bijuനെറ്റിയില്‍ ഉറപ്പിച്ച ഹെഡ്ലൈറ്റുമായി അപ്പന്‍ രാത്രി നായാട്ടിന് ഇറങ്ങും. കൂടുതലും ഒറ്റയ്ക്ക് . പകല്‍ നായാട്ടിന്റെ അവസ്ഥ അങ്ങനെയല്ല. ഒരുസംഘം കാണും. അപ്പന് കുറെകൂട്ടുകാരുണ്ട്.  നീളന്‍കാക്കി ട്രൗസറില്‍ എത്തുന്ന  പൊറിഞ്ചേട്ടന്‍, പുളളിക്ക് എപ്പോഴും ചിരിയാണ്. മറ്റുള്ളവരെ ചിരിപ്പിക്കാനും മിടുക്കന്‍. നല്ല ഒത്തമനുഷ്യനായ പോട്ടയിലെ കോക്കാടന്‍ കുരുവിള. കളിചിരികളുമായി കാട്ടാളന്‍ ജോണി.. തെങ്ങുകയറ്റക്കാരന്‍ സുബ്രന്‍ചേട്ടന്‍..ടൂര്‍ പോകുന്ന പോലെയാണ് ഇവരുടെ പകല്‍നായാട്ട്.  കളിയും ചിരിയുമായി പൊന്തതല്ലി നടക്കും.  നാടന്‍ തോക്കുള്ള അപ്പന്‍ ഇവര്‍ക്കിടയില്‍ ഹീറോയാണ്. നായാട്ടനുഭവങ്ങള്‍ അപ്പന്‍ പറയുമ്പോ കൂട്ടുകാര്‍ അന്തിച്ചുനില്‍ക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. പെട്ടെന്ന് തന്നെ നായാട്ടിന്റെ ആക്ഷന്‍പ്ലാന്‍  റെഡിയാക്കും. 

ഒരുക്കം

നായാട്ടിന് തലേന്ന് തന്നെ  വെടിമരുന്നും ഉണ്ടകളും ഉരുട്ടിയ ചകിരിയും  കാക്കിസഞ്ചിയില്‍  ഒരുക്കിയിട്ടുണ്ടാകും. അളിയന്‍ ലൂയിസേട്ടന്‍ അപ്പന് വലിയൊരു ഈയക്കട്ട കൊടുത്തിരുന്നു. അതില്‍ നിന്ന് ചെറുകഷണങ്ങള്‍ വെട്ടിയെടുത്ത് ഉരുക്കി വെടിച്ചില്ല് ഉരുട്ടിയെടുക്കും. സിഗററ്റ് പേക്കറ്റിനകത്തെ ഫോയില്‍ പേപ്പറോ ഗ്ലേസ്ഡ് ബട്ടര്‍പേപ്പറോ ചെറുതായി മുറിച്ച് ക്യാപ്  ഉണ്ടാക്കും. ക്യാപ് നന്നായി  ഉണക്കിസൂക്ഷിക്കണം.  എന്നാല്‍ മാത്രമേ കണ്ണടച്ച് തുറക്കുംമുമ്പ് ഇരയെ തവിടുപൊടിയാക്കുന്ന വെടിയുതിര്‍ക്കാന്‍ കഴിയൂ. 

ഡൈനാമോയിലിടുന്ന സ്റ്റീല്‍ ബോളുകള്‍ സൈക്കിള്‍ കടയില്‍ നിന്ന് വാങ്ങേണ്ടത് ഞാനാണ്. പലവലിപ്പത്തിലുള്ള വഴുവഴുന്നനെയുളള സ്റ്റീല്‍ ബോളുകള്‍. അതില്‍ കുറച്ച് എന്റെ സ്വകാര്യശേഖരത്തിലേക്ക് മാറ്റും. സ്റ്റീല്‍ ബോളുകളില്‍ ഗ്രീസ് പറ്റിപിടിച്ചിരിക്കും. അതെല്ലാം അപ്പന്‍ തുടച്ചെടുക്കും. മുയലിന്റെ ഹൃദയം തുളക്കുന്നത് ഈ ഉണ്ടകളാണ്.  ഒരിക്കല്‍ വെടിവെയ്ക്കാന്‍ തോക്കിന്‍ കുഴല്‍ നീട്ടിയപ്പോള്‍ കൈകൂപ്പി നിന്ന മുയലിനെ പറ്റി അപ്പന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. അതിനെ വെടിവെച്ചോ ഇല്ലയോ എന്നതിന്റെ ഓര്‍മ ഇല്ല. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തത് കൊണ്ടാകാം ആ ഓര്‍മ തനിയേ മാഞ്ഞുപോയി. 

ദുഖഃവെള്ളിയാഴ്ച ഓന്തിന് എന്താണ് കാര്യം| Read More...

നായാട്ട് ദിവസം അതിരാവിലെ എണീക്കും. ചുട്ടതേങ്ങച്ചമന്തിയോ മാങ്ങച്ചമന്തിയോ അരച്ച് അമ്മ പൊതിച്ചോറ് കെട്ടികൊടുക്കും. പുലര്‍ച്ചെ ഇറങ്ങിയാല്‍ തിരിച്ചുവരവ് രാത്രി നോക്കിയാല്‍ മതി. പത്ത് കിലോമീറ്റര്‍ ചുറ്റളവിലൊക്കെയാണ് നായാട്ട്. ചിലപ്പോള്‍ കൂട്ടുകാര്‍ നായാട്ടുപട്ടിയെകൊണ്ട് വരും.  അപ്പനും ഞാനും മാത്രമായി രണ്ട് വട്ടം മുയല്‍ നായാട്ടിന് പോയിട്ടുണ്ട്. തൈതെങ്ങിന്‍ കുഴികളിലെ ചെറുമാളങ്ങളില്‍ മുയല്‍ ഉണ്ടാകുമെന്ന് പറഞ്ഞ് തന്നിരുന്നു. പോട്ടച്ചിറ ഭാഗത്ത് കാടുപിടിച്ച് കിടക്കുന്ന വലിയ പറമ്പുകളുണ്ടായിരുന്നു.

 ഒറ്റാലില്‍ കുടുങ്ങിയ തള്ളബ്രാലിനെ കുഞ്ഞുങ്ങളുടെ അടുത്തേക്ക് തിരിച്ചുവിട്ടപ്പോള്‍| Read More...

കൊത്തുംകിളയുമില്ലാതെ കിടക്കുന്ന പുല്ലുപിടിച്ചപറമ്പുകള്‍. മുളങ്കാടുകള്‍ നിറഞ്ഞ, കമ്മ്യൂണിസ്റ്റ് പച്ചയും അപ്പയും നിറഞ്ഞ പറമ്പുകള്‍. പഴുത്ത് കിടന്ന കൈതച്ചക്ക കണ്ടാല്‍ ഒടിച്ച് തിന്നും. മാങ്ങ കിട്ടിയാല്‍ കടിച്ചീമ്പും.  അതൊന്നും കളവല്ല. കണ്ടവഴികളിലൂടെ കുറേ നടന്നു.ഇടയ്ക്ക് ഒരു വീട്ടിലെ ചേച്ചി  കട്ടന്‍ചായ കുടിക്കാന്‍ ക്ഷണിച്ചു. ചൂടാറ്റി കട്ടന്‍ചായ കുടിച്ചു. കൂറേനടന്നിട്ടും ഒരു മുയലിനെയും അവിടെയൊന്നും കണ്ടില്ല. തോട്ടിന്റെ കരയിലിരുന്ന് ചോറുംപൊതി തുറന്നു. പൊരിച്ച മുട്ടയും അച്ചാറും കറികളും കൂടികലര്‍ന്ന പൊതിച്ചോറ്..നന്നായി കുഴച്ചുരുട്ടി തിന്നു. കുറച്ച് വെള്ളം കുടിച്ച് അടുത്തുള്ള ഓലയില്‍ കുറച്ച് നേരം കണ്ണ് മന്ദിച്ചുകിടന്നു. കാഴ്ച്ചകളില്‍ കിളികളും പുല്‍പ്പരപ്പും. പാടത്തിന്റെ മണം, മരച്ചില്ലകളെ ഉലയ്ക്കുന്ന കാറ്റ്..പറക്കാന്‍ മടിയുള്ള ഉപ്പന്‍..വെള്ളാരങ്കല്ലുകള്‍ തെളിഞ്ഞുകിടക്കുന്ന ഇടത്തോടുകള്‍..വഴുതുന്ന വരന്വുകള്‍..വിശാലമായ പറമ്പുകള്‍..മനസ്സില്‍ ഇതെല്ലാം പറ്റിനിന്നു. 

എടുക്കുമ്പോള്‍ ഒന്ന് കൊള്ളുമ്പോള്‍ നൂറ്

തോക്ക് നീട്ടുന്നു, ഒരുണ്ട ഇരയെ പലതായി കണ്ടുച്ച് നീങ്ങുന്നു എന്നൊക്കെയാണ് ഞാന്‍ കരുതിയിരുന്നത്. സിനിമയില്‍ അങ്ങനെ കണ്ടാണല്ലോ ശീലം. എന്നാല്‍ ഒരുപിടി ഉണ്ടകള്‍  കുഴലില്‍ നിന്ന് പുറപ്പെട്ട് ഇരയെ അരിപ്പപോലെയാക്കുകയാണ്. അതിന് നാടന്‍തോക്കില്‍ നിറയ്ക്കുന്ന വിധമറിയണം.  വെടിമരുന്നും ഉണ്ടകളും നിറയ്ക്കുക എന്നത് അല്‍പ്പം ക്ഷമവേണ്ടുന്ന കലാപരിപാടിയാണ്.  ഒരു വെടിവെച്ച് കഴിഞ്ഞ് ഉടനെതന്നെ മുയലിനെ കണ്ടാല്‍ ഒരു രക്ഷയുമില്ല. അടുത്തത് നിറച്ചെടുക്കാന്‍ ഇരുപത് മിനിറ്റിലധികം സമയമെടുക്കും.

കാക്കിസഞ്ചിയില്‍ വെടിച്ചില്ലും മറ്റ് മരുന്നുകളും സൂക്ഷിച്ചിരിക്കും. ഇത് ശിഷ്യന്മാരിലൊരാളാണ്  പിടിച്ചിരിക്കുക. ക്യാപ്പിനകത്ത് വെയ്ക്കുന്ന മരുന്ന് മുളക് പൊടിയേക്കാളും നിറം കുറഞ്ഞതാണ്. ഇഷ്ടികപ്പൊടിപോലിരിക്കും. ഇത് കടലാസില്‍ പൊതിഞ്ഞ് ബന്ദവസ്സായി വെച്ചിരിക്കും. തേങ്ങമടലില്‍ നിന്ന് നേര്‍ത്ത ചകിരിയുരുട്ടിയെടുത്തിരിക്കും. ആദ്യം കറുത്ത ചെറിയ തരി വെടിമരുന്ന് കുഴലിലൂടെ നിറയ്ക്കും. ഇത് കുഴലിലൂടെ കയറി കുറ്റിയില്‍ വന്ന് നില്‍ക്കും. 
 അതിന് പിന്നാലെ വലിയതരി വെടിമരുന്നും. ചകിരിഉരുട്ടിയെടുത്തത് നിറയ്ക്കും. കുഴലിന് താഴെ ഒരു നീണ്ട കമ്പിയുണ്ട്. ഇതെടുത്ത് മരുന്ന് ചെറിയതോതില്‍ ഇടിച്ച് പതം വരുത്തും. ഇതിന് ശേഷം വെടിച്ചില്ല് നിറയ്ക്കും. ശേഷവും ചകിരിയുരുട്ടിയത് നിറയ്ക്കും. ഇനി കുറ്റിയില്‍ മരുന്ന് നിറച്ച ക്യാപ് വെയ്ക്കും. ഇതിനായി കുറ്റിയുടെ മുകളിലെ കൊത്തി ശ്രദ്ധാപൂര്‍വ്വം താഴേക്ക് വലിച്ച് വെയ്ക്കണം. വെടിമരുന്നിനും ഉണ്ടകള്‍ക്കും ഒരു കണക്കൊക്കെയുണ്ട്. കൂടാന്‍ പാടില്ല. മരുന്ന് നിറയ്ക്കാന്‍ ചെറുപാത്രങ്ങളുണ്ട്. മരുന്ന് കൂടിയാല്‍ തോളത്ത് വെയ്ക്കുന്ന തോക്കിന്റെ പാത്തി പിന്നിലേക്ക് ആഞ്ഞ് തോളെല്ല് തകര്‍ക്കുമെന്ന് അപ്പന്‍ പറയും. തോളെല്ല് തകരുമെന്ന കാഴ്ച്ചയോര്‍ത്ത് ഒരിക്കലും ഞാന്‍ വെടിയുതിര്‍ക്കാന്‍ മെനക്കെട്ടിട്ടില്ല. 

കോട്ടക്കളിയും ചക്കയും മാങ്ങയും കൊഴുക്കട്ടയും നിറയുന്ന ഓര്‍മകളുടെ ഉയിര്‍പ്പുകാലം|Read More..

പിടിച്ചുകൊണ്ടുവരുന്ന മുയലുകള്‍ കൂട്ടുകാര്‍ക്കിടയില്‍ പങ്കുവെയ്ക്കും. തോക്കിന് ഒരു അധികവീതമുണ്ട്. ചിലപ്പോള്‍ സ്വന്തം പങ്കായി കിട്ടുന്ന മുയലിനെ പടിഞ്ഞാപ്രയില്‍ വീടിന്റെ ഇറയത്തെ കഴുക്കോലില്‍ കെട്ടിഞാത്തിയിടും. ചിലര്‍ കാഴ്ച്ചക്കാരായെത്തും.  മുയലിനെ തൊലിപ്പൊളിച്ചുതരുന്നത് പൊറിഞ്ചേട്ടനാണ്. ഒരുമുഴുവന്‍ പച്ചവാഴയിലയില്‍ മുയല്‍ ചെറുകഷണങ്ങളായി നുറുങ്ങി വീഴും.  തേങ്ങക്കൊത്തിട്ട് ഉലര്‍ത്തിയ മുയലിറച്ചി ഇഷ്ടം പോലെ കഴിക്കും. ഒട്ടും നെയ്യ് കാണില്ല. ജീരകം പൊടിച്ചിട്ട് മരുന്ന് വെയ്ക്കുന്ന പോലെയും വെയ്ക്കും. വെടിവെച്ച് കൊണ്ടുവരുന്ന ഒന്നും അപ്പന്‍ കഴിക്കില്ല. അതാണ് രസം. ഇരയെ കൊക്കിലൊതുക്കി ഇണയ്ക്കും മക്കള്‍ക്കും കൊടുക്കുന്ന കിളിയേപോലെയായിരുന്നു അപ്പന്‍. ഒരിക്കല്‍ ചെനയുള്ള മുയലിനെ വെടിവെച്ചതില്‍ വിഷമിച്ച അപ്പനെ കണ്ടു. നിറഗര്‍ഭിണിയായിരുന്നു. മറ്റൊരിക്കല്‍ പേപ്പട്ടിയെ വെടിവെച്ചുകൊല്ലാന്‍ പോയിട്ട് സങ്കടപ്പെട്ടാണ് മടങ്ങിവന്നത്. ആദ്യവെടിയില്‍ നായ ചത്തില്ല. രണ്ടാമതും തോക്ക് നിറയ്ക്കാനെടുക്കുംവരെ ആ നായയുടെ ദയനീയമായ നിലവിളി..അതപ്പനെ തളര്‍ത്തി. 

അപ്പനും യക്ഷിയും നേര്‍ക്കുനേര്‍

അധികം സംസാരമില്ലാത്തയാളായിരുന്നു അപ്പന്‍.  വായില്‍ നിറയെ കട്ടപ്പല്ലായിരുന്നു. വായതുറന്നാല്‍ രണ്ട് നിര പല്ല് ഉണ്ടെന്ന് പറഞ്ഞ് ആരെങ്കിലും കളിയാക്കുമോ എന്നായിരുന്നു അപ്പന്റെ പേടി.  നായാട്ടും മീന്‍പിടുത്തവും കൃഷിയും ചീട്ടുകളിയുമായി ജീവിതത്തെ ആഘോഷിച്ച മനുഷ്യന്‍. അപ്പന്‍ ഒരിക്കല്‍ രാത്രി നായാട്ടിന് പോയി മടങ്ങുകയാണ്. രാത്രി പകുതിയും പിന്നിട്ടു. തിരുനെറ്റിയിലെ ടോര്‍ച്ചില്‍ നിന്ന് ധാരയായി പൊഴിക്കുന്ന വെളിച്ചത്തില്‍ പാടവരമ്പിലൂടെ വീട്ടിലേക്ക് മടങ്ങുകയാണ്. പോട്ട പാമ്പാമ്പോട്ട് അമ്പലത്തിനടുത്തെ പാടം. നെടുനീളന്‍ വല്യവരമ്പ്. കുറേചെല്ലുമ്പോള്‍ വഴിതിരഞ്ഞ് പോകുന്ന ഞരമ്പുകളെ പോലെ ചെറുവരമ്പുകള്‍. നാടന്‍ തോക്ക് കൈയിലുണ്ട്. അതിന്റെ ധൈര്യം വലുതാണ്. എന്തിനെയും നേരിടാം. ആളങ്ങനെ നടക്കുമ്പോള്‍ എതിരെ ഒരു രൂപം. വെളിച്ചത്തില്‍ ആ രൂപം തെളിഞ്ഞ് വന്നു. നല്ല ചന്തമുള്ള പെണ്ണ്. കടുത്തനിറത്തിലുള്ള ചേല. ഒറ്റവരമ്പാണ്. അപ്പന്‍ നേരെതന്നെ നടന്നു. അവളും. നാലഞ്ച് അടി മുന്നിലെത്തിയപ്പോള്‍ അവള്‍ ഒറ്റത്തിരിച്ചില്‍. നിലംമുട്ടെയുള്ള മുടിയുലച്ച് അവള്‍ കാണാതെയായി. . അപ്പനാകെ ഉള്‍ക്കുളിര് കേറി. നിന്ന സ്ഥലത്ത് ഉറച്ച് പോയപോല. അല്‍പ്പം കഴിഞ്ഞ് 
കുറച്ച് കൂടി മുന്നോട്ട് നടന്ന് അടുത്തുള്ള വീട്ടില്‍ കയറിച്ചെന്ന് കുറച്ച് വെള്ളം ചോദിച്ചുകുടിച്ചു. പിന്നെ വീട്ടിലെത്തിയപ്പോഴേക്കും ദേഹം ചുട്ടുപൊള്ളാന്‍ തുടങ്ങി. കടുത്ത പനി. ദേഹം മുഴുവന്‍ കുരുവന്ന് നിറയുന്ന പോളനുമായി രണ്ടാഴ്ച്ചയിലധികം വിറച്ച് കിടന്നു. 

മരപ്പെട്ടിയിലെ ഓര്‍മകള്‍,മരപ്പട്ടി കൊണ്ടുപോയ കോഴികള്‍,അമ്മിയിലെ ചമ്മന്തിച്ചോറ് | Read More...

അപ്പന്‍ അനുഭവം പറഞ്ഞു നിര്‍ത്തി. എന്നിട്ട് പറഞ്ഞു, ഡാ, അന്ന് ആ ചെറുവരമ്പിലേക്ക് ഞാനൊന്ന്  ഇറങ്ങിനിന്നിരുന്നെങ്കില്‍, വഴിതടയാതെ പോയിരുന്നെങ്കില്‍.. ..എങ്കില്‍...?ഞാന്‍ തിരിച്ച് ചോദിച്ചു. ഒന്നും പറഞ്ഞില്ല, അപ്പന്‍ ചിരിച്ചു. വലിയ ഭാഗ്യം വരുമായിരുന്നു എന്നായിരുന്നു അപ്പന്റെ വിശ്വാസമെന്ന് അമ്മ പറഞ്ഞറിഞ്ഞു. 

സാധുവെങ്കിലും ഭയങ്കരന്‍, ഉപ്പ് മാങ്ങ

നായാട്ടിന് പോകുമ്പോള്‍ ഒരുക്കുന്ന പൊതിച്ചോറില്‍ ചമന്തിക്കൊപ്പം ചിലപ്പോള്‍ ഉപ്പ് മാങ്ങക്കറികാണും. മാമ്പഴപുളിശ്ശേരി പോലെ തന്നെ നാക്കില്‍ വെള്ളമൂറിക്കുന്ന ഉപ്പ്മാങ്ങ കറി. വലിയ ഉപ്പ് മാങ്ങ ഭരണിയില്‍ മാങ്ങകള്‍ അടക്കി ഉപ്പിട്ട് ചെറുചൂട്വെള്ളമൊഴിച്ചുവെയ്ക്കും. ഭരണിയുടെ അടപ്പിനുമീതെ തുണി കയറിട്ട് കെട്ടിയിരിക്കും. പിന്നീട് പുറത്തെടുക്കുമ്പോള്‍ പ്രത്യേക മണം പൊങ്ങും. ചിലപ്പോള്‍ ചെറുപുഴുക്കളുണ്ടാകും. ചിലമാങ്ങയുടെ തോല് അടര്‍ന്ന് ഉപ്പ് മാങ്ങവെള്ളത്തില്‍ നീന്തിനടക്കും. എല്ലാം വെടിപ്പായി അരിച്ചുമാറ്റി തേങ്ങപ്പാലൊഴിച്ച് കടുക് പൊട്ടിച്ച കറി...ആലോചിക്കുമ്പോഴേ നാവില്‍ കപ്പലോടും. അമുക്കിയ ഉരുളകള്‍ കറിയില്‍ മുക്കി കഴിക്കണം.  അറിയാതെ കൂടുതല്‍ ചോറ് കഴിച്ചുപോകും. ചിലപ്പോള്‍ ചമ്മന്തിപ്പലകയില്‍ ഉപ്പ് മാങ്ങ പൂളിയത് മുളക് പൊടിയും ഉള്ളിയും ചതച്ചിട്ട് അരച്ചെടുക്കും. ചമന്തിഅരച്ച കയില് മിക്കവാറും ഞാന്‍ ബുക്ക് ചെയ്തിരിക്കും. ചമ്മന്തികൈയില്‍ നക്കുന്നതിന് പ്രത്യേകരസമാണ്. 

മാതൃഭൂമി ക്ലബ് എഫ് എം സീനിയര്‍ കോപ്പിറൈറ്ററാണ് ലേഖകന്‍