കൊച്ചുവെളുപ്പാൻകാലത്ത് കൂട്ടിയെഴുന്നള്ളിപ്പിനായി അക്കൊല്ലവും ആറാട്ടുപുഴ പൂരത്തിന് നൂറോളം ആനകൾ നിരന്നു. അപ്പോഴുണ്ട് പതിവില്ലാത്തൊരു സംഗതി. പാണ്ടിമേളത്തിന്റെ നെടുങ്കൻ ചെണ്ടനിരയുടെ ഒത്തനടുവിൽ അമരംനിൽക്കുന്നതൊരു ചെറുപ്പക്കാരൻ. കുറിയ ആകാരം പോലെത്തന്നെ അച്ചു എന്ന് രണ്ടക്ഷരത്തിൽ വിളിപ്പേര്. ഇരുവശത്തും കൊട്ടാൻ തലമുതിർന്ന പ്രഗല്‌ഭർ. ഒരു തരക്കേടുമില്ലാതെ പയ്യൻ കാലമിട്ട് സൂര്യോദയത്തിനു പിന്നാലെ ഇരമ്പിക്കലാശിച്ചു. ഊരകത്തമ്മയെയും ചാത്തക്കുടം ശാസ്താവിനെയും തിടമ്പേറ്റിയ മേളം വെടിപ്പായി.

തൃശ്ശൂരിന് പത്തുനാഴിക തെക്ക് പൂച്ചിന്നിപ്പാടത്ത് മുക്കാൽനൂറ്റാണ്ടുമുമ്പ് നടന്നതാണ്. കഥാനായകൻ തൃപ്പേക്കുളം അച്യുതമാരാർ. പഞ്ചാരിയാവട്ടെ പാണ്ടിയാവട്ടെ, അത്രതന്നെ പ്രചാരമില്ലാത്ത മറ്റരഡസൻ ചെണ്ടമേളങ്ങളാവട്ടെ, പാരമ്പര്യത്തിന്റെ ഗൗരവമുള്ള കൈകോൽപ്രസാദമായിരുന്നു തൃപ്പേക്കുളത്തിന്റെ പ്രമാണം. പെരുവനം ഗ്രാമത്തിന്റെ വാദ്യപ്പെരുമയ്ക്ക് ഇമ്പംകൂട്ടുന്നതായി അവയത്രയും.

യൗവനത്തിനൊടുവോടെ, തനിക്ക് പ്രസിദ്ധി നേടിത്തന്ന ചെണ്ട ചിട്ടപ്പടി പഠിക്കുകയേ ഉണ്ടായിട്ടില്ല തൃപ്പേക്കുളം. സ്വദേശമായ ഊരകത്തെ അമ്പലത്തിൽ തലമുറകളായി ജീവനക്കാരായ കുടുംബത്തിലെ അംഗമെന്ന നിലയിൽ കുട്ടിയിലേ പരിചയിച്ചുപോന്നു ആ വാദ്യം. ചടങ്ങുശീവേലിക്കും കൊട്ടിപ്പാടിസേവയ്ക്കും തിമർത്തുകൂടും. നാലാംക്ലാസ് പാസായതും സ്കൂളിൽപ്പോക്ക് മതിയാക്കാൻ നിർദേശം വന്നു. കുറച്ചുചെന്നപ്പോൾ പെരുവനം അപ്പുമാരാർ തായമ്പക കുറച്ചൊന്ന് പരിചയപ്പെടുത്തി.

കാരണവന്മാരോട് അനുസരണ അതിനകം ശീലംവരുത്തിയിരുന്നു അച്ചു. കൗമാരം പിന്നിട്ടിട്ടും അതിൽ മാറ്റമുണ്ടായില്ല. അതുകൊണ്ടുകൂടിയായിരുന്നു പ്രായം മധ്യയിരുപതുകളിൽ മാത്രമുള്ളപ്പോൾ ആറാട്ടുപുഴ പൂരത്തിന് മേളനായകനാവാൻ നിയോഗമുണ്ടായത്. അമ്മാവൻ ഗോവിന്ദമാരാർ പ്രമാണിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന് പൊടുന്നനെ അസ്വാധീനം. കുറുപ്പത്ത് നാണുമാരാരും കാരേക്കാട് ഈച്ചരമാരാരും തുടങ്ങി ഉന്നതരുൾപ്പെടുന്ന പാണ്ടിയാണ്. ‘‘നീയാവുക കൊണ്ടുമാത്രാ നടുവില് നിർത്തിയത്’’ എന്ന് പിറ്റെന്നാൾ ഒല്ലൂരെ എടക്കുന്നി ഉത്രംവിളക്കിന് സന്ധിച്ചപ്പോൾ അച്ചുവിനോട് പറഞ്ഞുപോലും നാണുമാരാർ. വ്യംഗ്യം: ഊരകത്തെ അടിയന്തിരക്കാരനേ ആ മേളം നയിക്കാവൂ, നാട്ടുനടപ്പുപ്രകാരം.

അങ്ങനെയൊരു കൊടുമുടി നേരത്തേ താണ്ടിയെങ്കിലും മലനാട്ടിലെ വൻപൂരങ്ങൾക്ക് മേളപ്രമാണി എന്ന് പരക്കേ ഖ്യാതി ലഭിക്കാൻ തൃപ്പേക്കുളത്തിന് പിന്നെയും മൂന്നുദശാബ്ദം കാക്കേണ്ടിവന്നു. അതുവരെ ഇടത്തരം മേളങ്ങളുടെ മേധാവിയായി വർത്തിച്ച് സമാന്തരമായി പഞ്ചവാദ്യത്തിൽ സജീവനായി. ബാല്യത്തിൽ ക്ലിഷ്ടമായി പഠിച്ച തിമിലയുമേന്തി ഗുരുനാഥൻ അന്നമനട വലിയ പരമേശ്വരമാരാരുടെ വശംനിന്ന് കൊട്ടി. നഗരപ്രതാപമുള്ള തൃശ്ശൂർപൂരത്തിനുവരെ മഠത്തിൽവരവിൽ നാല്പതു വയസ്സുതുടങ്ങി പങ്കുകൊണ്ടു.

തിമിലക്കാരനായി തുടക്കത്തിൽ തൃശ്ശൂർപ്പൂരത്തിന്റെ പഞ്ചവാദ്യത്തിന് കൊട്ടിയിരുന്ന തൃപ്പേക്കുളം ക്രമേണ ചെണ്ടയിൽ ഖ്യാതിനേടിയതിന്റെ ഉത്തുംഗത്തിൽ പതിനഞ്ചുകൊല്ലം തിരുവമ്പാടിപക്ഷത്തിന് പ്രമാണിയായി. പാണ്ടി നയിച്ചുള്ള ആ സ്ഥാനം ഒഴിഞ്ഞ 2003-ന് പിറ്റേയാണ്ട് അദ്ദേഹം നിർദേശിച്ചാണ് അതുവരെ വലത്തുനിന്നിരുന്ന പല്ലശ്ശന പൊന്നുകുട്ടമാരാർക്ക് ആ പദവിക്ക് നറുക്ക് (ഒരേയൊരു തവണ) വീഴുന്നത്.

ഒടുവിലത്തെ നാലു ദശകത്തിൽ വിശേഷിച്ചും വിലസി തൃപ്പേക്കുളം. വടക്കേ മലബാറിലേക്ക് സപര്യ പടർന്നില്ലെങ്കിലും വള്ളുവനാട്ടിൽ (അങ്ങാടിപ്പുറം) തുടങ്ങി എറണാകുളം ജില്ലയുടെ ദക്ഷിണ ഭാഗത്തുള്ള തൃപ്പൂണിത്തുറയിലും 
ചോറ്റാനിക്കരയിലും ആലപ്പുഴ തീരത്തെ തുറവൂരും ഒക്കെ നിറയേ പ്രമാണിച്ചു. പ്രശസ്തിയുടെ പാരമ്യത്തിലും തൃപ്പേക്കുളം ജനപ്രിയതയ്ക്കായി ചെണ്ടയുടെ രാജപാത വിട്ടുസഞ്ചരിച്ചില്ല. പാണ്ടിയായാലും പഞ്ചാരിയായാലും മേളം ഇടത്തരമോ വിലോഭനീയമോ ആവട്ടെ, പക്ഷഭേദം കാട്ടാതെ നിയതമായ കണക്കിൽ കാലമിട്ടു. അതിൽനിന്ന് ക്രമത്തിൽ അയത്നലളിതമായി വേഗംകൂട്ടി. മുന്നാക്കം കയറ്റിയതിനെ കീഴേക്ക് വലിച്ചിറക്കേണ്ട തഞ്ചക്കുറവ് ഉണ്ടായതേയില്ല. താളപുരോഗതി തരിതരിയായിട്ടായിരുന്നതിനാൽ താളമുറുക്കം അത്യന്തം സ്വാഭാവികമായിരുന്നു. ഒരിടത്തും ഹരംകയറ്റാനായി മൂപ്പിച്ചില്ല. 

തൊട്ടുപിറകേയുള്ള തലമുറയിലെ പ്രമാണിമാരെ തൃപ്പേക്കുളം മാനിച്ചു. കിഴക്കൂട്ട് അനിയൻമാരാരെയും പെരുവനം കുട്ടൻമാരാരെയും അംഗീകരിച്ചപ്പോൾ അവരുടെയും പിൻഗാമികളായ സതീശൻമാരാരിലും ചേറുശ്ശേരി കുട്ടനിലും സ്വബാണിയുടെ തുടർച്ച ദർശിച്ചു. ‘‘അമ്മത്തിരുവടിയുടെ അനുഗ്രഹാ ഈ കൈ; അല്ലാതെ എന്റെ കഴിവൊന്നുമല്ല’’ എന്ന് നിർവ്യാജം ഉരുവിട്ടു അവസാനനാൾ വരെയും.

ഇരിങ്ങാലക്കുടയിലെ പല്ലാവൂർ കലാസ്വാദകസമിതി കഴിഞ്ഞ ആറുവർഷമായി തൃപ്പേക്കുളം പുരസ്കാരം കൊടുത്തുപോരുന്നുണ്ട്. തിമിലവിദ്വാൻ ചോറ്റാനിക്കര വിജയൻ ഇക്കൊല്ലം അതേറ്റുവാങ്ങുന്ന ഒക്ടോബർ നാല്‌ (തിങ്കളാഴ്ച) അച്യുതമാരാരുടെ ജന്മശതാബ്ദികൂടി ആയിരിക്കും.

 

 

Content Highlights:  Trippekkulam Achutha Marar centenary celebration