തിരുവനന്തപുരത്തെ ഒരിടം.  ശരാശരി വേഗത്തിലോടുന്ന ട്രക്ക് ഒരു ചെറുവിമാനത്തെ കെട്ടിവലിക്കുകയാണ്.  ഞൊടിയിടയിൽ കെട്ടഴിഞ്ഞ വിമാനം റോഡിലൂടെ പായുന്നു.  ഓരോ ചലനങ്ങളും ഒപ്പിയെടുക്കാൻ അനേകം ക്യാമറകൾ. നിശ്ചിതസ്ഥലത്ത് വിമാനം നിൽക്കുമ്പോൾ നിറഞ്ഞ കരഘോഷം.കലാസംവിധായകൻ സാബു സിറിൾ ഏതെങ്കിലും സിനിമയുടെ ചിത്രീകരണത്തിനായി ഒരുക്കിയ വിശേഷമല്ല ഇത്‌ . ഇന്ത്യയുടെ പ്രഥമ സ്പേസ് ഷട്ടിലായി മാറേണ്ട,  പുനരുപയോഗിക്കാവുന്ന വിക്ഷേപണവാഹന പരീക്ഷണത്തിലെ ഒരു സുപ്രധാനഘട്ടം.  അഭിമാനനിമിഷത്തിൽ കരഘോഷം നടത്തിയത് കാണികളല്ല;  ഐ.എസ്.ആർ.ഒ.യിലെ  ശാസ്ത്രജ്ഞർ. തിരുവനന്തപുരത്തെ വിക്രം സാരാഭായ്‌ സ്പേസ് സെന്റർ  സാക്ഷ്യംവഹിച്ചത്  നാളെയുടെ അഭിമാനമാവുന്ന ഒരു പരീക്ഷണത്തിനായിരുന്നു.

ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചശേഷം വിക്ഷേപണവാഹനം തിരികെ ഭൂമിയിലേക്ക് ഇറക്കാനാവുന്നതോടെ ചെലവ് ഗണ്യമായി കുറയ്ക്കാനാവും. തിരികെവരാത്ത റോക്കറ്റുകൾ ബഹിരാകാശത്ത്  മാലിന്യഭീഷണി സൃഷ്ടിക്കുന്നതിന് ആർ.എൽ.വി. ഉപയോഗം പരിഹാരമാവുമെന്ന്  ഒരു മുതിർന്ന ശാസ്ത്രജ്ഞൻ പറഞ്ഞു.ഉപഗ്രഹവിക്ഷേപണത്തിന് ഭീമമായ ചെലവുണ്ട്. ഏതാണ്ട് 20,000 ഡോളർ വേണ്ടിവരും ഒരുകിലോ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കാൻ. ഇന്ന് ലോകത്തിലെത്തന്നെ ഏറ്റവും ചെലവുകുറഞ്ഞ വിക്ഷേപണവാഹനം ഇന്ത്യയുടേതാണ്. ഒരു ഏരിയൻ റോക്കറ്റിന് 800 കോടി ഡോളർ ചെലവ് വരുമ്പോൾ, ഇന്ത്യയുടെ ജി.എസ്.എൽ.വി. ക്ക്‌ 450 കോടി ഡോളർ മാത്രമേ ചെലവ് വരുന്നുള്ളൂ. പി.എസ്.എൽ.വി. ആവട്ടെ 300 കോടിയിൽ താഴെയും.

പുനരുപയോഗിക്കാവുന്ന വാഹനം ഉണ്ടായാൽ ചെലവ് ഇതിലേറെ കുറയ്ക്കാം. എന്നാൽ, ഇവയുടെ പരീക്ഷണഘട്ടവും വികസന ഘട്ടവും ചെലവേറിയതാണ്. അതിനാൽത്തന്നെ ചില ഭാഗങ്ങൾ മാത്രം വീണ്ടും ഉപയോഗിച്ചാൽ മതി എന്നൊരു ചിന്തയുമുണ്ട്.ഏതാണ്ട് നൂറു പ്രാവശ്യമെങ്കിലും ഉപയോഗിച്ചാലേ ആർ.എൽ.വിക്ക്‌. പ്രതീക്ഷിക്കുന്ന സാമ്പത്തികനേട്ടം ഉണ്ടാക്കാനാവൂ എന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ഒാരോ പ്രാവശ്യവും വിക്ഷേപണത്തിന് മുന്നോടിയായി ധാരാളം പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട് എന്നും ഒരുപക്ഷമുണ്ട്‌. ഇതുകൊണ്ടാണത്രേ റഷ്യ  തങ്ങളുടെ ബുരാൻ പദ്ധതി ഉപേക്ഷിച്ചത്‌. 

ആദ്യമായാണ് അമേരിക്കൻ ബഹിരാകാശസംഘടനയായ നാസയുടെ സ്പേസ് ഷട്ടിൽപോലെ തിരിച്ചിറക്കാൻ കഴിയുന്ന ഒരു വിക്ഷേപണവാഹനം പരീക്ഷിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നത്.  
ഐ.എസ്.ആർ.ഒ. രൂപകല്പനചെയ്ത ആർ.എൽ.വി. ഏതാണ്ട് 1800 കിലോഗ്രാം ഭാരം വരുന്നതാണ്. അഞ്ചുമീറ്റർ നീളവും നാലുമീറ്ററോളം വീതിയുമുള്ള ഈ വാഹനത്തിന് ചെറു ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥത്തിൽ എത്തിക്കാനാവും. സ്‌ക്രാംജറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവ  ഭൗമോപരിതലത്തിൽനിന്ന്‌ ശൂന്യാകാശത്തേക്ക് കടക്കുക. പി.എസ്.എൽ.വി. റോക്കറ്റിന്റെ ആദ്യ ഘട്ടത്തിൽ ഉറപ്പിക്കുന്ന ആർ.എൽ.വി. ഈ കുതിപ്പിനിടയിൽ അന്തരീക്ഷവായുവിൽനിന്ന്‌ ഓക്സിജൻ വേർതിരിച്ചെടുത്ത് ഇന്ധനമായി ഉപയോഗിക്കുന്നതാണ് സ്‌ക്രാംജറ്റ് സാങ്കേതികവിദ്യ.

ഇതിനുമുമ്പ്‌ നടത്തിയ സ്പേസ് റിക്കവറി പരീക്ഷണം വാഹനം സമുദ്രത്തിൽ ഇറക്കിയായിരുന്നു. മറ്റുരാജ്യങ്ങൾ ഉപയോഗിക്കുന്ന രീതിയിലുള്ള ത്രികോണാകൃതിയിലുള്ള കാപ്‌സ്യൂളാണ് സ്പേസ് റിക്കവറി വാഹനം.  ബഹിരാകാശ യാത്രകൾക്ക് ഉപയോഗിക്കുന്ന ഇവയ്ക്ക് പാരച്യൂട്ട് സഹായത്തോടെമാത്രമേ ഇറങ്ങാനാവൂ. ഭൂമിയിലേക്ക് പതിക്കുമ്പോഴുള്ള ആഘാതം കുറയ്ക്കാനാണ് സമുദ്രത്തിൽ ഇറക്കുന്നത്. റഷ്യ ഉൾപ്പെടെ ചില രാജ്യങ്ങൾ ശക്തമായ പാരച്യൂട്ടിന്റെ സഹായത്തോടെ കരയിലും ഇറക്കാറുണ്ട്. സാധാരണ യാത്രാവിമാനം ഇറങ്ങുന്നതിന്റെ ഇരട്ടിവേഗത്തിലാവും ആർ.എൽ.വി. ഇറങ്ങുക-മണിക്കൂറിൽ 360 കിലോമീറ്റർ വേഗത്തിൽ.
കർണാടകയിലെ ചിത്രദുർഗയിലെ ഒരു റൺവേയിലാണ് ആദ്യം പരീക്ഷണം നിശ്ചയിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനം അത് നീളാൻ ഇടയാക്കി. വായുസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ച് ഏതാണ്ട് നാലുകിലോമീറ്റർ ഉയരത്തിൽനിന്ന്‌ ആർ.എൽ.വി. താഴേക്കുപതിപ്പിച്ച്‌ നിശ്ചിത റൺവേയിൽ ഇറക്കാനായിരുന്നു ഉദ്ദേശ്യം. വാഹനത്തിന്റെ താഴേക്കുള്ള പറക്കലിന്റെ ഓരോ ഘട്ടവും ഡ്രോൺപോലെ ഒരു ആളില്ലാ ചെറുവിമാനം(യു.എ.വി.) ഉപയോഗിച്ച് പഠിക്കാനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു.

ചിത്രദുർഗപരീക്ഷണം നടക്കില്ല എന്നുവന്നപ്പോഴായിരുന്നു തിരുവനന്തപുരത്ത്  ട്രക്ക് ഉപയോഗിച്ചുള്ള പരീക്ഷണം. ‘ലാൻഡിങ് ഗിയർ, ചക്രങ്ങൾ, ഇറങ്ങുമ്പോൾ വാഹനത്തിനുണ്ടാവുന്ന ഘർഷണം ഇവയൊക്കെ പഠിക്കാൻ ഈ രീതി സഹായിക്കുമെന്ന്‌ ഉന്നതോദ്യോഗസ്ഥൻ വിശദീകരിച്ചു.  ഭാവിയിൽ  ചെറു ഉപഗ്രഹങ്ങൾ വിക്ഷേപിച്ച്  ആർ.എൽ.വി. തിരികെ ഭൂമിയെ സ്പർശിക്കുമ്പോൾ, കേരളത്തിനും അഭിമാനിക്കാം. തുടക്കം തിരുവനന്തപുരത്ത്‌ എന്നതുകൊണ്ടുമാത്രമല്ല, കോവിഡിനുമുന്നിൽ തോൽക്കാതെ ട്രക്കിൽ കെട്ടിവലിച്ച്‌ വികസനത്തിന്റെ ആദ്യഘട്ടങ്ങൾ പൂർത്തിയാക്കിയ  മലയാളിബുദ്ധിയെക്കുറിച്ചോർത്ത്. തുമ്പയിൽ  ആദ്യവിക്ഷേപണത്തിനായി റോക്കറ്റിെന സൈക്കിളിന്റെ പിന്നിൽ കെട്ടിവെച്ച്‌ കൊണ്ടുപോയവരുടെ പിൻഗാമികൾ ഇതിനപ്പുറവും ചെയ്തുകാണിക്കും.