വര്‍ഷങ്ങള്‍ക്കുമുമ്പത്തേതുപോലെത്തന്നെ ഇന്നും ഈ നഗരം എന്നെ മോഹിപ്പിക്കുന്നു. എന്റെ ഹൃദയത്തിനറിയാം തൊണ്ണൂറുകളുടെ ആരംഭത്തില്‍ എന്നെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് കോഴിക്കോടാണെന്ന്

കേരളം എനിക്കുമുന്നില്‍ അവതരിപ്പിക്കപ്പെട്ടത് കോഴിക്കോടിലൂടെയായിരുന്നു. സിനിമയുടെ ലെന്‍സിലൂടെയായിരുന്നു അത്; 1970-കളുടെ അവസാനത്തില്‍. തായ്്വേരുകളുടെ അടിസ്ഥാനത്തില്‍ പറയുമ്പോള്‍ കൊടുങ്ങല്ലൂരിനു സമീപത്തുനിന്നാണെങ്കിലും ഞാന്‍ കേരളത്തില്‍ ജീവിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ല. ബോംബെ, കല്‍ക്കട്ട, പിന്നെ ചെന്നൈ ഇവിടങ്ങളിലായാണ് ഞാന്‍ കുട്ടിക്കാലവും സ്‌കൂള്‍-കോളേജ് കാലവും ചെലവഴിച്ചത്. വേനലവധിക്കാലം ചെലവഴിക്കാനുള്ള ഇടമായിരുന്നു കേരളം. 

അച്ഛന്റെ വീടായ കരുപ്പടയില്‍നിന്ന് കഷ്ടിച്ച് നാലുകിലോമീറ്റര്‍ ദൂരത്ത് കൊടുങ്ങല്ലൂരിലുള്ള കായലില്‍ ഉല്ലസിക്കുമായിരുന്ന ആ അവധിക്കാലങ്ങളിലെ ഓരോ നിമിഷവും എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. ഒരു സ്ഥലത്തെക്കുറിച്ചുള്ള കഥകളറിയാനും അതിനോട് കാല്‍പ്പനികമായ പ്രണയം തോന്നാനും ഇവയൊക്കെ ധാരാളമാണ്. എന്നാല്‍, ആ സ്ഥലത്തിന്റെ കലര്‍പ്പില്ലാത്ത ആത്മാവിനെ അറിയാനും അനുഭവിക്കാനും അതിന്റെ സര്‍ഗബുദ്ധി വൈഭവശേഷിയെ അറിയാനും ഇത് മതിയാവില്ല.

എന്നാല്‍, ഒരു ദിവസം വളരെ യാദൃച്ഛികമായി ചിന്ത രവീന്ദ്രന്‍ വിളിക്കുകയും വന്നുകണ്ട് സംസാരിച്ചശേഷം അദ്ദേഹത്തിന്റെ ആദ്യസിനിമയായ 'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മളി'ല്‍ അഭിനയിക്കാമോ എന്ന് ചോദിക്കുകയും ചെയ്തതോടെ ഇവയെല്ലാം മാറി. പ്രബോധനാത്മകമായ ആഖ്യാനരീതിയായിരുന്നു ആ ചലച്ചിത്രത്തിന്റേത്. കോഴിക്കോട്ടായിരുന്നു അതിന്റെ മുഴുവന്‍ ചിത്രീകരണവും. 

ഒരു ആവേശത്തിന്റെ പുറത്താണ് ഞാന്‍ അതിന് സമ്മതിച്ചത്. എന്തിലേക്കാണ് എടുത്തുചാടുന്നതെന്ന് ഞാന്‍ നിനച്ചിരുന്നില്ലെന്നതാണ് സത്യം ആ അവസരം എനിക്ക് തുറന്നിട്ടുതന്നത് ജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സഹവര്‍ത്തിത്വത്തിന്റേതായിരുന്നു. സിനിമയിലെ വേഷം മാത്രമായിരുന്നില്ല പകരം ആ സമയത്തെ പുരോഗമനാത്മകമായ കേരളത്തിലെ സാമൂഹികസംവാദങ്ങളെക്കൂടിയായിരുന്നു. കോഴിക്കോടിന്റെ സര്‍ഗാത്മകതയുടെയും ബൗദ്ധികശക്തിയുടെയും കിരണങ്ങള്‍ അനുഭവിക്കാന്‍ എനിക്ക് സാധിച്ചു. ഇത് ദശാബ്ദങ്ങള്‍ക്കപ്പുറം അദ്ഭുതപ്പെടുത്തുന്ന സാംസ്‌കാരിക വൈവിധ്യമുള്ള സ്‌നേഹവും കരുതലുമുള്ള നഗരത്തോടുള്ള അടുപ്പമായി രൂപാന്തരപ്പെട്ടു.

ചിത്രീകരണവുമായി ബന്ധപ്പെട്ട ഓര്‍മകള്‍ ഇടകലര്‍ന്നുകിടക്കുന്നത് ജീവിതവും അഭിനിവേശവും രാഷ്ട്രീയവും സാമൂഹികപ്രതിബദ്ധതയും ആദര്‍ശവാദവും നിരാശയും കലര്‍ന്ന സിനിമയുടെ പശ്ചാത്തലത്തിന്റെയും കോഴിക്കോട് നഗരത്തിന്റെ ഇരമ്പലുകളും വിളികള്‍ക്കുമൊപ്പമാണ്. തിരിഞ്ഞുനോക്കുമ്പോള്‍ ആ സിനിമാ നഗരമായിരുന്നെന്നും ആ നഗരം സിനിമയായിരുന്നെന്നും തോന്നും. നാല്‍പ്പത് വര്‍ഷത്തിന് ഇപ്പുറവും അത് അതേപോലെ അവശേഷിക്കുന്നു. 

എനിക്ക് കേരളവുമായുള്ള ഏറ്റവും ശാശ്വതമായതും മങ്ങലേശാത്തതുമായ ബന്ധം കോഴിക്കോടുമായാണ്. തിരിച്ചുവരാന്‍ ഞാന്‍ വീണ്ടും വീണ്ടും ഇഷ്ടപ്പെടുന്ന നാട്. കോഴിക്കോടിനുസമീപത്തെ വിമാനത്താവളത്തിലിറങ്ങുമ്പോഴും കാറിലോ ട്രെയിനിലോ അവിടേക്ക് അടുക്കുമ്പോഴും എന്റെ ഹൃദയത്തില്‍ തിരയിളക്കമുണ്ടാകാറുണ്ട്.

കോഴിക്കോടിനൊപ്പം തുല്യാര്‍ഥത്തില്‍ എനിക്ക് ചേര്‍ത്തുവയ്ക്കാന്‍ സാധിക്കുമായിരുന്ന ചിലര്‍ കടന്നുപോയിക്കഴിഞ്ഞു. ചിന്ത രവി ഉള്‍പ്പെടെ. പക്ഷേ, ഞാന്‍ ഇവിടെയായിരിക്കുമ്പോള്‍ അവരുടെ സാന്നിധ്യം എനിക്ക് അനുഭവപ്പെടാറുണ്ട്. ഞങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ള  വാഗ്വാദങ്ങള്‍, ഞങ്ങളുടെ അനാദരംകലര്‍ന്ന തമാശകള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ രുചിച്ചത്, നേടണമെന്ന് പ്രതീക്ഷിച്ചതും മതിമറന്ന് ആഹ്ലാദിച്ചതുമൊക്കെ.

കാലം മാറിയെങ്കിലും നഗരത്തിന്റെ മുഖച്ഛായയിലുണ്ടാകുന്ന മാറ്റം വലിയ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നല്ല. കാരണം, ഞാന്‍ സ്വാംശീകരിച്ചിട്ടുള്ള കോഴിക്കോട് നഗരം അനന്യവും അസാധാരണവുമായ ഒന്നാണ്. കോഴിക്കോടിനെക്കുറിച്ച് ഈ നഗരത്തില്‍ ജീവിച്ചുവളര്‍ന്ന നഗരത്തിന്റെ രൂപമാറ്റം മനസ്സിലാക്കിയവരുടെയും എന്റെയും കാഴ്ചപ്പാട് വ്യത്യസ്തമാണ്. നഗരത്തിലെ മറ്റുസ്ഥലങ്ങളും തീര്‍ച്ചയായും പ്രാധാന്യമര്‍ഹിക്കുന്നതാണ്. അന്ന് തിരക്കില്ലാതിരുന്ന ബീച്ച് ഇന്ന് തിരക്കേറിയതായി.  മിഠായിത്തെരുവിന്റെ പുതിയ രൂപം ഏറെ വിസ്മയകരമാണ്. പൈതൃകമുള്ള ഒരു പൊതുസ്ഥലത്തെ നിത്യവുമുള്ള ഗതാഗതത്തിരക്കില്‍നിന്ന് തിരിച്ചുപിടിച്ച്്് കാല്‍നടയാത്രക്കാര്‍ക്ക്്് സുഗമമായി ഷോപ്പിങ്ങിനായി ഏല്‍പ്പിച്ചുകൊടുക്കുകയെന്നത് ഏറ്റവും ഉചിതമാണ്. 

ഉരുളന്‍കല്ലുകള്‍ വിരിച്ച സിറ്റി സെന്ററുകളും ഉല്ലാസസവാരികളും ഷോപ്പിങ്ങും കൂടിക്കാഴ്ചകളും കറങ്ങലും അനുവദിക്കുന്ന യൂറോപ്പിലെ പുരാതനനഗരങ്ങളെ ഓര്‍മപ്പെടുത്തുന്നതാണ് ഈ മാറ്റം. വഴിയോരത്തുള്ള കലാകാരന്മാര്‍ക്കും ഗായകര്‍ക്കും കൂടിച്ചേരാനും അവര്‍ക്ക് അവരുടേതായ അസംഖ്യം സര്‍ഗാത്മകതയെ പ്രദര്‍ശിപ്പിക്കാനുമുള്ള ഇടമായി ഇത് മാറുമെന്ന് ഞാന്‍ ആശിക്കുന്നു. ഇത്തരം സര്‍ഗാത്മക സാധ്യതകള്‍ എല്ലാ നഗരഹൃദയങ്ങളിലും ഒളിഞ്ഞുകിടപ്പുണ്ടാവും. ഇവിടെ എല്ലാം ഒരിടത്ത്് സംഗമിപ്പിക്കുമ്പോള്‍ കേരളത്തിലെ മറ്റ് വലിയനഗരങ്ങള്‍ക്ക് അനുകരിക്കാവുന്ന ഒരിടമായി മിഠായിത്തെരുവ് മാറും.

മറ്റുള്ളവയെ പിന്തള്ളി മുന്നിലെത്തുന്ന ചില വ്യത്യസ്തങ്ങളായ ഓര്‍മകളുണ്ട്. അതിലൊന്ന് ഇതാണ്. ഞാന്‍ രവിയുടെ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു. നമ്മുടെ മികച്ച ചില കലാകാരന്മാരും എഴുത്തുകാരും എന്റെയൊപ്പം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഒത്തുചേര്‍ന്നിരുന്നു. ഞാന്‍ ട്രെയിനില്‍ കയറിയപ്പോള്‍ അവര്‍ ഒരുമിച്ച് അയ്യപ്പപ്പണിക്കരുടെ കവിത പാടി. 'നീ തന്നെ ജീവിതം സന്ധ്യേ, നീ തന്നെ മരണവും സന്ധ്യേ, നീ തന്നെ ഇരുളുന്നു, നീ തന്നെ മറയുന്നു, നീ തന്നെ നീ തന്നെ സന്ധ്യേ...' ട്രെയിന്‍ മെല്ലെ സ്റ്റേഷന്റെ പുറത്തേക്ക് നീങ്ങി. 

കവി കടമ്മനിട്ട രാമകൃഷ്ണനെക്കുറിച്ചും ഓര്‍മകളുണ്ട്. പുകനിറഞ്ഞ്്, മദ്യത്തിന്റെ തീക്ഷ്ണഗന്ധം പടര്‍ന്ന അവ്യക്തമായ ഒരു ഹോട്ടല്‍മുറിയില്‍ തനതായ ശൈലിയില്‍ ഉയര്‍ന്ന ശബ്ദത്തില്‍ ഞാന്‍ ഉള്‍പ്പെട്ട ഒരു കൂട്ടത്തിനുമുന്നില്‍ വാക്കുകളുടെ ചാട്ടുളി വീശുന്നു. എത്ര ലളിതവും ആയാസരഹിതവുമായാണ് മതനിരപേക്ഷതയെ ഞങ്ങള്‍ സ്വാംശീകരിച്ചതെന്നതിനെക്കുറിച്ചും ഓര്‍മകളുണ്ട്. വ്യത്യസ്തമതങ്ങളില്‍ ജനിച്ച ഞങ്ങള്‍ ഓരോ മതത്തിലെയും അന്ധവിശ്വാസങ്ങളെ പരിഹസിച്ചിരുന്നു. ഇടതും തീവ്രഇടതുമായ ചിന്താധാരകള്‍തമ്മില്‍ നിരന്തരം കലഹങ്ങളുണ്ടാവുകയും ചെയ്തിരുന്നു. 

എം.ടി. വാസുദേവന്‍നായരെക്കുറിച്ചും അദ്ദേഹത്തിന്റെ പിടികിട്ടാത്ത മുഖഭാവത്തെയും പ്രതിഭാശേഷിയെ കുറിച്ചും ഓര്‍മയുണ്ട്. പി. ഭാസ്‌കരനും തിക്കോടിയനും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയെക്കുറിച്ചും രസകരമായ ഒരു ഓര്‍മയുണ്ട്. ഏഷ്യാനെറ്റിലായിരുന്ന സമയത്ത് ഒരിക്കല്‍ ഞാന്‍ ഭാസ്‌കരന്‍ മാഷിനൊപ്പം തിക്കോടിയന്റെ വീട്ടില്‍ പോയി. ദീര്‍ഘകാലമായി അവര്‍ ഇരുവരും സുഹൃത്തുക്കളാണ്. കോഴിക്കോട് എ.ഐ.ആറില്‍ സഹപ്രവര്‍ത്തകരായിരുന്ന ഇരുവരും അന്ന് ഒരുപാടുകാലത്തിനുശേഷം കണ്ടുമുട്ടുകയായിരുന്നു. സംഭാഷണത്തിനിടെ ഇപ്പോഴും നിരീശ്വരവാദിയാണോ അതോ വിശ്വാസിയായോ എന്ന്  തിക്കോടിയന്‍ ഭാസ്‌കരന്‍മാഷിനോട് ചോദിച്ചു. വിപ്ലവാത്മകമായ യൗവനകാലത്തുണ്ടായിരുന്ന നിരീശ്വരവാദത്തില്‍നിന്ന് പിന്തിരിഞ്ഞെന്നും അമ്പലമോ പള്ളിയോ മോസ്‌കോ കാണുമ്പോഴെല്ലാം നിശ്ശബ്ദമായി പ്രാര്‍ഥിക്കാറുണ്ടെന്നും ഭാസ്‌കരന്‍ മാഷ് മറുപടി പറഞ്ഞു. 

പിന്നീട് തിക്കോടിയനോട് 'ഇപ്പോഴും നിരീശ്വരവാദിയാണോ' എന്ന് ഭാസ്‌കരന്‍ മാഷ് ചോദിച്ചു.  'അല്ല ഭാസ്‌കരന്‍, പള്ളിയും മോസ്‌കും അമ്പലവും കാണുമ്പോള്‍ ഞാനും നിങ്ങളെപ്പോലെ നിശ്ശബ്ദമായി പ്രാര്‍ഥിക്കാറുണ്ട്' -തിക്കോടിയന്‍ മറുപടി പറഞ്ഞു. എല്ലാ മതങ്ങളോടുമുള്ള ബഹുമാനം നല്ലതാണെന്ന്് അപ്പോള്‍ ഭാസ്‌കരന്‍ മാഷും പറഞ്ഞു  'ഓ അങ്ങനല്ല' -തിക്കോടിയന്‍ പറഞ്ഞു. 'ഇത് അതുകൊണ്ടല്ല. നോക്കൂ, നമുക്ക് ഒരു റിസ്‌ക് എടുക്കാന്‍ സാധിക്കില്ല. ദൈവം എന്ന ഈ ചങ്ങായി എവിടാണെന്ന് അറിയില്ലല്ലോ.' ഇതുപറഞ്ഞ് അവര്‍ പൊട്ടിച്ചിരിച്ചു. 

ഇതും ഇതിനേക്കാള്‍ അധികവുമാണ്  കോഴിക്കോട്. വര്‍ഷങ്ങള്‍ക്കുമുമ്പത്തേതുപോലെത്തന്നെ ഇന്നും ഈ നഗരം എന്നെ മോഹിപ്പിക്കുന്നു. എന്റെ ഹൃദയത്തിനറിയാം തൊണ്ണൂറുകളുടെ ആരംഭത്തില്‍ ഏഷ്യാനെറ്റിനൊപ്പം എന്നെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് കോഴിക്കോടാണെന്ന്. 

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)