ടി.എൻ. കൃഷ്ണന് സംഗീതം ജീവിതോപാധിയെന്നതിനെക്കാൾ ഒരു ജീവിതരീതിതന്നെയായിരുന്നു. നാം ജീവിക്കുന്ന അപൂർണമായ ഈ ലോകത്തിന് അദ്ദേഹം സ്വരങ്ങൾകൊണ്ട് ഒരു അപരലോകം നിർമിച്ചു. അതിൽ അദ്ദേഹം ജീവിക്കുകയും നമ്മെ അതിന്റെ ഭാഗമാകാൻ അനുവദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏതു കച്ചേരിയും ഓർമിക്കാം. അവിടെ അദ്ദേഹം സ്വകാര്യമായ ഒരു ലോകത്താണ്. വയലിന്റെ വില്ലും തന്ത്രികളും വിരലുകളും തമ്മിൽച്ചേർന്ന് ഒറ്റ അവയവമോ ഉപകരണമോപോലെ പ്രവർത്തിക്കുന്നതുകണ്ടാൽ കലയുടെ ആ അപരജീവിതം സ്വയമേവ പ്രകാശിക്കുകയാണെന്നു തോന്നും. അവിടെ സ്വരതാളങ്ങളുടെ സാങ്കേതികത്തികവിൽ വിട്ടുവീഴ്ചയില്ല. കലർപ്പില്ലാത്ത സംഗീതമാണത്.
രാഗഭൂപടത്തിലെ സ്വരഭംഗികൾ
അദ്ദേഹം വരച്ചു നിറംകൊടുക്കുന്ന രാഗഭൂപടത്തിൽ സംഗീതേതരമായ ശബ്ദങ്ങൾ ഉണ്ടാവില്ല. ഒപ്പം അവ ലയാത്മകവും ഭാവാത്മകവും ജീവിതമെന്നതുപോലെ നാടകീയത നിറഞ്ഞതുമാവും. ഏതു സ്ഥായിയിലും അനായാസം സഞ്ചരിക്കുന്ന കനപ്പെട്ടതും നേർത്തതുമായ നാദങ്ങൾ. അവ പരീക്ഷണങ്ങൾകൊണ്ടു നമ്മെ ഭ്രമിപ്പിച്ചു എന്നിരിക്കില്ല. എങ്കിലും സംഗീതത്തിന്റെ പതിവുവഴക്കങ്ങളിലേക്ക് അദ്ദേഹം തന്നെത്തന്നെ സന്നിവേശിപ്പിച്ച് അതിനു പുതുജീവൻ നൽകുന്നതു കാണുമ്പോഴാവും മനോധർമം എന്ന വാക്കിന്റെ ശരിയായ അർഥം നമുക്കു വെളിപ്പെടുക.
പഞ്ചരത്നകൃതികളിലൂടെ പ്രസിദ്ധമായ ഘനരാഗങ്ങളോ വീരരസം സ്വരാകൃതിപൂണ്ട അഠാണയോ ഭക്തിപ്രധാനമായ ഹരികാംബോജിയോ പേരുകൊണ്ട് സ്വരമധുരമായ സ്വന്തം വാദനത്തെത്തന്നെ ഓർമിപ്പിക്കുന്ന ദേവാമൃതവർഷിണിയോ തുടങ്ങി ഏതുരാഗവും ടി.എൻ. കൃഷ്ണന്റെ വാദനത്തിൽ അതതിന്റെ മിഴിവോടെ പ്രത്യക്ഷപ്പെട്ടു. ഗമകങ്ങൾ അതിൽ വെറും അലങ്കാരങ്ങളായില്ല; അവ രാഗത്തിന്റെ ശരീരവും അതിനുള്ളിലെ വികാരവുമായി. ആ സംഗീതം പൂർണതയെ കാംക്ഷിക്കുന്ന മറ്റൊരു ജീവിതമായി.
അന്തർലീനമായ കേരളപാരമ്പര്യം
തൃപ്പൂണിത്തുറ നാരായണയ്യർ കൃഷ്ണൻ എന്ന ടി.എൻ. കൃഷ്ണന്റെ പേരിലെ കേരളീയത അദ്ദേഹത്തിന്റെ സംഗീതത്തിലും അനുഭവിക്കാനാവും. സ്വന്തം പിതാവിൽനിന്നു സംഗീതം പഠിച്ച് എട്ടാം വയസ്സിൽ അരങ്ങേറിയ അദ്ദേഹം ആദ്യമായി വയലിൻ സോളോ അവതരിപ്പിച്ചത് തിരുവനന്തപുരത്താണ്. ആലപ്പി കെ. പാർഥസാരഥിയുടെ കീഴിൽ സംഗീതപഠനം തുടർന്ന അദ്ദേഹം പതിന്നാലാം വയസ്സിൽത്തന്നെ ചെന്നൈയിലേക്കു പോയി.
ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ കീഴിലുള്ള ഉപരിപഠനം, പുല്ലാങ്കുഴൽവായനയിലെ ഇതിഹാസമായിരുന്ന ടി.ആർ. മഹാലിംഗത്തിന്റെ പ്രോത്സാഹനം എന്നിവകൂടിയായപ്പോൾ അദ്ദേഹത്തിന്റെ സംഗീതം ചെറുപ്പത്തിലേ മുതിർച്ച നേടി. ദക്ഷിണേന്ത്യൻ സംഗീതക്കച്ചേരിക്ക് ഇന്നത്തെ രൂപഭാവങ്ങൾ നൽകിയ അരിയക്കുടി രാമാനുജ അയ്യങ്കാർ, മുസിരി സുബ്രഹ്മണ്യയ്യർ, മഹാരാജപുരം വിശ്വനാഥ അയ്യർ, മധുര മണിഅയ്യർ, എം.ഡി. രാമനാഥൻ, ജി.എൻ. ബാലസുബ്രഹ്മണ്യം എന്നിങ്ങനെ യുഗപ്രഭാവരായ ഗായകർക്ക് അദ്ദേഹം പ്രിയപ്പെട്ട വയലിൻ വാദകനായി. ചെമ്പൈ വൈദ്യനാഥഭാഗവതരും ടി.എൻ. കൃഷ്ണനും പാലക്കാട് മണി അയ്യരും ചേർന്നുള്ള കച്ചേരികൾ കേരളത്തിലെ സംഗീതാസ്വാദകർക്ക് ഒരു കാലഘട്ടത്തിന്റെ ത്രസിപ്പിക്കുന്ന ഓർമയാണ്.
വയലിൻ സോളോ അവതരിപ്പിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ ആവിഷ്കാരപരമായ സവിശേഷതകൾ കൂടുതൽ സ്വതന്ത്രവും മിഴിവുറ്റതുമായി. രംഗകലകളിലെ പ്രയോഗത്തിലൂടെ ഭാവപ്രധാനമായ ഒരു തലംകൂടി സൂക്ഷിക്കുന്ന കേരളത്തിന്റെ സംഗീതപാരമ്പര്യം അദ്ദേഹത്തിലും അന്തർലീനമാണെന്ന് ആ കലാപ്രകടനങ്ങൾ തെളിവുതരുന്നുണ്ട്.
രാഗനിർമിതിയിലെ കല
എം.എസ്. ഗോപാലകൃഷ്ണൻ, ലാൽഗുഡി ജയരാമൻ, ടി.എൻ. കൃഷ്ണൻ എന്നിവർ ചേർന്ന വാദകത്രയമാണ് സമീപകാലത്ത് വയലിൻസംഗീതത്തെ അതിന്റെ ഉയരങ്ങളിലേക്കെത്തിച്ചത്. സംഗീതത്തിനൊപ്പം സാഹിത്യത്തിനും പ്രാധാന്യം നൽകിയ വാഗ്ഗേയകാരന്മാരുടെ രചനകൾ ഗായകർ പാടുമ്പോൾ അതിനെ അനുകരിക്കുക എന്ന ധർമമാണ് അകമ്പടിവാദ്യമായ വയലിന് ഉണ്ടായിരുന്നത്. ഈ കലാകാരത്രയത്തിന്റെ വയലിൻ കച്ചേരികൾ വാദനത്തിന്റെ സ്വതന്ത്രസാധ്യതകൾ അന്വേഷിച്ചതിന്റെയും ഹിന്ദുസ്ഥാനിസംഗീതവുമായുള്ള കൊടുക്കൽ വാങ്ങലുകൾ വയലിൻ വാദനത്തെ സ്വാധീനിച്ചതിന്റെയും ഫലമായാണ് ഇന്നു കേൾക്കുന്ന നവീനസംഗീതം രൂപപ്പെട്ടത്.
അപ്പോഴും വിരലുകളുടെ ദ്രുതചലനത്തിനും സ്വരങ്ങൾക്കിടയിലുള്ള കുതിപ്പിനും പ്രാധാന്യം നൽകുന്ന തന്ത്രകാരി ശൈലി സ്വീകരിച്ച വയലിൻ വാദകരുണ്ട്. എന്നാൽ, സ്വരങ്ങൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന മട്ടിലുള്ള ഗായകശൈലി സ്വീകരിച്ച ഈ വാദകത്രയം ഇന്നത്തെ പ്രചുരമായ വാദനശൈലിക്ക് അടിത്തറയൊരുക്കുകയാണു ചെയ്തത്. വാദനരീതി പരിഷ്കരിച്ചപ്പോഴും ടി.എൻ. കൃഷ്ണൻ, പരമ്പരാഗതമായ സംഗീതത്തിനു വൈയക്തികമായ ആവിഷ്കാരങ്ങളിലൂടെ തിളക്കം നൽകുക എന്ന സ്വന്തം വഴി സൂക്ഷിച്ചു. ഓരോ രാഗനിർമിതിയുടെയും സൗന്ദര്യശാസ്ത്രപരമായ യുക്തിയും കലയുമെന്തെന്ന് അതിലൂടെ അദ്ദേഹം വീണ്ടും വീണ്ടും തെളിയിച്ചു.
ചരിത്രപരിണാമത്തിന്റെ പൂർത്തീകരണം
ക്രിസ്മസിന് ചെന്നൈ സംഗീത അക്കാദമിയുടെ പ്രഭാതപരിപാടിയിൽ വർഷങ്ങളായി സംഗീതം അവതരിപ്പിക്കാറുള്ളത് ടി.എൻ. കൃഷ്ണനാണ്. ‘വീ വിഷ് യു എ മെറി ക്രിസ്മസ്’, ‘ജിംഗിൾ ബെൽസ്’ തുടങ്ങിയ കരോൾഗാനങ്ങൾ അദ്ദേഹം അതിലവതരിപ്പിക്കാറുണ്ട്. അപ്പോഴെല്ലാം സ്വന്തം ജനിതകം മറന്ന ആ വാദ്യത്തിന് ആ ഓർമകൾ അദ്ദേഹം തിരിച്ചുനൽകുകയാണെന്നു തോന്നും.
പതിനെട്ടാം നൂറ്റാണ്ടിനൊടുവിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബാൻഡ് വാദകരിൽനിന്ന് ബാലുസ്വാമി ദീക്ഷിതർ സ്വന്തമാക്കിയ വയലിൻ എന്ന പാശ്ചാത്യസംഗീതോപകരണം വീണയുടെ വാദനതന്ത്രങ്ങളുമായി സമന്വയിച്ച് ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ അനിവാര്യഘടകമായതിന്റെയും ഒട്ടേറെ മഹാരഥന്മാരുടെ വിരലുകളിലൂടെ കടന്നുപോന്ന് ഇന്ത്യയിലെ തനത് സംഗീതോപകരണമായതിന്റെയും ചരിത്രപരിണാമം പൂർത്തിയായതായി നാം അനുഭവിച്ചതും ടി.എൻ. കൃഷ്ണനിലാണല്ലോ!
ഇതിനകംതന്നെ ഏറെ പ്രശസ്തമായ ആ ക്രിസ്മസ് സംഗീതപ്പുലരിക്കായി ഈ വർഷം അദ്ദേഹം കാത്തുനിന്നില്ല. ശബ്ദകോലാഹലങ്ങൾനിറഞ്ഞ ഈ ലോകത്തിൽനിന്നു വേർതിരിച്ചെടുത്ത കേവലമായ നാദങ്ങൾകൊണ്ടാണ് സംഗീതം രൂപപ്പെട്ടതെങ്കിൽ, ആ നാദസൗഭഗത്തെ പരമാവധി മിഴിവോടെ ആവിഷ്കരിച്ച സംഗീതകാരനാണ് ടി.എൻ. കൃഷ്ണൻ. തന്നെ ഇത്രയും പ്രണയത്തോടെ പരിചരിച്ച ആ വിരലുകൾ വേറിട്ടുപോകുമ്പോൾ വയലിൻ എന്ന വാദ്യം അനുഭവിക്കുന്ന അനാഥത്വം നമുക്കു മനസ്സിലാവും. പക്ഷേ, അത് സംഗീതപ്രണയികളായ നമ്മെയും നിസ്സഹായരാക്കുകയാണല്ലോ.
(കവിയും നോവലിസ്റ്റും സംഗീതനിരൂപകനുമാണ് ലേഖകൻ)