മറ്റു രാജ്യങ്ങളോട് മത്സരിക്കുകയെന്നതല്ല ഞങ്ങളുടെ ലക്ഷ്യം. എന്നാൽ, ആധുനിക മനുഷ്യന്റെയും സമൂഹത്തിന്റെയും പ്രശ്നങ്ങളെ നേരിടുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യയുപയോഗിക്കുന്ന കാര്യത്തിൽ, മറ്റൊരു രാജ്യത്തിനും പിന്നിലാകാൻ പാടില്ലെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട് -ഡോ. എ.പി.ജെ. അബ്ദുൽ കലാം

ണ്ടരപ്പതിറ്റാണ്ടിനിടയില്‍ 49 വിക്ഷേപണം നടത്തുകയും 47-ഉം വിജയകരമാക്കുകയും ചെയ്ത ട്രാക്ക് റെക്കോഡ് പിന്നിട്ടാണ് പി.എസ്.എല്‍.വി. 50-ാം യാത്രയ്‌ക്കൊരുങ്ങുന്നത്. ചരിത്രക്കുതിപ്പിന്റെ ആവേശത്തിലാണ് ടീം ഐ.എസ്.ആര്‍.ഒ. തുമ്പയിലെ ആദ്യകാല പരീക്ഷണശാലയില്‍ മൂന്ന് ഇഞ്ച് കുഴലില്‍ നിര്‍മിച്ച സൗണ്ടിങ് റോക്കറ്റില്‍നിന്നുള്ള ഘട്ടംഘട്ടമായുള്ള വളര്‍ച്ചയാണ് ഒടുവില്‍ തദ്ദേശീയമായി വികസിപ്പിച്ച പടൂകൂറ്റന്‍ റോക്കറ്റിലെത്തുന്നത്. കേവലം 36 കിലോഗ്രാമില്‍നിന്ന് 2500 കിലോഗ്രാമിന് മുകളില്‍ ഭാരമുള്ള ഉപഗ്രഹം സ്വന്തമായി വിക്ഷേപിക്കാന്‍ ഇതോടെ ഇന്ത്യ ശേഷി നേടി. ഈ വളര്‍ച്ചയ്ക്കുപിന്നില്‍ ഒട്ടേറെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനമുണ്ട്

 

പി.എസ്.എൽ.വി. പിറക്കുന്നു

തുടക്കകാലത്ത് വിക്ഷേപണ റോക്കറ്റുകളായി ഉപയോഗിച്ചിരുന്ന എസ്.എൽ.വി.യുടെയും എ.എസ്.എൽ.വി.യുടെയും പിൻഗാമിയാണ് പി.എസ്.എൽ.വി. തിരുവനന്തപുരത്തെ തുമ്പയിൽനിന്ന് 1963 നവംബർ 21-ന് വിജയകരമായി വിക്ഷേപിച്ച, വിദേശത്തുനിന്നു കടംകൊണ്ട ‘നൈക്ക് അപ്പാച്ചെ’ എന്ന സൗണ്ടിങ്‌ റോക്കറ്റിന്റെ എളിയ തുടക്കമാണ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്ന പി.എസ്.എൽ.വി. നിർമിക്കുന്നതിനുള്ള പ്രചോദനം. 1978-ലാണ് ഇതിനുള്ള ആലോചന തുടങ്ങിയത്. ഇന്ത്യൻ റിമോട്ട് സെൻസിങ്‌ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി 600 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 550 കിലോമീറ്റർ അകലെയുള്ള ധ്രുവീയ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള വിക്ഷേപണ വാഹനങ്ങളുടെ രൂപരേഖ തയ്യാറാക്കി. അതിൽനിന്ന് നാലെണ്ണം തിരഞ്ഞെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.എസ്.എൽ.വി. വികസിപ്പിക്കുന്നത്. നേരത്തേ ഇത്തരം വിക്ഷേപണം നടത്തിയിരുന്നത് റഷ്യയെ ആശ്രയിച്ചായിരുന്നു. ഇതിന്റെ ചെലവും ഭീമമായിരുന്നു. ഇന്നിപ്പോൾ പി.എസ്.എൽ.വി. റഷ്യയെ ഏറെ പിന്നിലാക്കിയിരിക്കുകയാണ്. നാലു ഘട്ടങ്ങളുള്ള പി.എസ്.എൽ.വി. വിക്ഷേപണവാഹനത്തിന്റെ രണ്ടു ഘട്ടങ്ങൾ ഖര ഇന്ധനവും (ഒന്നും, മൂന്നും) രണ്ടു ഘട്ടങ്ങൾ ദ്രവ ഇന്ധനവുമാണ് (രണ്ടും നാലും) ഉപയോഗിക്കുന്നത്. 44 മീറ്റർ ഉയരം. 2.8 മീറ്റർ വ്യാസം. 320 ടൺ ഭാരം. പി.എസ്.എൽ.വി.-ജി., പി.എസ്.എൽ.വി.-സി.എ., പി.എസ്.എൽ.വി.-എക്സ്.എൽ. എന്നിങ്ങനെ മൂന്നു വിഭാഗം. 

 വിജയദൗത്യങ്ങൾ

രണ്ടുതവണയൊഴികെ ബാക്കി എല്ലാ ദൗത്യങ്ങളിലും പി.എസ്.എൽ.വി. വിജയചരിത്രം കുറിച്ചു. ഇതുവരെയായി ഇന്ത്യയുടെ 40-ഉം വിദേശ രാജ്യങ്ങളുടെ 110 ഉം ഉപഗ്രഹങ്ങൾ പി.എസ്.എൽ.വി. ബഹിരാകാശത്ത് എത്തിച്ചു. 1993-ലെ ആദ്യ പറക്കലും 2017-ലെ 41-ാം പറക്കലും മാത്രമായിരുന്നു പരാജയങ്ങൾ. ഐ.ആർ.എസ്. 1 ഇ.യും കൊണ്ടായിരുന്നു ആദ്യ യാത്ര. ഡോ. എസ്. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു മേൽനോട്ടം. സോഫ്റ്റ്‌വേർ തകരാർമൂലം വിക്ഷേപണ വാഹനം ബംഗാൾ ഉൾക്കടലിൽ തകർന്നു വീണു. 1994-ലും 1995-ലും നടന്ന പരീക്ഷണപ്പറക്കലും വേണ്ടത്ര വിജയിച്ചില്ല. പരാജയ പാഠങ്ങൾ ഉൾക്കൊണ്ട് 1996-ലെ മൂന്നാം നിരീക്ഷണവിക്ഷേപണത്തിൽ പി.എസ്.എൽ.വി. വിജയംകൈവരിച്ചു. ഈ വിജയം പരമ്പരയായി തുടർന്നു. എന്നാൽ, 2017 ഓഗസ്റ്റ്‌ 31-ന് അടുത്ത പരാജയം നേരിട്ടു. ഐ.ആർ.എൻ.എസ്.എസ്. 1 എച്ച്. ഉപഗ്രഹവും വഹിച്ചുള്ള യാത്ര പരാജയത്തിലേക്കായിരുന്നു. 
സാങ്കേതിക തകരാറായിരുന്നു കാരണം. ചുരുക്കം വീഴ്ചകൾക്കിടയിലും 26 വർഷമായി പി.എസ്.എൽ.വി. കരുത്തു ചോരാതെ കുന്തമുനപോലെ നിൽക്കുന്നു. ഈ വർഷം നവംബർ 27-ന് നടന്ന ഏറ്റവും ഒടുവിലത്തെ വിക്ഷേപണത്തിൽ കാർട്ടോസാറ്റ് 3 ഉൾപ്പെടെ 13 വാണിജ്യ ഉപഗ്രഹങ്ങളെയാണ് പി. എസ്.എൽ.വി. -സി.47 ബഹിരാകാശത്തെത്തിച്ചത്. 

 വിശ്വാസമാണ് എല്ലാം

വിദേശരാജ്യങ്ങൾ കണ്ണടച്ച് വിശ്വസിച്ച വിക്ഷേപണ വാഹനമാണ് പി.എസ്.എൽ.വി.കൾ. അതുകൊണ്ടു തന്നെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ ചെറു ഉപഗ്രഹങ്ങൾ പി.എസ്.എൽ.വി.യുടെ ചിറകിൽ ഭദ്രമായി ഏൽപ്പിച്ചു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പി.എസ്.എൽ.വി വഴിയുള്ള വിക്ഷേപണത്തിന് ചെലവ് വളരെ കുറവാണ്. ഇതിനകം 20 രാജ്യങ്ങളിലെ 70-ലധികം ഉപഭോക്താക്കൾ തങ്ങളുടെ ഉപഗ്രഹങ്ങൾ പി. എസ്.എൽ.വി. റോക്കറ്റിൽ ബഹിരാകാശത്ത് എത്തിച്ചിട്ടുണ്ട്. പി.എസ്.എൽ.വി.യുടെ ചിറകിൽ പൊൻതൂവൽ ചാർത്തിയ പ്രമുഖ വിക്ഷേപണദൗത്യങ്ങളിലൊന്ന് ചന്ദ്രയാൻ-1 ആയിരുന്നു. മലയാളിയായ ഡോ. ജോർജ് കോശിയായിരുന്നു ഇതിന്റെ മിഷൻ ഡയറക്ടർ. ഗതിനിർണയത്തിനുള്ള  ഇന്ത്യയുടെ ഐ.ആർ.എൻ.എസ്.എ. ശ്രേണിയിൽ ഉൾപ്പെട്ട ഏഴ് ഉപഗ്രഹങ്ങൾ ബഹിരാകാശപഥങ്ങളിലെത്തിച്ചു. ഒറ്റക്കുതിപ്പിന് 104 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ച് 2017 ഫെബ്രുവരി 15-ന് പി.എസ്.എൽ.വി. ലോക റെക്കോഡിന്റെ നെറുകയിലെത്തി. ഒറ്റ വിക്ഷേപണത്തിൽ ഏറ്റവും കൂടുതൽ കൃത്രിമോപഗ്രഹങ്ങൾ അയച്ച റഷ്യയുടെ വിക്ഷേപണവാഹനം ഇന്ത്യൻ പടക്കുതിരയ്ക്കു മുന്നിൽ കീഴടങ്ങി. കൽപ്പന-1, റിസോഴ്‌സാറ്റ്, കാർട്ടോസാറ്റ്, ഓഷ്യനോസാറ്റ്, ജി സാറ്റ്, സരൾ, ആസ്‌ട്രോസാറ്റ്, ഹൈസിസ്, മൈക്രോസാറ്റ്, എമിസാറ്റ് തുടങ്ങിയവയാണ് പി.എസ്.എൽ.വി. വാഹനങ്ങളിലൂടെ ബഹിരാകാശത്തേക്കു കുതിച്ച ഉപഗ്രഹങ്ങൾ.

പി.എസ്.എൽ.വി.പ്രധാന വിക്ഷേപണങ്ങൾ

 • ഓഷ്യാനോസാറ്റ്‌ 
 • ഐ.ആർ.എസ്.പി.-4 (1994)
 • കല്പന-1 (2002)
 • റിസോഴ്‌സാറ്റ്-1 (2003)
 • കാർട്ടോസാറ്റ്-1, 
 • ഹാംസാറ്റ് (2005)
 • കാർട്ടോസാറ്റ്-2, എസ്.ആർ.ഇ.-1 (2007)
 • ചന്ദ്രയാൻ-1 (2008)
 • റിസാറ്റ്-2 (2009)
 • ഓഷ്യൻസാറ്റ്-2 (2009)
 • കാർട്ടോസാറ്റ്-2 ബി (2010)
 • റിസോഴ്‌സ്‌സാറ്റ്, 
 • യൂത്ത്‌സാറ്റ് (2011)
 • ജിസാറ്റ്-12 (2011)
 • റിസാറ്റ്-1 (2012)
 • സരൾ (2013)
 • ഐ.ആർ.എൽ.എസ്.എസ്. ശ്രേണി (2013, 2014, 2015, 2016, 2017, 2018)
 • മംഗൾയാൻ (2013)
 • സ്കാറ്റ്‌സാറ്റ്-1 (2016)
 • ഒറ്റവിക്ഷേപണത്തിൽ-104 
 • ഉപഗ്രഹങ്ങൾ (2017)
 • ഹൈസിസ് (2018)
 • മൈക്രോസാറ്റ് (2019)
 • എമിസാറ്റ് (2019)
 • റിസാറ്റ്-2ബി (2019)
 • കാർട്ടോസാറ്റ്-3 (2019) 

 

റിസാറ്റ്-2 ബി.ആർ. 1
കാലാവധി: 5 വർഷം 
ഭാരം: 576 കിലോ
ഉപയോഗം: കൃഷി, 
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ, വനനിരീക്ഷണം

അറിയാം വിക്ഷേപണ വാഹനങ്ങളെ 
എസ്.എൽ.വി. (സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ)

 • ഭാരം: 17 ടൺ
 • ഉയരം: 22 മീറ്റർ
 • ഘട്ടം: നാല് (ഖര ഇന്ധനം മാത്രം)
 • ദൗത്യം: നാലു വിക്ഷേപണം (ഒന്ന് പരാജയം)

എ.എസ്.എൽ.വി. (ഓഗ്‌മെന്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ)

 • ഭാരം: 40 ടൺ
 • ഉയരം: 24 മീറ്റർ
 • ഘട്ടം: അഞ്ച്
 • ദൗത്യം: നാലു വിക്ഷേപണം (രണ്ടെണ്ണം പരാജയം)

പി.എസ്.എൽ.വി.(പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ)

 • ഭാരം: 320 ടൺ
 • ഉയരം: 44 മീറ്റർ
 • വ്യാസം: 2.8 മീറ്റർ
 • ഘട്ടം: നാല്
 • വിഭാഗം: 3 (പി.എസ്.എൽ.വി-ജി, പി.എസ്.എൽ.വി.-സി.എ, പി.എസ്.എൽ.വി.-എക്സ്.എൽ.)
 • ദൗത്യം: 50-ാം വിേക്ഷപണത്തിലേക്ക് 

ജി.എസ്.എൽ.വി. (ജിയോസിംക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) 

 • ഭാരം: 414.75 ടൺ
 • ഉയരം: 49.13 മീറ്റർ
 • ഘട്ടം: മൂന്ന്
 • ദൗത്യം: 13

ജി.എസ്.എൽ.വി. മാർക്ക്-3 (ജിയോസിംക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ-മാർക്ക് 3)

 • ഭാരം: 640 ടൺ
 • ഉയരം: 43.43 മീറ്റർ
 • വ്യാസം: 4-മീറ്റർ
 • ഹീറ്റ് ഷീൽഡ് വ്യാസം: 5-മീറ്റർ
 • ഘട്ടം: മൂന്ന്
 • ദൗത്യം: ചന്ദ്രയാൻ-2 
 • ഉൾപ്പെടെ നാല് 

Content Highlights: ISRO India's trusted satellite launch vehicle