ഒടുക്കം കുഞ്ഞുകുട്ടികളുടെ പാഠപുസ്തകങ്ങളിൽ മലയാളത്തിന്റെ അക്ഷരമാല ഉൾപ്പെടുത്തും എന്നത് ഏതാണ്ട് തീർച്ചയായി. നല്ലകാര്യം. ഒരാഴ്ച മാതൃഭൂമി ഏറ്റെടുത്തുനടത്തിയ പ്രചാരണത്തിന്റെയും സംവാദത്തിന്റെയും ഫലശ്രുതിയാണിത്. അഭിനന്ദനം, തന്റെ വസ്തുതാപരമായ എഴുത്തിലൂടെ ഇതിനുതുടക്കമിട്ട എം.എൻ. കാരശ്ശേരി മാഷിനും കൃത്യമായി അഭിപ്രായങ്ങൾ എഴുതിയ പണ്ഡിതർക്കു പുറമെ.കുട്ടികളുടെ പഠനത്തിന്റെ കാര്യത്തിൽ കാലമേറെയായി കേരളം തുടർന്നുപോരുന്ന വികലനയങ്ങളുടെ ഒരു ചെറിയ അംശത്തിനുമേൽ വരുന്ന തെറ്റുതിരുത്തൽമാത്രമാണിത്. 
പാഠപുസ്തകങ്ങളിൽ അക്ഷരമാലയുടെ ഒരുപുറംകൂടി കൂട്ടിച്ചേർക്കുന്നതുകൊണ്ടുമാത്രം മലയാളഭാഷ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവുന്നില്ല. ആഴമുള്ള, ഗുരുതരമായ പ്രശ്നങ്ങൾ വേറെയും നിലനിൽക്കുന്നു. ക്ലാസിൽ പഠിപ്പിക്കാത്ത ക്ലാസിക്കൽഭാഷയ്ക്കെന്ത്‌ അക്ഷരമാല? പഠിപ്പിക്കാൻ ആളില്ലെങ്കിൽ എന്ത് അക്ഷരമാല? പഠിപ്പിക്കാൻ വരുന്ന അധ്യാപകർക്ക് ഭാഷയേ അറിയില്ലെങ്കിൽ പിന്നെന്ത് അക്ഷരമാല?

ഇവിടെയാണ് മാതൃഭാഷയ്ക്കെതിരായി കാലാകാലങ്ങളായി  നടന്നുകൊണ്ടിരിക്കുന്ന കുത്സിതമായ നിഗൂഢപ്രവർത്തനങ്ങളെ നാം തിരിച്ചറിയേണ്ടത്. സംസ്ഥാനത്തെ ഏതുസ്കൂളിലും ഏതുവിദ്യാഭ്യാസപദ്ധതിയിൽ പഠിക്കുന്ന കുട്ടികളും നിർബന്ധമായും മലയാളം ഒന്നാംഭാഷയായി പഠിക്കണമെന്ന നിയമം നിലവിൽ വരുന്നത് 2017  മേയിലാണ്. കേരള നിയമസഭയുടെ ഷഷ്ട്യബ്ദപൂർത്തിയോടനുബന്ധിച്ച് പ്രത്യേക സമ്മേളനം ഒരു ദിവസത്തേക്കുമാത്രം വിളിച്ചുചേർത്ത് ഒരേയൊരു ബില്ലുമാത്രം അവതരിപ്പിച്ച് ഐകകണ്ഠ്യേന പാസാക്കിയ നിയമമാണിത്. ചട്ടങ്ങളുമുണ്ടായി നിയമത്തിന്. നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം പൊതുവിദ്യാഭ്യാസ ഡയറക്ടർക്കായി നിജപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ എന്താണതിന്റെ അവസ്ഥ? നിയമം കടലാസിൽമാത്രം. ഒരു കാര്യവും നടത്തുന്നില്ല. ഒരു പരിശോധനയും നടത്തുന്നില്ല.  കുമാരനാശാന്റെ ‘കുട്ടിയും തള്ളയും’ എന്ന കവിതയുടെ തലക്കെട്ടുവരെ തിരുത്തിയാണ് അവർ പാഠം ചമയ്ക്കുന്നത്. തള്ള എന്നത് തെറിവാക്കാണത്രേ. അതുകൊണ്ട് ‘അമ്മയും കുഞ്ഞും’ എന്നുമതിയത്രേ. ബേബി ആൻഡ്‌ മമ്മി എന്നാക്കാത്തത് ഭാഗ്യം! പക്ഷേ, പഠനനിയമത്തിന്‌ ചട്ടങ്ങളുണ്ടായി കൃത്യം ആറുദിവസം കഴിഞ്ഞപ്പോൾ 2018 മേയ് 22-ാം തീയതി വിദ്യാഭ്യാസവകുപ്പ് സ.ഉ (കൈ) നം. 67/2018 പൊ.വി.വ എന്ന ഉത്തരവ്‌ പുറത്തിറക്കി; 1959 മുതൽ കെ.ഇ.ആറിൽ പറയുന്ന കാര്യത്തെ കടലിലെറിഞ്ഞുകൊണ്ട്.

എൽ.പി., യു.പി. അധ്യാപകരായി നിയമിക്കപ്പെടാൻ ഹയർ സെക്കൻഡറി യോഗ്യതയും ഡി.എൽ.എഡ്. എന്ന ഡിപ്ലോമയുമാണ് യോഗ്യതാമാനദണ്ഡമെങ്കിലും ആ ജോലിക്ക് അപേക്ഷിക്കാനുള്ള അർഹത പത്താംതരംവരെയെങ്കിലും മലയാളമാധ്യമത്തിൽ പഠിച്ചവർക്കും മലയാളം ഒരു വിഷയമായി പഠിച്ചവർക്കുംമാത്രമേ ഉണ്ടായിരിക്കൂവെന്ന്‌ നിഷ്കർഷിച്ചിരുന്നു. ആ നിഷ്കർഷ ഉത്തരവിലൂടെ എടുത്തുകളഞ്ഞു. ഈ ഉത്തരവനുസരിച്ച് ബംഗാളികൾക്കും അസമികൾക്കും ആർക്കും കേരളത്തിലെ സർക്കാർ സ്കൂളുകളിൽ എൽ.പി.-യു.പി. അധ്യാപകരാകാം. മറ്റുരാജ്യങ്ങളിൽ എലിമെന്ററി അധ്യാപകരാക്കുന്നത് വിഷയങ്ങളിൽ പോസ്റ്റ്‌ഡോക്ടറൽ ഡിഗ്രിയും ചൈൽഡ് സൈക്കോളജിയിൽ ബിരുദവുംമറ്റുമുള്ളവരെമാത്രമാണ്. പിഞ്ചുകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിൽ അത്രമേൽ ശ്രദ്ധയാണ് അവർക്ക്. ഇവിടെയോ? പഠിത്തമല്ലല്ലോ, കാശല്ലേ കാര്യം? സൗന്ദര്യാത്മക വിദ്യാഭ്യാസത്തിന്റെ അടിത്തറ മാതൃഭാഷയാണ്. പദാർഥവും ഭാവാർഥവും കുട്ടി ഉൾക്കൊണ്ടുതുടങ്ങുന്നത് ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ പ്രാഥമികതലത്തിൽവെച്ചാണ്.

കുട്ടികളുടെ ചിന്ത, ഭാവന, സങ്കല്പശേഷി, സൗന്ദര്യബോധം, സർഗാത്മകത തുടങ്ങിയ ബഹുതലവികാസത്തിന് മാതൃഭാഷാപഠനം കൂടിയേകഴിയൂ. മാതൃഭാഷയിലൂന്നിയാണ് പരിസരപഠനവും ഗണിതപഠനവുംപോലും. ഈ കാലത്തല്ലേ കുട്ടികളുടെ ഭാഷാശേഷി വളർത്തേണ്ടത്? അവരെ ഉച്ചാരണം പഠിപ്പിക്കേണ്ടത്? മാതൃഭാഷ പഠിച്ചിട്ടില്ലാത്ത ഒരധ്യാപകന്‌ എങ്ങനെയാണതു കഴിയുക? കണ്ഠ്യം, ഓഷ്ഠ്യം എന്നിങ്ങനെയുള്ള സ്വരസ്ഥാനമറിയാത്ത അധ്യാപകർ എങ്ങനെയാണ് കുട്ടികളിൽ ചൊൽവടിവും തെളിമലയാളവും ഉറപ്പിക്കുക? കേരളത്തിൽ എൽ.പി./യു.പി. വിഭാഗങ്ങളിൽ അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി എന്നീ വിഷയങ്ങളിലേക്ക് പ്രത്യേകം അധ്യാപകരെ നിയമിക്കാറുണ്ടെങ്കിലും മലയാളം എന്ന മാതൃഭാഷ പഠിപ്പിക്കാൻ നിയമനമേയില്ല എന്നുംകൂടി മനസ്സിലാക്കാനുണ്ട്. സംയോജിത വിഷയസമീപനത്തിന്റെ പേരുപറഞ്ഞ് മലയാളം അധ്യാപകതസ്തികപോലും വേണ്ടാ എന്നുവെച്ചിരിക്കയാണ്. മാതൃഭൂമി കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ടുചെയ്ത ചില വാർത്തകളെക്കൂടി പറയേണ്ടതുണ്ട്. അത് 2015-ലെ മലയാളഭാഷാവ്യാപനവും പരിപോഷണവും എന്ന ബില്ലിനെക്കുറിച്ചാണ്. നിയമസഭ ഐകകണ്ഠ്യേന പാസാക്കിയിട്ട് ആ ബിൽ രാഷ്ട്രപതിക്കയച്ചുകൊടുത്തത് ഗവർണർ പി. സദാശിവം എന്ന പഴയ ചീഫ് ജസ്റ്റിസല്ല. സംസ്ഥാനങ്ങളുടെ ഒൗദ്യോഗികഭാഷ അതത് സംസ്ഥാനങ്ങളുടെ കാര്യമാണ് എന്നറിയാത്ത നിയമജ്ഞനല്ല ജസ്റ്റിസ്‌ പി.സദാശിവം. പക്ഷേ, ഇത് രാഷ്ട്രപതിയുടെ  അംഗീകാരം വാങ്ങേണ്ടതുണ്ട് എന്ന് മുഖക്കുറിപ്പുകിട്ടിയാൽ അദ്ദേഹമെന്തുചെയ്യും? അപ്രകാരം കുറിപ്പെഴുതിയതിനുപിന്നിൽ ഉദ്യോഗസ്ഥർ മാത്രമാണോ അതല്ല, ബിൽ പൈലറ്റ്ചെയ്തവർതന്നെ നിർദേശിച്ചിട്ടാണോ എന്നത് അന്വേഷിക്കേണ്ട വിഷയമാണ്. മലയാളത്തിനിട്ട്‌ പാരപണിഞ്ഞതാണെന്നുമാത്രം ഇപ്പോൾ നമുക്കുമനസ്സിലാക്കാം. അതാർക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് എന്നതാണ് കേരളജനത ആലോചിക്കേണ്ട കാര്യം. ഇവിടെയാണ് മാതൃഭാഷയുടെ രാഷ്ട്രീയം പ്രസക്തമാകുന്നത്. 

ഐക്യമലയാള പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗവും സംസ്ഥാന കൺവീനറുമാണ് ലേഖകൻ