നിയമങ്ങൾ ഉരുത്തിരിയുന്നത്‌ കാലഘട്ടത്തിന്റെ ആത്യന്തികമായ അനിവാര്യത കണക്കിലെടുത്തുകൊണ്ടാണ്‌. ജനാധിപത്യ ഭരണസമ്പ്രദായം വീണ്ടുംവീണ്ടും പരീക്ഷിക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ, ഏകാധിപത്യ പ്രവണതകൾക്ക്‌ തടയിടാനാണ്‌ വിവരാവകാശനിയമം ഔദ്യോഗിക രഹസ്യ നിയമങ്ങളെ പിന്തള്ളി ഇന്ത്യൻ പാർലമെന്റ്‌ പാസാക്കിയത്‌. പൗരാവകാശ സംരക്ഷണവും സുതാര്യതയും ജനാധിപത്യ പ്രക്രിയയിലെ സംശുദ്ധതയുമാണ്‌ നമ്മൾ ലക്ഷ്യമിടുന്നതെങ്കിലും സംഘടിതമായ ഔദ്യോഗിക-അനൗദ്യോഗിക ചെറുത്തുനിൽപ്പുകൾ വിവരാവകാശ നിയമങ്ങൾക്ക്‌ ഭീഷണിയാവുകയാണ്‌. ഒക്ടോബർ 12-ന്‌ വിവരാവകാശ നിയമത്തിന്റെ ­16-­ാം പിറന്നാൾ വിവിധ വിവരാവകാശ ആക്ടിവിസ്റ്റ്‌ സംഘടനകൾ ആചരിക്കുകയുണ്ടായി. ആർ.­ടി.ഐ. ഗൈഡൻസ്‌ ബ്യൂറോയും കേരള ഫെഡറേഷനും കേരള ജനവേദി പോലുള്ള പ്രസ്ഥാനങ്ങളും സംഘടിപ്പിച്ച വെബിനാറുകളിൽ മുഴങ്ങിക്കേട്ടത്‌ വിവരാവകാശ പ്രവർത്തകരുടെ ദാരുണമായ അനുഭവങ്ങളും വിവരങ്ങൾ അന്യായവും അനധികൃതവുമായി നിഷേധിക്കപ്പെട്ട അനുഭവ കഥകളുമാണ്‌.

വിവരാവകാശം ആയുധമാക്കുന്ന വിവരാവകാശ പ്രവർത്തകരെ വഴിതടയാനാണ്‌ ചില പൗരാവകാശ സ്വകാര്യതാ വാദങ്ങളും രാജ്യസുരക്ഷാ വകുപ്പുകളും വിവരാവകാശ നിയമത്തിന്റെ എട്ടാം വകുപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. അറിയാനുള്ള അവകാശം അംഗീകരിക്കുന്ന രാജ്യങ്ങളുടെ ഒരു സ്വതന്ത്ര കൂട്ടായ്മയുണ്ട്‌. അവരെ എ.ടി.ഐ. രാജ്യങ്ങൾ അഥവാ ആക്സസ്‌ ടു ഇൻഫർമേഷൻ (Access to Information) അനുവദിച്ച രാജ്യങ്ങൾ എന്നുപറയുന്നു. ഈവക ജനാധിപത്യരാജ്യങ്ങളിൽ ഫ്രീഡം ഓഫ്‌ ഇൻഫർമേഷൻ/റൈറ്റ്‌ ടു ഇൻഫർമേഷൻ/റൈറ്റ്‌ ടു നോ (Right to Know-അറിയാനുള്ള അവകാശം) എന്നീ  പേരുകളിലാണ്‌ അറിയപ്പെടുക.വിവരാവകാശ പ്രവർത്തകർ വിവരങ്ങൾ ആവശ്യപ്പെടുമ്പോൾ അപൂർണമോ അസത്യമോ ആധികാരികമല്ലാത്തതോ ആയ ഉത്തരങ്ങളാണ്‌ പലപ്പോഴും ലഭിക്കുക. വിവരാവകാശ പ്രവർത്തകരുടെ ഒരേയൊരു മാർഗം അപ്പീൽ അധികാരികളുടെ മുമ്പിലോ കമ്മിഷനധികാരികളുടെ മുമ്പിലോ ഒന്നാം അപ്പീലോ രണ്ടാം അപ്പീലോ ഫയൽ ചെയ്യുക എന്നുള്ളതാണ്‌. പല സർക്കാർ വകുപ്പുകളും ബാങ്കുകളും യൂണിവേഴ്‌സിറ്റികളുമൊക്കെ അവരവരുടെ വിവരലഭ്യതയ്ക്കുവേണ്ടി പ്രത്യേകം പ്രത്യേകം അപേക്ഷാരീതികളും ഫീസുകളും ഏർപ്പെടുത്താറുണ്ട്‌. ഒരു ഋജുരേഖപോലെ സുതാര്യമായ വിവരാവകാശ നിയമത്തെ സാങ്കേതിക ജടിലത്വംകൊണ്ട്‌ അപ്രാപ്യമാക്കിക്കൊണ്ടിരിക്കുകയാണ്‌ കൊളോണിയൽ സംസ്കൃതിയുടെ പുത്തൻ അവകാശികൾ!

വിവരാവകാശ പ്രവർത്തകർക്ക്‌ നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിനോ സംരക്ഷണം ഉറപ്പുനൽകുന്നതിനോ വിവരാവകാശ നിയമത്തിൽ ഒരു വകുപ്പും ഉൾപ്പെടുത്തിയിട്ടില്ല. വിവാദപരമായ വിവരങ്ങളോ കോർപ്പറേറ്റ്‌ കമ്പനികൾക്ക്‌ നൽകുന്ന അനധികൃത സൗജന്യങ്ങളോ സർക്കാർ വകുപ്പുകളിലെ അഴിമതികളോ പുറത്തുകൊണ്ടുവരാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകരായ എത്രയോപേർ കൊല്ലപ്പെട്ടു. വിവരാവകാശ പ്രവർത്തകർക്ക്‌ സാമൂഹികമായും വ്യക്തിപരമായും സുരക്ഷയും നഷ്ടപരിഹാരവും നൽകത്തക്കവിധം വിവരാവകാശ നിയമത്തിൽ പൊളിച്ചെഴുത്ത്‌ ആവശ്യമാണ്‌. പൗരസ്വാതന്ത്ര്യത്തോടൊപ്പം പൗരസുരക്ഷയും ഉറപ്പുവരുത്തണം. വിവരാവകാശനിയമത്തെ സ്വയം സംരക്ഷിക്കാനും നിയമലംഘകർക്കെതിരേ വകുപ്പുതലനടപടികളും കൂടുതൽ കർശനമായ ശിക്ഷാനടപടികളും സ്വീകരിക്കാനും കഴിവുള്ള ശക്തമായ വകുപ്പുകളോടുകൂടിയ ഒരു നിയമമായി രൂപാന്തരപ്പെടുത്തണം. ഈ നിയമത്തിന്റെ ജയപരാജയങ്ങൾ വിലയിരുത്താനും വിവരാവകാശനിയമം വകുപ്പ്‌ 30 അനുശാസിക്കുന്നുണ്ട്‌. അപ്രകാരം ഈ നിയമത്തിന്റെ നടത്തിപ്പിൽ ഉണ്ടാകാവുന്ന പ്രതിസന്ധികൾ പഠനവിധേയമാക്കി ഭേദഗതികൾ കൂട്ടിച്ചേർത്ത്‌ നടപ്പാക്കുന്നതിന്‌ ഒരു വിദഗ്‌ധസമിതിയെത്തന്നെ നിയോഗിക്കണം.


സംസ്ഥാന മുൻ വിവരാവകാശ കമ്മിഷണറാണ്‌ ലേഖകൻ