veluthampi dalava1962 ല്‍ ആയിരുന്നു അത്. വേലുത്തമ്പി ദളവയുടെ പ്രതിമ തലസ്ഥാന നഗരിയില്‍ സ്ഥാപിക്കാന്‍ തിരുവനന്തപുരത്തെ പൗരപ്രമുഖര്‍ ബോധേശ്വന്റെ നേതൃത്വത്തില്‍ ഒരു കമ്മറ്റിയുണ്ടാക്കി. എന്നാല്‍ പ്രതിമ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് വേലുത്തമ്പി ദളവയുടെ ചിത്രമോ രൂപത്തെപ്പറ്റിയുള്ള ധാരണയോ ആര്‍ക്കുമില്ലെന്ന് മനസിലായത്.

അങ്ങനെ വേലുത്തമ്പി ദളവയുടെ ചിത്രം വരയ്ക്കാന്‍ ഒരു മത്സരം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ഇതില്‍ തിരഞ്ഞെടുക്കപ്പെട്ടത് ശ്രീ എന്നറിയപ്പെട്ടിരുന്ന ശ്രീധരന്‍ നായരുടെ ചിത്രമാണ്. സെക്രട്ടേറിയറ്റിന് മുന്നില്‍ നമ്മളിന്ന് കാണുന്ന വേലുത്തമ്പിദളവയുടെ വീരഭാവത്തിലെ പ്രതിമയ്ക്ക് ആധാരമായത് ശ്രീധരന്‍ നായരുടെ ചിത്രമാണ്.

പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നും മറ്റും വേലുത്തമ്പിയെപ്പറ്റിയുള്ള കിട്ടാവുന്നത്ര വിവരങ്ങള്‍ ശേഖരിച്ചാണ് ഏറ്റവും അനുയോജ്യമായി രീതിയില്‍ ശ്രീധരന്‍ നായര്‍ അന്ന് ചിത്രം വരച്ചത്. തിഞ്ഞെടുക്കപ്പെട്ട ചിത്രത്തിന് സമ്മാനമായി ഒരു സ്വര്‍ണ നാണയമായിരുന്നു നല്‍കിയത്. സമ്മാനിച്ചത് അന്നത്തെ പ്രധാനമന്ത്രി സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റുവും. അന്ന് ശ്രീ വരച്ച വേലുത്തമ്പിദളവയുടെ ചിത്രം ഇന്നും പാല്‍ക്കുളങ്ങര സഹോദര സമാജത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

ശ്രീധരന്‍ നായരുടെ ചിത്രകലാജീവിത്തിന് പിന്നെയുമുണ്ട് നേട്ടങ്ങളുടെ നീണ്ടനിര. കേരള സാഹിത്യ അക്കാദമിയുടെയും കേരള സര്‍വകലാശാലയുടെയും മുദ്രകള്‍, 1980ല്‍ തപാല്‍ വകുപ്പ് പുറത്തിറക്കിയ ഉള്ളൂര്‍ സ്മാരക സ്റ്റാമ്പ് എന്നിവയെല്ലാം ഈ കലാകാരന്റെ സൃഷ്ടികളാണ്. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സ്ഥാപിച്ചിട്ടുള്ള കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍, അഴകത്ത് പത്മനാഭക്കുറുപ്പ്, വള്ളത്തോള്‍, കെ.പി കേശവമേനോന്‍, കിഴക്കേക്കോട്ട പ്രിയദര്‍ശിനി ഹാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ജവഹര്‍ലാല്‍ നെഹ്റുവും മഹാത്മഗാന്ധിയും കൂടി

sreedharan nair
ശ്രീ

നടന്നുവരുന്ന ചിത്രം പട്ടം താണുപിള്ളയുടെയും ഭാര്യയുടെയും ചിത്രം, കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലെ അമ്മ മഹാറാണിയുടെ ചിത്രം,  മുന്‍ വൈസ്് ചാന്‍സിലനര്‍മാരായ ഡോ. ജോണ്‍ മത്തായി, എ.സി.കെ. രാജ, നന്ദന്‍ മേനോന്‍, സാമുവല്‍ മത്തായി, ഉള്ളൂര്‍ സ്മാരകത്തിലെ കേസരി എ. ബാലകൃഷ്ണപിള്ള, വള്ളത്തോള്‍, ഉള്ളൂര്‍, കുമാരനാശാന്‍, വഞ്ചിയൂര്‍  ശ്രീ ചിത്തിര തിരുനാള്‍ ഗ്രന്ഥശാലയിലെ വായനശാല, കേശവപിള്ള, ശ്രീധരന്‍ നായരുടെ പിതൃസഹോദരനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ ചങ്ങനാശേരി പരമേശ്വരന്‍പിള്ളയുടെ ചിത്രം, യൂണിവേഴ്സിറ്റി കോളെജിലെ അനേകം അദ്ധ്യാപകരുടെയും വിവിധ വകുപ്പ് മേധാവികളുടെയും ചിത്രങ്ങള്‍ തുടങ്ങി ആയിരത്തിലധികം ചിത്രങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം ശ്രീധരന്‍ നായരുടെ ചിത്രചാതുരിയില്‍ ഇന്നും ജീവസുറ്റവയായിരിക്കുന്നു.

ചങ്ങനാശ്ശേരി വാഴപ്പിള്ളിയില്‍ മണക്കാട് വീട്ടിലായിരുന്നു ശ്രീയുടെ ജനനം. പിന്നീട് പിതാവ് ചങ്ങനാശേരി പത്മനാഭപിള്ളയുടെയും അമ്മ കൊച്ചുനാണിയമ്മയോടുമൊപ്പം തിരുവനന്തപുരത്ത് വിതുരയിലെ വലിയവേങ്കാട് എസ്റ്റേറ്റില്‍ താമസമാക്കി.

പിതാവ് സ്ഥാപിച്ച വലിയവേങ്കാട് വിവേകദായനി സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും മൂവാറ്റുപുഴ സ്‌കൂളില്‍ നിന്ന് പത്താംതരവും പാസ്സായി. ഈ പ്രായത്തില്‍ തന്നെ ചിത്രകലയില്‍ തനിക്കുള്ള വൈദഗ്ദ്ധ്യം ശ്രീ തെളിയിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ദീര്‍ഘവീക്ഷണവും പുരോഗമനചിന്താഗതിക്കാരനുമായിരുന്ന പിതാവ് ശ്രീയെ കലാശാലയിലേക്ക് അയക്കാതെ അദ്ദേഹത്തെ രവിവര്‍മ്മയുടെ മകന്‍ രാമവര്‍മ്മ മാവേലിക്കരയില്‍ നടത്തിയിരുന്ന പെയിന്റിങ് സ്‌കൂളിലാണ് ചേര്‍ത്തത്.

gandhi,nehruഅവിടത്തെ പഠനം പൂര്‍ത്തിയാക്കിയശേഷം ടപ്പിയോക്ക റിസര്‍ച്ച് ഫാമിലും തുടര്‍ന്ന് കേരള സര്‍വകലാശാല ബോട്ടണി ലാബിലും ആര്‍ട്ടിസ്റ്റായി ജോലി ലഭിച്ചു. ഈ കാലഘട്ടത്തില്‍ മൈക്രോ ഫോട്ടോഗ്രാഫിയിലായിരുന്നു അദ്ദേഹം കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. ഫിലിമില്‍ നിന്ന് പ്രിന്റ് ചെയ്യുന്നതോടൊപ്പം അവയെ കടലാസിലേക്ക് പകര്‍ത്തുകയും ചെയ്യുമായിരുന്നു അദ്ദേഹം.

ചിത്രകലയുടെ സൂക്ഷ്മ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ ഈ ജോലി ശ്രീക്ക് കൂടുതല്‍ സഹായകമായി. സര്‍വകലാശാലയില്‍ നിന്ന് വിരമിച്ചശേഷം ആര്‍ട്ട് എിറ്ററായി സര്‍വവിജ്ഞാനകോശം ഓഫീസില്‍ പ്രവര്‍ത്തിച്ചു. സര്‍വ വിജ്ഞാനകോശത്തിന്റെ ആദ്യഭാഗങ്ങളില്‍ വലിയൊരു ഭാഗം ശ്രീയുടെ ചിത്രങ്ങളാണ്.

പ്രതിമകളുടെ നഗരമായ തിരുവനന്തപുരം ചിത്രങ്ങളുടെ നഗരം കൂടിയാണ്. നഗരത്തിന്റെ ചുവരുകളിലിന്ന് വര്‍ണങ്ങളുടെ മേളനം തീര്‍ക്കുന്ന ചിത്രകല പടരുമ്പോല്‍ ശ്രീയെ പോലെ നമ്മുടെ ചരിത്രത്തിന്റെ നേര്‍സാക്ഷ്യം നമുക്ക് സമ്മാനിച്ച ഒരു തലമുറ നമുക്ക് മുമ്പ് ഈ നഗരത്തിലുണ്ടായിരുന്നത് പുതുതലമുറ മറന്നിരിക്കുന്നു. എന്നാല്‍ ചരിത്രത്തിന്റെ മുഖം നമുക്ക് വരച്ചുതന്ന ശ്രീയുടെ പേര് എല്ലാ ചിത്രങ്ങളുടെയും ചുവട്ടില്‍ 'മറക്കാനുള്ളതല്ല പേരുകള്‍' എന്ന് ഓര്‍മ്മിപ്പിക്കുന്നു.