ക് താമസം മാറ്റിയപ്പോള്‍ വീടിനടുത്താണ് അവര്‍ണസമുദായത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ സ്‌കൂള്‍ തുടങ്ങിയത്. അവരെ പഠിപ്പിക്കാന്‍ സ്വന്തം സമുദായത്തിലുള്ളവര്‍പോലും തയ്യാറാകാതിരുന്നപ്പോള്‍ തന്റെ സഹോദരനെ അവിടെ അധ്യാപകനാക്കി. ആന്ധ്രയില്‍നിന്ന് സ്ലേറ്റുകളെത്തിച്ചു. ഈ സ്‌കൂളാണ് പില്‍ക്കാലത്ത് ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായി മാറിയത്. 
   കണ്ണൂര്‍ ബാങ്ക് എന്ന കമേഴ്‌സ്യല്‍ ബാങ്ക്  സ്ഥാപിച്ചതും കുഞ്ഞമ്പുതന്നെ. കണ്ണൂരിലെ ആദ്യത്തെ ബാങ്കായിരുന്നു ഇത്. നീണ്ടകാലം കണ്ണൂര്‍ നഗരസഭയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അദ്ദേഹം എഡ്വേഡ് പ്രസ് എന്ന അച്ചടിശാല സ്ഥാപിച്ചത്. ഒട്ടേറെ പുസ്തകങ്ങള്‍ അക്കാലത്ത് ഈ അച്ചടിശാലയിലൂടെ വായനക്കാരിലെത്തി. 1974 വരെ ഈ പ്രസ് നിലവിലുണ്ടായിരുന്നു. അവിടെയാണ് അദ്ദേഹം രചിച്ച 'സരസ്വതീവിജയം' നോവല്‍, ഭഗവദ്ഗീതോപദേശം, തീയ്യര്‍, രാമകൃഷ്ണസംവാദം, രാമായണസാരശോധന, മൈത്രി എന്നീ പുസ്തകങ്ങള്‍ അച്ചടിച്ചത്. മതപരിഷ്‌കരണത്തെയും സാധുജനങ്ങളുടെ പുരോഗതിയെയും പറ്റിയുള്ള കുഞ്ഞമ്പുവിന്റെ കാഴ്ചപ്പാടുകള്‍ ഒട്ടേറെ ലേഖനങ്ങളായി കേരളപത്രിക, കേരളസഞ്ചാരി, ഭാഷാപോഷിണി എന്നിവയിലൂടെ വെളിച്ചംകണ്ടിട്ടുണ്ട്.

veedu


    മേലേ ചൊവ്വയില്‍ത്തന്നെ ഒരു തുണിക്കടയും എണ്ണയാട്ടുന്നതിനുള്ള ചക്കും അദ്ദേഹം നടത്തിയിരുന്നു. അവര്‍ണസമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് മാറുമറയ്ക്കാന്‍ സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത് അവര്‍ക്ക് പെറ്റിക്കോട്ടും മേല്‍ക്കുപ്പായവും കുഞ്ഞമ്പു വക്കീല്‍ തയ്പ്പിച്ചു കൊടുത്തു അതും സൗജന്യമായിത്തന്നെ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായധനവും അദ്ദേഹം നല്‍കിയിരുന്നു. കണ്ണൂരിലെത്തിയ ശ്രീനാരായണഗുരുവിനെ ഒരിക്കല്‍ അദ്ദേഹം ചെന്നുകണ്ടു. ജാതിക്കും മതത്തിനുമപ്പുറത്ത് മനുഷ്യസമൂഹത്തിന്റെയാകെയുള്ള പുരോഗതിയാണ് തന്റെ ലക്ഷ്യമെന്ന കുഞ്ഞമ്പുവിന്റെ വാക്കുകള്‍ ഗുരുവില്‍ വലിയ മതിപ്പുണ്ടാക്കി. 
   കുഞ്ഞമ്പു, വിദേശത്ത് അയച്ച് പഠിപ്പിച്ച് ഡോക്ടറാക്കിയ മകള്‍ പാറു ഉത്തരകേരളത്തിലെ ആദ്യത്തെ ഗൈനക്കോളജിസ്റ്റായിരുന്നു. അവരാണ് കണ്ണൂര്‍ പട്ടണത്തില്‍ പോത്തേരി നഴ്‌സിങ് ഹോം സ്ഥാപിച്ചത്. 
20 വര്‍ഷം നഴ്‌സിങ് ഹോം നടത്തിയ ഡോക്ടര്‍ പാറു പ്രസവശസ്ത്രക്രിയയും ചെയ്തിരുന്നു. ജോലിയിലെ മികവുകണ്ട് അവരെ കണ്ണൂര്‍ കന്റോണ്‍മെന്റ് സൈനിക ആസ്പത്രിയില്‍ ഡോക്ടറായ ബ്രിട്ടീഷുകാരന്‍ ബര്‍ണാഡ് മില്ലറാണ് വിവാഹം ചെയ്തത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറിയ ഈ ദമ്പതിമാര്‍ക്ക് മക്കളില്ല. ഈ അടുത്ത കാലംവരെയും പോത്തേരി നഴ്‌സിങ് ഹോം പ്രവര്‍ത്തിച്ചിരുന്നു. 


   കുഞ്ഞമ്പുവിന്റെ മകന്‍ പോത്തേരി മാധവന്‍ ദേശീയ സ്വാതന്ത്ര്യസമരപോരാളിയായിരുന്നു. കണ്ണൂര്‍ കോട്ടയില്‍ കാവല്‍ക്കാരുടെയും സൈന്യത്തിന്റെയും കണ്ണുവെട്ടിച്ചുകടന്ന്, ബ്രിട്ടീഷ് പതാക വലിച്ചുതാഴ്ത്തി ത്രിവര്‍ണ പതാക ഉയര്‍ത്തിയ ധീരന്‍. കണ്ണൂര്‍ സിഗാര്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ആദ്യ സെക്രട്ടറി. മദ്രാസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടശേഷം അദ്ദേഹം സെക്രട്ടറിസ്ഥാനമൊഴിഞ്ഞു. അപ്പോള്‍ ആ സ്ഥാനത്തെത്തിയത് കമ്യൂണിസ്റ്റ്പാര്‍ട്ടി നേതാവായ സാക്ഷാല്‍ പി. കൃഷ്ണപിള്ളയാണ്.  കുഞ്ഞമ്പുവിന്റെ മകനായ കുഞ്ഞിക്കണ്ണന്റെ മകന്‍ രാമചന്ദ്രന്‍ റോയല്‍ നേവിയില്‍ പൈലറ്റായിരുന്നു. കണ്ണൂരില്‍ ആദ്യമായി വിമാനമിറക്കിയെന്ന നേട്ടം രാമചന്ദ്രന് സ്വന്തം. കണ്ണൂര്‍ മട്ടന്നൂര്‍ റോഡില്‍ മേലേ ചൊവ്വയില്‍നിന്ന് നൂറുമീറ്റര്‍ അകലെ കുഞ്ഞമ്പുവിന്റെ തറവാടായ പോത്തേരി വലിയവീട് ഇന്നുമുണ്ട്.  കുഞ്ഞമ്പുവിന്റെ മറ്റൊരു മകള്‍ ലക്ഷ്മിയുടെ മകന്‍ വിജയരാഘവനും ലക്ഷ്മിയുടെ മകള്‍ ശാന്തയുടെ മകന്‍ അജിത്ത് ഗോപാലും കുടുംബവുമാണ് ഇപ്പോള്‍ ഇവിടെ താമസം. 


    'സരസ്വതീവിജയം' ആദ്യപതിപ്പിന്റെ മുഖവുരയുടെ തുടക്കത്തില്‍ 'വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 'സരസ്വതീവിജയം' എന്നത് കഥാപാത്രത്തിന്റെ പേരുമായി ബന്ധപ്പെട്ടല്ല, വിദ്യയുടെ വിജയം എന്ന അര്‍ഥത്തിലാണ് നോവലില്‍ പ്രസക്തമാകുന്നത്. ജാതി ഇല്ലായ്മചെയ്യലിനൊപ്പം സ്ത്രീയുടെ തുല്യപദവിയെന്ന ആശയവും നോവല്‍ മുന്നോട്ടുവെക്കുന്നു. ഇന്ത്യ നേരത്തേ കൈവരിച്ച അറിവിന്റെയും സമ്പത്തിന്റെയും തകര്‍ച്ചയ്ക്ക് ജാതിവ്യവസ്ഥ കാരണമായി എന്ന നിരീക്ഷണം നോവലിന്റെ മുഖവുരയില്‍ കുഞ്ഞമ്പു പങ്കുവെക്കുന്നുണ്ട്. ജാതിവ്യവസ്ഥ തീര്‍ത്താല്‍ തീരാത്ത ആപത്തുണ്ടാക്കി ജനങ്ങളെ അധമരും അന്യരാജ്യക്കാരുടെ ആശ്രിതരാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
മനുസ്മൃതിയെയും കുഞ്ഞമ്പു നോവലില്‍ വെറുതേ വിടുന്നില്ല. അവര്‍ണര്‍ക്ക് വിദ്യാഭ്യാസവും അറിവും നിഷേധിക്കുമ്പോള്‍ ബ്രാഹ്മണരും സ്വയം അജ്ഞരാകുന്നുവെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത്. അതിനാല്‍ ഈഴവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം ബ്രാഹ്മണരുടെ മനസ്സിനെ പരിഷ്‌കരിക്കുന്നതിനാണ് നല്‍കേണ്ടതെന്ന് കുഞ്ഞമ്പു എഴുതിവെച്ചു. യോഗക്ഷേമസഭയ്ക്കും പതിറ്റാണ്ടുകള്‍ക്കുമുമ്പ് 'നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള' മുദ്രാവാക്യം മുഴക്കിയ കൃതിയാണിതെന്ന് സരസ്വതീവിജയത്തെക്കുറിച്ച് പഠനം നടത്തിയ ഡോ. എ.ടി. മോഹന്‍രാജ് പറയുന്നു. കുഞ്ഞമ്പു അവര്‍ണര്‍ക്കായി പള്ളിക്കൂടം നടത്തിയ കെട്ടിടം പോത്തേരി വീടിന്റെ മുന്നില്‍ റോഡിനോട് ചേര്‍ന്ന് ഇപ്പോഴുമുണ്ട്. അതിന്റെ താഴത്തെ നില ഇന്ന് ചായക്കടയാണ്.


  പുലയര്‍ക്ക് 'പഞ്ചമര്‍' എന്ന പേര് ആദ്യമായി നല്‍കിയത് കുഞ്ഞമ്പുവാണെന്ന് പറയപ്പെടുന്നുണ്ടെന്ന് ഉള്ളൂര്‍ കേരള സാഹിത്യചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞമ്പുവിന്റെ ഭാഷ ശക്തമാണെന്നും ഉള്ളൂരിന്റെ പ്രശംസയുണ്ട്. ഉള്ളൂര്‍ മലയാള സാഹിത്യചരിത്രത്തില്‍ പ്രത്യേക സ്ഥാനംനല്‍കിയ ആ നോവലിന് തുടര്‍ന്നിങ്ങോട്ട് ക്രൂരമായ അവഗണന ഏറ്റുവാങ്ങേണ്ടിവന്നത് എന്തുകൊണ്ടാകാം?  ഒ. ചന്തുമേനോന്‍, വേങ്ങയില്‍ കേസരി നായനാര്‍, എം.ആര്‍.കെ.സി. എന്നിവര്‍ക്ക് സമശീര്‍ഷനാണെന്ന ചരിത്രപരമായ പ്രാധാന്യമുണ്ടായിരുന്നിട്ടുകൂടിയായിരുന്നു ഈ അവഗണന.   അക്കാദമിക് തലത്തിലും 'സരസ്വതീവിജയം' അവഗണിക്കപ്പെട്ടു.  ഉത്തരകേരളത്തിനുമാത്രമായി ഒരു സര്‍വകലാശാല കണ്ണൂരില്‍ നിലവില്‍വന്ന് 20 വര്‍ഷമായിട്ടും ഇതുവരെ പാഠ്യപദ്ധതിയില്‍ ആ നോവല്‍ ഇടംപിടിച്ചിട്ടില്ല. കഴിഞ്ഞമാസം കണ്ണൂര്‍ എസ്. എന്‍. കോളേജ് ഇംഗ്ലീഷ്, മലയാള വിഭാഗവും കണ്ണൂര്‍ ആകാശവാണിയും ചേര്‍ന്ന് നടത്തിയതാണ് കുഞ്ഞമ്പുവിന്റെ കൃതികളെയും സംഭാവനകളെയും അനുസ്മരിച്ച് ആദ്യമായി നടന്ന പരിപാടി. ഇത്രയേറെ സംഭാവനനല്‍കിയിട്ടും കുഞ്ഞമ്പുവിനെ എന്തുകൊണ്ട് മറന്നുവെന്നതിന് നാം കാലത്തോടും മനസ്സാക്ഷിയോടും എന്ത് ഉത്തരം പറയും? 
sarithkannan@gmail.com