വീരേന്ദ്രകുമാർജിയുടെ ഭൗതികസാന്നിധ്യം ഇനി നമ്മോടൊപ്പമില്ല. പക്ഷേ, അദ്ദേഹത്തിന്റെ ആത്മാവ് തുടർന്നും നമ്മെ നയിക്കും നമുക്ക് കരുത്തുപകരും. മാതൃഭൂമി പത്രത്തെപ്പോലെ അദ്ദേഹവും ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി  പൊരുതി. അവളുടെ മലകൾക്കും പുഴകൾക്കും വേണ്ടി, കാടുകൾക്കും ജൈവവൈവിധ്യത്തിനും വേണ്ടി, അവസാനത്തെ ഇന്ത്യൻ പൗരന്റെയും അവകാശങ്ങൾക്കുവേണ്ടി ശക്തമായി നിലയുറപ്പിച്ചു.

നമ്മുടെ ഭൂമി, ഭക്ഷണം, വെള്ളം, പൗരന്റെയും രാജ്യത്തിന്റെയും സ്വാതന്ത്ര്യം, പരമാധികാരം... ഇവയെല്ലാം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ അദ്ദേഹവുമൊന്നിച്ച് പ്രവർത്തിച്ച ഒട്ടേറെ നല്ല ഓർമകൾ എനിക്കുണ്ട്.

കുത്തകകളുടെ താത്‌പര്യം മുൻനിർത്തിയുള്ള ആഗോളീകരണനയങ്ങളും ഉദാരീകരണപരിഷ്കാരങ്ങളും സാധാരണക്കാരുടെ, പ്രത്യേകിച്ചും കർഷകരുടെ ജീവനോപാധികളുടെ അടിത്തറ തോണ്ടിയപ്പോൾ നമ്മുടെ പരമാധികാരവും ഭരണഘടനാവകാശങ്ങളും സംരക്ഷിക്കാൻ  എന്നും അദ്ദേഹം മുന്നിൽനിന്നു. ആഗോളകുത്തകകൾ എഴുതുന്ന നിയമങ്ങൾ പുനർകോളനിവത്കരണത്തിന്റെ നിയമങ്ങളാണെന്ന് ഞങ്ങൾ രണ്ടുപേരും തിരിച്ചറിഞ്ഞിരുന്നു. ഗാട്ടുകരാറിനെയും ലോകവ്യാപാരസംഘടനയെയും കുറിച്ചുമെല്ലാം സംസാരിക്കാൻ അദ്ദേഹം എന്നെ ഇടയ്ക്കൊക്കെ കേരളത്തിലേക്ക് ക്ഷണിച്ചു. ഇത്തരത്തിലൊരു പരിപാടി നടന്ന വേദിയിൽ ഒരു ലക്ഷത്തോളംപേർ എത്തിയിരുന്നതായി ഓർക്കുന്നു.

നമ്മുടെ ഭക്ഷ്യ എണ്ണകൾക്കും എണ്ണക്കുരുവിനും നിരോധനമേർപ്പെടുത്തി ജനിതകമാറ്റംവരുത്തിയ സോയ ഓയിൽ തീരുവയില്ലാതെ ഇറക്കുമതിചെയ്യാനുള്ള നീക്കത്തിനെതിരേ 1998-ൽ അദ്ദേഹത്തോടൊപ്പം സത്യാഗ്രഹമിരുന്നത് ഓർമയിലെത്തുകയാണ്.

2002-ൽ പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിക്കെതിരേ ഞങ്ങൾ ഒന്നിച്ചു പൊരുതി.  പ്ലാച്ചിമടയെപ്പറ്റി ആദ്യം വാർത്തനൽകിയ പത്രം ‘മാതൃഭൂമി’യാണ്. വീരേന്ദ്രകുമാർജിക്ക് കോടികളുടെ പരസ്യമാണ് ഇതുവഴി നഷ്ടമായത്. പക്ഷേ, അദ്ദേഹത്തിന് ആദർശമായിരുന്നു വലുത്. പ്രക്ഷോഭത്തിന് പിന്തുണതേടി ഞങ്ങൾ ലോകജലസമ്മേളനങ്ങൾ സംഘടിപ്പിച്ചു. അത്‌ ലോകശ്രദ്ധയാകർഷിച്ചു.