‘അറിവിനെ വിഷയങ്ങളുടെ ഇടനാഴികളിലേക്ക് ചുരുക്കിക്കൊണ്ടുവരുന്നത് വിശകലനാത്മകതയ്ക്കും വിമർശനാത്മകതയ്ക്കും യുക്ത്യധിഷ്ഠിതമായ കാഴ്ചപ്പാടുകൾക്കുംനേരെ വാതിലുകൾ കൊട്ടിയടയ്ക്കുന്നതിന് തുല്യമാണ്’ -എന്നുപറഞ്ഞത് ഇന്ത്യൻ സർവകലാശാലകളുടെ ഗുണനിലവാര വർധനയും പുനരുജ്ജീവനവും വിശകലനംചെയ്ത് സർക്കാരിന് നിർദേശങ്ങൾ സമർപ്പിച്ച യശ്പാൽ കമ്മിഷൻ റിപ്പോർട്ടാണ്. ഇന്ത്യകണ്ട ഏറ്റവും പ്രഗല്‌ഭനായ ശാസ്ത്രജ്ഞരിൽ ഒരാളായ യശ്പാലിന്റെ വിദ്യാഭ്യാസദീർഘദർശിത്വം ആരെയും അതിശയിപ്പിക്കും. തമിഴ്നാട്ടിൽനിന്ന്‌ തുടക്കംകുറിക്കുകയും ഇന്ത്യയെമ്പാടും വ്യാപിക്കുകയുംചെയ്ത ഏകാത്മക വിഷയങ്ങളിൽ അധിഷ്ഠിതമായ സർവകലാശാലാ സങ്കല്പത്തെയാണ് യശ്പാൽ കമ്മിറ്റി റിപ്പോർട്ട് വിമർശിക്കുന്നത്. സ്പോർട്സ്, മെഡിസിൻ, അധ്യാപകവിദ്യാഭ്യാസം, എൻജിനിയറിങ്- ഇങ്ങനെ ഒാരോന്നിനും ഓരോ സർവകലാശാലയുണ്ടാക്കിയാൽ ഭരണസൗകര്യമുണ്ടാവുമെന്നത് സത്യമാണെങ്കിൽക്കൂടി അക്കാദമികമായ വളർച്ചയുടെ മുരടിപ്പിലേക്കാണത് നയിക്കുക. സയൻസും സാമൂഹികശാസ്ത്രങ്ങളും തത്ത്വചിന്തയും എയ്സ്തറ്റിക്കും എല്ലാംകൂടി സംയോജിതമായി ഒരു കാമ്പസിൽ ലഭ്യമാകുമ്പോഴാണ് ഒരു വിദ്യാർഥിക്ക്‌ തങ്ങളുടെ വിഷയത്തിലെത്തന്നെ വ്യത്യസ്തതലങ്ങളെ മനസ്സിലാക്കുന്നതിനും വിശകലനംചെയ്യുന്നതിനും സാധിക്കുക. ഗണിതശാസ്ത്രത്തിൽ തുടങ്ങുന്ന ഗവേഷണം എത്തിച്ചേരുന്നത് തത്ത്വചിന്തയിലും തത്ത്വചിന്തയിലെ ഗവേഷണങ്ങൾ അവസാനിക്കുന്നത് പ്രാപഞ്ചികസത്യങ്ങളെ അന്വേഷിക്കുന്ന ഭൗതികശാസ്ത്രത്തിലുമായെന്നുവരാം. നമ്മുടെ സൗകര്യത്തിനുവേണ്ടിയാണ് സർവകലാശാലകൾ വകുപ്പുകളെ തിരിക്കുന്നതെങ്കിൽ വൈജ്ഞാനികപ്രപഞ്ചത്തിന് ഇത്തരം വേർതിരിവുകൾ ബാധകമേയാവുന്നില്ല. 

സർവകലാശാലയെ ചുരുക്കുന്ന ഭേദഗതി

കേരളത്തിലെ സർവകലാശാലാ പരിഷ്കർത്താക്കൾ ഇതൊന്നും അറിഞ്ഞമട്ടില്ല.  ഓരോ വിഷയത്തിലും ഓരോ സർവകലാശാലയുണ്ടാക്കിയാൽ ആ വിഷയത്തിൽപ്പെട്ട പ്രൊഫസർമാർക്ക് വൈസ്ചാൻസലറും മറ്റുമാകുന്നതിനുള്ള സാധ്യതകൂടും. ഇങ്ങനെയൊക്കെയാണ് ചിന്തകൾ മുന്നോട്ടുപോകുന്നത്. ഇതിന്റെയൊക്കെ ആത്യന്തികഫലമായി നമ്മുടെ സർവകലാശാലകൾ ‘ബോൺസായിവത്‌കരണ’ത്തിന് വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ഇതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്). കുഫോസിന്റെ നിയമങ്ങളും ചട്ടങ്ങളും ഭേദഗതിചെയ്തുകൊണ്ട് കഴിഞ്ഞ മാസം നിയമസഭ പാസാക്കിയ ബിൽ. ഫിഷറീസും സമുദ്രപഠനവുമായിമാത്രം ആ സർവകലാശാലയെ ചുരുക്കിക്കൊണ്ടുവരുന്നതാണ് ഈ ഭേദഗതി. വിഷയവൈവിധ്യങ്ങളുടെ സമൃദ്ധിയാണ് ഒരു സർവകലാശാലയെ ഗുണനിലവാരമുള്ളതാക്കി മാറ്റുന്നത്. പേരിൽത്തന്നെ സാങ്കേതികവിദ്യ ഉള്ളടങ്ങിയ ഒരു സർവകലാശാലയാണ് മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. എന്നാൽ, ഈ കലാലയത്തിൽത്തന്നെയാണ് ലോകോത്തര ഭാഷാശാസ്ത്രവിദഗ്ധനായ നോം ചോംസ്കി ജോലിയെടുക്കുന്നത്. ദൈവശാസ്ത്രപഠനങ്ങൾക്കുവേണ്ടി പുരോഹിതനായ ജോൺ ഹാർവാഡ് സ്ഥാപിച്ചതാണ് ഹാർവാഡ് സർവകലാശാല. എന്നാൽ, ഈ സർവകലാശാലകളൊക്കെ അവരുടെ സ്ഥാപിതലക്ഷ്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പഠന-ബോധന-ഗവേഷണ പ്രക്രിയകളിൽ പങ്കാളിയാകുന്നതിനൊപ്പം മറ്റുവിഷയ മേഖലകളിലേക്കും പടർന്നുപന്തലിച്ചു. ഓരോ വിഷയത്തിനും പ്രത്യേക പ്രാധാന്യം നൽകുന്ന സർവകലാശാലകൾ എന്നതിലുപരി വളരെ പരിമിതമായ ഒരു വിഷയത്തിനായിമാത്രം ഒരു സർവകലാശാല എന്നത് സർവകലാശാലാസങ്കല്പത്തെ അപക്വമായി മനസ്സിലാക്കുന്നതിന്റെ തെളിവാണ്.

വേണ്ടത് വിഷയവൈവിധ്യം

ഏതെങ്കിലും ഒരു വിഷയത്തിന്‌ പ്രാധാന്യം നൽകിക്കൊണ്ട് സ്ഥാപിക്കപ്പെട്ട സർവകലാശാലകൾ ആ വിഷയത്തെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്ന വിഷയങ്ങളുടെ ഒരു ശൃംഖലതന്നെ ഒരു ഉരുത്തിരിച്ചെടുക്കുകയും അങ്ങനെ ഒരു വലിയ വടവൃക്ഷംപോലെ പടർന്നുപന്തലിക്കുകയുമാണ് ചെയ്യേണ്ടത്. എന്നാൽ, കേരളത്തിലാകട്ടെ സമുദ്രപഠനത്തിനും മത്സ്യഗവേഷണത്തിനുംവേണ്ടി സ്ഥാപിക്കപ്പെട്ട സർവകലാശാല, തങ്ങൾ മറ്റൊന്നും അവിടെ പഠിപ്പിക്കുകയില്ലെന്നും അവിടെ ഇപ്പോൾ നിലനിൽക്കുന്ന എല്ലാ കോഴ്സുകൾക്കും സമുദ്രപഠന/ഫിഷറീസ് എന്ന പേര് കൂട്ടിച്ചേർക്കണമെന്നും പറയുകയാണ്. മാനേജ്മെന്റ്, കൊമേഴ്സ്, ഇക്കണോമിക്സ്, എൻജിനിയറിങ്‌, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങൾ പഠിപ്പിക്കുകയും ഗവേഷണം നടത്തുകയുംചെയ്യുന്ന പഠന വകുപ്പുകളുടെ പേരുമാറ്റി ‘സമുദ്ര മാനേജ്മെന്റ്’ അല്ലെങ്കിൽ ‘മത്സ്യമാനേജ്മെന്റ് എന്ന പേര്‌ സ്വീകരിക്കണമെന്ന് നിർദേശിക്കുന്ന ചട്ടങ്ങൾ രൂപപ്പെട്ടിരിക്കുന്നത് യഥാർഥത്തിൽ അക്കാദമികമായ കോമാളിത്തരമാണ്. മാനേജ്‌മെന്റ്, ഇക്കണോമിക്സ് പോലുള്ള വിശാലമായ വിജ്ഞാനമേഖലകളുടെ ഒരു സ്പെഷ്യലൈസെഷൻ എന്നുമാത്രം വിളിക്കാവുന്ന വിഷയങ്ങളാണ് ഈ പറഞ്ഞവയൊക്ക.  

സമുദ്ര-ഫിഷറീസ് പഠനഗവേഷണങ്ങൾ ചരിത്രവും സാമ്പത്തികശാസ്ത്രവും സംഗീതവുമടക്കമുള്ള വിഷയവൈവിധ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ഈ വിഷയങ്ങൾക്ക് എങ്ങനെയാണ് തങ്ങളുടെ വിഷയങ്ങളെ കൂടുതൽ പ്രായോഗികവും യാഥാർഥ്യബോധമുള്ളതും സമൂഹനന്മയ്ക്ക് ഉതകുന്നതുമാക്കിത്തീർക്കാൻ സാധിക്കുകയും ചെയ്യുക എന്നാണ് ആലോചിക്കേണ്ടത്. അങ്ങനെ ആലോചിച്ചുകൊണ്ടാണ് മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ലിംഗ്വിസ്റ്റിക്സ് അടക്കമുള്ള വിഷയങ്ങൾ കടന്നുവന്നത്. ഐ.ഐ.ടി. മദ്രാസിൽ മാനേജ്മെന്റ് വിഷയങ്ങൾ പഠിപ്പിക്കുന്നതിനുള്ള വകുപ്പിന്റെ പേര് മാനേജ്മെന്റ് സ്റ്റഡീസ് എന്നാണ്. ഉന്നതനിലവാരത്തിലുള്ള മാനേജ്മെന്റ് ഗവേഷണവും പഠനബോധന പ്രവർത്തനങ്ങളും നടക്കുന്ന ഒരു വകുപ്പാണിത്. ഇത്തരത്തിൽ ഒരു പ്രത്യേക ഉദ്ദേശ്യത്തിനുവേണ്ടിമാത്രം തുടങ്ങിയതാണെങ്കിലും പല വിഷയമേഖലകളിലേക്ക് കടന്നുചെന്ന് പ്രാഗല്‌ഭ്യംതെളിയിച്ച ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങൾ ഇന്ത്യയിലും ധാരാളമുണ്ട്. ഒരുമാതിരി എല്ലാ ഐ.ഐ.ടി.കളിലും തത്ത്വചിന്തയും മാനവികവിഷയങ്ങളും പഠിപ്പിക്കുന്നത് ഇതിനുദാഹരണമാണ്. ഈ സ്ഥാപനങ്ങളെക്കെ പഠനവകുപ്പിന്റെ പേരിനുമുമ്പിൽ ‘സാങ്കേതികത’ എന്ന വാക്ക് ചേർക്കണമെന്ന് നിർബന്ധംപിടിച്ചാൽ എന്തൊരു തമാശയായിരിക്കുമത്!  മറ്റൊരു കാര്യം, കുഫോസിൽ വരാൻപോകുന്ന ഒഴിവുകൾക്ക് ICAR അംഗീകാരമുള്ള ഫിഷറീസ് സയൻസ് ബിരുദംതന്നെ അടിസ്ഥാനയോഗ്യതയായി വേണം എന്ന നിബന്ധന സമാനവിഷയങ്ങൾ പഠിച്ച് കൊച്ചിൻ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ മത്സ്യമേഖലയിൽ ബിരുദാനന്തരബിരുദവും ഉപരിപഠനവും നടത്തുന്നവരുടെ സാധ്യതകൾ ഇല്ലാതാക്കുകയാണ്.

ദേശീയ വിദ്യാഭ്യാസനയം 2020 മുന്നോട്ടുവെക്കുന്ന ആശയവും സർവകലാശാലകൾ വിവിധങ്ങളായ വിഷയങ്ങൾ പഠനവിധേയമാക്കുന്നതിന് വിദ്യാർഥികൾക്ക് സൗകര്യമൊരുക്കണമെന്നതാണ്. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റർ സിസ്റ്റത്തിന്റെ അടിസ്ഥാനത്തിൽ സർവകലാശാലകളെല്ലാം പഠന-ബോധന പ്രക്രിയ ക്രമീകരിച്ചുകൊണ്ടിരിക്കുമ്പോൾ കുഫോസിലെ വിദ്യാർഥികൾക്ക് സമുദ്രപഠനവും ഫിഷറീസും തിരിച്ചും മറിച്ചുമിട്ട് പഠിക്കേണ്ട അവസ്ഥയുണ്ടാകുന്നു. ഒരു മെഡിക്കൽ കോളേജിൽപ്പോലും സംഗീതവും തത്ത്വചിന്തയും ഭാഷയുമൊക്കെ ഇഷ്‌ടാനുസരണം തിരഞ്ഞെടുക്കാനാകുമ്പോൾ മുഷിപ്പിക്കുന്ന പഠനപ്രക്രിയയിൽനിന്ന് വലിയ ആശ്വാസമാണത് വിദ്യാർഥികൾക്ക് നൽകുക.

ജനകീയമാകണം ഗവേഷണം

സമുദ്ര-മത്സ്യ പഠന-ഗവേഷണ ഫലങ്ങൾ ആദ്യം ഉപയോഗപ്രദമാകേണ്ടത് സാധാരണക്കാരായ ജനങ്ങൾക്കാണ്. അവരെക്കൂടി പങ്കെടുപ്പിച്ചുള്ള ജനകീയ ഗവേഷണപ്രക്രിയ മുമ്പോട്ടുകൊണ്ടുപോകുന്നതിന് ഓരോ സർവകലാശാലയും അവർ ആത്യന്തികമായി പ്രതിനിധാനംചെയ്യുന്ന സമൂഹത്തെ തൊട്ടറിയുന്ന വിഷയങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് തങ്ങളുടെ കാമ്പസുകളെ വിപുലീകരിക്കുകയാണ് വേണ്ടത്. ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നിവ പ്രചാരത്തിലായിക്കൊണ്ടിരിക്കുമ്പോൾ പല അമേരിക്കൻ യൂണിവേഴ്സിറ്റികളും സാങ്കേതികപഠനവകുപ്പുകളിലേക്ക് എത്തിക്സും ഫിലോസഫിയും  പഠനഗവേഷണപ്രക്രിയയുടെ ഭാഗമാക്കുന്നതിന്‌ മുൻകൈയെടുത്തു കൊണ്ടിരിക്കയാണ്. ഫിഷറീസ് സർവകലാശാല മത്സ്യബന്ധനവകുപ്പിന്റെ കീഴിലും കാർഷികസർവകലാശാല കൃഷിവകുപ്പിനുകീഴിലുമാണ് ഇപ്പോൾ. ഈ വകുപ്പുകൾക്ക് ഇത്തരത്തിലുള്ള സർവകലാശാലകൾ നടത്തുകയെന്നത് അവരുടെ പ്രാഥമികപ്രവർത്തനങ്ങൾക്ക് പുറത്തുവരുന്ന ഒന്നാണ്. ഇത്തരത്തിലുള്ള സർവകലാശാലകളെ അതതുവകുപ്പിൽനിന്ന് അടർത്തിമാറ്റി വിദ്യാഭ്യാസവകുപ്പിനുകീഴിൽ കൊണ്ടുവരുന്നത് വലിയൊരളവുവരെ മൾട്ടി ഡിസിപ്ലിനറിയായുള്ള ഒരു സംവിധാനം ഈ കാമ്പസുകളിൽ നിലനിർത്തുന്നതിന് സഹായകമാകും. 

കേന്ദ്ര സർവകലാശാലയിൽ അധ്യാപകനാണ്‌ ലേഖകൻ