Chithrabhanuഥകളില്‍ അയാള്‍ക്ക് രാക്ഷസന്റെ രൂപമായിരുന്നു. വാശി ഉച്ചസ്ഥായിയിലാകുമ്പോഴും വികൃതി പരിധി കടക്കുമ്പോഴും വീട്ടുകാര്‍ അയാളുടെ കഥകള്‍ പുറത്തെടുക്കും. 'അധികം കളി വേണ്ട,  ചിത്രന്‍ വരും'. പിന്നെ ആകാരവര്‍ണ്ണനയായി. 'എട്ടടി മനുഷ്യന്‍. മുന്നില്‍ വരുന്ന എന്തിനേയും തിന്നു ചോര കുടിക്കും.' സന്ധ്യ ഇരുണ്ടാല്‍  തന്റെ വലിയ കാതുമായി അയാള്‍ കുറുമ്പ്രനാട്ടിലെ ഗ്രാമഗ്രാമാന്തരങ്ങളിലേക്കിറങ്ങും. കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ടോയെന്നു കാതോര്‍ക്കും. പേരു കേട്ടപാടെ ഞങ്ങളുടെ കരച്ചില്‍ നില്‍ക്കും. മേടക്കാലത്തെ വേനലവധിക്ക് കളിച്ചുതിമിര്‍ത്തു വീടു ചേക്കേറാന്‍ വൈകുമ്പോള്‍ അച്ഛമ്മ ഭയപ്പെടുത്തും. സന്ധ്യക്ക് മുമ്പേ വീട്ടില്‍ കയറിക്കോ. ചിത്രന്‍ വന്ന് പിടിച്ചു കൊണ്ടു പോവും. പത്തു നാല്‍പ്പതു വര്‍ഷം മുമ്പു കുറുമ്പ്രനാട്ടിലെ കുട്ടികളെ ഭയപ്പെടുത്താന്‍ പറഞ്ഞ കഥയിലെ നായകന്‍ മറ്റോരു മേടമാസത്തില്‍ വിടവാങ്ങി. ബാലുശേരി തൃക്കുറ്റിശ്ശേരിയിലെ ചിത്രന്‍ നമ്പൂതിരി എന്ന ചിത്രഭാനു. ഇല്ലത്തു പിറന്ന്, മോഷണവും ഭീഷണിയും തൊഴിലാക്കി, കുലം മുടിച്ചവന്‍ എന്ന ചീത്തപ്പേരു സമ്പാദിച്ച് ഒടുവില്‍ അടിമുടി മാറി നാട്ടുകാരുടെ  സ്വര്‍ണ്ണകസവുള്ള പൊന്നാട സ്വീകരിച്ച വിചിത്രനായ കഥാപുരുഷന്‍. ഏതൊരു കഥാപാത്രത്തേക്കാളും നാടകീയത നിറഞ്ഞ ജീവിതം ആടിത്തീര്‍ത്ത പ്രതിനായകനും നായകനും. വിഷുത്തലേന്ന് നടന്നു പോകുമ്പോള്‍ ഒരു ബൈക്കിടിക്കുകയായിരുന്നു. മരിക്കുമ്പോള്‍ പ്രായം എഴുപതും കടന്നിരുന്നു.

കേട്ട എണ്ണമില്ലാ അത്ഭുതകഥകളിലെ നായകനെ ആദ്യമായി കണ്ടത് ഇപ്പോഴും ഓര്‍മ്മയുണ്ട്. മേലൂര്‍ ശിവക്ഷേത്രത്തിന്റെ ഉത്സവത്തിനിടെയായിരുന്നു അത്. ഉച്ച വരെ നീണ്ട ഓട്ടന്‍ തുള്ളല്‍ കഴിഞ്ഞ് നടവഴിയിലേക്കിറങ്ങുമ്പോള്‍ അച്ഛന്‍ പറഞ്ഞു. അതാ ചിത്രന്‍ നമ്പൂതിരി വരുന്നു. നടയിലെ കുളത്തില്‍നിന്ന് തേച്ചുകുളിച്ചു കറുത്തു വരുന്ന കൊമ്പനു മുന്നില്‍ മുഷിഞ്ഞ ഒറ്റത്തോര്‍ത്തുമുടുത്തു നടന്നു വരുന്ന ആജാനുബാഹുവായ ഒരു മനുഷ്യന്‍. ക്രമത്തിലും വലിയ മുഖം അസാധാരണമായ മൂക്ക്. പിരിച്ചുവെച്ച മീശ. അക്ഷരാര്‍ഥത്തില്‍ തീ പാറുന്ന കണ്ണുകളില്‍ ആരേയും കൂസാത്ത ഭാവം.  ആനപാപ്പാന്‍മാര്‍ ഭയഭക്തി ബഹുമാനങ്ങളോടെ അകലം പാലിച്ചു നടക്കുന്നുണ്ട്. പിറകില്‍ ദൂരെ മാറി അനുഗമിക്കുന്ന കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ കണ്ണുകളപ്പടി ആനയിലല്ല, ഈ ഒറ്റയാനിലാണെന്നു മനസ്സിലായി. ഭയം കൊണ്ടു ചൂളിപ്പോയി എന്നതാണ് സത്യം. വൈകീട്ടത്തെ ശീവേലിക്കു വീണ്ടും കണ്ടു. അപ്പോള്‍ ആനപ്പുറത്തിരിക്കുകയാണ് അയാള്‍. 'ആ ചെവി കണ്ടോ, ചാപ്പകുത്തിയിരിക്കുന്നു'. ശരിയാണ്! ചെവി മടക്കി തുന്നിക്കെട്ടിയ പോലെ. പോലീസുകാര്‍ ചെയ്തതാണ്. ആരോ അടക്കം പറഞ്ഞു. ഓഫീസും തിടപ്പള്ളിയും ശ്രീകോവിലും ശ്രദ്ധിക്കാന്‍ കമ്മറ്റിക്കാര്‍ പ്രത്യേകം ആളെ ഏര്‍പ്പാടാക്കി. അനിഷ്ടമൊന്നും സംഭവിച്ചില്ല.  ഉത്സവം കൊടിയിറങ്ങിയപ്പോള്‍ ആനയുമായി ചിത്രന്‍ മ്പൂതിരി സ്ഥലം വിട്ടു. 

ബാലുശ്ശേരിയിലെ ത്രിക്കുറ്റിശ്ശേരിയില്‍ മഠത്തില്‍ പാലക്കാടില്ലത്തെ നീലകണ്ഠന്‍ നമ്പൂതിരിയുടേയും നങ്ങയ്യ അന്തര്‍ജനത്തിന്റെയും ഉണ്ണി ഒരു പോത്തക്കനായിരുന്നു. അഥവാ അങ്ങനെയാണ് കളിയാക്കി വിളിച്ചത്. പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ച. ജൈജാന്റിസം എന്ന അസുഖം. വൈദിക പാതിയില്‍നിന്ന് വഴി പിഴച്ചത് എങ്ങനെ എന്ന ചോദ്യത്തിന് കൃത്യമായ ഒരുത്തരം ഒരിക്കലും അദ്ദേഹം നല്‍കിയിരുന്നില്ല. ചെറുപ്പത്തിലെ മോഷണം തുടങ്ങി. പറമ്പിലെ കുലകള്‍, ഇല്ലത്തെ ഓട്ടുപാത്രങ്ങള്‍ എന്നിവയിലായിരുന്നു തുടക്കം. വസ്തുക്കള്‍ക്ക് പണം കിട്ടിയപ്പോള്‍, മോഷണം അയല്‍ വീടുകളിലേക്കും നാടുകളിലേക്കും വ്യാപിപ്പിച്ചു. വീടുകള്‍, ക്ഷേത്രങ്ങള്‍... പാത്രങ്ങള്‍ക്കു പകരം പൊന്നും പണവും. പോലീസ് പല തവണ പിടി കൂടി. ഭേദ്യം ചെയ്തു. പതിനഞ്ചു കൊല്ലത്തോളം നീളുന്ന ജയില്‍ അന്തേവാസം കള്ളനെ കൂടുതല്‍ പരുവപ്പെടുത്തി. വേളി തകര്‍ന്നതോടെ താന്തോന്നിയായി. മദ്യം സഹയാത്രികനായി. കായബലം കാരണം ചില്ലറ ചട്ടമ്പിത്തരവും കൂട്ടിനെത്തി. 

മോഷണമുതലുമായി ഒരിക്കല്‍ നടക്കുമ്പോള്‍ എന്തിലോ തട്ടി മുഖമടിച്ചു വീണു. മരക്കൊമ്പില്‍ തൂങ്ങിയാടിയ ഒരു ശവശരീരമായിരുന്നു അത്. കള്ളന്റെ ജീവിതം അതോടെ മാറി എന്നാണ് ചിത്രന്‍ നമ്പൂതിരി തന്നെ പറഞ്ഞ കഥ. പിന്നെ ശവവാഹകനായാണ് ചിത്രന്‍ നമ്പൂതിരി പ്രത്യക്ഷപ്പെടുന്നത്.  കിണറിലും പുഴയിലും കുളത്തിലും ആരും തൊടാന്‍ മടിക്കുന്ന, പഴകി വീര്‍ത്ത മൃതദേഹങ്ങള്‍ പൊന്തുമ്പോള്‍ ചിത്രന്‍ നമ്പൂതിരി അവിടെയെത്തും. തോളില്‍ പുഴുവരിക്കുന്ന ശവമെടുത്ത്, മൂക്കു പൊത്തുന്ന ആളുകള്‍ക്കിടയിലൂടെ നടന്നു പോകും.  

പൂക്കിപ്പറമ്പിലെ ബസ്സപകടത്തിലെ കത്തിയമര്‍ന്ന ജഡങ്ങള്‍ മോര്‍ച്ചറിയിലെത്തിച്ചതോടെ കള്ളന്‍ എന്ന മാറാപ്പേരിനു വിരാമമായി. കടലുണ്ടിയില്‍ തീവണ്ടി മറിഞ്ഞപ്പോളും അദ്ദേഹമെത്തി. തലശ്ശേരി വെടിക്കടപകടത്തില്‍ ചിതറിപ്പോയ ശരീരങ്ങള്‍ പെറുക്കിയടുത്തു. പോസ്റ്റ്മോര്‍ട്ടങ്ങള്‍ക്കായി ശവക്കുഴികളില്‍നിന്ന് അഴുകിയ ദേഹങ്ങള്‍ പോലീസിനായി പുറത്തെടുത്തു. ഒരോ തവണയും വേതാളം പറയുന്ന കഥയിലെ ഗൂഢാര്‍ഥം ഉരുക്കഴിക്കുന്ന പ്രേതവാഹകനായ വിക്രമാദിത്യനെ പോലെ ചിത്രഭാനു നമ്പൂതിരി ജീവിതം ഉരുക്കഴിക്കുകയായിരുന്നു. അഴുകിയ മേനികളുടെ തിരുമേനിയായി കള്ളന്‍ മാറുകയായിരുന്നു. ജന്‍മനാട്ടില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി ജനങ്ങള്‍ എഴുപതാം വയസ്സില്‍  അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. പതിനാറില്‍ തുടങ്ങിയ പിഴകളുടെ നാടകീയമായ തിരവീഴ്ച്ചയായിരുന്നു അത്. കുറുമ്പ്രനാട്ടിലെ അമ്മമാര്‍ക്കിനി അംഗുലീമാലന്റെയും വാല്‍മീകിയുടേയും കഥകള്‍ക്കൊപ്പം ചിത്രഭാനു നമ്പൂതിരിയുടേയും കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാം. സംഭവബഹുലമായ ഒരു സാരോപദേശ കഥ