ടെക് ലോകത്തെ ആഗോളവമ്പന്മാരെ ഗൗനിക്കാതെ വിവരസാങ്കേതികവിദ്യാ ലോകത്ത് സ്വന്തമായ വിലാസമുണ്ടാക്കിയവരാണ് ചൈനക്കാർ. പ്രമുഖ  സോഷ്യൽ മീഡിയാകമ്പനികളെ പൂർണമായും തഴഞ്ഞ് ബദലുകൾ നിർമിച്ചും  പുതുതന്ത്രങ്ങൾ പ്രയോഗിച്ചും  ചൈനീസ് ടെക് കമ്പനികൾ വൻ പ്രകടനം  കാഴ്ചവെച്ചുകൊണ്ടിരിക്കെയാണ് ഇന്ത്യയുടെ ആപ്പ് നിരോധനം വരുന്നത്. പ്രധാനമായും ചർച്ചകൾ പുരോഗമിക്കുന്നത് വിമർശനങ്ങളും കോടതിനടപടികളും അതിജീവിച്ച്  സമീപകാലത്ത് അഭൂതപൂർവമായ വളർച്ച കൈവരിച്ച ‘ടിക് ടോക്കി’നെ ചുറ്റിപ്പറ്റിയാണ്. സാധാരണക്കാരുടെ ഇടയിൽ അത്രയേറെ പ്രചാരംനേടിയ ടിക് ടോക്കിന്റെ മൊത്തം ഉപയോക്താക്കളിൽ  നല്ലൊരുപങ്കും ഇന്ത്യയിലാണ് (12 കോടി). ടിക് ടോക് നിരോധനം സാമൂഹിക മാധ്യമരംഗത്ത് പുതിയ സമവാക്യങ്ങൾ സൃഷ്ടിക്കാനും  അവസരമൊരുക്കിയിട്ടുണ്ട്.

ചൈനീസ് ചേരുവകൾ
ടിക് ടോക്കിലുള്ളതുപോലെ സാധാരണക്കാരെ കൈയിലെടുക്കാൻ തക്ക ചേരുവകളാണ് ചൈനീസ് ആപ്പുകളുടെ മുഖമുദ്ര. സ്വന്തം ചിത്രങ്ങൾ  സുന്ദരമാക്കുന്ന പൊടിക്കൈകൾമുതൽ അതിവേഗത്തിൽ ഫയൽ ട്രാൻസ്ഫർ സാധ്യമാക്കുന്നവയും സ്മാർട്ട്‌ഫോൺ സ്റ്റോറേജുകൾ അടുക്കിവെക്കുന്നവ വരെയുമുണ്ട് അവയിൽ. ജനപ്രിയതയുടെ മറവിൽ വ്യക്തിവിവരങ്ങളും  ഔദ്യോഗികരേഖകളും ഒളിച്ചുകടത്താൻ പെൻഡ്രൈവുകൾമുതൽ സോഷ്യൽ മീഡിയ ആപ്പുകൾവരെ ചൈന മറയാക്കുന്നുവെന്ന് പണ്ടേ ആരോപണമുണ്ട്. അതിനിടെ അതിർത്തിയിലെ കടന്നുകയറ്റത്തിന്റെ മറുപടിയെന്നോണമാണ് 59 ആപ്പുകൾക്ക് ഇന്ത്യ പൂട്ടിട്ടത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായവയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയുമാണ് നിരോധിച്ചതെന്ന് സർക്കാർ പറയുന്നു.

മാസ് ഡയലോഗുകൾക്കും പാട്ടുകൾക്കുമൊപ്പം ചുണ്ടുചലിപ്പിച്ചും സ്വന്തം വീഡിയോകൾ പോസ്റ്റുചെയ്ത് പ്രചരിപ്പിച്ചും ടിക് ടോക് വഴി താരങ്ങളായവരും താരശോഭ നേടിയവരും ഒട്ടേറെയാണ്‌. സമാനമായ പ്ലാറ്റ്‌ഫോമുകളെക്കാൾ  ടിക്‌ ടോക് പ്രചാരം നേടിയതും അതുകൊണ്ടുതന്നെയാണ്.

ദശലക്ഷങ്ങൾക്കിടയിൽ പെട്ടെന്ന് പ്രശസ്തിനേടിക്കൊടുക്കുന്ന തരത്തിലാണ് അതിന്റെ അൽഗരിതം. ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ എളുപ്പമുള്ള നിർമിതി.

പ്രൊഫൈലിൽ ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയുടെ അക്കൗണ്ടുകൾ ചേർക്കാനുള്ള സംവിധാനം നേരത്തേ ടിക്‌ ടോക് ഏർപ്പെടുത്തിയിരുന്നു. ആ സംവിധാനമാണ് ഇപ്പോൾ ടിക് ടോക് നിർമാതാക്കൾക്ക്‌ അനുഗ്രഹമായത്. സൗഹൃദം തുടരാൻ ഈ രണ്ട് പ്ലാറ്റ്‌ഫോമുകളിലേക്ക് ക്ഷണിച്ചുകൊണ്ട് ഉപയോക്താക്കളുടെ അറിയിപ്പുകൾ ടിക്‌ ടോക്കിലും മറ്റ് സാമൂഹികമാധ്യമങ്ങളിലും വൻതോതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അപ്‌ ലോഡ്‌ ചെയ്ത വീഡിയോകൾ ശേഖരിച്ച് പുതിയ മാധ്യമങ്ങളിലേക്ക് മാറ്റുന്ന തിരക്കിലാണ് പലരും.

കുറവുകൾ നികത്താൻ
സ്വന്തം വീഡിയോകൾ അതിസമർഥമായി എഡിറ്റുചെയ്ത് ഭംഗി വർധിപ്പിക്കാനുള്ള ഫിൽട്ടറുകളും ഇഫക്ടുകളുമെല്ലാമാണ് ടിക് ടോക്കിനെ ഇത്രയേറെ ജനപ്രിയമാക്കിയത്. ഇവയെല്ലാംചേർന്ന ആപ്പുകൾക്കുവേണ്ടി തിരയുന്ന ആരാധകരെ കൊണ്ടെത്തിക്കുന്നത് ചിംഗാരി (CHINGARI), മിത്രോം (Mtiron) എന്നീ രണ്ട് ആപ്പുകളിലേക്കാണ്. ടിക്‌ ടോക്കിന്റെ ഇന്ത്യൻ പതിപ്പ്  എന്നവകാശപ്പെടുന്ന ഈ രണ്ട് ആപ്പുകളും ഒരുദിവസംകൊണ്ട് വൻതോതിൽ ഡൗൺലോഡ് ചെയ്യപ്പെട്ടു. ഡൗൺലോഡിൽ വൻ കുതിച്ചുചാട്ടമുണ്ടായ  ചിംഗാരി ആപ്പ് ഇതുവരെ 25 ലക്ഷം പേരുടെ കൈവശമുണ്ട്.

ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസിൽ നിന്നുള്ള ഹലോ, വിഗോ വീഡിയോ, ക്വായ്, വിമേറ്റ്, ക്യു വീഡിയോ, ലൈക്കീ തുടങ്ങിയ ആപ്പുകൾ ഏറിയും കുറഞ്ഞും സമാനസ്വഭാവം കാഴ്ചവെക്കുന്നവയാണ്. ഇൻസ്റ്റഗ്രാമിന്റെ ഐ.ജി.ടി.വി. സംവിധാനം, യൂട്യൂബ്, സ്‌നാപ് ചാറ്റ് തുടങ്ങിയവകൊണ്ട് ഈ ആപ്പുകളുടെ കുറവ് നികത്താനാകും. ചെറുവീഡിയോ സ്വഭാവത്തിലുള്ള  ഇൻസ്റ്റഗ്രാമിന്റെ റീൽസ്,  അമേരിക്കയിൽ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ച ലാസ്സോ തുടങ്ങിയവ പുതിയസാഹചര്യത്തിൽ ഇന്ത്യയിലെത്തുമെന്നും വാർത്തകളുണ്ട്.

പട്ടിക അന്തിമമാവില്ല
ഷവോമി എന്ന, ഇന്ത്യയിൽ ഏറെ പ്രചാരംനേടിയ സ്മാർട്ട്‌ഫോൺ കമ്പനിയുടെ എം.ഐ. കമ്യൂണിറ്റിയടക്കം ഒട്ടേറെ ആപ്പുകൾക്ക് കൃത്യമായ  പകരക്കാരില്ലെങ്കിലും അതൊന്നും ഒരു വലിയ ഇല്ലായ്മയാകില്ല. ക്ലീൻ മാസ്റ്ററും ഡിയു ബാറ്ററി സേവറുമില്ലെങ്കിലും പകരക്കാർ ഒട്ടേറെയുണ്ട്. വിവാ വീഡിയോ എഡിറ്റർ പ്രശസ്തമാണെങ്കിലും ഇൻഷോട്ടുപോലുള്ള സമാന ആപ്പുകൾ കണ്ടെത്താനാകും.

വി ചാറ്റിന്റെ കുറവ് വാട്‌സാപ്പും ടെലഗ്രാമുമൊക്കെ നികത്തും. കണ്ടുസംസാരിക്കാനും സൗഹൃദം പങ്കിടാനുമൊക്കെയുള്ള ആപ്പുകളിൽ വാട്‌സാപ്പും സ്കൈപ്പുമൊക്കെയുള്ളപ്പോൾ ഇതേസൗകര്യം തരുന്ന മറ്റ് ആപ്പുകളുടെ നിരോധനം പ്രതിസന്ധി സൃഷ്ടിക്കില്ല.


ബദലുകൾ

 ഗൂഗിൾ മാപ്പും ആപ്പിൾ മാപ്പുമുള്ളപ്പോൾ ബൈഡു മാപ്പിനു പിന്നാലെ പോകേണ്ടതില്ല

ഡേറ്റ ഉപയോഗിക്കാതെ വലിയ ഫയലുകൾ കൈമാറാനുള്ള ഫയൽ ഷെയറിങ് സംവിധാനം സ്മാർട്ട്‌ഫോണിലെ മറ്റൊരു അവിഭാജ്യഘടകമാണ്. ഈ മേഖലയിൽ പ്രമുഖരായ ഷെയർഇറ്റും എക്‌സെൻഡറും സർക്കാർ നിരോധിച്ച പട്ടികയിലുണ്ട്.

സുരക്ഷാപ്രശ്നങ്ങളൊന്നുമില്ലാതെ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഫയലുകൾ കൈമാറാൻ ഗൂഗിൾ ഫയൽസ് ഗോയും  സൂപ്പർ ബീമും ജിയോ സ്വിച്ച് പോലുള്ള നിരവധി ആപ്പുകളുമുണ്ട്. ആപ്പിൾ ഉപയോക്താക്കൾക്കായി അവരുടെതന്നെ എയർ ഡ്രോപ്പ് സംവിധാനമുണ്ട്.

രേഖകളുടെ ചിത്രം മൊബൈലിൽ സ്കാൻ ചെയ്ത് സൂക്ഷിച്ചുവെക്കാൻ ഒട്ടേറെ ആപ്പുകളുണ്ടെങ്കിലും ജനപ്രിയമായത് ചൈനക്കാരനായ കാം സ്കാനറാണ്. പ്രധാന ടെക് കമ്പനികളിൽനിന്നുള്ള അഡോബ് സ്കാൻ, മൈക്രോസോഫ്റ്റ് ഓഫീസ് ലെൻസ് തുടങ്ങിയവ കൃത്യമായ പകരക്കാരാണ്. ആപ്പ് സ്റ്റോറുകളിൽ കാശുകൊടുത്തും അല്ലാതെയും ഉപയോഗിക്കാവുന്ന ഒട്ടേറെ സമാന ആപ്പുകൾ ലഭ്യമാണ്.
ഇന്ത്യയിൽ അത്രയേറെ പ്രചാരമില്ലാത്ത ഒട്ടേറെ ആപ്പുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ നിരോധനപ്പട്ടികയിലുണ്ട്.

അത്തരത്തിലൊന്നായ ബൈഡു ട്രാൻസ്ലേറ്റ് ഗൂഗിൾ ട്രാൻസ്ലേറ്റിനോളമെത്തില്ല. ഗൂഗിൾ മാപ്പും ആപ്പിൾ മാപ്പുമുള്ളപ്പോൾ ബൈഡു മാപ്പിനുപിന്നാലെ പോകേണ്ടതില്ല.

ഇ-കൊമേഴ്‌സ് മേഖലയിലുള്ള രണ്ട് ആപ്പുകളും നിരോധിച്ചിട്ടുണ്ട്. സ്ത്രീകളുടെ തുണിത്തരങ്ങളും മറ്റും വിൽക്കുന്ന  ഷെയ്‌നും ക്ലബ്ബ് ഫാക്ടറിയും. ഷെയ്‌നിന് മിന്ത്രയടക്കം ഒട്ടേറെ പകരക്കാരുണ്ട്. ആദായവിൽപ്പനയിൽ സുപ്രസിദ്ധിയും ഗുണനിലവാരത്തിൽ ഇടയ്ക്കൊക്കെ കുപ്രസിദ്ധിയും നേടിയ ആപ്പാണ് ക്ലബ്ബ് ഫാക്ടറി. ഫ്ളിപ്കാർട്ടടക്കം കാക്കത്തൊള്ളായിരം ഇന്ത്യൻ ഇ-കൊമേഴ്‌സ്  സ്ഥാപനങ്ങളുള്ളപ്പോൾ ഈമേഖലയിലെ നിരോധനം ഒരു വിഷയമല്ല.
2 ജി കാലത്ത് തഴച്ചുവളർന്ന ചൈനക്കാരനാണ് യുസി ബ്രൗസർ. കുറഞ്ഞ ഡേറ്റാവേഗത്തിലും ഒളിഞ്ഞിരുന്നുപോലും (ഇൻകോഗ്‌നിറ്റോ) നെറ്റിൽ പരതാൻ കഴിയുന്ന ഗൂഗിൾ ക്രോമും എഡ്ജും ഫയർഫോക്‌സും മുതൽ തനി ഇന്ത്യക്കാരായ എപിക് പ്രൈവസി ബ്രൗസറും ജിയോ ബ്രൗസറുമൊക്കെയുള്ളപ്പോൾ യുസി ബ്രൗസറിന്റെ കുറവ് ഒരുകുറവല്ല.