കർഷകപ്രസ്ഥാനത്തിന്റെ ചരിത്രവിജയം ചില കാരണങ്ങളാൽ അഭിലഷണീയമോ പ്രായോഗികമോ അല്ലാത്ത അവസ്ഥയിലേക്ക് വഴുതിവീഴാനുള്ള അപകടത്തെക്കൂടി വഹിക്കുന്നുണ്ട്. 
ഒരുവശത്ത്, വിപണി ‘പരിഷ്‌കരണ’ സുവിശേഷക്കാർ: ഇന്ത്യൻകൃഷിയെ ഇനി ആർക്കും പരിഷ്കരിക്കാൻ കഴിയില്ല എന്ന വാദക്കാർ കർഷകരോടുള്ള തങ്ങളുടെ നിരാശ പുറത്തെടുക്കുന്നു. മറുവശത്ത്, കാർഷികമേഖലയിലെതന്നെ ചില വിഭാഗങ്ങൾ ‘കാര്യങ്ങൾ എല്ലാം പണ്ടത്തേപോലെത്തന്നെ പോട്ടെ’ എന്ന മനോഗതിയിലേക്ക് നീങ്ങുന്നു.നേട്ടങ്ങൾ ഉണ്ടാകുമെന്നുകണ്ടാൽ ഇന്ത്യൻ കർഷകർ പഠിക്കാനും മാറാനും തയ്യാറാണ്. ഇപ്പോൾ കർഷകർ അവരുടെ ആത്മാഭിമാനം വീണ്ടെടുത്തിട്ടുണ്ട്. ഐക്യംനേടുകയും ദേശീയതലത്തിൽ കേന്ദ്രസ്ഥാനംതന്നെ കൈയടക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ കാർഷികമേഖലയുടെ പുതിയ ഒരുരൂപരേഖ സൃഷ്ടിക്കാനാണ് ഈ അവസരം ഉപയോഗിക്കേണ്ടത്. കർഷകപ്രസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.

എങ്ങനെ മാറണം
കർഷകർ നേടിയ രാഷ്ട്രീയആത്മവിശ്വാസം ബൗദ്ധികവും സാംസ്കാരികവുമായ ആത്മവിശ്വാസത്തിൽ പ്രതിഫലിക്കണം. ഹരിതവിപ്ലവമാതൃക രാജ്യമെമ്പാടും വ്യാപിപ്പിക്കുക എന്ന തെറ്റായസ്വപ്നം നാം ഉപേക്ഷിക്കണം. ഉയർന്ന മുതൽമുടക്ക്, അമിത ജലോപയോഗം, അളവറ്റ രാസപ്രയോഗം എന്നിവയടങ്ങുന്ന കൃഷി ആവർത്തിക്കുന്നത് അനഭിലഷണീയവും അസാധ്യവുമാണ്. ചെറിയ കൃഷിയിടം ഇവിടെയുണ്ട്. നമ്മുടെ തൊഴിൽശക്തിയുടെ അഞ്ചിൽ രണ്ടുഭാഗങ്ങൾ കൃഷിയിലും അനുബന്ധപ്രവർത്തനങ്ങളിലും തുടർന്നും വ്യാപൃതരാകും കാരണം തൊഴിലിന്റെ ബദൽമാർഗങ്ങളൊന്നും ഇവിടെ പ്രാപ്യമല്ല. മിക്ക ഇന്ത്യൻ കർഷകർക്കും നിക്ഷേപിക്കാൻ തക്ക വലിയമൂലധനമില്ല. കനാൽ അടിസ്ഥാനമാക്കിയുള്ള ജലസേചനം മുഴുവൻ മഴയെ ആശ്രയിച്ചുള്ള കൃഷിയിലേക്കും വ്യാപിപ്പിക്കാനാവില്ല. ഇന്ത്യയുടെ ഭാവിപരിഹാരങ്ങൾ ഈ യഥാർഥ ജീവിതസാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതുതന്നെ ആയിരിക്കണം.

അതേസമയം, ശരാശരി 70 വർഷത്തെ ആയുസ്സുള്ള 140​കോടി ആളുകൾക്ക് മതിയായതും പോഷകപ്രദവുമായ ഭക്ഷണം ഉത്‌പാദിപ്പിക്കുകയെന്ന വെല്ലുവിളി ഒരിക്കലും അഭിമുഖീകരിക്കാത്ത പരമ്പരാഗതകൃഷിയിലേക്ക് നമുക്ക് മടങ്ങാൻ കഴിയില്ല. കാർഷികരീതികളുടെ സമ്പന്നമായ അറിവ് നമുക്ക് പാരമ്പര്യമായി ലഭിച്ചിട്ടുണ്ട്, പക്ഷേ, അത് ആധുനികശാസ്ത്രത്തിലൂടെ അരിച്ചെടുക്കുകയും അതുമായി പൊരുത്തപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അന്താരാഷ്ട്ര ഭക്ഷ്യവിപണികൾ ഉൾപ്പെടെയുള്ള വിപണികൾ ഇവിടെ നിലനിൽക്കും. കാർഷികമേഖലയ്ക്ക് പുറത്തുള്ള ദരിദ്രരായ വലിയൊരു വിഭാഗത്തിന് ഭക്ഷണത്തിന് വിലകൂടാതെ നിലനിർത്തേണ്ടതിന്റെ ആവശ്യകതയുമുണ്ട്. അതിനാൽ, ഉത്‌പാദനത്തിനും സംഭരണത്തിനുമുള്ള അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും ഭക്ഷണം താങ്ങാനാവുന്ന വിലയിൽ നിലനിർത്തുന്നതിനും കർഷകർക്ക് സബ്സിഡി നൽകുന്നതിനും ആഭ്യന്തര, അന്തർദേശീയവിപണികളെ നിയന്ത്രിക്കുന്നതിനും സംസ്ഥാനങ്ങൾ ഇടപെടണം.

മുന്നോട്ടുള്ള വഴി
നമ്മുടെ കാർഷിക-പാരിസ്ഥിതിക സാഹചര്യങ്ങൾക്കും നമ്മുടെ പരിമിതമായ വിഭവങ്ങൾക്കും സമകാലിക ആവശ്യങ്ങൾക്കുംവേണ്ടി രൂപകല്പന ചെയ്ത ഒരു ഇന്ത്യൻപാത പിന്തുടരുന്നതിലാണ് ഇന്ത്യൻ കാർഷികമേഖലയുടെ ഭാവി നിക്ഷിപ്തമായിരിക്കുന്നത്.ഒരേസമയം മൂന്നുലക്ഷ്യങ്ങളാണ്‌ മുന്നിലുള്ളത്‌. കൃഷി കർഷകർക്ക് സാമ്പത്തികമായി ലാഭകരമാക്കുക, കർഷകർക്കും ഉപഭോക്താക്കൾക്കും സുസ്ഥിരമായ പാരിസ്ഥിതിക കൃഷിയിലേക്ക് മാറുക, കർഷകർക്കും കർഷകേതര സമൂഹങ്ങളിലെ നാമമാത്ര വിഭാഗങ്ങൾക്കും സാമൂഹികനീതി ഉറപ്പാക്കുക എന്നിവയാണ് അവ.
ഇതുവരെ, കർഷകപ്രസ്ഥാനത്തിന്റെ വ്യത്യസ്തധാരകൾ ഈ മൂന്നുലക്ഷ്യങ്ങളിൽ ഓരോന്നും ഏറ്റെടുത്തിട്ടുണ്ട്. മുഖ്യധാരാ കർഷകപ്രസ്ഥാനം സാമ്പത്തികഭദ്രതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു; ഇടതുപക്ഷ കർഷകപ്രസ്ഥാനങ്ങൾ സാമൂഹികനീതിയെക്കുറിച്ച് വേവലാതിപ്പെടുമ്പോൾ പരിസ്ഥിതിവാദികളുടെ ഒരു ചെറിയവിഭാഗം പാരിസ്ഥിതികപ്രശ്നങ്ങൾ ഏറ്റെടുത്തിരിക്കുന്നു. ഇവ മൂന്നും സമന്വയിപ്പിക്കാനുള്ള ചരിത്രപരമായ അവസരമാണ് സംയുക്ത കിസാൻ മോർച്ച വാഗ്ദാനംചെയ്യുന്നത്.

കൃഷിയുടെ സാമ്പത്തികനിലനിൽപ്പും കർഷകന്റെ വരുമാനസുരക്ഷയും കർഷകപ്രസ്ഥാനം മുന്നിൽനിർത്തുന്നുണ്ട്. 2022 ഫെബ്രുവരി 28-ന് കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന്റെ പ്രചാരണകുമിള തകർന്നുകഴിഞ്ഞാൽ, യാഥാർഥ്യബോധത്തോടെയുള്ളതും ചിന്തിക്കുന്നതുമായ നടപടികളിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കണം.താങ്ങുവിലയുടെ (എം.എസ്.പി.) കാര്യത്തിൽ വ്യക്തമായ പ്രതിബദ്ധതയുണ്ടാക്കുന്നതിൽനിന്ന് സർക്കാർ രക്ഷപ്പെട്ടെങ്കിലും, കർഷകർക്ക് വരുമാനസുരക്ഷ ഉറപ്പാക്കുന്നതിൽ നിരന്തരമായ സമ്മർദം ഉയർത്തണം. ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതുപോലെ, എല്ലാ വിളകളും സർക്കാർ വാങ്ങേണ്ട ആവശ്യമില്ല. വിപുലീകരിച്ച സംഭരണം, ബുദ്ധിപൂർവം രൂപകല്പന ചെയ്ത കമ്മി പേയ്‌മെന്റ് സംവിധാനം, സമയബന്ധിതവും തിരഞ്ഞെടുത്തതുമായ വിപണി ഇടപെടൽ, അന്താരാഷ്ട്രവ്യാപാരനയത്തിൽ മാറ്റംവരുത്തൽ എന്നിവയുടെ സമർഥമായ സംയോജനമാണ് നമുക്കുവേണ്ടത്. 

പാരിസ്ഥിതിക സുസ്ഥിരത
പാരിസ്ഥിതിക സുസ്ഥിരതയാണ് കർഷകപ്രസ്ഥാനത്തിൽ ഇനിയും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരുവിഷയം. ഹരിതവിപ്ലവം അവസാനിക്കുകയും കാലാവസ്ഥാവ്യതിയാനത്തിന്റെ വെല്ലുവിളി ആരംഭിക്കുകയും ചെയ്തതോടെ ഈ വിഷയം ഇനിയും നീട്ടിവെക്കാൻ നമുക്കാവില്ല. ജലക്ഷാമം, മണ്ണിന്റെ തകർച്ച, കർഷകരുടെ കടബാധ്യത, ഉപഭോക്താക്കൾക്ക് വിഷഭക്ഷണം എന്നിവയിലേക്ക് നയിക്കുന്ന ഒരു കാർഷികമാതൃകയിൽ നമുക്ക് നിലനിൽക്കാനാവില്ല. എല്ലാവർക്കും മതിയായതും താങ്ങാനാവുന്നതും പോഷകപ്രദവും വിഷരഹിതവുമായ ഭക്ഷണം നൽകാൻ കഴിയുന്ന ചെലവുകുറഞ്ഞ സമീപനങ്ങളിലേക്ക് നാം മാറണം. വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന സംയോജിതകൃഷി, സമ്മിശ്രവിളയും വിളഭ്രമണവും അടിസ്ഥാനമാക്കി ഉചിതമായ വിള തിരഞ്ഞെടുക്കൽ, വിളവൈവിധ്യവത്‌കരണം എന്നിവ ആവശ്യമാണ്. രാസവളങ്ങളെ ആശ്രയിക്കുന്നതിനുപകരം, മണ്ണിന്റെ പുനരുജ്ജീവനത്തിനായി ഒരു സൂക്ഷ്മകാലാവസ്ഥ സൃഷ്ടിക്കുന്നതിലേക്ക് നാം മാറണം. സസ്യസംരക്ഷണവും കീടനിയന്ത്രണവും നടത്തുന്നത് സിന്തറ്റിക് കീടനാശിനികളിൽക്കൂടി ആകരുത്. ചെറുകിട പദ്ധതികളിലേക്കും ചെക്ക് ഡാമുകളിലേക്കും ജലത്തിന്റെയും ഈർപ്പത്തിന്റെയും അത്യാവശ്യവും കാര്യക്ഷമവുമായ ഉപയോഗത്തിൽ മെഗാഡാമുകൾ വഴിയുള്ള ജലസേചനം, വെള്ളപ്പൊക്ക ജലസേചനം എന്നിവയിൽനിന്ന് മാറി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിത്ത് തിരഞ്ഞെടുക്കുമ്പോൾ പ്രാദേശികമായി അനുയോജ്യവും കർഷകനിയന്ത്രണത്തിലുള്ളതുമായ ഇനങ്ങളിലേക്ക് മാറണം.


ജയ് കിസാൻ ആന്ദോളന്റെയും  സ്വരാജ് ഇന്ത്യയുടെയും സ്ഥാപകരിൽ ഒരാളാണ് 
ലേഖകൻ