പൊതുസേവന പ്രക്ഷേപണ ദിനം

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭംമുതലാണ് റേഡിയോ സമൂഹത്തിൽ ചലനം സൃഷ്ടിച്ചുകൊണ്ടിരുന്നത്. ഒരു ആശ്ചര്യകരമായ അശരീരി സമാനമായ റേഡിയോ സന്ദേശങ്ങൾ സാംസ്കാരികമാനം സൃഷ്ടിച്ചത് 1920-കളിൽ ജന്മംകൊണ്ട റേഡിയോ ക്ലബ്ബുകൾ എന്നറിയപ്പെടുന്ന ചെറുനിലയങ്ങൾ നിലവിൽവന്നതോടെയാണ്.
ഇന്ത്യയിൽ 1924-ലും 1927-ലും അത്തരത്തിൽ വന്ന റേഡിയോ നിലയങ്ങൾ ചെന്നൈയിലും കൊൽക്കത്തയിലും മുംബൈയിലും വലിയ മാധ്യമ പുരോഗതിക്കാണ് വഴിയൊരുക്കിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് ബ്രിട്ടീഷ് നയങ്ങളെ എതിർക്കാനും റേഡിയോ ട്രാൻസ്മിറ്ററുകൾ നിലവിൽവന്നു. നാട്ടുരാജ്യങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത ട്രാൻസ്മിറ്ററുകൾ ഉപയോഗിച്ച് റേഡിയോ നിലയങ്ങൾ സ്വാതന്ത്ര്യസമ്പാദനത്തിനുമുമ്പുതന്നെ ചരിത്രം സൃഷ്ടിച്ചു. അത്തരം ഒരു നിലയം ‘ട്രാവൻകൂർ റേഡിയോ’ എന്നപേരിൽ തിരുവിതാംകൂർ രാജാവ് ബാലരാമവർമ തിരുവനന്തപുരത്ത്‌ സ്ഥാപിച്ചു. 1943 മാർച്ച് 12-നാണത്.

അഭയാർഥികളോട് ഒരുവാക്ക്
സ്വാതന്ത്ര്യം നേടാൻ സജ്ജമായതോടെ ഇന്ത്യയിൽ റേഡിയോ നിലയങ്ങളുടെ എണ്ണം കൂടിവന്നു. ഓൾ ഇന്ത്യ റേഡിയോയുടെ കേന്ദ്ര ഓഫീസായ ആകാശവാണിഭവൻ ഒട്ടേറെ ദേശാഭിമാനപ്രധാനമായ പ്രക്ഷേപണപരിപാടികൾ ആസൂത്രണംചെയ്ത് ഇന്ത്യയിലുടനീളം വലിയൊരു മാധ്യമമുന്നേറ്റം സംജാതമാക്കിയ കാലമായിരുന്നു അത്. ആ വേളയിലാണ് രാഷ്ട്രപിതാവായ മഹാത്മജി ആകാശവാണിഭവനിലെത്തി ചരിത്രപ്രധാനമായ ഒരു പ്രക്ഷേപണം നടത്തിയത്. ആ പ്രക്ഷേപണം അദ്ദേഹത്തിന്റെ ആദ്യത്തേതും അവസാനത്തേതുമായ പ്രക്ഷേപണമായി. 1947 നവംബർ 12-നാണത് നടന്നത്. ഗാന്ധിജി പാർലമെന്റ് സ്ട്രീറ്റിലെ ബ്രോഡ്കാസ്റ്റ് ഹൗസിൽ വന്ന്‌ അങ്ങനെ ഒരു പ്രഭാഷണം ജനങ്ങളോടായി ചെയ്യാൻ ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. അതിങ്ങനെയാണ്‌. ഇന്ത്യ- പാകിസ്താൻ വിഭജനത്തെത്തുടർന്ന്‌ ഹരിയാണയിലെ കുരുക്ഷേത്രത്തിലെ അഭയാർഥിക്യാമ്പു സന്ദർശിക്കാനിരുന്ന മഹാത്മജിക്ക്‌ അന്നേ ദിവസം ഡൽഹിയിലെ ബിർളാ ഹൗസിൽനിന്ന്‌ 177 കിലോമീറ്റർ അകലെയുള്ള കുരുക്ഷേത്ര ക്യാമ്പിലേക്ക്‌ എത്തിച്ചേരാൻ കഴിഞ്ഞി­ല്ല. ഗാന്ധിജിക്ക്‌ ലക്ഷക്കണക്കിനുള്ള അഭയാർഥികളെ കാണാൻ കഴിഞ്ഞില്ല. പക്ഷേ, അവരോട്‌ സംസാരിക്കാനെങ്കിലും കഴിയണമെന്നായി. ആകാശവാണി വഴി അങ്ങനെ അവരോട്‌ ആശയവിനിമയം നടത്താൻ ഗാന്ധിജി തയ്യാറായി. 

പ്രക്ഷേപണം ദൈവികശക്തിപോലെ
ഉച്ചതിരിഞ്ഞ്‌ 3.30-ന്‌ രാജകുമാരി അമൃത കൗർ സമേതം ഗാന്ധിജി ആകാശവാണിഭവനിലെത്തി. ഒരു പ്രാർഥനായോഗമായിരുന്നു അവിടെ സംഘടിപ്പിച്ചത്‌. മരംകൊണ്ടു നിർമിച്ച ഒരു അരബെഞ്ച്‌ തയ്യാറായി. ആകാശവാണി മൈക്കിനു പിറകിലിരുന്ന് പ്രാർഥനാലാപനത്തിനുശേഷം ഗാന്ധിജി കുരുക്ഷേത്രത്തിലെ സഹജീവികളെ അഭിസംബോധന ചെയ്തു. അന്ന്‌ ദീപാവലിയായിരുന്നു. ബ്രിട്ടീഷുകാരിൽനിന്ന്‌ സ്വാതന്ത്ര്യം ലഭിച്ചയുടനെയുള്ള ഇന്ത്യ തിളച്ചുമറിഞ്ഞകാലം. ഗാന്ധിജി പ്രഭാഷണത്തിനുമുമ്പുതന്നെ ആകാശവാണി മൈക്കിനെ ‘ശക്തി’ എന്നാണ്‌ വിവക്ഷിച്ചത്‌. ‘മിറാക്കുലസ്‌ പവർ ഓഫ്‌ ഗോഡ്‌’ എന്നും അന്ന്‌ ഗാന്ധിജി പ്രക്ഷേപണസംവിധാനത്തെ സൂചിപ്പിക്കുകയുണ്ടായി. ഗാന്ധിജിയെക്കാണാൻ ഒടുങ്ങാത്ത ആവേശത്തോടെ കാത്തിരുന്നവരുടെ കൂട്ടത്തിൽ ‘ജഗദീഷ്‌ ബാത്ര’ എന്ന ഒരു കൊച്ചുബാലനുമുണ്ടായിരുന്നു. ജഗദീഷിനെപ്പോലെ അന്ന്‌ ഗാന്ധിജിയെ നേരിൽക്കാണാനാകാതെ നിരാശപ്പെടേണ്ടിവന്ന ഒട്ടേറെ കുട്ടികൾ ആ ക്യാമ്പിൽ ഉണ്ടായിരുന്നു. ഒരു വലിയ മർഫി റേഡിയോയിലൂടെയാണ്‌ ആ വാക്കുകൾ അവർ കേട്ടതെന്ന്‌, അനന്തരം സുപ്രീംകോടതി വക്കീലായിത്തീർന്ന ജഗദീഷ്‌ ബാത്ര പറഞ്ഞുവത്രേ!

പൊതുസേവന പ്രക്ഷേപണത്തിന്റെ നാന്ദി
ആദ്യത്തെ പൊതുപ്രക്ഷേപണ സംരംഭമാകയാൽ നവംബർ 12 എല്ലാവർഷവും പൊതുസേവന പ്രക്ഷേപണ (Public Service Broadcast) ദിനമായി ആചരിക്കുകയാണ്‌ ഇന്ത്യയിൽ. മഹാത്മജി മന്ത്രിയോ ഗവർണറോ ഒന്നുമായിരുന്നില്ല. ഒരർഥത്തിൽ ഇന്ത്യയിലെ പരശ്ശതം സാധാരണക്കാരിൽ ഒരാൾ. അദ്ദേഹത്തിന്റെ ആദ്യത്തെയും അവസാനത്തെയും ആകാശവാണിനിലയം സന്ദർശിച്ചുള്ള പ്രക്ഷേപണം ഏതർഥത്തിലും പൊതുജനസേവന പ്രക്ഷേപണം തന്നെയാണല്ലോ. ആകാശവാണി ആർക്കൈവിൽ ഗാന്ധിജിയുടെ 147 പ്രാർഥനായോഗങ്ങളുടെയും പ്രഭാഷണങ്ങളുടെയും ശബ്ദലേഖനം സൂക്ഷിച്ചിട്ടുണ്ടെങ്കിലും ഒരു പ്രത്യേക ഉദ്ദേശ്യം ലക്ഷ്യമാക്കി ആകാശവാണിഭവനിൽ എത്തി ഗാന്ധിജി ചെയ്ത പ്രഭാഷണത്തിനാണ്‌ ഏറ്റവും പ്രാധാന്യം നൽകിയിട്ടുള്ളത്‌. 1997 നവംബർ 12-ന്‌ അരനൂറ്റാണ്ടു തികഞ്ഞ ആ ‘ഗാന്ധിവചനം’ സ്വാതന്ത്ര്യഗാഥയുടെ നാഴികക്കല്ലായിരുന്നു.

 1948 ജനുവരി 30-ന്‌ സായാഹ്നത്തിൽ ബിർളാഹൗസിൽ പതിവുപോലെ പ്രാർഥനായോഗം ശബ്ദലേഖനം ചെയ്യാനെത്തിയ മദനൻ എന്ന യുവ പ്രോഗ്രാം എക്സിക്യുട്ടീവിന്റെ വാക്കുകൾ മറ്റൊരു നാഴികക്കല്ലാണ്‌; ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെയും പ്രക്ഷേപണത്തിന്റെയും. മദനൻ പറയുന്നു: ‘‘പ്രാർഥനായോഗം തുടങ്ങാറായി... ആഭയുടെയും മനുവിന്റെയും ചുമലിൽ പിടിച്ചുകൊണ്ടു ഗാന്ധിജി പ്രാർഥനാമണ്ഡപത്തിലേക്ക്‌ നടന്നുവരുന്നു. പെട്ടെന്ന്‌ ദിഗന്തങ്ങളെ ഞെട്ടിച്ചുകൊണ്ട്‌ തോക്കിൻകുഴലു ഗർജിച്ചു... നിറയൊഴിഞ്ഞപ്പോൾ ഒരു നേർത്തപുക ശാന്തതപൂകി മേലോട്ടുയർന്നു. അന്തരീക്ഷത്തിൽ ‘ഹേ റാം’ എന്ന ഒരു അന്ത്യപ്രാർഥന മുഴങ്ങുന്നുണ്ടായിരുന്നു.

റേഡിയോ എന്ന സ്വാതന്ത്ര്യസമരായുധം
ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രക്ഷോഭത്തിന്റെ ഭാഗമായി മുംബൈ കേന്ദ്രീകരിച്ച് അന്നത്തെ ചില സമരസേനാനികൾ ഒരു ‘അണ്ടർ ഗ്രൗണ്ട് റേഡിയോ’ നിലയംതന്നെ സ്ഥാപിച്ച് പ്രവർത്തിച്ചിരുന്നുവത്രേ! ഈ ഉദ്യമത്തിന്റെ നേതൃത്വം 1942-ൽ ഡോ. ഉഷാമേത്തയ്ക്കായിരുന്നു. ഒളിവിൽക്കഴിയുന്ന പ്രക്ഷോഭകാരികളും സ്വാതന്ത്ര്യസമരപ്പോരാളികളും ഈ റേഡിയോയിലൂടെ സന്ദേശങ്ങൾ പ്രക്ഷേപണംചെയ്ത് ജനങ്ങളെ കോരിത്തരിപ്പിച്ചുവത്രേ! ഉഷാമേത്തയെ കേന്ദ്രസർക്കാർ 1998-ൽ പദ്‌മവിഭൂഷൺ ബഹുമതി നൽകി ആദരിക്കുകയുണ്ടായി.