പ്രവാസികളുടെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ജില്ലയാണ് മലപ്പുറം. നൂറുവീടെടുത്താൽ 42 വീടുകളിലും വിദേശത്തുള്ളവരോ പ്രവാസം കഴിഞ്ഞ് മടങ്ങിവന്നവരോ ഉണ്ടാകും. മലപ്പുറത്തെ വിദ്യാഭ്യാസ മേഖലയിലെ അസാധാരണമായ ഒരു മാറ്റം ഈ അധ്യയനവർഷത്തിന്റെ തുടക്കത്തിൽ കണ്ടു. അൺ എയ്ഡഡ് സ്കൂളുകളിൽനിന്ന് കൂട്ടത്തോടെ കുട്ടികൾ ടി.സി. വാങ്ങി സർക്കാർ സ്കൂളുകളിൽ ചേരുന്നു. 17,182 കുട്ടികളാണ് ഇങ്ങനെ മാറിയത്.എന്താണ് കാരണമെന്ന് അൺ എയ്ഡഡ് സ്കൂൾ മാനേജ്‌മെന്റുകൾ രക്ഷിതാക്കളോട് തിരക്കാൻ തുടങ്ങി. സ്കൂൾ മാറിയ 98 ശതമാനം കുട്ടികളുടെയും രക്ഷിതാക്കൾ പ്രവാസികൾ. സാമ്പത്തികപ്രതിസന്ധിയായിരുന്നു സ്കൂൾ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. അൺ എയ്ഡഡ് സ്കൂളുകളിലെ ഫീസുപോലും അധികച്ചെലവായി പ്രവാസികൾ കാണാൻ തുടങ്ങി. അതിനാൽ മക്കളെ ഫീസ് വേണ്ടാത്ത സർക്കാർ സ്കൂളുകളിൽ ചേർത്തു.

കോവിഡ് കാലത്തെ തൊഴിൽനഷ്ടവും മടങ്ങിവരവും തിരിച്ചുപോകാനാകാത്ത സാഹചര്യവുമെല്ലാം പ്രവാസികളെ അത്രമേൽ ഉലച്ചുകളഞ്ഞതായി അംഗീകൃത അൺ എയ്ഡഡ് സ്കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് മുജീബ് പൂളയ്ക്കൽ പറയുന്നു. അസോസിയേഷന്റെ കീഴിലുള്ള സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളിൽ 50 ശതമാനവും പ്രവാസികളാണ്.  അതുവരെ പഠിച്ച സ്കൂളിനെയും അധ്യാപകരെയും കൂട്ടുകാരെയും വിട്ട് പുതിയൊരു സ്കൂളിൽ മക്കളെ ചേർക്കാൻ രക്ഷിതാക്കൾക്കും മനസ്സുണ്ടായിട്ടല്ല. പക്ഷേ, നിവൃത്തിയില്ല. തിരിച്ചുപോകാൻ കഴിഞ്ഞാൽ, നല്ലൊരു ജോലികിട്ടി സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ തിരിച്ചു വീണ്ടും ചേർക്കാമെന്നാണ് മിക്കവരും പറയുന്നതെന്ന് മുജീബ് പറഞ്ഞു.
കഴിഞ്ഞ അധ്യയനവർഷം അവസാനിച്ചപ്പോൾ വലിയൊരു വിഭാഗത്തിനും ഫീസ് കുടിശ്ശികയായിരുന്നു. സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് ഫീസ് 70 ശതമാനം കുറച്ചിട്ടുപോലും ഇതാണവസ്ഥ. തത്കാലത്തേക്ക് ഫീസ് ഒഴിവാക്കിത്തരാമെന്ന് പല മാനേജ്‌മെന്റുകളും നിലപാടെടുത്തെങ്കിലും കാര്യമുണ്ടായില്ല. ഇളവുനേടി എത്രകാലം മുന്നോട്ടുപോകാൻ? സ്കൂൾ മാറ്റമെന്ന തീരുമാനത്തിലേക്ക് അവരെ നയിച്ചത് ഈ അനിശ്ചിതത്വമാണ്.

അത്രയ്ക്കുണ്ട് ദാരിദ്ര്യം

മലപ്പുറത്തെ സ്കൂൾമാറ്റം ഒരു ചൂണ്ടുപലകയാണ്. പ്രവാസികളുടെ മടങ്ങിവരവ് അവരുടെ സാമ്പത്തികസ്ഥിതിയുടെ അടിവേരുവരെ ഇളക്കിയെന്നതിന്റെ വ്യക്തമായ സൂചന. കോവിഡ് കാലത്ത് പ്രവാസികൾ മടങ്ങിയെത്തിയതോടെ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പണം അയക്കൽ കുത്തനെ കുറഞ്ഞതായി വിദേശനാണ്യ വിനിമയ കമ്പനികൾ പറയുന്നു. 40 ശതമാനം ഇടിവാണുണ്ടായത്. 2020 ഡിസംബറിലെ കണക്കനുസരിച്ച് 2.27 ലക്ഷംകോടി രൂപയായിരുന്നു സംസ്ഥാനത്തെ ബാങ്കുകളിലുള്ള പ്രവാസി നിക്ഷേപം. കോവിഡ് കാലമായിട്ടും മുൻവർഷത്തെക്കാൾ 14 ശതമാനം കൂടുതലായിരുന്നു ഇത്. പ്രവാസം അവസാനിപ്പിച്ച് തിരികെയെത്തിയവർ തങ്ങളുടെ സമ്പാദ്യം നാട്ടിലെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായിരുന്നു ഈ വർധനയ്ക്കുകാരണം. മലപ്പുറം ജില്ലയിലെ മാത്രം പ്രവാസിനിക്ഷേപം 1.33 ലക്ഷംകോടി രൂപവരും. എന്നാൽ, ഈ വർഷത്തെ മാർച്ച് പാദ കണക്കെടുപ്പിൽ ഇതു കുത്തനെ കുറഞ്ഞ് 1.24 ലക്ഷംകോടിയായി. മൂന്നുമാസത്തിനിടെ 9000 കോടി രൂപയുടെ കുറവ്. പ്രവാസികളുടെ മടങ്ങിവരവ് ബാങ്ക് നിക്ഷേപങ്ങളിലേക്കും പടർന്നുതുടങ്ങിയെന്നു ചുരുക്കം. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 35 ശതമാനത്തോളംവരും പ്രവാസികളുടെ നിക്ഷേപം. അതുകൊണ്ടുതന്നെ പ്രതിസന്ധി അവരിൽമാത്രം ഒതുങ്ങുന്നതാകില്ലെന്ന് തീർച്ച. പ്രവാസികൾ അയക്കുന്ന പണംകൊണ്ട് പിടിച്ചുനിൽക്കുന്ന സംസ്ഥാനത്ത് അവരുടെ മടങ്ങിവരവ് സൃഷ്ടിക്കുന്ന ആഘാതം ചില്ലറയായിരിക്കില്ല.

എണ്ണംകുറയുന്ന പ്രവാസികൾ

ഗൾഫ് നാടുകളിൽ സ്വദേശിവത്കരണം തുടങ്ങിയശേഷം വിദേശത്തു ജോലിയുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞുവരുന്നതായാണ് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ (സി.ഡി.എസ്.) റിപ്പോർട്ട് പറയുന്നത്. ഈ രംഗത്ത് ആഴത്തിൽ ഗവേഷണം നടത്തിയിട്ടുള്ള ഡോ. ഇരുദയ രാജന്റെയും ഡോ. കെ.എസ്. സക്കറിയയുടെയും നേതൃത്വത്തിലായിരുന്നു 2019-ൽ പുറത്തിറങ്ങിയ ഈ പഠനം. 2013-നെ അപേക്ഷിച്ച് 2018-ൽ എത്തുമ്പോൾ പ്രവാസികളുടെ എണ്ണത്തിലുണ്ടായ കുറവ് 2,78,488 ആണ്. കോവിഡ് കാലത്തെ മടങ്ങിവരവുകൂടിയാകുമ്പോൾ ഇതിന്റെ വ്യാപ്തി ഇനിയുംകൂടും. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആസൂത്രണംചെയ്തില്ലെങ്കിൽ കേരളത്തിന്റെ സാമ്പത്തിക നിലനിൽപ്പിനെത്തന്നെ ഇത് അപകടത്തിലാക്കുമെന്ന് ഡോ. ഇരുദയ രാജൻ പറയുന്നു.

 എന്തു ജോലിയും ചെയ്യാം

‘‘എന്തെങ്കിലും ഒരു ജോലി കിട്ടിയാൽമതി ചേട്ടാ... ജീവിക്കാനുള്ള പൈസ കിട്ടണം. അത്രയേയുള്ളൂ. ഗൾഫുകാരനല്ലേ, എന്റെ ഇല്ലായ്മ നാട്ടുകാരെ അറിയിക്കാൻ കഴിയില്ലല്ലോ?’’ -തൃശ്ശൂർ ചാലക്കുടിയിലെ പ്രവാസി കോൺഗ്രസ് നേതാവ് ജോജു പതിയപറമ്പിലിന്റെ മുന്നിലേക്ക് കൈകൂപ്പിക്കൊണ്ട് ഒരു ചെറുപ്പക്കാരൻ പറഞ്ഞ വാക്കുകൾ. ആറുമാസം മുമ്പായിരുന്നു അത്. പ്രവാസികൾക്കായി സംഘടനയുടെ നേതൃത്വത്തിൽ ജോബ് സെൽ തുടങ്ങി. തൊഴിൽനഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികളെ സഹായിക്കാൻ വേണ്ടിയായിരുന്നു ഈ സെൽ.

അവരുടെ വിദ്യാഭ്യാസം, വിദേശത്തു ചെയ്തിരുന്ന തൊഴിൽ,  മറ്റ് യോഗ്യതകൾ എല്ലാം ഓൺലൈനായി ശേഖരിച്ചു. അപേക്ഷകർക്ക് സൗജന്യമായി സ്ഥാപനങ്ങളിലും മറ്റും തൊഴിൽ നൽകുകയായിരുന്നു ലക്ഷ്യം. പരമാവധി 50 അപേക്ഷകർ, സംഘാടകർ പ്രതീക്ഷിച്ചത് അത്രമാത്രം. എന്നാൽ, രണ്ടുദിവസത്തിനിടെയെത്തിയ അപേക്ഷകരുടെ എണ്ണംകണ്ട് സംഘാടകരുടെ കണ്ണുതള്ളി. ജോലി തേടിയെത്തിയത് മുന്നൂറോളം പ്രവാസികൾ. അതും ചാലക്കുടി പ്രദേശത്തുള്ളവർമാത്രം.ഇത്രയധികംപേർക്ക് തൊഴിലൊരുക്കി നൽകാൻ സാധിക്കാത്തതിനാൽ മൂന്നാമത്തെ ദിവസംമുതൽ അപേക്ഷ സ്വീകരിക്കുന്നത് നിർത്തി. തൊഴുകൈയോടെ മുമ്പിലെത്തിയ ചെറുപ്പക്കാരനുൾപ്പെടെ 28 പേർക്ക് തൊഴിൽനൽകാനായെന്ന് ജോജു പറയുന്നു.  ഡ്രൈവറായും സെയിൽസ് മാനായുമാണ് കൂടുതൽപേരും പോയത്. ചെറുശമ്പളംമാത്രം. എന്നിട്ടും ജോലിക്കായി അവർ കാത്തിരിക്കുന്നു. അത്രയ്ക്കും വഴിമുട്ടിയ അവസ്ഥയിലാണ് വലിയൊരു വിഭാഗം പ്രവാസികളും. പലരും പുറത്തുപറയുന്നില്ലെന്ന് മാത്രം.

പദ്ധതികളെക്കുറിച്ച്‌ അജ്ഞർ

കേരളത്തിന് പുറത്തുതാമസിക്കുന്ന മലയാളികളുടെ ക്ഷേമത്തിനായി 1996-ൽ സംസ്ഥാനസർക്കാർ തുടങ്ങിയ പ്രത്യേക വകുപ്പാണ് നോർക്ക. രാജ്യത്തുതന്നെ ആദ്യമായിരുന്നു പ്രവാസികൾക്കായി ഇങ്ങനെയൊരു ഉദ്യമം. ഒട്ടേറെ പദ്ധതികൾ നോർക്കയും നോർക്കാ റൂട്‌സും നടപ്പാക്കിയിട്ടുമുണ്ട്. സംരംഭങ്ങൾക്കായി വായ്പാ പദ്ധതി, തൊഴിൽനൽകാൻ ജോബ് സെൽ, ആശ്വാസമേകാൻ ക്ഷേമനിധി, നൈപുണ്യവികസനത്തിന് പരിശീലനം, കൈത്താങ്ങാകാൻ സഹായപദ്ധതികൾ... എല്ലാം നോർക്കയ്ക്കുണ്ട്. നോർക്ക വഴി സർക്കാർ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് ഭൂരിപക്ഷം പ്രവാസികളും അജ്ഞരാണ്. എത്തേണ്ടവരിലേക്ക് എത്താത്തതിനാൽ മിക്കവയും ലക്ഷ്യംകാണുന്നില്ല. നോർക്കയുടെ ചില പദ്ധതികളിലക്ക് കണ്ണോടിച്ചാൽ അക്കാര്യം വ്യക്തമാകും.

കോവിഡ് 5000: തിരിച്ചെത്തിയ പ്രവാസികൾക്ക് 5000 രൂപ സഹായധനം. അപേക്ഷിച്ചവർ 1.75 ലക്ഷംപേർമാത്രം. കോവിഡ് കാലത്ത് തിരിച്ചെത്തിയവരിൽ 15 ശതമാനംമാത്രമാണ് അപേക്ഷകർ.

സാന്ത്വനം: തിരികെ വരുന്ന പ്രവാസികൾക്കായി നോർക്ക റൂട്‌സ് നടപ്പാക്കുന്ന ദുരിതാശ്വാസപദ്ധതി. ചികിത്സാസഹായം, മരണാനന്തരസഹായം, വിവാഹസഹായധനം, അംഗവൈകല്യ പരിഹാര ഉപകരണങ്ങൾ എന്നിവ നൽകും. ഒരുലക്ഷം രൂപവരെ കിട്ടും. 2020-’21-ൽ അപേക്ഷകർ 4445 പേർ.

ക്ഷേമബോർഡ് സഹായം: കോവിഡ് ബാധിച്ച പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് 10,000 രൂപ നൽകുന്ന പദ്ധതി. 2020-’21 കാലത്ത്‌ ഗുണഭോക്താക്കൾ 757 മാത്രം. ചെലവഴിച്ചത് 75 ലക്ഷംരൂപ.

ഗുണംചെയ്യുന്ന പദ്ധതികൾ

ഒട്ടേറെ പദ്ധതികൾ നോർക്ക ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. എല്ലാം പ്രവാസികൾക്ക് ഏറെ ഗുണംചെയ്യുന്നവ. പല പദ്ധതികളും പ്രവാസികളിലേക്കെത്തുന്നില്ലെന്നതാണ് പ്രധാന പരിമിതി. 30 ശതമാനം ആളുകളിലേക്കുമാത്രമേ ഇവയെത്തുന്നുള്ളൂ. ഇവ മറികടക്കാനായാൽ പ്രവാസിക്ഷേമരംഗത്ത് നോർക്കയ്ക്ക് അദ്‌ഭുതങ്ങൾ കാണിക്കാനാകും. 

- കെ.സി. സജീവ് തൈക്കാട്, നോർക്ക വെൽഫെയർ ബോർഡ് ഡയറക്ടർ

നാട്ടിൽ നല്ലൊരു ബിസിനിസുകാരനായി പേരെടുക്കണമെന്ന ആഗ്രഹം മിക്ക പ്രവാസികൾക്കുമില്ല. അത്യാവശ്യം ജീവിച്ചുപോകാൻ പറ്റുന്ന ഒരു വരുമാനമുണ്ടാകണം. അത്രമാത്രം. എന്നാൽ, അക്കാര്യത്തിൽ അധികൃതർക്ക് മൗനം. അതേക്കുറിച്ച് നാളെ...