തിരുവനന്തപുരം: കന്യാകുമാരിയില്‍ നിന്ന് കടലിലൂടെ 1800 കിലോമീറ്റര്‍ ദൂരമുണ്ട് ഡീഗോ ഗാര്‍ഷ്യയ്ക്ക്. അമേരിക്കയെയും ബ്രിട്ടനെയും സംബന്ധിച്ച് തന്ത്രപ്രധാനമായ ആ പ്രദേശത്ത് മീന്‍ പിടിക്കാന്‍ പോയി 19 മത്സ്യത്തൊഴിലാളികള്‍ പിടിയിലായതറിഞ്ഞ് ചിലര്‍ ചോദിച്ചതിങ്ങനെ.. അവരെന്തിന് അവിടെ വരെ പോയി? ഇവിടെന്താ മീന്‍ കിട്ടില്ലേ?

അതിര്‍ത്തി കടക്കുന്നതെന്തിന്?

ഉത്തരം ഒരുപാടുണ്ട്. പ്രധാന സൂചന പോകുന്നത് 1991ലേക്ക്. ഉദാരവത്കരണത്തിന്റെ ഭാഗമായി വിദേശ കപ്പലുകള്‍ നമ്മുടെ അതിര്‍ത്തിയിലേക്കിറങ്ങി മീന്‍ വാരിക്കൊണ്ടുപോകാന്‍ തുടങ്ങി. 120 കിലോമീറ്റര്‍ ദൂരത്തെ വരെ മുഴുവന്‍ മീനും കോരാനാകുന്ന അടക്കംകൊല്ലികള്‍ (പഴ്‌സ് സീന്‍ എന്ന വലയുടെ പ്രാദേശിക വിളിപ്പേര്) വരെയുള്ളതാണ് നിലവിലെ സംവിധാനം. ഇവിടുത്തെ മത്സ്യസമ്പത്ത് നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ പട്ടിണിയിലായ കേരളത്തിലെയും തമിഴ്‌നാട്ടിലെയും തൊഴിലാളികള്‍ ദൂരേക്ക് ദൂരേക്ക് പോയിത്തുടങ്ങി.

ആഴക്കടല്‍ മത്സ്യബന്ധനത്തെക്കുറിച്ചുള്ള മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിട്ടില്ലെങ്കിലും വിദേശക്കപ്പലുകള്‍ക്ക് നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ മീന്‍ പിടിക്കാന്‍ അനുവാദം നല്‍കുന്ന ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. നമ്മുടെ കടലിലെ 12 നോട്ടിക്കല്‍ മൈല്‍ മുതലുള്ള ആഴക്കടല്‍ പ്രദേശത്ത് വിദേശ കപ്പലുകള്‍ക്ക് നിര്‍ബാധം മീന്‍ പിടിക്കാം.

തായ്‌വാന്‍, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വന്‍ കപ്പലുകള്‍ക്ക് നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ തമ്പടിച്ച് മീന്‍ കോരാന്‍ അവസരം നല്‍കുമ്പോള്‍ നമ്മളെന്ത് ചെയ്യുമെന്ന ചോദ്യമാണ് പാരമ്പര്യ മത്സ്യത്തൊഴിലാളികള്‍ക്ക് ചോദിക്കാനുള്ളത്.

ഇത്തരം ജനവിരുദ്ധ ഉത്തരവുകള്‍ നിലനില്‍ക്കെ തന്നെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും മത്സ്യത്തൊഴിലാളികള്‍ അതിര്‍ത്തി കടക്കരുതെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.

അതിര്‍ത്തി കടക്കരുതെന്ന് കേന്ദ്രം

തമിഴ്‌നാട്, കേരളം, അസം എന്നിവിടങ്ങളിലെ 19 മത്സ്യത്തൊഴിലാളികള്‍ ഡീഗോ ഗാര്‍ഷ്യയില്‍ പിടിയിലായ സാഹചര്യത്തില്‍ ഫിഷറീസ് വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര കൃഷി മന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. പിടിയിലായാല്‍ ഇനി കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. 

fisherman

അതിര്‍ത്തി സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് അവബോധം നല്‍കാനായി ക്ലാസുകള്‍ സംഘടിപ്പിക്കാനും നിര്‍ദ്ദേശമുണ്ടായി. ഇക്കാര്യങ്ങള്‍ നടപ്പാക്കാനായി മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളി  യൂണിയനുകളുടെ യോഗം വിളിക്കും. യോഗത്തില്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും പങ്കെടുക്കും.

എങ്ങനെ ഡീഗോ ഗാര്‍ഷ്യ? നാട്ടിലെത്തിയവര്‍ പറയുന്നു

ഡീഗോ ഗാര്‍ഷ്യയില്‍ നിന്ന് 65 നോട്ടിക്കല്‍ മൈല്‍ ദുരത്ത് മീന്‍ പിടിക്കവെ മേയ് 27നാണ് 19 മത്സ്യത്തൊഴിലാളികള്‍ ബ്രിട്ടീഷ് നാവികസേനയുടെ പിടിയിലായത്. കൊച്ചിയില്‍ നിന്ന് പോയ തമിഴ്‌നാട് തൂത്തൂര്‍ സ്വദേശി ജഗന്റെ ഇബ്രാഹിം, വള്ളവിള സ്വദേശി ആന്റണിയുടെ വാഴ്‌വിന്‍ മന്ന എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്നവരില്‍ 12 പേര്‍ തമിഴ്‌നാട്ടുകാരും ആറുപേര്‍ മലയാളികളും ഒരാള്‍ അസം സ്വദേശിയുമായിരുന്നു. വിട്ടയയ്ക്കാനാവശ്യമായ പിഴയൊടുക്കിയതോടെ വിട്ടയച്ച ഇവര്‍ ജൂണ്‍ 26ന് രാത്രി കൊച്ചിയിലെത്തുകയായിരുന്നു.

നേരത്തെ അടുത്തൊക്കെ മീനുണ്ടായിരുന്നെങ്കില്‍ ഇപ്പോ ഒരുപാട് ദൂരം പോകേണ്ട അവസ്ഥയാണെന്ന് ബോട്ടുകളില്‍ ഒന്നിന്റെ ഉടമയായ ജഗന്‍ പറഞ്ഞു. 'അത്രയും ദൂരം പോണമെന്ന് വിചാരിച്ചതല്ല. കോള് മാറിയപ്പോ അങ്ങെത്തിയതാണ്. അങ്ങനെയാണ് അവര്‍ പിടിച്ചത്. നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രം മീന്‍ പിടിച്ചാല്‍ ഒരാള്‍ക്ക് പരമാവധി 6000 രൂപയേ മാസം കിട്ടൂ. അതും കൊണ്ടെങ്ങനെയാണ് കുടുംബം നോക്കുന്നത്? കുട്ടികള്‍ക്ക് ഫീസ് കൊടുക്കാന്‍ പോലും പറ്റില്ല. 1000 കിലോമീറ്ററിനപ്പുറമൊക്കെ പോയാല്‍ ചിലപ്പോ 10,000 രൂപ വരെ ഉണ്ടാക്കാം. കൂറ്റന്‍ കമ്പനികളെപ്പോലും വെല്ലുവിളിച്ച് ഞങ്ങള്‍ ചെയ്യുന്നത് ഒരു തരത്തില്‍ ജനസേവനം തന്നെയാണ്.' ജഗന്‍ പറഞ്ഞു.

പിടിയിലായ തൊഴിലാളികളെല്ലാം വിട്ടയയ്ക്കണമെന്ന ആവശ്യവുമായി മൂന്നുദിവസം പട്ടിണി കിടന്നതോടെയാണ് ബ്രിട്ടീഷ് നാവിക സേനയ്ക്ക് തടവുകാരുടെ ബന്ധുക്കളെ വിവരം അറിയിക്കേണ്ട അവസ്ഥയുണ്ടായത്. സംഭവം നാടറിയുന്നത് അപ്പോള്‍ മാത്രമാണ്. പിന്നീടുള്ള നയതന്ത്ര ഇടപെടലുകള്‍ രക്ഷപ്പെടുത്തലില്‍ കലാശിച്ചു.

എട്ടു ദിവസം അങ്ങോട്ടും അത്രതന്നെ ഇങ്ങോട്ടും യാത്ര ചെയ്യുന്നവരാണ് ദൂരം താണ്ടുന്ന മത്സ്യത്തൊഴിലാളികള്‍ ഏറെയും. രണ്ടാഴ്ചയെങ്കിലും ഒരു സ്ഥലത്ത് നങ്കൂരമിടും. അങ്ങനെ ഏറെ അദ്ധ്വാനത്തോടെ ഉപജീവനം നടത്തുമ്പോഴും പിടിയിലാകുന്ന അവസ്ഥയുണ്ടെങ്കില്‍ പരിഹാരം കാണേണ്ടത് സര്‍ക്കാരാണെന്ന് തൊഴിലാളികള്‍ പറയുന്നു. വിദേശ കപ്പലുകള്‍ നിരോധിക്കണമെന്നാണ് പ്രധാന ആവശ്യം.