കാട്ടാളന്‍ കൊച്ചുവറീത്, അതായത് എന്റെ അപ്പാപ്പന്‍ എന്റെ അപ്പന്‍ റോക്കിക്ക്  ഒരു ചെറിയ മരപ്പെട്ടി കൊടുത്തിരുന്നു. അപ്പന്റെ ബാല്യത്തില്‍ ഒപ്പമുണ്ടായിരുന്ന ആ പെട്ടിക്ക് എപ്പോഴോ തട്ടിന്‍മുകളിലായി സ്ഥാനം. പിന്നീട് ആ മരപ്പെട്ടി പൊടിത്തട്ടിയെടുത്ത്  ഞാന്‍ സ്വന്തമാക്കി. ഒരു വശത്ത് മൂന്ന് കുഞ്ഞ് അറകള്‍. കള്ളികള്‍ എന്ന് പറയും. ഒരു അറ മാത്രം തുറക്കുന്നതിന് ചെറിയ വളയമിട്ടിട്ടുണ്ട്. രണ്ടെണ്ണത്തിന് അടപ്പുകളില്ല.  സ്വകാര്യശേഖരങ്ങള്‍ ആ കുഞ്ഞുപെട്ടിയിലായിരുന്നു .  വളപ്പൊട്ടുകള്‍ ആണ്‍പെണ്‍ഭേദമന്യേ സൂക്ഷിച്ചിരുന്നു. പലപല നിറങ്ങളില്‍ പിരിയന്‍ വളകളുടെയും ഇടയ്ക്ക് കുത്തുകളുള്ള സ്പെഷ്യല്‍ വളകളുടെയും തുണ്ടുകള്‍ പെട്ടിയിലെ കള്ളിയില്‍ ഇടംപിടിച്ചു. ഒപ്പം  തീപ്പെട്ടിപടങ്ങള്‍, പൊട്ടിയ മാലകളിലെ മുത്തുമണികള്‍,വെള്ളാരങ്കല്ലുകള്‍, ഗോലിക്കായകള്‍, ബസ് ടിക്കറ്റുകള്‍..കുഞ്ഞിച്ചെറുപ്പത്തില്‍ ഞാനുണ്ടാക്കിയ മുത്തുമാല അയല്‍പക്കക്കാരി ലാലുണ്ണിക്ക്  കൊടുക്കാന്‍ ഇടവഴിയിലെ വട്ടമാവിന് താഴെ നിന്നതോര്‍മയുണ്ട്. അതിന്റെ പേരിലെ വീട്ടുകാരുടെ കളിയാക്കലുകള്‍ എത്രയോ കാലം തുടര്‍ന്നു. 

 ഒറ്റാലില്‍ കുടുങ്ങിയ തള്ളബ്രാലിനെ കുഞ്ഞുങ്ങളുടെ അടുത്തേക്ക് തിരിച്ചുവിട്ടപ്പോള്‍ Read More...

മറ്റൊരു ആകര്‍ഷണം കട്ട് ചെയ്ത ഫിലിം തുണ്ടുകളാണ്. കടയില്‍ വാങ്ങാന്‍ കിട്ടും. ജയന്റെ ഫിലിമിനായിരുന്നു ഡിമാന്‍ഡ്.  ഫിലിം, വെയിലത്തേക്ക് ഉയര്‍ത്തി നോക്കും.  ടോര്‍ച്ചടിച്ചും നോക്കും. പിന്നീടാണ് ആ ഫിലിമുകള്‍ ഇട്ട് നോക്കുന്ന കുഞ്ഞ്പെട്ടി പള്ളിപ്പെരുന്നാളിന് വാങ്ങിയത്. അതിനിടെ ഗള്‍ഫില്‍ നിന്ന് ആരോ കുറച്ചുകൂടി പരിഷ്‌കരിച്ച അത്തരം പെട്ടി കൊണ്ട് വന്നതോര്‍ക്കുന്നു.  കട്ടിയുള്ള ഷീറ്റിനിടയില്‍ ഇടയ്ക്കിടെ ഒട്ടിച്ചുവെച്ച പപ്പടവട്ടത്തിലുള്ള തട്ട്, ആറ് ഫിലിമുകള്‍ ഒറ്റത്തട്ടില്‍ ഉണ്ടായിരിക്കും. പെട്ടിയുടെ അരികിലൂടെ ഈ തട്ട് ഇറക്കി മുന്നിലൂള്ള ഗല്‍സിലൂടെ നോക്കണം. ബൈനോക്കുലറിന്റെ വേറൊരു രൂപമെന്ന് പറയാം.  വശത്തുള്ള തണ്ട് താഴ്ത്തിയാല്‍ അടുത്തുള്ള ഫിലിം കറങ്ങിവരും. ലോകാത്ഭുതങ്ങളും വന്‍നഗരങ്ങളും പക്ഷിമൃഗാദികളും ഇങ്ങനെ  ആദ്യം ത്രിഡിയായി അടുത്ത് കാണുന്നത് ഈ ചെറുപെട്ടിയിലൂടെയാണ്. 

നാടന്‍പെട്ടിയില്‍ ത്രിഡി ഇഫക്ടൊന്നിമില്ല. താരങ്ങളെ വലുതാക്കി കാണാമെന്നതാണ് മെച്ചം. സിനിമയുടെ തുടര്‍സീനുകളൊക്കെ കാണാം.'ആവേശ'ത്തിലെയും 'കോളിളക്ക'ത്തിലെയും 'സഞ്ചാരി'യിലെയും 'കരിമ്പന'യിലെയും ജയന്‍ ഓര്‍മകള്‍. കൂട്ടുകാരുമായി ഇതിന്റെ കൈമാറ്റവുമുണ്ട്. കൂടുതല്‍ ഫിലിമുകള്‍ കൈവശമുള്ളവന്‍ അന്ന് ഹീറോയായിരുന്നു.

 'അറിയപ്പെടാത്ത രഹസ്യ'ത്തില്‍ ജയനും ആനയുമായുള്ള പോട്ടി അതില്‍ പ്രധാനം. ആനയുടെ ചവിട്ടടിയില്‍ നിന്ന് ജയഭാരതിയെ രക്ഷിക്കുന്ന സീന്‍. അതിസാഹസികമായി ആനകൊമ്പില്‍ ജയന്‍ തൂങ്ങി ആനയെ മെരുക്കുന്ന ഫിലിം കൈവശമുള്ളതില്‍ ഏറ്റവും വിലമതിച്ചിരുന്നു. ചാലക്കുടിയിലെ ഓലതിയേറ്ററായ സഖിയില്‍ ഈ സിനിമ  കുടുംബമായി ,വിറച്ച് കൊണ്ട് കണ്ടിട്ടുണ്ട്. ജോസ്പ്രകാശ് എന്ന വില്ലനെ വെറുത്തിട്ടുണ്ട്. 

ദുഖഃവെള്ളിയാഴ്ച ഓന്തിന് എന്താണ് കാര്യം| Read More...

2

ചാലക്കുടി അക്കരതിയേറ്ററില്‍ പള്ളിപ്പെരുന്നാളിന് വന്ന സിനിമയായിരുന്നു മനുഷ്യമൃഗം. ക്യൂവില്‍ ഇടിയുടെ പൂരമായിരുന്നു. തിയേറ്ററിന് മുന്നില്‍ സിനിമയിലെ രംഗങ്ങള്‍ വെച്ചിരിക്കും. കട്ടബ്ലോക്ക് എന്നാണ് ഞങ്ങള്‍ അതിനെ വിളിച്ചിരുന്നത്. ചിലപ്പോള്‍ അത് കാണാന്‍ മാത്രം പോകും. അക്കരതിയേറ്ററിന്റെ മുന്നില്‍ 'മനുഷ്യമൃഗ'ത്തില്‍ പുലിക്കുട്ടികളെ ഇരുകൈകളിലും തൂക്കിയെടുക്കുന്ന ജയന്റെ ഫിലിം കണ്ടതോര്‍ക്കുന്നു. ഇടിച്ച് നിന്നെങ്കിലും ടിക്കറ്റ് കിട്ടിയില്ല. അന്ന് സഖിയില്‍ 'ദില്‍ കാ ഹീര' എന്ന ധര്‍മേന്ദ്രയും ഹേമമാലിനിയും അഭിനയിച്ച ഹിന്ദി സിനിമ കണ്ടു. ഓര്‍മയുണ്ട് ,കാറിനുമുകളില്‍ വില്ലന്റെ ഹെലികോപ്ടര്‍ രംഗപ്രവേശം. 

കുട്ടിക്കാലത്തെ വിളിക്കാതെ വരുന്ന അതിഥികളാണ് മരപ്പട്ടിയും ഇര്‍ളാനും. രണ്ടിനും കോഴികളോടാണ് ഭ്രമം. അണ്ണാന്റെയൊക്കെ വലിപ്പമുള്ള രൂപമാണ് മരപ്പട്ടിക്ക്. രാത്രി വന്ന് കോഴികളുടെ കഴുത്തില്‍ പിടിച്ച് കൊണ്ട്പോകും. അക്കാലത്തൊന്നും നേരിട്ട് മരപ്പട്ടിയെ കണ്ടിട്ടില്ല. അപ്പന്‍ ചെറുപ്പത്തില്‍ വെടിവെച്ച് കൊണ്ടുവന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. മരപ്പട്ടിയെത്തിയാല്‍ കോഴിക്കൂട്ടില്‍ വലിയ ബഹളമായിരിക്കും. ഒച്ച കേട്ട് ടോര്‍ച്ചുമായെത്തുമ്പോഴേക്കും മരപ്പട്ടി കടന്നിരിക്കും. ചിലപ്പോള്‍ പിറ്റേന്നായിരിക്കും ഞാന്‍ ഈ വിവരമറിയുക. കോഴിക്കൂടില്‍ നിന്ന് പറമ്പിന്റെയറ്റം വരെ കോഴിത്തൂവലുകളെ പിന്തുടര്‍ന്ന് പോയത് ഓര്‍ക്കുന്നു. അക്കാലത്ത് കുറുക്കനും വന്നിരുന്നു. കൂവല്‍ കേട്ടിട്ടുണ്ട്. കണ്ടിട്ടില്ല.

കോട്ടക്കളിയും ചക്കയും മാങ്ങയും കൊഴുക്കട്ടയും നിറയുന്ന ഓര്‍മകളുടെ ഉയിര്‍പ്പുകാലം|Read More..

 

പരുന്തിനെയാണെന്ന് തോന്നുന്നു ഞങ്ങള്‍ ഇറല്‍ന് എന്ന്  വിളിച്ചിരുന്നത്. കോഴിക്കുഞ്ഞുങ്ങളെയാണ് നോട്ടം. മിന്നല്‍വേഗത്തില്‍ റാഞ്ചി പറക്കും. തള്ളക്കോഴി പറന്ന് ചാടി കൊത്താന്‍ നോക്കുമെങ്കിലും തുടുമ്പന്‍ കുഞ്ഞുങ്ങളിലൊരെണ്ണത്തിനെ നഷ്ടപ്പെട്ടിരിക്കും. ട്ട്യോ, ട്ട്യോ എന്ന ശബ്ദവുമായി അമ്മ ഓടിയെത്തും. ഇറല്‍ന് പെട്ടെന്ന് വരാന്‍ പറ്റാത്ത പൊന്തയിലേക്ക് അപ്പോഴേക്കും കോഴി ,കുഞ്ഞുങ്ങളെമാറ്റിയിരിക്കും.  ചിറകിനടിയില്‍ ഒളിപ്പിച്ചിരിക്കും. 

അമ്മിയിലെ ചമ്മന്തിയില്‍  പുരട്ടിയ ചോറ്

 'കണ്ണിമാങ്ങ തിന്നാല്‍ കണ്ണ് രണ്ടുപോകും' എന്നൊക്കെ  പാടി ഓരോ മാഞ്ചുവട്ടിലുടെയും നടക്കും. അധികം വാടാത്ത കണ്ണിമാങ്ങയെടുത്ത് കിടിര്‍ന്ന് ഒരു കടിയുണ്ട്.  മൂവാണ്ടന്റെ കണ്ണിമാങ്ങയായിരുന്നു ഇഷ്ടം. നന്നായി ചെനച്ചമാങ്ങ കല്ല് കൊണ്ടിടിച്ച് അതിനുള്ളില്‍ മുളക് പൊടിയും ഉപ്പും ചേര്‍ത്തും കഴിക്കും. കരിങ്കല്ലിന്റെ അമ്മിയില്‍ അമ്മ മാങ്ങചമന്തി അരച്ച് പോകുന്നത് കാത്ത് നില്‍ക്കും. ചെത്തിപൂളിയ പച്ചമാങ്ങ, തോങ്ങചിരകിയത്. ഉപ്പ്, മുളക്പൊടി, ഉള്ളി എന്നിവയാണ് അമ്മിയില്‍ അരച്ചെടുക്കുക. എത്ര വടിച്ചെടുത്താലും അതിന്റെ കുഴികളില്‍ കുറച്ച് ചമ്മന്തി പറ്റിയിരിക്കും. അമ്മികൊത്തിയിട്ട് അധികമായിട്ടില്ലെങ്കില്‍ കൂടുതല്‍ ചമ്മന്തി പടര്‍ന്ന് പിടിച്ചിരിക്കും. അതില്‍ ചൂടന്‍ ചോറ് പുരട്ടി, കുഴച്ചുരുട്ടി ഉരുളകുത്തി ത്തിന്നും. കുറച്ച് പച്ചവെളിച്ചയെണ്ണകൂടിയൊഴിച്ചാല്‍  ഇരട്ടിരസം. 

(തുടരും)

മാതൃഭൂമി ക്ലബ് എഫ് എം സീനിയര്‍ കോപ്പിറൈറ്ററാണ് ലേഖകന്‍