2005-ൽ, ആൽബർട്ട്‌ ഐൻസ്റ്റൈന്റെ അദ്‌ഭുതവർഷത്തിന് (1905) ഒരു നൂറ്റാണ്ടു തികയുന്ന വേളയിലാണ്‌  പ്രൊഫ. താണു പദ്മനാഭനുമായി സംസാരിക്കാനിടയായത്‌. ഭാവനാസമ്പന്നനായ ഒരു കവിയുടെ മനസ്സാണ്‌ ഈ ശാസ്ത്രജ്ഞന്റേത്‌ എന്നു പെട്ടെന്ന്‌ മനസ്സിലാക്കി. ഭാവനയാണല്ലോ ന്യൂട്ടൻ, ഐൻസ്റ്റൈൻ എന്നിവരുൾപ്പെടെയുള്ള മഹാഗവേഷകരുടെ ഏറ്റവും മുന്തിയ ആശയങ്ങൾക്കും സങ്കല്പനങ്ങൾക്കും വഴിയൊരുക്കിയത്‌. 

തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുമ്പോൾത്തന്നെ ചാൾസ്‌ മിസ്നറും കിപ്പ്‌ തോണും ജോൺ വീലറും ചേർന്നെഴുതിയ ഗ്രാവിറ്റേഷൻ എന്ന പുസ്തകം അദ്ദേഹം മനഃപാഠമാക്കിയിരുന്നു. അതിലെ ഗണിതശാസ്ത്ര സമസ്യകൾ സുഗമമാക്കിയതാകട്ടെ ‘യുക്തിഭാഷ’ എന്ന പ്രാചീന ഭാരതീയ ഗണിതശാസ്ത്ര ഗ്രന്ഥവും. സംഗമഗ്രാമ മാധവനും നീലകണ്ഠ സോമയാജിയും തെളിച്ച പാതയിലൂടെ സഞ്ചരിച്ച്‌ ഭൗതികശാസ്ത്രത്തിലെ ഇനിയും പൂർണമായും നാം ഗ്രഹിച്ചിട്ടില്ലാത്ത പ്രതിഭാസങ്ങളെക്കുറിച്ചുള്ള സുപ്രധാന ആശയങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. കേരളത്തിൽനിന്ന്‌ ഇത്രയും പ്രമുഖനായ ഗവേഷകൻ, ലാളിത്യംനിറഞ്ഞ പെരുമാറ്റം, പച്ചമലയാളത്തിൽ ഭൗതികശാസ്ത്രം വിശദീകരിക്കുന്ന ശാസ്ത്രജ്ഞൻ, പ്രൊഫ. ഇ.സി.ജി. സുദർശനുശേഷം കേരളം ലോകത്തിനു സംഭാവന ചെയ്ത അതുല്യ പ്രതിഭ, ഇതൊക്കെ വിസ്മയത്തിനു വഴിയൊരുക്കി. അദ്ദേഹത്തെക്കുറിച്ച്‌ കൂടുതലറിയാനും ഗവേഷണമേഖലകൾ അടുത്തറിയാനും ശ്രമിച്ചു. 

നാർലിക്കറുടെ പ്രധാനശിഷ്യൻ
പ്രമുഖ പ്രപഞ്ചവിജ്ഞാനീയ ശാസ്ത്രജ്ഞനായ ജയന്ത്‌ നാർലിക്കറുടെ ശിഷ്യനായി മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫണ്ടമെന്റൽ റിസർച്ചിൽനിന്ന്‌ ജ്യോതിർഭൗതികത്തിൽ ഗവേഷണബിരുദം നേടുകയും ലോകോത്തരമായ സംഭാവനകൾ നൽകുകയും ചെയ്തു. പുണെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ്‌ ആസ്‌ട്രോഫിസിക്സിൽ പ്രവർത്തിക്കുമ്പോഴാണ്‌ സുപ്രധാനമായ സംഭാവനകൾ പിറന്നത്‌. കടുകട്ടിയായ ആശയങ്ങൾ പച്ചമലയാളത്തിൽ വിവരിക്കുന്നതുകേട്ട്‌ അന്തംവിട്ടിട്ടുണ്ട്‌. ആ സുപ്രധാന ആശയങ്ങൾ ലഘൂകരിച്ച്‌ വിവരിക്കാൻ അദ്ദേഹവുമൊത്തുള്ള സംഭാഷണങ്ങൾ സഹായകമായിട്ടുണ്ട്‌. സയന്റിഫിക്‌ അമേരിക്കനിൽ ഗുരുത്വാകർഷണത്തെക്കുറിച്ചുള്ള നൂതനമായ ആശയങ്ങൾ ലളിതമായി അവതരിപ്പിച്ചു. മലയാളഭാഷയിൽ അദ്ദേഹത്തിന്റേതായുള്ള ഒരു ജനപ്രിയ ശാസ്ത്രഗ്രന്ഥം പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. കവിതകൾ ഇഷ്ടപ്പെട്ടിരുന്ന ഈ ശാസ്ത്രജ്ഞൻ പബ്ലിസിറ്റിക്കു പിന്നാലെ ഒരിക്കലും പോകുമായിരുന്നില്ല. തന്റെ കണ്ടെത്തലുകൾ മഹാസംഭവംപോലെ അവതരിപ്പിക്കാനോ െെകയടി നേടാനോ ശ്രമിച്ചില്ല. 

ജ്യോതിർഭൗതിക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്‌. സഹധർമിണി വാസന്തി പദ്മനാഭനും മകൾ ഹംസാ പദ്മനാഭനും ഇതേ മേഖലയിൽ ഗവേഷകർ. ഹംസയുടെ പേരിൽ ഒരു ഛിന്നഗ്രഹവുമുണ്ട്‌. അതാദ്യം അറിഞ്ഞ വേളയിൽ അതിനു പ്രചാരമൊന്നും കൊടുക്കേണ്ടാ എന്നദ്ദേഹം ആവശ്യപ്പെട്ടു. ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയന്റെ ഇന്ത്യയിലെ പ്രമുഖ പ്രതിനിധിയായിരുന്നു. പ്രിൻസ്റ്റണിലും കേംബ്രിജിലും കാൾടെക്കിലും പ്രഭാഷണത്തിനും അതിഥി അധ്യാപകനായും പ്രവർത്തിച്ചു. 

ഗുരുത്വാകർഷണത്തിന്റെ  ആവിർഭാവം
ഐസക് ന്യൂട്ടനും പിന്നീട്‌ ആൽബർട്ട്‌ ഐൻസ്റ്റൈനും ഗുരുത്വാകർഷണത്തെക്കുറിച്ചുള്ള സുപ്രധാന ആശയങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പ്രപഞ്ചത്തിലെ ഏറ്റവും സുപ്രധാനമായ ആ അടിസ്ഥാന ബലത്തെക്കുറിച്ച്‌ ഇനിയുമേറെ മനസ്സിലാക്കാനുണ്ടെന്ന ഉത്തമബോധ്യം പുതിയ പരികല്പനകളിലേക്കും ലോകത്തെ പ്രമുഖ ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾ അത്യാദരത്തോടെ വീക്ഷിക്കുന്ന അംഗീകാരങ്ങളിലേക്കും താണു പദ്മനാഭനെ നയിച്ചു. ഗ്രാവിറ്റി റിസർച്ച്‌ ഫൗണ്ടേഷന്റെ പുരസ്കാരം ഇത്തരത്തിലൊന്നാണ്‌. പ്രപഞ്ചത്തിന്റെ അടിസ്ഥാനബലങ്ങളായ വിദ്യുതകാന്തികം, അതിശക്ത അണുകേന്ദ്രബലം, അശക്ത അണുകേന്ദ്ര ബലം എന്നിവയ്ക്കൊപ്പം സ്ഥൂലതലത്തിൽ പ്രാവർത്തികമാകുന്ന ഗുരുത്വാകർഷണം, ആവിർഭവിക്കുന്ന ഒരു പ്രതിഭാസമാണ്‌(എമർജന്റ്‌ ഫിനോമിനൻ) എന്ന്‌ താണു പദ്‌മനാഭൻ സമർഥിച്ചു. അതോടൊപ്പംതന്നെ പ്രപഞ്ചത്തിന്റെ സൂക്ഷ്മതലത്തിലെ പ്രവർത്തനത്തിന്‍റെ പഠനമേഖലയായ ക്വാണ്ടം ഭൗതികശാസ്ത്രത്തെയും കൂട്ടിയിണക്കി ക്വാണ്ടം ഗുരുത്വം എന്ന സങ്കല്പനം പുതിയ അറിവുകളിലേക്ക്‌ വെളിച്ചംവീശുമെന്ന്‌ പ്രതീക്ഷിച്ചു. ‘ആഫ്റ്റർ ദ ഫസ്റ്റ്‌ ത്രീ മിനിറ്റ്‌സ്‌’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ പ്രപഞ്ചത്തിന്റെ ആദ്യത്തെ മൂന്നു നിമിഷങ്ങൾക്ക്‌ ശേഷമുള്ള കാര്യങ്ങളാണ്‌ ചർച്ചചെയ്യുന്നത്‌. അതായത്‌ അടിസ്ഥാന കണങ്ങളുടെ ഉദ്ഭവവും സ്ഥൂലഘടനയുടെ ഉദ്ഭവവും. പ്രപഞ്ചം ഉദ്ഭവിക്കാനും പരിണമിക്കാനും ദ്രവ്യം കൂടിച്ചേർന്ന്‌ സ്ഥൂലഘടനകൾ രൂപം കൊള്ളാനും കാരണമാകുന്നത്‌ ഗുരുത്വാകർഷണമാണ്‌. ഇനിയും പൂർണമായും മനസ്സിലാക്കിയിട്ടില്ലാത്ത ഈ ബലത്തെ ക്വാണ്ടംതലത്തിൽ വിവരിച്ചാൽ കൂടുതൽ അറിവുകൾ ലഭിക്കും എന്നദ്ദേഹം പരികല്പന പുറപ്പെടുവിച്ചു. ഐൻസ്റ്റൈന്റെ ആശയ പ്രകാരം സ്ഥലകാലം എന്നത്‌ ഒരു തുടർച്ചയാണ്‌. അതിൽ ഗുരുത്വാകർഷണം സ്വാധീനം ചെലുത്തുന്നുമുണ്ട്‌. എന്നാൽ, സ്ഥലകാലത്തിനൊരു താപനിലയുണ്ടെന്നും അത്‌ ഒരു തുടർച്ചയല്ല മറിച്ച്‌, ഏറ്റവും സൂക്ഷ്മമായ ഘടകങ്ങളാൽ നിർമിതമെന്നുമാണ്‌ ആ പരികല്പന. ക്വാണ്ടം ഫീൽഡ്‌ തലത്തിൽ ഈ ആശയത്തെ വിവരിക്കാനാകും.  

പ്രപഞ്ചത്തിന്റെ ഉദ്ഭവവും  പരിണാമവും
താണു പദ്മനാഭന്റെ ആശയപ്രകാരം പ്രപഞ്ചത്തിന്റെ ആദ്യകാലത്തെ സംഭവങ്ങൾ ഒരു അവസ്ഥാമാറ്റത്തിന്റെ (ഫേസ്‌ ട്രാൻസിഷൻ)സൂചനകൾ നൽകുന്നു. അത്തരത്തിൽ നോക്കിയാൽ ഈ പ്രപഞ്ചത്തിനുമുൻപും ചില ഇടങ്ങൾ നിലനിൽക്കാനിടയുണ്ട്‌. അതേക്കുറിച്ചുള്ള ആശയങ്ങൾ ഇനിയും പ്രാപ്യമാകാനുണ്ട്‌. പ്രപഞ്ചത്തിന്റെ തുടക്കം എന്നു കരുതപ്പെടുന്ന ആ കാലഘട്ടത്തിനുപിന്നിൽ ഒരു അവസ്ഥാമാറ്റമാണ്‌. അവിടെനിന്നു സ്ഥൂലഘടനകളുടെ തുടക്കമായി. പ്രപഞ്ചത്തിലെ ഏറ്റവും പ്രമുഖമായ ബലമായ ഗുരുത്വാകർഷണം പ്രപഞ്ചത്തിന്റെ തുടക്കത്തിനും പരിണാമത്തിനും സ്ഥൂലഘടനകളുടെ ആവിർഭാവത്തിനും ഹേതുവായി. പ്രപഞ്ചം പരിണമിക്കുകയാണ്‌. അത്‌ ദ്രുതഗതിയിൽ വികസിക്കുകയും ചെയ്യുന്നു. അതിനുപിന്നിൽ പ്രവർത്തിക്കുന്നതാകട്ടെ ഇരുണ്ട ഉൗർജവും. പ്രപഞ്ചത്തിലെ ഗാലക്സികളും ഗാലക്സിക്കൂട്ടങ്ങളും രൂപംകൊള്ളാനും ഇന്നു കാണുന്നതരത്തിൽ കൂടിച്ചേർന്നു നിലകൊള്ളാനും കാരണമാകുന്ന പ്രതിഭാസങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയമായ പഠനങ്ങൾ അദ്ദേഹം നടത്തി. പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിനു കാരണമായ സിൻഗുലാരിറ്റി എന്ന അവസ്ഥ, അതായത്‌ ഗുരുത്വാകർഷണം അതിന്റെ ഏറ്റവും പാരമ്യത്തിൽ നിലനിൽക്കുന്ന, സ്ഥലവും കാലവും ഒന്നുചേർന്നു നിലകൊണ്ടിരുന്ന ഒരു ബിന്ദുവിനെക്കുറിച്ചുള്ള സങ്കല്പനം താണു പദ്മനാഭന്റെ ആശയത്തിലില്ല. പകരം നാമിന്നു കാണുന്ന പ്രപഞ്ചം, മുൻപുള്ള അവസ്ഥയിൽ നിന്നുള്ള ഒരു മാറ്റമാണ്‌. അത്തരത്തിൽ നോക്കിയാൽ പ്രപഞ്ചത്തിന്‌ ഒരു ഉദ്ഭവമോ ഒടുക്കമോ ഇല്ല. അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. സൂറിച്ച്‌ പോളിടെക്നിക്‌ എന്ന പ്രമുഖ സ്ഥാപനത്തിൽ ഗവേഷണം ചെയ്യുന്ന മകൾ ഹംസാ പദ്മനാഭനുമൊത്താണ്‌ ശ്രദ്ധേയമായ ഈ പരികല്പനകൾ അദ്ദേഹം അവതരിപ്പിച്ചത്‌.

താപഗതികത്തിലൂന്നിയുള്ള പ്രപഞ്ചത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരണം പ്രത്യേക ശ്രദ്ധയർഹിക്കുന്നു. ഇരുണ്ട ഉൗർജം പ്രപഞ്ചത്തിന്റെ പരിണാമത്തിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള ആശയങ്ങളും അപ്രകാരം തന്നെ. പല ഗവേഷണങ്ങളും പാതിവഴിക്കാക്കിയാണ്‌ അദ്ദേഹം അകാലത്തിൽ വിടപറഞ്ഞത്‌. ഇനിയും അതുല്യമായ സംഭാവനകൾ ശാസ്ത്രലോകം പ്രതീക്ഷിച്ചിരുന്നു. എനിക്ക്‌ സ്വകാര്യമായ നഷ്ടങ്ങൾ പലതാണ്‌. പ്രഭാഷണങ്ങൾ യുട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുമ്പോൾ ഇനി ആരും അറിയിക്കാനില്ല. ക്വാണ്ടം ഗുരുത്വത്തെക്കുറിച്ച്‌ മലയാളത്തിൽ വിശദീകരിച്ചു തരാനും തത്കാലം ആരുമില്ല. 

പുരസ്കാരങ്ങൾ
ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ യങ് സയന്റിസ്റ്റ് അവാർഡ് (1984). പദ്മശ്രീ (2007). ഒൻപതുതവണ വിവിധ ഗവേഷണ പുരസ്കാരങ്ങൾ നേടി (1984, 2002, 2003, 2006, 2008, 2012, 2014, 2018, 2020) കേരള ശാസ്ത്രപുരസ്കാരം (2021)

(ശാസ്ത്രലേഖകനും സ്വതന്ത്ര ഗവേഷകനുമാണ്‌ ലേഖകൻ)