ഉയരെ...  2

ടേൾസ് ഒരു ചതുരശ്ര കിലോമീറ്റർമാത്രമുള്ള വിക്ഷേപണകേന്ദ്രമാണ്. തിരുവനന്തപുരം നഗരമടക്കം ജനവാസകേന്ദ്രങ്ങൾ വളരെ അടുത്തുണ്ട്. ഇവിടെ ചെറിയ റോക്കറ്റുകളേ പറ്റൂ. അതുതന്നെ, പടിഞ്ഞാറ് അറബിക്കടലിന്റെ മുകളിലെ അന്തരീക്ഷത്തിലേക്കേ അയയ്ക്കാൻ പറ്റൂ.

ഭൂഗോളം സ്വയം തിരിയുന്നത് കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണ്. ഭൂമധ്യരേഖാപ്രദേശത്ത് അതിന്റെ വേഗം ഒരു മണിക്കൂറിൽ ഏതാണ്ട് 1670 കിലോമീറ്ററുണ്ട്. ഈ ഭാഗത്തുനിന്ന് കിഴക്കോട്ട്, അന്തരീക്ഷത്തിലേക്ക് റോക്കറ്റയച്ചാൽ ഭൂമിയുടെ തിരിയൽ ആക്കത്തിന്റെ ആനുകൂല്യംകൂടി അതിനു കിട്ടും. അതിനാൽ, ഭാവിയിലെ ഉപഗ്രഹവിക്ഷേപണവാഹനങ്ങൾ അടക്കമുള്ള വമ്പൻ റോക്കറ്റുകൾ അയയ്ക്കാൻ ഐ.എസ്.ആർ.ഒ. തെക്കേയിന്ത്യയിൽ, കിഴക്കൻ തീരത്ത് ഇടംതേടി.

മുമ്പ് കേരളത്തിൽ സ്ഥലം തിരഞ്ഞ പ്രൊഫ. ചിറ്റ്‌നിസാണ് ഇതിനും സ്ഥലം തിരഞ്ഞത്. അദ്ദേഹവും പ്രൊഫ. യു.ആർ.റാവും ഹൈദരാബാദിലെത്തി, ആന്ധ്രാതീരത്തിന്റെ ഭൂപടങ്ങൾ നോക്കിയപ്പോൾ കണ്ടു, ശ്രീഹരിക്കോട്ടയെ. നാല്പതിനായിരം ഏക്കറുള്ള തുരുത്താണത്. ചെെന്നെയിൽനിന്ന് നൂറുകിലോമീറ്ററോളം വടക്ക്. വൈകാതെ സർക്കാർ ആ തുരുത്ത് അണുശക്തിവിഭാഗത്തിനു കൈമാറി (അക്കാലത്ത് ബഹിരാകാശഗവേഷണം ആ വകുപ്പിലായിരുന്നു).

ആ തുരുത്തിൽ ആകെയുണ്ടായിരുന്ന മനുഷ്യർ യെനാദികൾ എന്ന വനവാസികളാണ്; ഒമ്പതിനായിരത്തോളം പേർമാത്രം. അവരെ പ്രധാന കരയിൽ മാറ്റിപ്പാർപ്പിച്ചു. എന്നാൽ, പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാനാകാതെ അവരുടെ കാര്യം കഷ്ടമായി. പ്രൊഫ. സതീഷ്‌ ധവാൻ ഐ.എസ്.ആർ.ഒ. ചെയർമാനായ കാലത്ത് അവരെ തിരികെ തുരുത്തിലെ സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കുകയും വീടുകളും സ്കൂളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും കെട്ടിക്കൊടുക്കുകയും ചെയ്തു.

ഷാറിനെ (ശ്രീഹരിക്കോട്ട റേഞ്ച്) അന്താരാഷ്ട്ര നിലവാരമുള്ള വിക്ഷേപണത്താവളമായി വികസിപ്പിച്ചെടുത്തത് ധവാന്റെ നേതൃത്വത്തിലാണ്. സതീഷ്‌ ധവാൻ സ്പേസ് സെന്റർ എന്ന് ഈ കേന്ദ്രത്തിന് പേര് ഒൗദ്യോഗികമായി പ്രഖ്യാപിച്ചത് 2002-ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ്.

തുടക്കം സൗണ്ടിങ് റോക്കറ്റിൽ

ഷാറിൽനിന്ന് ആദ്യം (1971 ഒക്ടോബർ 9) വിക്ഷേപിച്ചത് രോഹിണി പരമ്പരയിലെ ആർ.എച്ച്.125 എന്ന സൗണ്ടിങ് റോക്കറ്റാണ്. വെറും 35 കിലോഗ്രാം ഭാരമുള്ള ഈ റോക്കറ്റും ഇതു വിക്ഷേപിക്കാനുള്ള ഉപകരണങ്ങളും തുമ്പയിൽ നിർമിച്ച് കൊണ്ടുവരുകയായിരുന്നു. 1977 ആയപ്പോഴേക്കും ഷാറിൽ ഒരു ടൺ ഭാരമുള്ള റോക്കറ്റ് വിക്ഷേപിക്കാനുള്ള സൗകര്യങ്ങളായി.

വിക്ഷേപണത്തറകൾ
റോക്കറ്റുകൾ വലുതാകുന്നതിനൊത്ത് ഷാറിലെ വിക്ഷേപണസൗകര്യങ്ങളും വിപുലമാകുന്നു.  സൗണ്ടിങ് റോക്കറ്റുകളുടെ വിക്ഷേപണസ്ഥലത്തുനിന്ന് നാലുകിലോമീറ്റർ മാറിയാണ് എസ്.എൽ.വി.ക്കുള്ള  വിക്ഷേപണത്തറയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.  

പാർശ്വറോക്കറ്റുകൾകൂടിയുള്ള എ.എസ്.എൽ.വി.ക്കുവേണ്ടി വേറെ വിക്ഷേപണത്തറ 1986-ൽ തയ്യാറാക്കി. അതിന് 40 മീറ്റർ ഉയരമുള്ള സർവീസ് ടവറുണ്ട്.

പി.എസ്.എൽ.വി. റോക്കറ്റുകൾക്കായി കൂടുതൽ വിപുലമായ തറയുണ്ടാക്കി. എഴുപതുമീറ്റർ ഉയരമുള്ളതും സഞ്ചരിക്കുന്നതുമായ സർവീസ് ടവറാണ് അവിടെ. ഈ റോക്കറ്റിന്റെ അടിയിലെ ഘട്ടത്തിൽനിന്ന് തീജ്വാലകൾക്ക്‌ താഴേക്കുപോകാൻ തറയിൽ വലിയ കിടങ്ങും അവിടെ ചൂടുകുറയ്ക്കാനുള്ള ഏർപ്പാടുമുണ്ട്.

ജി.എസ്.എൽ.വി.ക്ക് അടിയിൽ വണ്ണം കൂടുതലാണ്. ക്രയോജനിക് ദ്രാവകങ്ങൾ കൈകാര്യംചെയ്യാനും സൗകര്യം വേണം. അതിനൊക്കെവേണ്ടി  പി.എസ്.എൽ.വി.യുടെ വിക്ഷേപണത്തറ പരിഷ്കരിച്ചു.

ഇതുപോലുള്ള വമ്പൻ റോക്കറ്റുകളുടെ ഘടകങ്ങൾ കൂട്ടിയിണക്കാൻ മൂന്നുമാസമെങ്കിലുമെടുക്കും. ഒരുകൊല്ലം മൂന്നോ നാലോ വിക്ഷേപണമേ നടത്താനാകൂ. കൂടുതൽ വിക്ഷേപണങ്ങൾ വേണ്ടതിനാൽ പുതിയൊരു തറകൂടി  (രണ്ടാം ലോഞ്ച് പാഡ്) ശ്രീഹരിക്കോട്ടയിൽ തയ്യാറാക്കി. ജി.എസ്.എൽ.വി.മാർക്ക് 3 റോക്കറ്റ് 670 ടൺ ഭാരമുള്ളതാണ്. അതിനായി രണ്ടാം ലോഞ്ച് പാഡിൽ ലോഞ്ച് പെഡസ്റ്റൽ എന്ന സൗകര്യം ഏർപ്പെടുത്തി.

എസ്.എൽ.വി.
ഉപഗ്രഹവിക്ഷേപണറോക്കറ്റുകൾ ഉണ്ടാക്കാൻ 1968-ൽ പഠനം തുടങ്ങിയിരുന്നു. പിന്നീട്  റോക്കറ്റിന്റെ പല രൂപരേഖകൾ തയ്യാറാക്കി. അവയിൽ മൂന്നാമത്തെ രൂപരേഖ തിരഞ്ഞെടുത്തു. അതുകൊണ്ടാണ് ഇന്ത്യയുടെ ആദ്യ ഉപഗ്രഹവിക്ഷേപണ റോക്കറ്റിന് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ 3 (എസ്.എൽ.വി. 3) എന്ന പേരുണ്ടായത്.

എ.പി.ജെ. അബ്ദുൽ കലാം ഉൾപ്പെടെയുള്ള മുതിർന്ന ശാസ്ത്രജ്ഞർക്ക്‌ റോക്കറ്റിന്റെ വിവിധ ഘട്ടങ്ങളുടെയും മറ്റുപ്രധാന പ്രവർത്തനങ്ങളുടെയും ചുമതലകൾ സാരാഭായി പകുത്തുകൊടുത്തിരുന്നു; ഉപഗ്രഹത്തിന്റെ ചുമതല പ്രൊഫ. യു.ആർ.റാവുവിനും. അതിൽ പിന്നീട് മാറ്റമുണ്ടായി.  കലാമിന്റെ കഴിവ് ബോധ്യപ്പെട്ടിരുന്ന പ്രൊഫ. സതീഷ്‌ ധവാൻ ഐ.എസ്.ആർ.ഒ. ചെയർമാനായതിനുശേഷം കലാമിനെ എസ്.എൽ.വി 3-ന്റെ മൊത്തം ഡയറക്ടറാക്കി.  

പതിനേഴുടൺ ഭാരവും 22 മീറ്റർ ഉയരവുമുള്ളതാണ് ഈ റോക്കറ്റ്. 1979 ഓഗസ്റ്റ്‌ 10 രാവിലെ 7.58-ന്  റോക്കറ്റ്  ഷാറിലെ വിക്ഷേപണത്തറയിൽനിന്നുയർന്നു. ഒന്നാംഘട്ടം നന്നായി പ്രവർത്തിച്ചു. രണ്ടാംഘട്ടം ജ്വലിക്കാതെ റോക്കറ്റ് കടലിൽ വീണു. രണ്ടാംഘട്ടത്തിൽ ഓക്സീകാരിയാകേണ്ട റെഡ് ഫ്യൂമിങ് നൈട്രിക് ആസിഡ് വാൽവ് തകരാറുമൂലം വിക്ഷേപണത്തിനുതൊട്ടുമുമ്പ് ചോർന്നതാണ് പരാജയകാരണമെന്ന് പിന്നീട് കണ്ടെത്തി.

എസ്.എൽ.വി.3 ന്റെ രണ്ടാം വിക്ഷേപണം (1980  ജൂലായ് 18) വിജയിച്ചു. 35 കിലോ ഭാരമുള്ള രോഹിണി ഉപഗ്രഹത്തെ 280 കിലോമീറ്റർ ഉയരെയുള്ള ഭൂസമീപ ദീർഘവൃത്ത ഭ്രമണപഥത്തിലെത്തിച്ചു. ഇന്ത്യയിൽത്തന്നെ നിർമിച്ച് ഇന്ത്യയിൽനിന്നുതന്നെയുള്ള   ആദ്യ ഉപഗ്രഹവിക്ഷേപണ വിജയം. അതോടെ, ഉപഗ്രഹവിക്ഷേപണശേഷിയുള്ള ആറാമത്തെ രാജ്യമായി ഇന്ത്യ. (ആര്യഭട്ട ഇന്ത്യയുടെ ആദ്യ ഉപഗ്രഹമാണെങ്കിലും അത് റഷ്യയിൽനിന്നാണ് വിക്ഷേപിച്ചത്).  

എ.എസ്.എൽ.വി.

എസ്.എൽ.വി.യെക്കാൾ വലുതാണ് എ.എസ്.എൽ.വി. (ആഗ്‌മെന്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ). ഈ അഞ്ചുഘട്ട റോക്കറ്റിന് 24 മീറ്റർ പൊക്കവും 40 ടൺ ഭാരവുമുണ്ട്. എല്ലാ ഘട്ടത്തിലും ഖരനോദകമാണ്. ഈ റോക്കറ്റിന്റെ ദൗത്യം 150 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 400 കിലോമീറ്റർ ഉയരെയുള്ള ഭൂസമീപഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു.

ആദ്യ എ.എസ്.എൽ.വി. 1987 മാർച്ച് 24-ന് വിക്ഷേപിച്ചു. രണ്ടാമത്തേത് 1988 ജൂലായ് 13-ന്. രണ്ടും പരാജയപ്പെട്ടു.

മൂന്നാമത്തെ ദൗത്യത്തിൽ റോക്കറ്റ് അല്പം പരിഷ്കരിച്ചതുകൊണ്ട് രണ്ടുടൺ ഭാരം കൂടി. അതുകൊണ്ട് പേലോഡിൽ 45 കിലോ കുറയ്ക്കേണ്ടിവന്നു. അതിന്റെ വിക്ഷേപണം (1992 മേയ് 20-ന്) വിജയിച്ചു; 106 കിലോഗ്രാം ഭാരമുള്ള സ്രോസ്സ്‌ സി 2 എന്ന ഉപഗ്രഹം ഉദ്ദേശിച്ച ഭ്രമണപഥത്തിലെത്തി.നാലാം എ.എസ്.എൽ.വി. 1994 മേയ് നാലിന് വിക്ഷേപിച്ചു. അതും  സ്രോസ്സ് ഉപഗ്രഹത്തെ ഉദ്ദേശിച്ച പഥത്തിലെത്തിച്ചു.  

തൊഴിലാളി തൊഴിച്ചപ്പോൾ റെഡി

രണ്ടാമത്തെ എസ്.എൽ.വി. 3 പരാജയപ്പെടാത്തത് പാപ്പയ്യ എന്ന സാങ്കേതികജീവനക്കാരന്റെ ജീവൻ പണയംവെച്ചുള്ള പ്രവൃത്തികൊണ്ടാണ്.

റോക്കറ്റിനെ ലോഞ്ച് പാഡിൽ പിടിച്ചുനിർത്താൻ യന്ത്രക്കൈകളുണ്ട്. റോക്കറ്റിന്റെ മുകൾഭാഗവും ലോഞ്ചിങ് പാഡുമായി കേബിൾ ബന്ധവുമുണ്ട്; ഗർഭസ്ഥശിശുവും ഗർഭപാത്രവുമായുള്ള പൊക്കിൾക്കൊടിബന്ധംപോലെ. വിക്ഷേപണത്തിനു തൊട്ടുമുമ്പ് യന്ത്രക്കൈകളും ഈ കേബിൾ പൊക്കിൾക്കൊടിയും വേർപെടണം. അതിനുള്ള നിർദേശം കൊടുത്തപ്പോൾ കൈകൾ അകന്നുമാറി. എന്നാൽ, കേബിൾ പൊക്കിൾക്കൊടി അകന്നുമാറിയതേയില്ല. അതുമാറാതെ വിക്ഷേപിക്കാനാകില്ല.

13 ടൺ നോദകവുമായി, വിക്ഷേപിക്കാറായി നിൽക്കുന്ന റോക്കറ്റ് വമ്പൻ സ്ഫോടകവസ്തുപോലെയാണ്. എല്ലാം റിമോട്ട് കൺട്രോളിലാണ് ചെയ്യിക്കേണ്ടത്. അടുക്കാൻ ആർക്കും അനുവാദമില്ല. ആൾ ചെന്ന് എടുത്തുമാറ്റാമെന്നുവെച്ചാൽത്തന്നെ, അതിന്റെ ലോഞ്ചിങ് പാഡിനുമുകളിൽ കയറാൻ ആരെങ്കിലും ധൈര്യപ്പെടുമോ? മേലുദ്യോഗസ്ഥർ അനുവദിച്ചാൽ താൻ കയറാമെന്നായി പാപ്പയ്യ. അനുവദിക്കാൻപോലും ആര് ധൈര്യപ്പെടും? ഉദ്യോഗസ്ഥർ ചർച്ചചെയ്തു.  വേറെ വഴിയില്ല; അനുവദിച്ചു. പാപ്പയ്യ പാഡിൽക്കയറി. കേബിൾ പൊക്കിൾക്കൊടിയെ കാലുകൊണ്ട് ഒറ്റത്തൊഴി. അത് അകന്നുമാറി. പാപ്പയ്യ ഇറങ്ങിവന്നു. പിന്നെ, കൗണ്ട് ഡൗൺ തുടർന്നു. വിക്ഷേപണം വിജയമായി.

വെള്ളാനയും  ആമേനും

ഇന്ത്യയുടെ ബഹിരാകാശഗവേഷണം തുമ്പയിൽ തുടങ്ങിയത് രസകരമായ സംഭവമാണ്.

1962-ൽ ഡോ. സാരാഭായിയും ഡോ. ഭാഭയും കാന്തിക ഭൂമധ്യരേഖയ്ക്കടുത്തുള്ള പല സ്ഥലങ്ങളും തിരഞ്ഞു. കേരളത്തിൽ  പ്രൊഫ. ചിറ്റ്‌നിസും പ്രൊഫ. പി.ആർ. പിഷാരടിയുമാണ് സ്ഥലം നോക്കിയത്. തിരുവനന്തപുരം ജില്ലയിൽ തുമ്പയും ആളില്ലാതുറയും പെരുമാതുറയും കൊല്ലം ജില്ലയിൽ പരവൂരും കരുനാഗപ്പള്ളിക്കടുത്തുള്ള വെള്ളനാതുരുത്തും തമിഴ്‌നാട്ടിൽ കന്യാകുമാരി ജില്ലയിലെ ഏഴുകോണും പോയിക്കണ്ടു. പിന്നാലെ, നാസയുടെ വിദഗ്ധർ കണ്ടിഷ്ടപ്പെട്ടത് കാന്തികമധ്യരേഖയിൽത്തന്നെയുള്ള വെള്ളനാതുരുത്താണ്. പക്ഷേ,  ആ രേഖയ്ക്ക് അര ഡിഗ്രി തെക്കുള്ള തുമ്പയെയാണ് സാരാഭായി തിരഞ്ഞെടുത്തത്.

അതേപ്പറ്റി ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. ജി.മാധവൻ നായർ ആത്മകഥയിൽ (അഗ്നിപരീക്ഷകൾ) ഇങ്ങനെ എഴുതിയിരിക്കുന്നു:  ഇംഗ്ലീഷിൽ എഴുതിയ ‘വെള്ളനാതുരുത്ത്’ പിഷാരടി വായിച്ചത് ‘വെള്ളാനത്തുരുത്ത്’ എന്നാണ്. വെള്ളാന എന്ന പേര് ഔദ്യോഗികകാര്യങ്ങളിൽ പിടിപ്പുകേടിന്റെ പര്യായമാണെന്ന് അദ്ദേഹം സാരാഭായിക്ക് വിശദീകരിച്ചുകൊടുത്തു. പ്രൊഫഷണലിസത്തിന്റെ തലതൊട്ടപ്പനായ സാരാഭായി അതുകേട്ടപാടേ, നമുക്ക് തുമ്പമതി എന്നായി.

തുമ്പ മീൻപിടിത്തഗ്രാമമായിരുന്നു. റെയിൽപ്പാളത്തിനും കടലിനുമിടയിൽ സുമാർ 600 ഏക്കർ സ്ഥലം. പക്ഷേ, ഏറ്റെടുക്കേണ്ട സ്ഥലത്തിൽ, പുരാതനമായ വിശുദ്ധ മേരി മഗ്ദലീൻ പള്ളിയും ബിഷപ്പിന്റെ അരമനയും ഉണ്ടായിരുന്നു. അവിടെ  താമസിച്ചിരുന്ന നൂറുകണക്കിന് കുടുംബങ്ങൾ അന്നത്തെ മുഖ്യമന്ത്രി ആർ. ശങ്കറും റവന്യൂമന്ത്രി പി.ടി.ചാക്കോയും അനുനയിപ്പിച്ചപ്പോൾ വീടുകൾ ഒഴിയാമെന്നായി; എന്നാൽ, പള്ളി വിട്ടുകൊടുക്കാൻ തയ്യാറായില്ല. പ്രവേശനം നിയന്ത്രിക്കപ്പെടേണ്ട സ്ഥലം പൂർണമായി ഒഴിപ്പിച്ചേതീരൂതാനും. രാഷ്ട്രീയനേതാക്കളോടും ഉദ്യോഗസ്ഥപ്രമുഖരോടും ഡോ. സാരാഭായി സംസാരിച്ചു. തൊട്ടാൽ പൊള്ളുന്ന കാര്യമാണെന്ന് അവരൊക്കെ പറഞ്ഞു. അന്നത്തെ ബിഷപ്പ് പീറ്റർ ബർണാഡ് പെരേരയെ കാണാൻ  അദ്ദേഹത്തിന് ഉപദേശംകിട്ടി.

പിന്നീട് നടന്ന കാര്യം ഡോ. എ.പി.ജെ.അബ്ദുൽ കലാം എഴുതിയിട്ടുള്ളത് ചുരുക്കത്തിൽ ഇങ്ങനെയാണ്:  ഒരു ശനിയാഴ്ച ഡോ. സാരാഭായി, ബിഷപ്പ്  പെരേരയെ ചെന്നുകണ്ടു. കാര്യംകേട്ട്‌ പുഞ്ചിരിച്ച ബിഷപ്പ് ഒരുറപ്പും പറഞ്ഞില്ല; പിറ്റേന്ന്‌ പള്ളിയിൽ വരാൻ പറഞ്ഞു. പിറ്റേന്ന് പള്ളിയിൽ, ദിവ്യപൂജാവേളയിൽ ബിഷപ്പ് വിശ്വാസികളോടുപറഞ്ഞു. ‘എന്റെ മക്കളേ, എന്റെ അടുത്തുള്ളത് പ്രശസ്ത ശാസ്ത്രജ്ഞനാണ്. നമ്മുടെ പള്ളിയും ഞാൻ താമസിക്കുന്ന സ്ഥലവും ബഹിരാകാശഗവേഷണത്തിന് ഇവർ ആവശ്യപ്പെടുന്നു. പ്രിയപ്പെട്ട മക്കളേ, മനുഷ്യജന്മത്തെ സമ്പുഷ്ടമാക്കുന്ന സത്യത്തെയാണ് ശാസ്ത്രം തേടുന്നത്.

മതത്തിന്റെ ഉന്നതതലമാണ് ആത്മീയത. എന്നെപ്പോലുള്ള ആത്മീയപ്രബോധകർ സർവശക്തന്റെ സഹായം തേടുന്നത് മനുഷ്യമനസ്സുകളെ സമാധാനപ്പെടുത്താനാണ്. ചുരുക്കത്തിൽ, വിക്രമും ഞാനും ചെയ്യുന്നത് ഒരേ കാര്യമാകുന്നു; ശാസ്ത്രവും ആത്മീയതയും സർവശക്തന്റെ അനുഗ്രഹം തേടുന്നത് മനുഷ്യമനസ്സിനും ശരീരത്തിനുമുള്ള ക്ഷേമത്തിനുവേണ്ടിയാകുന്നു. ആറുമാസത്തിനകം നമുക്ക് പള്ളിയും വാസസ്ഥലവും പുതുതായി പണിയിച്ചുതരാമെന്ന് വിക്രം സാരാഭായി വാക്കുതരുന്നു. മക്കളേ, നമുക്ക് ഈ ദേവാലയവും എന്റെയും നിങ്ങളുടെയും താമസസ്ഥലങ്ങളും ശാസ്ത്രദൗത്യത്തിനായി വിട്ടുകൊടുത്തുകൂടേ?’  

അല്പനേരം പൂർണനിശ്ശബ്ദത. എന്നിട്ട്, പള്ളിച്ചുമരുകളിൽത്തട്ടി മാറ്റൊലിക്കൊള്ളുമാറ് വിശ്വാസികൾ ഒന്നിച്ചുപറഞ്ഞു, ആമേൻ...

ആ മഹത്തായ തീരുമാനത്താലാണ് ടേൾസിന് അവിടം വിട്ടുകിട്ടിയത്. ബിഷപ്പിന്റെ വാസസ്ഥലത്തിനെ ഓഫീസും പള്ളിയെ പണിശാലയുമാക്കി. ഇവിടെ  പരീക്ഷണശാലയായിമാറ്റിയ കാലിത്തൊഴുത്തിലിരുന്ന് ഇരുപതോളം യുവശാസ്ത്രജ്ഞർ ആദ്യ റോക്കറ്റുകൾ തയ്യാറാക്കി. (ഈ പള്ളിക്കെട്ടിടം സ്പേസ് സയൻസ് മ്യൂസിയമാക്കി ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്).
വിട്ടുകിട്ടിയതിനുപകരം, തുമ്പയ്ക്കടുത്ത് രണ്ടുപള്ളികൾ ഐ.എസ്.ആർ.ഒ. പണിയിച്ചുകൊടുത്തു. 

(തുടരും)

Content Highlights: first rocket from shaar