വറസ്റ്റ് കൊടുമുടിയുടെ ഉയരം 8848.86 മീറ്റര്‍ ആയി നേപ്പാള്‍ - ചൈന സംയുക്ത സര്‍വേ കണ്ടെത്തിയിരിക്കുന്നു. 1954-ല്‍ സര്‍വേ ഓഫ് ഇന്ത്യ തിട്ടപ്പെടുത്തിയ ഉയരത്തേക്കാള്‍ 86 സെ.മീ മാത്രം കൂടുതല്‍. പക്ഷേ, പത്തൊന്‍പതാം ശതകത്തില്‍ രാധാനാഥ് സിക്ധര്‍ എന്ന ബംഗാളി യുവാവിന്റെ സംഘം  ഈ കൊടുമുടിയുടെ ഉയരം തിട്ടപ്പെടുത്താന്‍ നടത്തിയ യജ്ഞ്ഞം കുറച്ചു കാണരുത്. കടലാസില്‍ ത്രികോണങ്ങള്‍ വരച്ച് തന്റെ ബുദ്ധിശക്തി കൊണ്ടു മാത്രമാണ് രാധാനാഥ് ഇതു സാധ്യമാക്കിയത്. അന്നത്തെ അടി കണക്കില്‍ 29002 അടി. 29028 അടിയാണ് ഇതുവരെ അംഗീകരിക്കപ്പെട്ട 8848 മീറ്റര്‍. ഭൂപടം വരയ്ക്കാന്‍ ഉപയോഗിക്കുന്ന തിയോഡലൈറ്റ് (theodolite)അഥവാ ഭൂമാപനക്കുഴല്‍ ആണ് ദൂരവും ഉയരവും കോണുകളും അളക്കുവാന്‍ ഉപയോഗിച്ചത്.

അതൊരു  സമര്‍പ്പണത്തിന്റെ  കഥയാണ്. അതിബുദ്ധിയുടെ അടയാളപ്പെടുത്തലാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ സര്‍വേയര്‍ ജനറല്‍ ആയിരുന്ന (1830-43) സര്‍ ജോര്‍ജ് ഈവ് - റെസ്റ്റ് (എവറസ്റ്റ്) അന്ന് പീക്ക് 15 ആയി ലോകം അറിഞ്ഞിരുന്ന കൊടുമുടിയുടെ സര്‍വേ ചുമതലയും ഏറ്റെടുക്കുന്നു. 1830-കളുടെ മധ്യത്തില്‍ കല്‍ക്കട്ട (കൊല്‍ക്കൊത്ത) ഹിന്ദു കോളജില്‍ നിന്ന് ഗണിത  ശാസ്ത്ര പണ്ഡിതന്‍ രാധാനാഥ് സിക്ധരും ബംഗാളില്‍ നിന്നു തന്നെയുള്ള ഏഴു ഗണിത ശാസ്ത്ര വിദഗ്ധരും സര്‍വേ വകുപ്പില്‍ ചേരുന്നു. ജീവനുള്ള കമ്പ്യൂട്ടറുകളായി ഇവരെ ഈവ് - റെസ്റ്റ് തിരിച്ചറിഞ്ഞു. അദ്ദേഹത്തിന് 400 രൂപ ശമ്പളം ലഭിച്ചപ്പോള്‍  രാധാനാഥിനും കൂട്ടുകാര്‍ക്കും 40 രൂപ മാത്രമായിരുന്നു ശമ്പളം.

പക്ഷേ, ഇടയ്ക്ക് റവന്യു വകുപ്പില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി കിട്ടിയപ്പോള്‍ ഏഴു പേരും പോയി. എന്നാല്‍ സിക്ധര്‍ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍  തുടര്‍ന്നു. സിക്ധറിന്  ശമ്പളം 100 രൂപയായി വര്‍ധിപ്പിച്ചു നല്‍കി. 1852-ല്‍ അദ്ദേഹം ലക്ഷ്യം കണ്ടു. കൊടുമുടിയുടെ ഉയരം 29,002 അടി.

മദ്രാസില്‍ (ചെന്നൈ) നിന്നുള്ള വാച്ച് നിര്‍മാതാവ് സയ്ദ് മിര്‍ മോഹ്‌സിന്‍ ആണ് അളവുകള്‍ എടുക്കുന്ന യന്ത്രങ്ങള്‍ വികസിപ്പിച്ചത്. നയിന്‍ സിങ് തിബറ്റില്‍ 21 മാസം ലാമയായി വേഷം മാറി സഞ്ചരിച്ച് സര്‍വേയ്ക്കു വേണ്ട രഹസ്യ വിവരങ്ങള്‍ ശേഖരിച്ചു. തിബറ്റന്‍ പര്‍വത നിരകളില്‍
സര്‍വേ നടത്തിയത് കിഷന്‍ സിങ്ങാണ്. എല്ലാം കൂട്ടിക്കിഴിച്ച് രാധാനാഥ് ഉയരം കണ്ടെത്തി.

ഈവ്‌റെസ്റ്റ് ഒരിക്കലും ഈ കൊടുമുടി കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമിയായെത്തിയ ആന്‍ഡ്രുവോ ആണ് കൊടുമുടിക്ക് തന്റെ മുന്‍ഗാമിയുടെ പേരിട്ടത്. നേപ്പാളികള്‍ക്ക്  സാഗര്‍ മാതായാണ് - ആകാശത്തിന്റെ ദേവത. തിബറ്റുകാര്‍ക്ക് ചോമോ ലുങ് മേ ആണ് - പ്രപഞ്ചത്തിന്റെ ദേവതകളുടെ മാതാവ് . ഇന്ത്യക്കാര്‍ ഗൗരീശങ്കരം എന്നു  വിളിച്ചിരുന്നു.

ഭൗമശക്തികളുടെ സമ്മര്‍ദത്തില്‍ ഉയരത്തില്‍ ഇനിയും നേരിയ വ്യത്യാസങ്ങള്‍ സംഭവിക്കാം. എവറസ്റ്റ് പര്‍വതാരോഹകരുടെ  സ്വപ്നമായി നിലനില്‍ക്കുന്നിടത്തോളം മറക്കരുത് ഇന്ത്യക്കാരായ ജീവനുള്ള കമ്പ്യൂട്ടറുകളെ.

Content Highlights: The Brilliant Bengali Computer man Radhanath Sikdar first to identify Everest as highest mountain peak