നേരമൊന്ന് വെളുത്തുകിട്ടാന്‍ കൊതിച്ചുകിടക്കും. ചായകുടി കഴിയുമ്പോഴേക്കും കൂട്ടുകാരെത്തും. പലതരം കളികളിലേക്ക് എടുത്ത് ചാടുകയായി.

അപ്പനും അമ്മയുമായി കളിക്കാത്തവരുണ്ടാകില്ല. ഓലയും മരക്കൊമ്പുകളും കൊണ്ട് വീടുണ്ടാക്കും. അടുത്തുതന്നെ കട. പലതരം ഇലകളും കല്ലുകളുമാണ് കടയിലെ സാമാനങ്ങള്‍. ഓട്ടുപൊളിയും വെള്ളാരങ്കല്ലുകളുമാകും കൈയിലെ കാശ്. വലിയ ഗൗരവത്തില്‍ പോയി ഒരു കിലോ ഉപ്പ് എന്ന് പറയുമ്പോള്‍ കടക്കാരന്‍ അതിലും ഗൗരവത്തില്‍ കല്ല് പൊതിഞ്ഞുതരും. ചിരട്ടയില്‍ മണ്ണപ്പം ചുടും. അതെല്ലാം തിന്നുന്നപോലെ അഭിനയിക്കും.  അയല്‍പ്പക്കത്തെ വടക്കന്‍ കുഞ്ഞുവറീതേട്ടന്റെ മോള് റീനയും ഐനിക്കാടന്‍ ജോസേട്ടന്റെ മോള് ജോയ്‌സിയും കളിക്കൂട്ടുകാരികളായിരുന്നു. അവരാണ് വിളമ്പിത്തരിക. 

കുഞ്ഞുമാന്ത്രികന്‍

കുഞ്ഞുചെറുപ്പത്തിലേ മാജിക് കാണിക്കുന്ന ഒരു കളിയുണ്ട്. പൂത്താങ്കല്ല് എന്നാണോര്‍മ. ചെറിയ മണല്‍കൂമ്പാരം വാരംപോലെ കൈകള്‍ കൊണ്ട് കൂട്ടി ഈര്‍ക്കിലി തുണ്ട് അതില്‍ വിദഗ്ധമായി പൂഴ്ത്തിവെയ്ക്കും. ഈര്‍ക്കിലി അങ്ങോട്ടും ഇങ്ങോട്ടും മണലിനടിയിലൂടെ വേഗത്തില്‍ നീക്കിയാണ് എതിരാളിയെ കബളിപ്പിക്കുക. ചിലപ്പോള്‍ ഇങ്ങനെ ഈര്‍ക്കിലി ഒരിടത്ത് വെച്ചിട്ടും കൈകള്‍ ചലിപ്പിച്ചുകൊണ്ടിരിക്കും. പിന്നീട് വാരത്തിന്റെ നടുവില്‍ ഒരുവെട്ട് വെട്ടും. എന്നിട്ട്  പറയണം എവിടെയാണ് ഈര്‍ക്കിലി ഒളിപ്പിച്ചതെന്ന്. മാന്ത്രികന്റെ കൈയ്യടക്കമുള്ളയാള്‍ ഈ കളിയില്‍ കൂടുതല്‍ തിളങ്ങും. 

Summer Vacation
വര - മനോജ് കുമാര്‍ തലയമ്പലത്ത്‌

ഊഞ്ഞാലാട്ടം

ആ കളിയുടെ കമ്പം തീരുമ്പോള്‍  ഊഞ്ഞാലാടാന്‍ ഓടും. ആദ്യമെത്തുന്നയാള്‍ക്ക്  ആദ്യം ഊഞ്ഞാലാടാം. കാല് നിലത്ത്കുത്തി പൊന്തും. കടപ്ലാവിലിട്ട ഊഞ്ഞാലില്‍ ആടി കാല് ഉയര്‍ന്ന കൊമ്പിലെ ഇലകളില്‍ കൊള്ളിച്ചാല്‍ കേമനായി. ഒരാളെ നൂറ് പ്രാവശ്യം ആട്ടിക്കൊടുക്കണം. എന്നാലാണ് ആട്ടിയയാള്‍ക്ക് അടുത്ത അവസരം കിട്ടുക. അപ്പോഴേക്കും മാങ്ങ വീഴും, എടുക്കാനോടും. ചിലപ്പോള്‍ തട്ടിത്തടഞ്ഞ് വീഴും. കാല്‍മുട്ട് തേങ്ങചിരകിയപോലെയാകും. കണ്ണില്‍ നിന്ന് വെള്ളംപൊടിഞ്ഞാലും ഏയ് ..എനിക്കൊന്നും പറ്റിയില്ലെന്ന് പറഞ്ഞ് ചാടിയെണീക്കും. ഉള്ളില്‍ കരയും. 

ഉപ്പിന് പോണ വഴി

പിന്നില്‍ നിന്ന് ഒരാള്‍ കണ്ണ്‌പൊത്തി ഉപ്പിന് പോണ വഴി ചോദിച്ച് പോകുന്ന കളിയായി പിന്നീട്.  നിവര്‍ത്തിയ കൈയില്‍ കുറച്ച് മണല്‍ ഇടും. പിന്നിലെ ആള് നമ്മെ കണ്ണ്‌പൊത്തി പറമ്പിന്റെ പല ദിക്കുകളിലേക്കും നടത്തിക്കും. ഉപ്പിന് പോണ വഴിയേത്..എന്ന് ഞാന്‍ ചോദിക്കും. അപ്പോള്‍ കണ്ണ് പൊത്തിയ കുട്ടി പറയും തേന്‍ തേന്‍ നക്കരുത്. ഇങ്ങനെ വായ്ത്താരിയുമായി നമ്മള്‍ മണ്ണിന്റെ പശിമയിലൂടെ നടക്കും. ഒടുവില്‍ ഏതെങ്കിലും ഒരുമരച്ചോട്ടിലോ മോട്ടോര്‍ ഷെഡിനടുത്തോ കയ്യാലയ്ക്കടുത്തോ മണല്‍ ഇടാന്‍ പറയും.

എത്ര കണ്ണ്‌പൊത്തിയാലും  എത്രവട്ടം നമ്മെ കറക്കിയാലും പറമ്പിലെ പല തിരിച്ചറിയല്‍ കാര്‍ഡുകളും കാലില്‍ തൊട്ട് വിളിച്ചുപറയും. ഇതാ ഞാന്‍ വടക്കോറത്തെ തോട്. നീയിപ്പോള്‍ ഈ തോട്ടിലെ നനവിലൂടെയാണ് നടക്കുന്നത്. ഇത് തെക്കോറത്തെ തൊഴുത്തിനടുത്തെ സ്ഥലം. അതാണ് ചാണകത്തിന്റെ മണം . ഇപ്പോള്‍ നീ കോഴിക്കൂടിനടുത്താണ്. കോഴിക്കാട്ടത്തിന്റെ മണമതാണ്. നീങ്ങിനടന്നോ..അതിനടുത്തെ ബബ്ളൂസിന്റെ മിനുസ്സമുള്ള വേരില്‍ തട്ടിയാണ് ഇപ്പോള്‍ നടക്കുന്നത്. 

വല്യേട്ടന്മാര്‍ അതില്‍ കുത്തിമറിയുന്ന ഒച്ച. തൊട്ടാല്‍ പടരാന്‍ നില്‍ക്കുന്ന പയര്‍വള്ളികള്‍, നേന്ത്രവാഴവാരം, ഇവിടെ വൈക്കോല്‍ തുറു, തേങ്ങ കൂട്ടിയിട്ടിരിക്കുന്നു, ഉണക്കാനിട്ട വൈയ്‌ക്കോല്‍, പേരെഴുതിവെച്ച അടയ്ക്കാമരം, എല്ലാം മനക്കണ്ണില്‍ തെളിയും. പലതരം മണങ്ങള്‍, സ്പര്‍ശനങ്ങള്‍, ഒടുവില്‍ പലവട്ടം കറക്കി കണ്ണുതുറന്ന് വിട്ടാലും ഉപ്പിട്ട സ്ഥലത്തേക്ക് കാലുകള്‍ എളുപ്പമെത്തും. എതിരാളിക്ക് നിരാശയുണ്ടാകാതിരിക്കാന്‍ ചിലപ്പോള്‍ അല്‍പ്പം കഷ്ടപ്പാട് അഭിനയിക്കും. 

അമ്പത് അമ്പസ്ഥാനി

Summer Vacation
വര - മനോജ് കുമാര്‍ തലയമ്പലത്ത്‌

കളികളില്‍ ഏറ്റവും ഇഷ്ടം ഒളിച്ചുകളിയായിരുന്നു. ഒളിച്ച മറ്റ് കൂട്ടുകാരെയെല്ലാം കണ്ടെത്തിയാലും എന്നെ മാത്രം കാണരുത്. അതാണ് പ്രാര്‍ഥന. വളരെ ചുരുക്കം സമയങ്ങളിലേ അത് നടന്നിട്ടുള്ളൂ. രാത്രിയിലെ ഒളിച്ചുകളിയ്ക്ക് രസകരമായ വീര്‍പ്പുമുട്ടാണ്. കട്ടിലിനടിയില്‍ ശ്വാസം പിടിച്ച് കിടക്കും. അടുത്തൂകൂടെ അന്വേഷിച്ചെത്തുന്നയാളുടെ കാലടികള്‍. ചിലപ്പോള്‍ കൂട്ടുകാരില്‍ ആരെങ്കിലും കൂടെ ഒളിക്കാനുണ്ടാകും. ചിലപ്പോള്‍ അവന് ചിരിപ്പൊട്ടും. വായപ്പൊത്തി ചിരിയടക്കാന്‍ കഷ്ടപ്പെടും. പറമ്പില്‍ ഒളിച്ചുകളിക്കുന്നതിനെ അമ്പസ്ഥാനി എന്ന് പറയും. കൂട്ടത്തിലൊരാള്‍ ഏതെങ്കിലും മരത്തില്‍ കണ്ണ് ചേര്‍ത്ത് ഇരുവശവും പൊത്തിക്കൊണ്ട് അമ്പത് വരെ എണ്ണണം. അതിനിടയില്‍ ബാക്കിയുള്ളവരെല്ലാം ഒളിക്കും.

അമ്പത് എണ്ണിക്കഴിഞ്ഞാല്‍ അമ്പത് അമ്പസ്ഥാനി എന്ന് ഉച്ചത്തില്‍ പറഞ്ഞ് ഒളിച്ചവരെ കണ്ടെത്താന്‍ ഇറങ്ങും. മുളങ്കാട്ടിനടുത്ത് നായ്കുരണം പൂത്ത് പരിപ്പ് വെച്ച് പടര്‍ന്ന് നില്‍പ്പുണ്ട്. തൊട്ടാല്‍ ചൊറിഞ്ഞ് ചാകും. കാശിതുമ്പയുടെ പൊടിയേറ്റാലും ചൊറിഞ്ഞ് തിണര്‍ക്കും. അടുത്ത് കൃഷ്ണകിരീടമുണ്ട്. അപ്പച്ചെടികളുണ്ട്, മുത്തങ്ങയുണ്ട്. കുറുന്തോട്ടി, തൊട്ടാവാടി. അത് കടന്ന് കാഞ്ഞിരം, പേരകം, പ്രിയൂര്‍മാവ്. അമ്പഴം. അതിനറ്റത്ത് കുടംപുളി. പൊന്ത, കുളക്കോഴികള്‍. ഇതിനിടയില്‍ അവരിലൊരാളായി നമ്മളും. അന്വേഷിച്ചിറങ്ങുന്ന കുട്ടിയെ കബളിപ്പിച്ച് ഓടിവന്ന് അച്ച് കുത്തണം. ഒളിച്ചവരെ കണ്ടാല്‍ അവര്‍ക്ക് മുന്നേ ഓടി അവരുടെ പേര് പറഞ്ഞ് അച്ച് കുത്തണം. ഒളിച്ചവരില്‍ ആദ്യം കണ്ടെത്തുന്നയാള്‍ അടുത്ത തവണ അമ്പത് വരെ എണ്ണണം. കളി അങ്ങനെ നീളും. കള്ളനും പോലീസും കളിയും ഇതിന്റെ വേറൊരു രൂപമാണ്.

സാധാരണയായി പെണ്‍കുട്ടികള്‍ മാത്രം കളിക്കുന്ന കളിയാണ് മെഡാസും കല്ലുകളിയും. മുറ്റത്ത് കളങ്ങള്‍ തിരിച്ച് ഓട്ടുപാത്രത്തിന്റെ ഉരച്ചെടുത്ത കഷണംഓട്ടുപാളിയെന്ന് പറയും, അത് തലയിലും കൈവെള്ളയിലും വിരലുകള്‍ക്കുമീതെയും വെച്ച് കണ്ണ്‌പൊത്തി മേഡാസ്..മേഡാസ് എന്ന് പറഞ്ഞ് തൊങ്ങി കളിക്കുന്ന കളിയാണ്. ചെറുകല്ലുകള്‍ മുകളിലേക്കിട്ട് കൈവിരലുകള്‍ക്കുമീതെ പിടിക്കുന്ന കല്ല് കളിയും അവര്‍ക്ക് ഹരമാണ്. ഇടയ്ക്ക് ഈ കളിയില്‍ കൂടിയിട്ടുണ്ടെങ്കിലും ഒട്ടും ശോഭിച്ചിട്ടില്ല. 

സൂചിയിട്ടുകളി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചാണ്. കൂട്ടത്തില്‍ മുതിര്‍ന്നയാള്‍ സൂചിയുമായി തിണ്ണയിലിരിക്കും. മറ്റുള്ള കുട്ടികള്‍ ദൂരെ പോയി പുറംതിരിഞ്ഞ് നില്‍ക്കണം. കുട്ടികള്‍ കാണാതെ സൂചി നന്ത്യാര്‍വട്ടത്തിന്റയോ ചെത്തിയുടെ ചുവട്ടിലേക്കോ മുറ്റത്തിന്റെ ഒരറ്റത്തേക്കോ നീട്ടിയിടും. എന്നിട്ട് അതിന്റെ സൂചനയെന്നോണം കൈയടിക്കും. പിന്നെ സൂചി അന്വേഷണമായി. സൂചിയുടെ അടുത്തെത്തിയാല്‍ സൂചനയായി ഇന്നയാള്‍ക്ക് ചൂട് എന്ന് പറയും. അപ്പോഴേക്കും മറ്റുള്ളവര്‍ ചൂടുള്ളയാളിന്റെ അടുത്തേക്കെത്തും. ആദ്യം  കണ്ടെത്തുന്നയാള്‍ സൂചി എടുത്ത് ഇട്ടയാളിന് ആരും തൊടാതെ കൊടുക്കണം. ആരെങ്കിലും തൊട്ടാല്‍ പോയിന്റ് പങ്കുവെയ്ക്കും. 

കുട്ടിട്രൗസറിട്ട സായിപ്പും മദാമ്മയും

സ്‌കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പുള്ള ഓര്‍മകള്‍ക്ക് മങ്ങലാണ്.  അതിലൊന്നാണ് വേളാങ്കണ്ണിയ്ക്ക് അപ്പനും അമ്മയ്ക്കുമൊപ്പം യാത്ര പോയത്. ബസിന്റെ പിന്നില്‍ ഭൂഗോളത്തിന്റെ മുകളില്‍ കഴുകന്‍ ഇരിക്കുന്ന പടം ഓര്‍മയുണ്ട്. ഈഗിള്‍ ട്രാവല്‍സ് ആണെന്നാണ് ഓര്‍മ. എനിക്കന്ന് മൂന്ന് വയസ് കാണും. ഒരുകുട്ടിച്ചാക്ക് നിറയെ നന്നായി പഴുത്ത പ്രിയൂര്‍ മാങ്ങ, നല്ല മണം.  ചെത്തിപൂളാന്‍ പേനാക്കത്തിയും. മടക്കിവെക്കാവുന്ന ആ ചെറു പേനാക്കത്തി എത്രയോ കാലം ഓര്‍മകളില്‍ മടങ്ങാതെ ഇരുന്നു. തമിഴ്‌നാട്ടിലെ ഏതോ ചായക്കടയില്‍ ഇഡ്ഡലിയും ഉപ്പ് കൂടിയ തക്കാളിക്കറിയും കഴിച്ചത്, അപ്പനും അമ്മയും പിണങ്ങിയത്, ബീച്ചിനടുത്ത് സായിപ്പും മദാമ്മയും കുട്ടിട്രൗസറിട്ട് സൈക്കിള്‍ ചവിട്ടി പോയത്..വേളാങ്കണ്ണി പള്ളിക്കടുത്ത് മണല്‍പ്പുറത്ത് രാത്രിയില്‍ നക്ഷത്രങ്ങളെ കണ്ട് മൂടിപുതച്ച് കിടന്നുറങ്ങിയത്..

മാങ്ങാത്തിര

പഴുത്ത മാങ്ങ കടിച്ചുകീറി തിന്നും കാരി തിന്നും നടന്ന കാലം. പല്ലിന്റെ ഇടയില്‍ മാങ്ങയുടെ മധുരനാരുകള്‍ പറ്റിപിടിച്ചിരിക്കും. കൊട്ടക്കണക്കിന് മാങ്ങ കിട്ടുമ്പോള്‍ തിരയുണ്ടാക്കും. പിഴിഞ്ഞെടുക്കുന്ന മാങ്ങ സത്ത് മുറങ്ങളില്‍ അടപോലെ നിരത്തി വെയിലത്ത് വെച്ച് നല്ലവണ്ണം ഉണക്കിയെടുക്കും. ജലാംശം പൂര്‍ണമായും വറ്റുംവരെ ഉണക്കും. നല്ല തേന്‍ നിറമായിരിക്കും ഇതടര്‍ത്തി മുറിച്ച് കഷണങ്ങളാക്കി സൂക്ഷിക്കും. പിന്നീട് നല്ല മഴക്കാലത്ത് ഇതില്‍ നിന്ന് ചെറിയൊരു കഷണം വായിലിട്ടാല്‍ മാമ്പഴക്കാലം വീണ്ടും മധുരിക്കാന്‍ തുടങ്ങും. 


മാതൃഭൂമി ക്ലബ് എഫ് എം സീനിയര്‍ കോപ്പിറൈറ്ററാണ് ലേഖകന്‍