ലോക റേഡിയോദിനം ഇന്ന്‌

മുസോളിനി ഭരിച്ചിരുന്ന കാലത്ത് ഇറ്റലിയിൽ നടന്ന കഥയാണിത്‌. സർക്കാർ, നാട്ടുകാർക്കിടയിൽ സൗജന്യമായി റേഡിയോകൾ വിതരണംചെയ്തു. പക്ഷേ, ആ റേഡിയോകൾക്ക് ഒരു പ്രശ്നമുണ്ടായിരുന്നു: അതിൽ ഒരേയൊരു സ്റ്റേഷൻമാത്രമേ കിട്ടുകയുള്ളൂ. ആ സ്റ്റേഷൻ നടത്തിയിരുന്നതാകട്ടെ ഇറ്റലിയിലെ ഭരണകക്ഷിയായിരുന്ന ഫാസിസ്റ്റ് പാർട്ടിയും. റേഡിയോ തുറക്കുമ്പോഴെല്ലാം ഇറ്റലിക്കാർ സർക്കാർ വാർത്തകൾമാത്രം കേൾക്കാൻ നിർബന്ധിതരായി.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലെ റേഡിയോ വാർത്തകളുടെ സ്ഥിതിയും ഇതിൽനിന്ന് വ്യത്യസ്തമല്ല. ഓൾ ഇന്ത്യ റേഡിയോക്കപ്പുറം ഇന്ത്യയിൽ റേഡിയോവാർത്തകളില്ല. സ്വകാര്യമേഖലയിലുള്ള എഫ്.എം. സ്റ്റേഷനുകൾ അവരുടേതായ വാർത്തകൾ നൽകുന്നതിൽ ഇന്ത്യയിൽ വിലക്ക് നിലവിലുണ്ട്‌.

എഫ്.എം. വന്നതിനുശേഷം ലോകമെമ്പാടും റേഡിയോ എന്ന മാധ്യമത്തിന്‌ ഒരു പുതുജീവൻ ലഭിച്ചു. ഇതിന്‌ രണ്ടുകാരണങ്ങളുണ്ട്‌: ആദ്യത്തേത്, റേഡിയോ എന്ന മാധ്യമത്തിന്റെ പ്രകൃതി. അത് ജീവിതത്തിലേക്ക്‌ നുഴഞ്ഞുകയറുന്നില്ല (nonitnrusive). ആധുനികജീവിതത്തിന്‌ ഏറ്റവും അനുയോജ്യം. കാലത്ത് എഴുന്നേറ്റ് പണിക്കുപോകാൻ തയ്യാറാകുന്ന അവനെയോ അവളെയോ നേരിട്ടുബാധിക്കാതെ റേഡിയോ നിർബാധം പശ്ചാത്തലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കും. അതുകൂടാതെ, ഇന്നത്തെക്കാലത്ത് ദീർഘദൂരം സഞ്ചരിച്ചാലേ പണിസ്ഥലത്ത് പലർക്കും എത്താൻകഴിയൂ. ഈ ദീർഘയാത്രകളാണ്‌ എഫ്.എം. റേഡിയോയുടെ ജനപ്രീതിയിൽ വലിയ പങ്കുവഹിക്കുന്നത്‌.
രണ്ടാമത്തെ കാരണം, എഫ്.എമ്മിനുമുമ്പുണ്ടായിരുന്ന ഷോർട്ട് വേവ് അല്ലെങ്കുൽ  എ.എം. റേഡിയോകളുടെ പ്രസരണപരിധി വളരെ വലുതാണ്‌. വലിയ ഭൂവിഭാഗത്തിൽ എത്തിക്കാനുള്ളതുകൊണ്ട്‌ ഈ സങ്കേതികവിദ്യകൾ ഉപയോഗിച്ച് നടത്തുന്ന പ്രക്ഷേപണങ്ങളുടെ ഉള്ളടക്കം ഏകീകൃതവും നാനാത്വം കുറഞ്ഞവയുമാണ്‌. എന്നാൽ, ഒരു പട്ടണത്തിലോ ജില്ലയിലോമാത്രം ഒതുങ്ങുന്ന എഫ്.എമ്മിന്റെ  സാങ്കേതികപരിമിതിതന്നെയാണ്‌ അതിന്റെ കരുത്തും. ലോകം ചുരുങ്ങി നിങ്ങളുടെ പട്ടണമാകുന്നു. ഉള്ളടക്കത്തിലെ നാട്ടുരുചിയും വൈവിധ്യവുമാണ്‌ എഫ്.എമ്മിനെ ആധുനികകാലത്തെ ഏറ്റവും ജനപ്രിയമാധ്യമമാക്കുന്നത്‌.

ജാംബവാന്റെ കാലത്തെ നിഷേധങ്ങൾ
എഫ്.എമ്മിലൂടെ വാർത്ത പ്രക്ഷേപണംചെയ്യാൻ അനുവദിക്കാത്ത സർക്കാരിന്റെ നിലപാട് കൊളോണിയൽകാലംമുതൽ നിലനിൽക്കുന്ന യാഥാസ്ഥിതികത്വത്തിന്റെ തുടർച്ചയാണ്‌. സാറ്റലൈറ്റ് ടെലിവിഷൻ നിലവിൽവന്നപ്പോൾ അവയ്ക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുവാദമില്ലായിരുന്നു. അതിനുകാരണം ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്‌ 1885-ലെ ഒരു വകുപ്പാണ്‌: ഇന്ത്യയിൽനിന്ന് സർക്കാരിനല്ലാതെ മറ്റാർക്കും ഉപഗ്രഹങ്ങളിലേക്ക്‌ അപ്‌ലിങ്ക് ചെയ്യാനുള്ള അനുവാദമില്ലായിരുന്നു. ഇതിന്റെ ഫലമായി ആദ്യകാല സാറ്റലൈറ്റ് ടി.വി.കളായ ഏഷ്യാനെറ്റ്, സ്റ്റാർ തുടങ്ങിയ ചാനലുകൾക്ക് സിങ്കപ്പൂരിൽനിന്നും ഹോങ്കോങ്ങിൽനിന്നും അപ്‌ലിങ്ക് ചെയ്യേണ്ട സ്ഥിതിയുണ്ടായി. 1995-ലെ സുപ്രീംകോടതിയുടെ ഒരു വിധിക്കുശേഷം ടെലിവിഷൻമേഖല ഇന്ത്യയിൽ മലർക്കെത്തുറന്നു. അവയിലൂടെ നിങ്ങൾക്ക് വാർത്തകളും വാർത്താവിശേഷങ്ങളും കേൾക്കാം. എന്നാൽ, തികച്ചും വിവേചനപരമായി, എഫ്.എമ്മിൽ വാർത്തകൾക്കുള്ള വിലക്ക് തുടരുന്നു.

ഇതെല്ലാം നടക്കുന്നത്‌ ഇന്റർനെറ്റിന്റെ കാലത്താണെന്നുകൂടി ഓർക്കുക. നെറ്റിൽ അതിർത്തികളില്ല; അനവരതം വാർത്തകൾ പ്രവഹിക്കുന്നു. അവയിൽ പലതും കളവാണെന്നുകൂടി കണക്കിലെടുക്കുക. വാർത്തകൾ പ്രക്ഷേപണംചെയ്യുന്നതിൽ വിലക്കുള്ള കേരളത്തിലെ ഒരു എഫ്.എം. സ്റ്റേഷൻ ദുബായിൽനിന്ന് പ്രക്ഷേപണംചെയ്യുകയാണെങ്കിൽ അതിൽ വാർത്തകളുമാകാം. ദുബായിലെ ആ സ്റ്റേഷന്റെ ആപ്പ് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് ഇന്ത്യയിലും വാർത്തകൾ കേൾക്കാം. വിവരസങ്കേതികവിദ്യ ഇത്രയും വളർന്നിരിക്കുന്ന സ്ഥിതിയിൽ ജാംബവാന്റെ കാലത്തെ നിഷേധങ്ങൾക്ക് എന്തുയുക്തി?

നേരറിയിക്കാനുതകുന്ന മാധ്യമം
ആകാശവാണി വാർത്തകൾ അതുപോലെത്തന്നെ പ്രക്ഷേപണംചെയ്യാനുള്ള അവകാശം കേന്ദ്രസർക്കാർ എഫ്‌.എം. റേഡിയോകൾക്ക് നൽകിയിട്ടുണ്ട്‌. ഒരു രീതിയിൽ പറഞ്ഞാൽ മുസോളിനിചെയ്ത കാര്യംതന്നെയാണിത്‌. സർക്കാർവാർത്തകൾക്ക് കൂടുതൽ ശ്രോതാക്കളെ കണ്ടെത്തുക. പല എഫ്.എം. ചാനലുകളും ഇതിനായുള്ള ലൈസൻസെടുത്തെങ്കിലും ആരും ആകാശവാണി വാർത്തകൾ പ്രക്ഷേപണംചെയ്യുന്നില്ല. എഫ്.എം. റേഡിയോ സ്റ്റേഷനുകളെ വാർത്ത പ്രക്ഷേപണംചെയ്യാൻ അനുവദിച്ചാൽ, കേന്ദ്രീകൃതമായി സൃഷ്ടിക്കുന്ന ആകാശവാണിവാർത്തകൾക്കുപകരം അവയിൽനിന്ന് പ്രാദേശികമായ ഊഷ്മളതകലരുന്ന വാർത്തകൾ പ്രതീക്ഷിക്കാം. വാർത്തകളിൽ പ്രാദേശികതയുടെ പ്രാധാന്യം മനസ്സിലാക്കിയതുകൊണ്ടാണ്‌ വാർത്താപത്രങ്ങൾ വിവിധ നഗരങ്ങളിൽ എഡിഷനുകൾ തുടങ്ങുന്നത്‌.

എഫ്.എമ്മിനെ ആർക്കാണുപേടി? ഒരുപക്ഷേ, അവസാനത്തേതും അതുപോലെത്തന്നെ അർഥശൂന്യവുമായ വാർത്തകൾക്കുമേലുള്ള സർക്കാർകുത്തക തകരാതെ സൂക്ഷിക്കുക എന്നതായിരിക്കാം അധികൃതരുടെ ലക്ഷ്യം. ഇതുസംബന്ധിച്ച് 2017-ലെ ഒരു സുപ്രധാന സുപ്രീംകോടതി കേസിൽ കേന്ദ്രസർക്കാർ നൽകിയ ഔദ്യോഗികഭാഷ്യം സ്വകാര്യവ്യക്തികളുടെ, എൻ.ജി.ഒ.യുടെ കൈകളിൽ പ്രത്യേകിച്ചും വടക്കുകിഴക്കൻ ഇന്ത്യയിൽ വാർത്ത സുരക്ഷിതമല്ല എന്നായിരുന്നു. പ്രസരണതരംഗങ്ങൾ പൊതുമുതലാണെന്നും അത്‌ വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് ഉതകുന്നരീതിയിൽ ഉപയോഗിക്കണമെന്നുമുള്ള കോടതിയുടെ പരാമർശത്തിൽ സർക്കാർ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. പ്രകൃതിദുരന്തങ്ങളുടെയും ലഹളകളുടെയും സമയത്ത് സർക്കാരിന്‌ ഏറ്റവും സഹായമാകുന്ന ഒരു ജിഹ്വയെയാണ്‌ അവർ മൗനമാക്കിയിരിക്കുന്നത്. സ്ഫോടനാത്മകമായ കപടവാർത്തകൾ പ്രചരിക്കുന്ന ഇക്കാലത്ത്,  നേരറിയിക്കാൻ എഫ്.എമ്മിനെക്കാൾ പറ്റിയ മാധ്യമം വേറെയേത്?


ലോകമെങ്ങും വാർത്തകൾ ഇന്ത്യയിൽ വിലക്ക്

ഇന്ത്യയിലെ സ്വകാര്യ എഫ്.എം. നിലയങ്ങൾക്ക് ഇപ്പോഴും വാർത്തകൾ നൽകാൻ അനുമതിയില്ല. എന്തുകൊണ്ട് ഈ വേർതിരിവ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇപ്പോഴുമില്ല.
വേണമെങ്കിൽ പ്രസാർ ഭാരതി കോർപ്പറേഷന്റെ കീഴിലുള്ള ആകാശവാണിവാർത്തകൾ പുനഃസംപ്രേഷണം ചെയ്യാമെന്നുമാത്രമാണ് എഫ്.എം. നിലയങ്ങൾക്കുള്ള നിർദേശം. മലയാളികൾ  പ്രവാസികളായുള്ള വിദേശരാജ്യങ്ങളിലെല്ലാം അവരുടെ പ്രധാന വാർത്താസ്രോതസ്സ് സ്വകാര്യ എഫ്.എം. റേഡിയോ നിലയങ്ങളാണ്. നാട്ടിലെ വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുകയും നാട്ടിലെ വിവാദവിഷയങ്ങളിൽ ചർച്ച സംഘടിപ്പിക്കുന്നതുമെല്ലാം അവിടങ്ങളിൽ പതിവാണ്. ഏറ്റവും കൂടുതൽ പ്രവാസി മലയാളികളുള്ള യു.എ.ഇ.യിൽമാത്രം ക്ലബ്ബ് എഫ്.എം. ഉൾപ്പെടെ അഞ്ചുനിലയങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. സ്വകാര്യ ടെലിവിഷൻ ചാനലുകളും നൂറുകണക്കിന് ഓൺലൈൻ മാധ്യമങ്ങളും നിലവിൽ വാർത്തകൾ യഥേഷ്ടം സംപ്രേഷണംചെയ്യുമ്പോൾ സ്വകാര്യ റേഡിയോ സ്റ്റേഷനുകൾക്കുമാത്രം എന്താണ് വിലക്ക് എന്ന ചോദ്യം വർഷങ്ങളായി ഉയരുന്നു.
മൂന്നുവർഷംമുമ്പ് ഇക്കാര്യം സുപ്രീംകോടതിയിലുമെത്തി. എന്താണ് ഇത്തരമൊരു വിവേചനം എന്നായിരുന്നു ജസ്റ്റിസുമാരായ ജെ.എസ്. ഖേഹറും ഡി.വൈ. ചന്ദ്രചൂഡുമുൾപ്പെട്ട ബെഞ്ച് ചോദിച്ചത്. 2013-ലാണ് റേഡിയോ വാർത്തകളുടെ കുത്തകാവകാശവുമായി പ്രസാർ ഭാരതി ഉത്തരവിട്ടത്. അതുസംബന്ധിച്ച തർക്കം പല തലങ്ങളിലൂടെയാണ് സുപ്രീംകോടതിവരെയെത്തിയത്. അമേരിക്കയിൽ ഇപ്പോൾ പതിനഞ്ചായിരത്തിലേറെ എഫ്.എം. റേഡിയോ നിലയങ്ങളുണ്ട്. എല്ലാവരും വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നു. യൂറോപ്യൻ രാജ്യങ്ങളിലും ഇതേ രീതിയിലാണ് പ്രവർത്തനം.