നിങ്ങളുടെ ഫൗണ്ടന്‍ പേനകള്‍ക്ക് ഒരു രോഗം വന്നാല്‍ നിങ്ങള്‍ എന്തുചെയ്യും? അവയെ പുതുക്കിയെടുക്കാന്‍ തിരുവനന്തപുരത്ത് ഒരു ഡോക്ടറുണ്ട്. പെന്‍ ഡോക്ടര്‍. ഒരു കാലഘട്ടത്തിന്റെ പ്രൗഡിയായിരുന്നു ഫൗണ്ടന്‍ പേനകള്‍. ആഭിജാത്യത്തിന്റെ ലക്ഷണമായി ആളുകള്‍ അവ പോക്കറ്റിലിട്ടു നടന്നു. ഇന്ന് ആ കാലഘട്ടം തിരികെ വരുന്നതില്‍ സന്തോഷിക്കുകയാണ്‌ പഴനി എന്ന പെന്‍ ഡോക്ടര്‍.  

പഴനിയുടെ അച്ഛന്‍ അറുമുഖന്‍ ആചാരി തുടങ്ങിയതാണ് പേന നന്നാക്കുന്ന ജോലി. സ്വര്‍ണപ്പണിയായിരുന്നു അച്ഛന് ആദ്യം. മൊറാര്‍ജി ദേശായി രാജ്യത്ത് സ്വര്‍ണ നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ അറുമുഖന്‍ ആചാരിക്ക് പുതിയ തൊഴില്‍ തേടേണ്ടിവരികയായിരുന്നു. പത്ത് വയസുമുതല്‍ പഴനിയും തൊഴിലില്‍ സജീവമായി. എന്നാല്‍ പേന നന്നാക്കാന്‍ ആളുകള്‍ എത്തുന്നത് കുറവായിരുന്നു. പഴനിയുടെ അച്ഛന്‍ തൊഴില്‍ മതിയാക്കാനൊരുങ്ങിയപ്പോള്‍ സ്വാതന്ത്ര്യ സമര സേനാനിയും മാതൃഭൂമി പബ്ലിക് റിലേഷന്‍ മാനേജരുമായിരുന്ന ആര്‍എം മനക്കലാത്ത് തടഞ്ഞു. മനക്കലാത്തിന്റെ നിര്‍ദ്ദേശത്തില്‍ മാതൃഭൂമി ദിനപ്പത്രത്തില്‍ വന്ന വാര്‍ത്ത പഴനിയുടെ തൊഴിലിനെ സഹായിച്ചു. പെന്‍ ഡോക്ടര്‍ എന്ന വിശേഷണം നല്‍കിയതും മനക്കലാത്ത് ആയിരുന്നു. 

പേന നന്നാക്കുന്നത് മാത്രമല്ല പഴനിയുടെ പ്രത്യേകത. പഴനി നന്നാക്കിയ പേനകള്‍ക്ക് ചരിത്രത്തോട് അഭേദ്യമായ ബന്ധമുണ്ട്. തിരുവിതാംകൂറിന്റെ അവസാന ഭരണാധികാരി ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് മുതല്‍ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പേനകള്‍ വരെ പഴനി കേടുതീര്‍ത്തു നല്‍കി. കെ കരുണാകരന്‍, ജി കാര്‍ത്തികേയന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ജോര്‍ജ് ഓണക്കൂര്‍, സാഹിത്യ നിരൂപകന്‍ എം കൃഷ്ണന്‍ നായര്‍, വേണു നാഗവള്ളി തുടങ്ങി പുതുതലമുറയിലെ കെഎസ് ശബരീനാഥന്‍ അടക്കമുള്ളവരുടെ പേനകള്‍ പഴനി നന്നാക്കി നല്‍കി. ഫൗണ്ടന്‍ പേനകള്‍, ബോള്‍ പേന തുടങ്ങി എല്ലാത്തരം പേനകളും പഴനി നന്നാക്കും.

pen doctor

സെവര്‍ പോയിന്റ് എവര്‍ ഷാര്‍പ്പ് എന്ന ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പേനായായിരുന്നു പഴനി നന്നാക്കിയവയില്‍ ഏറ്റവും വിലപിടിപ്പുള്ളത്. വിദേശി പേനകളും സ്വദേശി പേനകളും പണ്ട് പ്രചാരത്തിലുണ്ടായിരുന്നു, ഇന്ന് സ്വദേശി പേനകള്‍ വളരെയേറെ കുറഞ്ഞു. എല്ലാവരുടെയും കൈയില്‍ വിദേശ പേനകളാണെന്നും പഴനി പറയുന്നു. 

പേനയുടെ ഹൃദയം അതിന്റെ നിബ് ആണെന്നാണ് പഴനിയുടെ പക്ഷം. മിക്കവാറും രോഗിയായി എത്തുന്നത് നിബ്ബുകള്‍ തകരാറിലായ പേനകളാണ്. പൊട്ടിയ പേനകള്‍ പിന്നീട് പൊട്ടല്‍ പോലും അറിയാന്‍ കഴിയാത്തവിധം ശരിയാക്കുന്നതും പഴനിയുടെ പ്രത്യേകതയാണ്. മഷി നിറച്ച്‌ ഉപയോഗിക്കാതെ വച്ചിരിക്കുന്നതാണ് പേനകളെ കേടാക്കുന്നത്. ഉപയോഗിക്കുന്നില്ലെങ്കില്‍ പേന കഴുകി വൃത്തിയാക്കി വയ്ക്കുകയാണ് വേണ്ടത്- പഴനി പറയുന്നു.

മഷി നിറച്ച്‌ ഉപയോഗിക്കുന്ന പേനകള്‍ ഇപ്പോള്‍ തിരികെ വരികെയാണെന്നും പുതു തലമുറ പേനയുടെ ആഭിജാത്യം വീണ്ടെടുക്കുകയാണെന്നും പഴനി സാക്ഷ്യപ്പെടുത്തുന്നു. 

തിരുവനന്തപുരം ആയുര്‍വേദ കോളേജ് ജങ്ഷന് സമീപത്തെ ചെറിയ കടമുറിയില്‍ അച്ഛന്റെ കാലശേഷം പെന്‍ ഹോസ്പിറ്റല്‍ അറുപത്തിയഞ്ച് വര്‍ഷത്തോളമാണ് പഴനി നടത്തിയത്. 2011ല്‍ പഴനി വാടകയ്ക്ക് നടത്തിയിരുന്ന കടമുറി തകര്‍ന്നുവീണു. അന്ന് വിലപിടിപ്പിപ്പുള്ള നിരവധി പേനകളും പേന നന്നാക്കുന്നതിനുള്ള സാമഗ്രികളും നഷ്ടമായി. മണക്കാട് ശാസ്താ ക്ഷേത്രത്തിനടുത്ത് തന്റെ വീട്ടിലാണ് പഴനിയുടെ പെന്‍ഹോസ്പിറ്റല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പഴനിയുടെ ഫോണ്‍ നമ്പര്‍ 9447586485.