.എസ്.എൽ.വി.യുടെ പിൻഗാമിയാണ് പി.എസ്.എൽ.വി. (പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ).  വിജയങ്ങളുടെ ഘോഷയാത്രയാണ് ഇതിന്റെ ചരിത്രം. ചന്ദ്രയാൻ ഒന്നും മംഗൾയാനും വിജയിപ്പിച്ച ഇന്ത്യൻ റോക്കറ്റ്. ഇക്കൊല്ലം മേയ് 22 വരെ 48 വിക്ഷേപണങ്ങൾ നടത്തിയതിൽ ഒന്നാമത്തേതും (1993 സെപ്റ്റംബർ 20-ന്) 41-ാമത്തേതും (2017 ഓഗസ്ത്‌ 31-ന്) മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ. ഈ റോക്കറ്റിലൂടെ ഉപഗ്രഹങ്ങളയക്കാൻ വിദേശരാജ്യങ്ങൾക്കും താത്പര്യമാണ്. ഗതിനിർണയത്തിനുള്ള ഇന്ത്യയുടെ ഏഴ് ഐ.ആർ.എൻ.എസ്.എസ്. ഉപഗ്രഹങ്ങളെ പഥങ്ങളിലെത്തിച്ചത് പി.എസ്.എൽ.വി.കളാണ്. ഒറ്റവിക്ഷേപണത്തിൽ (2017 ഫെബ്രുവരി 15-ന്) 104 ഉപഗ്രഹങ്ങൾ ലക്ഷ്യത്തിലെത്തിച്ച റെക്കോഡും പി.എസ്.എൽ.വി.ക്കു സ്വന്തം. ഐ.എസ്.ആർ.ഒ.യുടെ ‘വർക്ക്‌ഹോഴ്‌സ്’ എന്നാണ് പി.എസ്.എൽ.വി.ക്കു വിശേഷണം.

അറുനൂറു കിലോഗ്രം ഭാരമുള്ള ഉപഗ്രഹത്തെ 550 കിലോമീറ്റർ അകലെ ധ്രുവീയ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള വാഹനത്തിന്റെ മുപ്പതിലേറെ രൂപരേഖകൾ 1978 ആദ്യം തയ്യാറായി. അവയിൽ നാലെണ്ണമാണ് പി.എസ്.എൽ.വി. വികസിപ്പിച്ചെടുക്കാൻ തിരഞ്ഞെടുത്തത്. ആയിരം കിലോ ഉപഗ്രഹം 900 കിലോമീറ്റർ ഉയരെ സൗരസിങ്ക്രണപഥത്തിലേക്ക് എത്തിക്കണമെന്ന് ലക്ഷ്യം പിന്നീട് വലുതാക്കി. 

ഈ റോക്കറ്റിന് ഉയരം 44 മീറ്റർ. വ്യാസം 2.8 മീറ്റർ. ഭാരം 320 ടൺ. ഒന്നാംഘട്ടത്തിലെ പ്രധാനറോക്കറ്റിന് ഖരനോദകമാണ്. ഖരനോദകമുള്ള ആറു സ്ട്രാപ് ഓണുകൾ (പാർശ്വറോക്കറ്റുകൾ) ചുറ്റുമുണ്ട്. മൂന്നാം ഘട്ടത്തിലും ഖരനോദകമുണ്ട്. രണ്ടാംഘട്ടത്തിലും നാലാംഘട്ടത്തിലും ദ്രവനോദകമാണ്. സ്ട്രാപ് ഓൺ ഇല്ലാത്ത ഒരിനമടക്കം മൂന്നുതരം പി.എസ്.എൽ.വി.യുണ്ട്. 

ജി.എസ്.എൽ.വി. 

ഐ.എസ്.ആർ.ഒ.യുടെ നാലാം തലമുറ വിക്ഷേപണവാഹനമായ ജി.എസ്.എൽ.വി. (ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) 49 മീറ്റർ ഉയരവും 415 ടൺ ഭാരവുമുള്ള മുത്തട്ട് റോക്കറ്റാണ്. അടിത്തട്ടിൽ 139 ടണ്ണുള്ള ഖരനോദക റോക്കറ്റും ചുറ്റും നാല് 40 ടൺ വീതമുള്ള ദ്രവനോദക റോക്കറ്റുകളും. രണ്ടാംഘട്ടത്തിൽ ദ്രവനോദക റോക്കറ്റാണ്. മൂന്നാംഘട്ടത്തിലാണ് ക്രയോനോദകവും അതിനുള്ള എൻജിനും. 

ആദ്യ ജി.എസ്.എൽ.വി. 2001 മാർച്ച് 28-ന്  വിക്ഷേപണത്തിനു തയ്യാറാക്കി. പക്ഷേ, ഒന്നാംഘട്ടത്തിലെ പാർശ്വറോക്കറ്റുകൾ ജ്വലിച്ചതിനുശേഷം, ഖരനോദകം കത്താൻ പത്തിലൊന്നു സെക്കൻഡുമാത്രമുള്ളപ്പോൾ കംപ്യൂട്ടർ വിക്ഷേപണം റദ്ദാക്കി. പാർശ്വറോക്കറ്റുകളിലൊന്ന് കത്താത്തതാണ് കാരണം. ആ റോക്കറ്റിൽ ഓക്സീകാരി ഒഴുകിവരാനുള്ള പൈപ്പ് ഒരു കഷ്ണം ഈയം കുടുങ്ങി അടഞ്ഞിരുന്നുവെന്ന് പരിശോധനയിൽ കണ്ടു. കംപ്യൂട്ടർ സമയോചിതമായി റദ്ദാക്കിയതുകൊണ്ടാണ് ആദ്യ ജി.എസ്.എൽ.വി. നഷ്ടപ്പെടാതിരുന്നത്. പുതിയൊരു പാർശ്വറോക്കറ്റ് പകരംവെച്ച് ഏപ്രിൽ 18-ന് വിക്ഷേപിച്ചത് വിജയിച്ചെങ്കിലും നിശ്ചയിച്ചിരുന്നതിലും 3600 കിലോമീറ്റർ കുറഞ്ഞ ഉയരത്തിലേ ഉപഗ്രഹമെത്തിയുള്ളൂ. 

ഖരനോദകം കൂട്ടിയാണ് 2003 മേയ് എട്ടിന്  ജി.എസ്.എൽ.വി. ഡി 2 വിക്ഷേപിച്ചത്. 1825 കിലോ ഭാരമുള്ള ജിസാറ്റ് 2 ഉപഗ്രഹം ലക്ഷ്യംകണ്ടു. വിദ്യാഭ്യാസപരിപാടികൾ ടി.വി.യിലൂടെ കാണിക്കാൻ സഹായിക്കുന്ന എജ്യുസാറ്റ് ഉപഗ്രഹത്തെ മൂന്നാം ജി.എസ്.എൽ.വി. നിശ്ചിതപഥത്തിലെത്തിച്ചു (2004 സെപ്റ്റംബർ 20). ജി.എസ്.എൽ.വി. പരമ്പരയുടെ ആദ്യപരാജയം 2006 ജൂലായ് പത്തിന് സംഭവിച്ചു. ഷാറിലെ രണ്ടാം ലോഞ്ച് പാഡിൽനിന്നുള്ള ആദ്യ വിക്ഷേപണമാണത്.  ഇൻസാറ്റ് 4 സി ഉപഗ്രഹവുമായി ഉയർന്ന നാലാം ജി.എസ്.എൽ.വി. മാനത്ത് പൊട്ടിച്ചിതറി. പകരമുള്ള ഇൻസാറ്റ് 4 സി.ആർ. ഉപഗ്രഹത്തെ അടുത്ത ജി.എസ്.എൽ.വി. പഥത്തിലെത്തിച്ചു. ഇന്ത്യയിൽത്തന്നെ നിർമിച്ച ക്രയോജനിക് ഘട്ടവുമായുള്ള ആദ്യ ജി.എസ്.എൽ.വി. വിക്ഷേപിച്ചത് ജിസാറ്റ് 4 ഉപഗ്രഹവുമായാണ് (2010 ഏപ്രിൽ 15-ന്). അതു വിജയിച്ചില്ല. റഷ്യൻ ക്രയോ ഘട്ടംവെച്ചു തയ്യാറാക്കിയ അടുത്ത ജി.എസ്.എൽ.വി.യും പരാജയപ്പെട്ടു. ക്രയോവിദ്യ ഇന്ത്യയ്ക്ക് വികസിപ്പിക്കാനാകുമെന്ന് തെളിഞ്ഞത് 2014 ജനുവരി അഞ്ചിനാണ്. ഇന്ത്യയിൽത്തന്നെ നിർമിച്ച ക്രയോ ഘട്ടമുള്ള ജി.എസ്.എൽ.വി. ഡി 5 റോക്കറ്റ് അന്ന് ജിസാറ്റ് 14 ഉപഗ്രഹത്തെ പഥത്തിലെത്തിച്ചു. 2018 ഡിസംബർ 19 വരെ 13 ജി.എസ്.എൽ.വി. റോക്കറ്റുകൾ വിക്ഷേപിച്ചതിൽ പത്തെണ്ണം വിജയിച്ചിട്ടുണ്ട്. 

ജി.എസ്.എൽ.വി. മാർക്ക് 3

വലിയ വാർത്താവിനിമയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യ വിദേശറോക്കറ്റുകളെയാണ് ആശ്രയിച്ചിരുന്നത്. 2500 കിലോഗ്രാം പേലോഡ് ഭ്രമണപഥത്തിൽ എത്തിക്കാനുള്ളതാണ് ജി.എസ്.എൽ.വി. അതിലും വലുത് (4000 കിലോവരെ) വിക്ഷേപിക്കാൻ തയ്യാറാക്കിയതാണ് ജി.എസ്.എൽ.വി. മാർക്ക് 3. ഇതിന് ഉയരം 43.4 മീറ്റർ. കൂടിയ വണ്ണം നാലുമീറ്റർ. ഭാരം 640 ടൺ. ആകെ മൂന്നുഘട്ടംതന്നെ. ഇതിന് ‘ഫാറ്റ് ബോയ്’ (വണ്ണം കൂടിയ പയ്യൻ) എന്നും ‘ബാഹുബലി’ എന്നും വിളിപ്പേരുകൾ പതിഞ്ഞു.

മുകളിലെ ക്രയോഘട്ടം ഉൾപ്പെടുത്താതെയുള്ള ജി.എസ്.എൽ.വി. മാർക്ക് 3 കൊണ്ടാണ് 2014 ഡിസംബർ 18-ന് ക്രൂ മൊഡ്യൂൾ (ആൾ കയറാതെ) പരീക്ഷിച്ചത് (ബഹിരാകാശയാത്രക്കാർ കയറുന്ന പേടകമാണ് ക്രൂ മൊഡ്യൂൾ). വിക്ഷേപിച്ച് അഞ്ചരമിനിറ്റായപ്പോൾ ആ പേടകം റോക്കറ്റിൽനിന്നുമാറി, പതുക്കെ കടലിൽ ഇറങ്ങി. സമ്പൂർണമായ ജി.എസ്.എൽ.വി. മാർക്ക് 3 കൊണ്ട് 4000 കിലോ ഉപഗ്രഹത്തെ ഭൂസ്ഥിരഭ്രമണപഥത്തിൽ  എത്തിക്കാൻ മാത്രമല്ല, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനും കഴിയും. ഈ റോക്കറ്റ് 2017 ജൂൺ അഞ്ചിന് 3336 കിലോയുള്ള ജി.സാറ്റ് 19 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച് ശേഷിതെളിയിച്ചു.  ചന്ദ്രയാൻ 2 ദൗത്യത്തിന്റെ റോക്കറ്റ് മാർക്ക് 3 തന്നെ.

ദ്രവനോദകവിദ്യ

ഖരനോദകത്തിനു തീകൊടുത്താൽ അത്രയും കത്തിത്തീരും. ഇടയ്ക്ക് നിർത്താനാവില്ല. ദ്രവനോദക റോക്കറ്റിൽ ദ്രവയിന്ധനവും ദ്രവ ഓക്സീകാരിയും വെവ്വേറെ ടാങ്കുകളിലാണ് നിറയ്ക്കുക. അവ ഒന്നിച്ചുവെച്ചാൽ തനിയെ കത്തിപ്പോകും. ആവശ്യത്തിനുമാത്രമുള്ളത് ജ്വലനനാളിയിൽവെച്ച് കത്തിക്കും. ആവശ്യം കഴിഞ്ഞ് നോദകമൊഴുക്ക് നിർത്തിവെച്ച് കെടുത്തി, ബാക്കിയുള്ളത് കരുതിവെക്കാം. ഖരനോദകത്തിന്റേതിലും കൂടുതലാണ് ദ്രവനോദകത്തിന്റെ ശേഷി. മുമ്പ് ചെറിയ നിയന്ത്രണറോക്കറ്റുകളിൽമാത്രം ദ്രവനോദകവിദ്യ ഐ.എസ്.ആർ.ഒ. ഉപയോഗിച്ചിരുന്നു. പി.എസ്.എൽ.വി.ക്കു പ്രധാന റോക്കറ്റിൽത്തന്നെ സങ്കീർണമായ ദ്രവനോദകവിദ്യ ആവശ്യമായെങ്കിലും നമുക്ക് അതില്ലായിരുന്നു. ആയിടെ, ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സി.എൻ.ഇ.എസിന് പതിനായിരം പ്രഷർ ട്രാൻസ്ഡ്യൂസർ ആവശ്യമായിവന്നു. അവ ഐ.എസ്.ആർ.ഒ. നിർമിച്ചുകൊടുത്താണ് പകരം പ്രസ്തുത വിദ്യ നേടിയത്. അതിന് ഇന്ത്യയുടെ നൂറ് എൻജിനിയർമാർ ഒരുകൊല്ലം ഫ്രഞ്ച് എൻജിനിയർമാർക്കൊപ്പം ജോലിചെയ്യേണ്ടിയുംവന്നു. 1978-ൽ ആ സാങ്കേതികവിദ്യ പൂർണമായി നേടാനായി.

ക്രയോജനിക് വിദ്യ

ഇവിടെയും നോദകം ദ്രവമാണ്; ഇന്ധനം ദ്രവരൂപത്തിലാക്കിയ ഹൈഡ്രജനും ഓക്സീകാരി ദ്രവരൂപത്തിലാക്കിയ ഓക്സിജനും. വാതകങ്ങൾ ദ്രവരൂപത്തിൽ ഇരിക്കണമെങ്കിൽ കഠിനതണുപ്പിൽ സൂക്ഷിക്കണം; ക്രയോജനിക് റോക്കറ്റ് എൻജിനുള്ള വിദ്യ സ്വയം നേടാൻ 1970-കളുടെ ആദ്യംമുതൽ ഇന്ത്യ പരിപാടിയിട്ടെങ്കിലും ആദ്യപതിറ്റാണ്ടുകളിൽ കാര്യമായി പുരോഗമിച്ചില്ല. ജി.എസ്.എൽ.വി.ക്ക് അത് ആവശ്യമായപ്പോൾ, അമേരിക്കയും യൂറോപ്പും ജപ്പാനും ചൈനയും തന്നില്ല. മിസൈലിന് ഈ വിദ്യ ഉപയോഗിച്ചാലോ എന്നു സംശയിച്ചിട്ടാണ്.

റഷ്യൻ ഏജൻസിയായ ഗ്ലാവ് കോസ്‌മോസിൽനിന്ന് ക്രയോ എൻജിനും അതിന്റെ സാങ്കേതികവിദ്യയും വാങ്ങാൻ കരാറുണ്ടാക്കി. സാങ്കേതികവിദ്യ കൊടുക്കരുതെന്ന് ഒരു കൊല്ലം കഴിഞ്ഞ്, റഷ്യയെ അമേരിക്ക വിലക്കി. അന്താരാഷ്ട്ര മിസൈൽ സാങ്കേതികവിദ്യാനിയന്ത്രണത്തിന്റെ പേരിലാണത്. ക്രയോ എൻജിൻ വിൽക്കാൻ വിലക്കില്ലാത്തതുകൊണ്ട് അവമാത്രം 1998-ൽ റഷ്യ തന്നു. ജി.എസ്.എൽ.വി. റോക്കറ്റ് പദ്ധതി 2500 കിലോഗ്രാംവരെ ഭാരമുള്ള പേലോഡ് അയക്കാനാണ്. റഷ്യ തന്ന എൻജിൻകൊണ്ട് എടുക്കാമായിരുന്നത് 1600 കിലോവരെമാത്രം. അതായത്, നമ്മുടെ സ്വന്തം പി.എസ്.എൽ.വി. ചെയ്തതിനെക്കാൾ ഇത്തിരിമാത്രം.

-അവസാനിച്ചു.

Content Highlights: isro rockets,gslv