ഇന്ത്യന്‍ ബഹിരാകാശഗവേഷണത്തിന്റെ പിതാവെന്ന് അറിയപ്പെടുംവിധം വിക്രം സാരാഭായിയെ ആ രംഗത്തേക്ക് നയിച്ചത് എന്താണ്? ശാസ്ത്രതത്ത്വങ്ങള്‍ ജനജീവിതനിലവാരം ഉയര്‍ത്താന്‍ ഉപകരിക്കണമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് അതെന്ന് ഐ.എസ്.ആര്.ഒ.യുടെ മുന്‍ ചെയര്മാന് ഡോ. ജി. മാധവന് നായര്‍ കരുതുന്നു. നമ്മള് സിവിലിയന്‍ (ജനജീവിതം മെച്ചമാക്കാനുള്ള) ആവശ്യങ്ങള്‍ക്കാണ് ഈ ഗവേഷണം ഉപയോഗിക്കുകയെന്ന് ആദ്യമേ സാരാഭായി പറഞ്ഞിരുന്നു. ആ കാഴ്ചപ്പാടാണ് ഇന്നും ഐ.എസ്.ആര്.ഒ.യെ നയിക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശഗവേഷണത്തിന് അടിത്തറയുണ്ടായ ആദ്യ കുറച്ചു വര്‍ഷങ്ങളില്‍, സാരാഭായിയുടെ കീഴില്‍ ജോലിചെയ്ത അനുഭവസമ്പത്തുള്ള ഡോ. ജി. മാധവന് നായര്‍ മാതൃഭൂമി ലേഖകന്‍ കെ.എസ്. വിപിനചന്ദ്രനുമായി സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങള്‍
നേതൃഗുണം
വികസിത രാജ്യങ്ങളെ അപേക്ഷിച്ച്, ഇരുപതുകൊല്ലമെങ്കിലും പിന്നിലായിരുന്നു ഇന്ത്യയുടെ തുടക്കം. ഏകദേശം 1968വരെ സ്പേസ് ക്ലബ്ബില്‍ (ബഹിരാകാശഗവേഷണക്കൂട്ടം) ലോകത്ത് അഞ്ചംഗങ്ങളേ ഉണ്ടായിരുന്നുള്ളൂ; യു.എസും സോവിയറ്റ് യൂണിയനും ചൈനയും ജപ്പാനും യൂറോപ്പും. അവര്‍ സൈനികാവശ്യങ്ങള്‍ക്ക് റോക്കറ്റ് ഉപയോഗിക്കുന്നവരായിരുന്നു. അവരുടെ ഒപ്പം നില്ക്കാന് കഠിനമായ ശ്രമമാണ് ഇന്ത്യയ്ക്കു വേണ്ടിവന്നത്. അന്താരാഷ്ട്രവേദികളില്പ്പോയി, മറ്റു രാജ്യങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് സാരാഭായി പഠിച്ചു. അദ്ദേഹം അവതരിപ്പിച്ച പല ആശയങ്ങള്‍ അവര്‍ക്കും സ്വീകാര്യമായി. പ്രത്യേകിച്ച്, ബഹിരാകാശം സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കേണ്ടതെന്ന കാഴ്ചപ്പാട്. തിരുവനന്തപുരത്ത് തുമ്പയിലെ മധ്യരേഖാ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന് (ടേള്‍സ്) അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കാനും ഈ നയം ഉപകാരപ്പെട്ടു.
ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്താവളത്തിനു കണ്ടുവെച്ച തുമ്പ പൂര്‍ണമായി ഒഴിപ്പിച്ചെടുക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിരുന്നില്ല. (പുരാതനമായ മേരി മഗ്ദലിന്‍ പള്ളി അവിടെയുള്ളതായിരുന്നു കാരണം). സാരാഭായി നേരെ ബിഷപ്പ് പീറ്റര്‍ ബര്‍ണാഡ് പെരേരയെ ചെന്നുകണ്ടു. ബഹിരാകാശഗവേഷണം ജനജീവിതത്തിന് വളരെ ഉപകരിക്കുമെന്ന് ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ബിഷപ്പ് മുഖേന അടുത്ത ദിവസം പള്ളിയില്‍വെച്ച് വിശ്വാസികളെയും ബോധ്യപ്പെടുത്തിയതുകൊണ്ടാണ് ടേള്‍സ് സ്ഥാപിക്കാനായത്.
ഗവേഷണത്തിന്റെ ആവശ്യം
സാരാഭായി വളരെ പ്രായോഗിക ചിന്താഗതിക്കാരനായിരുന്നു. വലിയ ശാസ്ത്രതത്ത്വം ചര്‍ച്ചചെയ്യുമ്പോഴും അതിലൂടെ ഉടനെ സാധാരണക്കാരുടെ ജീവിതനിലവാരം എങ്ങനെ ഉയര്‍ത്താനാകും എന്നാണ് ചിന്തിച്ചിരുന്നത്. അതിനാണ് അദ്ദേഹം ഗവേഷണപരിപാടി തയ്യാറാക്കിയത്. ടേള്സിനെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാഷ്ട്രത്തിനു സമര്‍പ്പിച്ച ചടങ്ങില്‍ സാരാഭായി നടത്തിയ ദൗത്യപ്രസ്താവനയുടെ സാരവും അതുതന്നെ.
ഉപഗ്രഹ സാങ്കേതികവിദ്യ ഗ്രാമവികസനത്തിന് ഉപയോഗിക്കാമെന്ന് അദ്ദേഹം ചിന്തിച്ചു. നാസ എ.ടി.എസ്.6 എന്ന ഉപഗ്രഹം ഉണ്ടാക്കാന്‍ തുടങ്ങിയതേയുള്ളൂ. അപ്പോഴാണ് ഗ്രാമവികസനത്തെ സഹായിക്കുന്ന പരിപാടികള്‍ ടി.വി.യിലൂടെ കാണിക്കാന്‍ അദ്ദേഹം ആ ഉപഗ്രഹത്തിന്റെ സേവനം കിട്ടുന്നതിന് അവരോടു ബന്ധപ്പെട്ടത്. സാരാഭായിയുടെ കാലത്തിനുശേഷമാണെങ്കിലും സൈറ്റ് അങ്ങനെ യാഥാര്‍ഥ്യമായി.
(ഇന്ത്യയിലെ 2400 ഗ്രാമങ്ങളില്‍ ടി.വി. സെറ്റും കൂറ്റന്‍ ഡിഷ് ആന്റിനകളും കൊണ്ടുവെച്ച്, രണ്ടുലക്ഷത്തോളം ജനങ്ങള്‍ക്ക് ബോധവത്കരണപരിപാടികള്‍ എത്തിച്ച സൈറ്റ് എന്ന സാറ്റലൈറ്റ് ഇന്‍സ്ട്രക്ഷണല്‍ ടെലിവിഷന്‍ എക്സ്പിരിമെന്റ് ലോകത്തെ ഏറ്റവും വലിയ സാമൂഹികശാസ്ത്രപരീക്ഷണമായി കരുതപ്പെടുന്നു.).
സാരാഭായിയുടെ കാഴ്ചപ്പാട് ഇന്നും പ്രസക്തമാണ്. നമ്മള് ചന്ദ്രയാനും മറ്റുമൊക്കെ വിക്ഷേപിക്കുമ്പോള്‍, ബഹിരാകാശഗവേഷണംകൊണ്ട് സാധാരണക്കാര്‍ക്ക് എന്തു പ്രയോജനമെന്ന ചോദ്യത്തിനു മറുപടി പറയേണ്ടിവരാറുണ്ട്. ഭൗമനിരീക്ഷണവും പ്രകൃതിവിഭവങ്ങള്‍ കണ്ടെത്തലും വാര്‍ത്താവിനിമയവും ടെലിവിഷന്‍ സംവിധാനവും കാലാവസ്ഥാപ്രവചനവും ദുരന്തനിവാരണവുമൊക്കെ ബഹിരാകാശഗവേഷണത്തിന്റെ സഹായംകൊണ്ട് നടക്കുന്നതാണ്.
പ്രവര്‍ത്തനസംസ്കാരം
തന്റെ കീഴിലുള്ള ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും കഴിവുകളില്‍ സാരാഭായിക്കു തികഞ്ഞ വിശ്വാസമുണ്ടായിരുന്നു. സഹപ്രവര്‍ത്തകരാണ് തന്റെ ശക്തിയെന്നു വിശ്വസിച്ചു. സൗഹൃദമത്സരംപോലെ, ഓരോ രൂപകല്പനാദൗത്യവും അവരുടെ പല സംഘങ്ങളെക്കൊണ്ട് ഒരേസമയം ചെയ്യിച്ച്, ഏറ്റവും നല്ല മാതൃക തിരഞ്ഞെടുത്തിരുന്നു. മികച്ച സാങ്കേതികവിദ്യ ഉരുത്തിരിയാനായിരുന്നു അത്. ഉപഗ്രഹവിക്ഷേപണ റോക്കറ്റ് എന്തെന്നു തിട്ടമില്ലാതിരുന്ന കാലത്ത്, എ.പി.ജെ. അബ്ദുല്‍ കലാം ഉള്‍പ്പെടെയുള്ള, അന്നത്തെ യുവശാസ്ത്രജ്ഞരുടെ സംഘങ്ങളെ അതിന്റെ ആദ്യ രൂപകല്പനാദൗത്യം ഏല്‍പ്പിക്കാനുള്ള വിശാല കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു.
ഉപഗ്രഹവിക്ഷേപണവാഹനത്തിനുള്ള ടെലിക്കമാന്ഡ് സംവിധാനത്തിന്റെ രൂപകല്പന പലരില്‍നിന്നും ക്ഷണിച്ചിരുന്നു. ജോലിയില്‍ ചേര്‍ന്ന് രണ്ടുകൊല്ലം മാത്രമായ മാധവന് നായരും അതു തയ്യാറാക്കി. മുതിര്‍ന്നവര്‍ ഉണ്ടാക്കിയതിനെക്കാള്‍ മെച്ചം അതാണെന്നുകണ്ട് സാരാഭായി അംഗീകരിച്ചു. അല്ലായിരുന്നെങ്കില്‍, താന്‍ ഐസ്.ആര്.ഒ.യില്‍ ഒരു സാധാരണ എന്ജിനിയര്മാത്രമായിരുന്നേനെയെന്ന് മാധവന്‍നായര്‍ പറയുന്നു.
എത്ര വിഷമം പിടിച്ച സാഹചര്യത്തിലും സാരാഭായിയെ ക്ഷോഭിച്ചുകണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണവും അതുതന്നെ. പ്രശ്നമുണ്ടെങ്കില്‍, എങ്ങനെ പരിഹരിക്കാമെന്നേ ചിന്തിച്ചിരുന്നുള്ളൂ. ഒരു തവണ റോക്കറ്റ് വിക്ഷേപിച്ച് രണ്ടു സെക്കന്‍ഡിനകം പരാജയപ്പെട്ടു. ആ ദൗത്യത്തിന്റെ ചുമതലക്കാരന് വളരെ ദുഃഖിതനായി. സാരാഭായി അടുത്തുചെന്നു തോളത്തു കൈവെച്ച് ചോദിച്ചു, നമുക്ക് അടുത്തത് എപ്പോള്‍ ചെയ്യാനാകും എന്ന്. പരാജയമുണ്ടായാല്‍ ആരെയെങ്കിലും ബലിയാടാക്കുക എന്ന രീതി ഉണ്ടായിരുന്നില്ല. കാരണം കണ്ടുപിടിച്ച്, അടുത്തതില്‍ പരിഹരിക്കും. സാരാഭായിയുടെ പിന്‍ഗാമികളും അതുതന്നെയാണു ചെയ്തത്.
ജനജീവിതം മെച്ചമാക്കാനാണ് പ്രവര്‍ത്തിക്കേണ്ടതെന്നും സഹപ്രവര്ത്തകരിലാണ് തന്റെ ശക്തിയെന്നും സാരാഭായിയും ഡോ. എം.എസ്. സ്വാമിനാഥനും ഡോ. വി. കുര്യനുമൊക്കെ വിശ്വസിച്ചു. അതുകൊണ്ടാണ് അവര്‍ നയിച്ച പ്രസ്ഥാനങ്ങള്‍ വളരെ മുന്നോട്ടുപോയത്. ആ പ്രവര്‍ത്തനസംസ്കാരം മറ്റു പല പൊതുസ്ഥാപനങ്ങള്‍ക്കും ഇല്ലാത്തതാണ് അവ മുന്നേറാത്തതിനു കാരണം.
ആദ്യം കണ്ടപ്പോള്‍....
സാരാഭായിയെ ആദ്യം കണ്ട നിമിഷം തന്റെ മുന്‍ധാരണ തകിടംമറിഞ്ഞെന്ന് മാധവന് നായര്‍ ഓര്‍ക്കുന്നു.
മാധവന് നായര്‍ ജോലിയില്‍ ചേര്‍ന്നത് 1967-ലാണ്. ടേള്സില് ഡോ. എ.പി.ജെ. അബ്ദുല്‍കലാമിന്റെ കീഴിലായിരുന്നു തുടക്കം. സാരാഭായി ടേള്സില് വരുമ്പോഴൊക്കെ ജീവനക്കാര്‍ക്ക് വലിയ ആഘോഷമായിരുന്നു. മാധവന് നായര്‍ ചേര്‍ന്ന് ഒരുമാസം ആകാറായപ്പോള്‍ അദ്ദേഹം വന്നു. സമ്പന്ന കുടുംബാംഗമായ ആ ഉന്നത ശാസ്ത്രജ്ഞന് കോട്ടും സ്യൂട്ടുമൊക്കെ ധരിച്ചാവും വരുന്നതെന്ന് പ്രതീക്ഷിച്ചു. പൈജാമയും കുര്‍ത്തയും ചെരുപ്പും ധരിച്ച്, ഒരു സാധാരണക്കാരനെപ്പോലെയാണ് അദ്ദേഹം വന്നത്. ടേള്സിലെ ഒരു പഴയ കെട്ടിടം അതിഥിമന്ദിരമാക്കിയിരുന്നു. അവിടെ ഉച്ചഭക്ഷണത്തിന് എത്താന്‍ സഹപ്രവര്‍ത്തകരെ അദ്ദേഹം വിളിച്ചിരുന്നു. അവിടെച്ചെന്ന് അറ്റന്‍ഷനായി കാത്തുനിന്നു. വന്നയുടന്‍, സാരാഭായി നേരെ അടുക്കളയിലേക്കാണു പോയത്: ''ചെല്ലപ്പാ, ഇന്ന് കഴിക്കാന്‍ എന്തൊക്കെയുണ്ട്'' എന്നു ചോദിച്ചു. കേരളത്തിലെ വിഭവങ്ങള്‍ അദ്ദേഹത്തിന് ഇഷ്ടമാണെന്ന് പാചകക്കാരന് ചെല്ലപ്പന് അറിയാമായിരുന്നു. സാമ്പാറും ഓലനും കാളനുമൊക്കെ ഉണ്ടെന്നറിഞ്ഞ് അദ്ദേഹം സ?േന്താഷിച്ചു. പിന്നീടാണ് ശാസ്ത്രജ്ഞരെ കാണാന്‍ വന്നത്. കേരളത്തില്‍ വരുമ്പോള്‍, കഥകളി കാണുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു.
(മേല്പറഞ്ഞ ഉച്ചവിരുന്നിനുശേഷം ശാസ്ത്രജ്ഞരോടും സാങ്കേതികവിദഗ്ധരോടും സാരാഭായി പറഞ്ഞ കാര്യം മാധവന്‍നായര്‍ അഗ്നിപരീക്ഷകള്‍ എന്ന ആത്മകഥയില്‍ എഴുതിയിട്ടുണ്ട്: നാം ചെറിയ സൗണ്ടിങ് റോക്കറ്റുകളില്‍ മികച്ച വൈദഗ്ധ്യം നേടിക്കഴിഞ്ഞു. ഇനി സ്വന്തമായി ഒരു കൃത്രിമ ഉപഗ്രഹം ഭൂമിക്കു ചുറ്റുമുള്ള ഒരു ഭ്രമണപഥത്തില്‍ എങ്ങനെ എത്തിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കണം. അ വാക്കുകള്‍ യുവശാസ്ത്രജ്ഞരുടെ മുഖങ്ങളില്‍ ധിഷണയുടെ ഉന്നതമായ തിരമാലകള്‍ സൃഷ്ടിക്കുന്നത് തനിക്കു കാണാന്‍ കഴിഞ്ഞെന്ന് മാധവന് നായര്‍ എഴുതിയിട്ടുണ്ട്.)
വിദൂരനിയന്ത്രണം
തുടക്കത്തില്‍ ഇന്ത്യന്‍ ബഹിരാകാശഗവേഷണത്തിന്റെ ഓഫീസ് അഹമ്മദാബാദിലെ പി.ആര്.എല്ലിലും പ്രധാന പണികളെല്ലാം തുമ്പയിലുമായിരുന്നു. തിരുവനന്തപുരത്ത് താമസിക്കാതെ തന്നെ, സാരാഭായി ചിട്ടയായി ഏകോപിപ്പിച്ചു. അദ്ദേഹം മാസത്തില്‍ ഒരു തവണയെങ്കിലും വരുമായിരുന്നു. രണ്ടു മൂന്നു ദിവസം തിരുവനന്തപുരത്ത് തങ്ങി കാര്യങ്ങള്‍ വിലയിരുത്തുകയും ചര്‍ച്ചകള്‍ നടത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം കൊടുക്കുകയും ചെയ്തിരുന്നു. സഹപ്രവര്‍ത്തകരെ ൈകയിലെടുക്കാന് അതുകൊണ്ടുതന്നെ കഴിഞ്ഞു. ഒരിക്കല്‍ ഇടപെട്ടവരെപ്പോലും ആരാധകരാക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
അവസാന സന്ദര്‍ശനം
പതിവുസന്ദര്ശനംപോലെ 1971 ഡിസംബര്‍ ഒടുവില്‍ സാരാഭായി ടേള്സില് വന്നു. 29-ാം തീയതി കാര്യങ്ങള്‍ വിലയിരുത്തി രാത്രി പത്തരയോടെ കോവളത്ത് ഹോട്ടല്‍ മുറിയിലേക്കുപോയി. അദ്ദേഹം അന്തരിച്ചുവെന്ന വാര്‍ത്ത പിറ്റേന്നു രാവിലെ കേട്ട് എല്ലാവരും നടുങ്ങി. ഹൃദ്രോഗമാണ് കാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അതിനുമുമ്പ് ഒരാഴ്ചയോളം സാരാഭായി ദിവസവും രണ്ടോ മൂന്നോ മണിക്കൂറേ ഉറങ്ങിയിരുന്നുള്ളൂവെന്നാണ് സെക്രട്ടറി വാര്യര്‍ പിന്നീട് പറഞ്ഞ് അറിഞ്ഞത്. അത്രയും ജോലിത്തിരക്കിന്റെ സമ്മര്‍ദം അദ്ദേഹത്തെ ബാധിച്ചിരിക്കാം.
കാലത്തിനുമുമ്പേ...
സാരാഭായി അന്തരിച്ച് നാലുകൊല്ലത്തോളം കഴിഞ്ഞാണ് ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ടയുടെ വിക്ഷേപണം നടന്നത്. ഉപഗ്രഹവിക്ഷേപണംപോലെ പില്ക്കാലത്തു ചെയ്യേണ്ട പല പരിപാടികളുടെയും ആശയം അദ്ദേഹം തയ്യാറാക്കിയിരുന്നു. അന്തരിക്കുന്നതിനും ആറുമാസംമുമ്പ് അദ്ദേഹം ചെയ്ത ഒരു പ്രഭാഷണത്തിന്റെ ശബ്ദരേഖ അഹമ്മദാബാദിലെ മ്യൂസിയത്തിലുണ്ട്. അതുകേട്ട് താന്‍ അദ്ഭുതപ്പെട്ടത് മാധവന് നായര്‍ ഓര്‍ക്കുന്നു. ഗ്രാമങ്ങളില്‍ കംപ്യൂട്ടര്‍ ബന്ധം കൊണ്ടുവരുന്ന കാര്യമായിരുന്നു പ്രഭാഷണത്തില്‍. അക്കാലത്ത് രാജ്യത്തെ അപൂര്‍വം ഉന്നത ഗവേഷണസ്ഥാപനങ്ങളിലേ കംപ്യൂട്ടര്‍ ഉണ്ടായിരുന്നുള്ളൂ.
ജീവിതരേഖ
ജനനം അഹമ്മദാബാദിലെ ജൈനകുടുംബത്തില്‍ 1919 ഓഗസ്റ്റ് 12-ന് വ്യവസായിയായിരുന്ന അംബാലാല്‍ സാരാഭായിയുടെയും സരളാദേവിയുടെയും എട്ടുമക്കളിലൊരാള്. പല മുന്‍നിര ദേശീയനേതാക്കളും കുടുംബസുഹൃത്തുക്കളായിരുന്നു. അവരുടെ സന്ദര്‍ശനം വിക്രമിന്റെ കാഴ്ചപ്പാട് വളരാന്‍ സഹായിച്ചു. വിക്രമിന് ഇംഗ്ലണ്ടില്‍ ഉപരിപഠനത്തിനു ചേരാന്‍ ശുപാര്‍ശക്കത്ത് കൊടുത്തത് മഹാകവി രവീന്ദ്രനാഥ ടാഗോറാണെന്നാണ് കേള്‍വി.
ഉപരിപഠനം: കേംബ്രിജ് സര്‍വകലാശാലയിലെ സെയ്ന്റ് ജോണ്‍സ് കോളേജില്‍. ഗവേഷണം: ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ കോസ്മിക് രശ്മികളെപ്പറ്റി സി.വി. രാമനു കീഴില്‍. കേംബ്രിജില്‍; പിഎച്ച്.ഡി. നേടി.
ഭാര്യ: മൃണാളിനി സാരാഭായി (2016 ജനുവരി 21-ന് അന്തരിച്ചു.)
മക്കള്‍: കാര്‍ത്തികേയ സാരാഭായി (ശാസ്ത്രകാരന്), മല്ലിക സാരാഭായി (നര്‍ത്തകി).
സ്ഥാപിച്ച ചില പ്രധാന സംരംഭങ്ങള്‍
അഹമ്മദാബാദിലെ പി.ആര്.എല്‍.
തിരുവനന്തപുരത്തെ ടേള്‍സ് (പില്ക്കാലത്തെ വി.എസ്.എസ്.സി.)
അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ (സാരാഭായി തുടക്കമിട്ട ആറു സ്ഥാപനങ്ങള്‍ ഏകോപിപ്പിച്ചത്)
തമിഴ്നാട്ടിലെ കല്പാക്കത്തെ ആണവോര്ജനിലയമായ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍
കൊല്‍ക്കത്തയിലെ വേരിയബ്ള്‍ എനര്‍ജി സൈക്ലോട്രോണ്‍ പ്രോജക്ട്
ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ്
യുറേനിയം കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ്
വഹിച്ച പദവികള്‍
പി.ആര്.എല്‍. ഡയറക്ടര്‍.
മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിസിറ്റിങ് പ്രൊഫസര്‍
സി.എസ്.ഐ.ആര്. (കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്) ഭരണസമിതിയംഗം
ഇന്‍കോസ്പാര്‍ ചെയര്മാന് (1962-'69)
ഇന്ത്യന്‍ ആണവോര്ജക്കമ്മിഷന് ചെയര്മാന് (1966-'71)
ഐ.എസ്.ആര്.ഒ.യുടെയും ഇന്ത്യന്‍ ബഹിരാകാശക്കമ്മിഷന്റെയും ചെയര്മാന്, ബഹിരാകാശവകുപ്പ് സെക്രട്ടറി
1962-ലെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ ഊര്ജതന്ത്രവിഭാഗം അധ്യക്ഷന്‍
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പൊതുസമ്മേളനത്തിന്റെ (1970, വിയന്ന) അധ്യക്ഷന്‍
ആണവോര്‍ജം സമാധാനാവശ്യങ്ങള്‍ക്ക് എന്ന വിഷയത്തില്‍ 1971-ല്‍നടന്ന നാലാമത് യു.എന്‍. സമ്മേളനത്തിന്റെ ഉപാധ്യക്ഷന്‍.
ബഹുമതികള്‍
ശാന്തിസ്വരൂപ് ഭട്നഗര്‍ പുരസ്കാരം (1962)
പത്മഭൂഷണ്‍ (1966)
പത്മവിഭൂഷണ്‍ (1972; മരണാനന്തരം)
ഓര്‍മയ്ക്കായി...
വിക്രം സാരാഭായി അന്തരിച്ചതിനുശേഷം തിരുവനന്തപുരത്തെ ടേള്സും അനുബന്ധസ്ഥാപനങ്ങളും ഏകോപിപ്പിച്ച് വിക്രം സാരാഭായി സ്പേസ് സെന്റര്‍ (വി.എസ്.എസ്.സി.) എന്നു പേരിട്ടു.
ഐ.എസ്.ആര്.ഒ. വികസിപ്പിച്ചെടുത്ത ദ്രവറോക്കറ്റ് എന്ജിന് വികാസ് എന്നാണ് പേരിട്ടത്. വിക്രം അംബാലാല്‍ സാരാഭായി എന്നതിലെ അഞ്ച് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചേര്‍ത്താണിത്.
ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ചന്ദ്രനില്‍ ഇറങ്ങി നിരീക്ഷിക്കാനുള്ള ലാന്‍ഡറിന് വിക്രം എന്നുപേരിട്ടതും അദ്ദേഹത്തെ ഓര്‍മിച്ചാണ്.