പൊതുജനാഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചുകൊണ്ട്  ഇന്ത്യയുടെ അഞ്ചാമത് ദേശീയ ശാസ്ത്രസാങ്കേതിക നയത്തിന്റെ കരടുരൂപം കേന്ദ്രസർക്കാർ 2021 ജനുവരി നാലിന് പ്രഖ്യാപിച്ചെങ്കിലും അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പും കോവിഡ് പ്രതിരോധ വാക്സിനും മുതൽ ഡൽഹിയിലെ കർഷകസമരംവരെ നീളുന്ന വിഷയങ്ങളിൽ മുങ്ങിയെന്നവണ്ണം അതിന് മതിയായ ശ്രദ്ധയും പരിഗണനയും പ്രതികരണങ്ങളും ഇനിയും ലഭിച്ചുതുടങ്ങിയിട്ടില്ല.
കോവിഡ് വ്യാപനത്തിനു നടുവിലും 2020 ജൂൺമുതൽ  രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ വിവിധ സാമൂഹിക ശ്രേണികളിൽപ്പെട്ട വ്യക്തികളുമായും സംഘടനകളുമായുമെല്ലാം നടത്തിയ ചർച്ചകൾക്കൊടുവിൽ കാലോചിതമായി രൂപപ്പെടുത്തിയ നയത്തിന്റെ കരടു രൂപമാണിതെന്നാണ് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് അവകാശപ്പെടുന്നത്.  

മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇപ്പോൾ പ്രഖ്യാപിതമായിട്ടുള്ളത് പേര് സൂചിപ്പിക്കുംവിധം ശാസ്ത്രസാങ്കേതിക നവീകരണ നയം (Science, Technology, and Innovation Policy) ആണ് എന്നതാണ് പുതിയ കരടുനയത്തെക്കുറിച്ച് എടുത്തുപറയേണ്ടതായ ഒരു പ്രത്യേകത. തികച്ചും വികേന്ദ്രീകൃതവും തെളിവുകളിൽ അധിഷ്ഠിതവും വിദഗ്‌ധരാൽ നയിക്കപ്പെടുന്നതുമായ സമഗ്രമായ ഒരു നയമാണിതെന്നാണ് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ്  പറയുന്നത്.

ഗവേഷണവിവരങ്ങൾ പൊതുജനങ്ങളിലേക്ക്
പ്രസ്തുതനയം പരമമായി ഉയർത്തിക്കാട്ടുന്ന സുതാര്യത പ്രത്യേകം പ്രസ്താവ്യമാണ്. ശാസ്ത്രപഠന ഗവേഷണങ്ങൾ പരമരഹസ്യമായി സൂക്ഷിക്കുന്ന മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി സർക്കാർ സഹായധനത്താലോ സർക്കാർ സ്ഥാപനങ്ങളിലോ നേരിട്ടോ ഫണ്ടിങ്‌ എജൻസികൾ വഴിയായോ നടക്കുന്ന എല്ലാ പഠനഗവേഷണങ്ങളുടെയും  ഫലങ്ങൾ സംബന്ധിച്ച വിവരം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത് അവരുടെ അവകാശമാക്കിക്കൊണ്ടുള്ള വ്യത്യസ്തസമീപനം അഞ്ചാമത്  ശാസ്ത്രസാങ്കേതിക നയത്തിന്റെ പുതുമകളിൽപ്പെടുന്നു.

രാജ്യത്തു നടക്കുന്ന പഠന ഗവേഷണങ്ങളിൽ ഉരുത്തിരിയുന്ന ഫലങ്ങളും അവയ്ക്കാധാരമായ സ്ഥിതിവിവരക്കണക്കുകളും ലഭ്യമാകുന്ന ദേശീയ നിരീക്ഷണാലയം (National STI Observatory) സ്ഥാപിതമാകുമെന്നു നയം വ്യക്തമാക്കുന്നുണ്ട്. കൂടാതെ, പൊതുമുതൽ ഉപയോഗപ്പെടുത്തി നടത്തുന്ന ഗവേഷണങ്ങളുടെ അനന്തരഫലങ്ങൾ സമൂഹത്തിനു നിരീക്ഷിക്കാൻ കഴിയുംവിധത്തിൽ രൂപകല്പന ചെയ്തിട്ടുള്ള ഇന്ത്യൻ സയൻസ് ആൻഡ് ടെക്‌നോളജി ആർക്കൈവ് ഓഫ് റിസർച്ച് (Indian Science and Technology Archive of Research അഥവാ INDSTA) എന്ന പേരിൽ ഒരു സമഗ്ര പോർട്ടലും നിലവിൽവരും.   `

 ഒരു ഇന്ത്യ, ഒരു വരിസംഖ്യ
നയത്തിൽ വിഭാവനചെയ്തിട്ടുള്ള ഒരു ഇന്ത്യ, ഒരു വരിസംഖ്യ (One India, One Subscription) എന്ന സമീപനവും ഏറെ ശ്രദ്ധയർഹിക്കുന്നു. ഇതിൻപ്രകാരം വിവിധ ഗവേഷണ പ്രസിദ്ധീകരണങ്ങളിൽവരുന്ന പഠനങ്ങൾ ഒറ്റത്തവണ വരിസംഖ്യനൽകി പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുംവിധത്തിലുള്ള സംവിധാനം സർക്കാർതന്നെ പ്രസാധകരുമായി ചർച്ചചെയ്തു യാഥാർഥ്യമാക്കും എന്നാണ് കരടു നയത്തിലുള്ള സൂചന.
പൊതുഖജനാവിൽനിന്നു പണംമുടക്കി സ്ഥാപിതമായിട്ടുള്ള എല്ലാ ഗവേഷണസംവിധാനങ്ങളുടെയും പ്രയോജനം വിവരസാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള മേഖലകളുടെ സാധ്യതകൾകൂടി ഉപയോഗപ്പെടുത്തി ഏതൊരു ഇന്ത്യൻ പൗരനും ഡിജിറ്റലായി നിരീക്ഷിക്കുന്നതിനും പങ്കുവെക്കുന്നതിനുമുള്ള സംവിധാനം യാഥാർഥ്യമാവുമെന്നു നയം സൂചിപ്പിക്കുന്നുണ്ട്.

സർക്കാർ ചെലവിൽ നടത്തുന്ന ശാസ്ത്രസാങ്കേതിക പഠനങ്ങളുടെ ഗുണം ഗവേഷണാലയങ്ങളുടെ അടഞ്ഞ ചുമരുകൾക്കുള്ളിൽ പരമരഹസ്യമായി തളച്ചിടാതെ അവ ഭാവിതലമുറകൾക്കുകൂടി പ്രയോജനകരമാകുംവിധം സമൂഹമധ്യത്തിൽ എത്തിക്കുന്നതിന് ഇത്തരം ഒരു നിലപാട് അനിവാര്യമാണ്. അത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്. അതേസമയം, വിവരാവകാശ നിയമത്തിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ അനാവശ്യമായ ബാഹ്യ ഇടപെടലുകൾ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകളുംകൂടി നയം നിയമമാകുമ്പോൾ ഉണ്ടാകുമെന്നു കരുതാം.

 അടിക്കല്ല് ആദ്യനയം
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ പ്രഖ്യാപിതമാവുന്ന അഞ്ചാമത് ശാസ്ത്ര സാങ്കേതിക നയമാണിത്. അതതു കാലങ്ങളിൽ നിലനിന്നുപോന്നിരുന്ന ശാസ്ത്ര സാമൂഹിക പശ്ചാത്തലങ്ങൾക്കനുസരണമായ നയങ്ങൾ തന്നെയാണ് ഇന്ത്യ എന്നും രൂപം കൊടുത്തിട്ടുള്ളത്. 1958-ൽ  അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു പ്രഖ്യാപിച്ച ശാസ്ത്രനയം ശാസ്ത്രസാങ്കേതിക രംഗങ്ങളിലെ ഗവേഷണപഠനങ്ങൾ കാർഷിക, വ്യാവസായിക മേഖലകളിലെ പുരോഗതിക്കു പ്രയോജനകരമാക്കുന്നതിനുദ്ദേശിച്ചതായിരുന്നു. രാജ്യത്തിന്റെ വിവിധ തുറകളിലെ വികസനത്തിനാവശ്യമായ ശാസ്ത്രജ്ഞരെ രൂപപ്പെടുത്തിയെടുക്കുന്നതിൽ ആദ്യനയംതന്നെ ശക്തമായ അടിത്തറ പാകിയിരുന്നു എന്നതാണ് യാഥാർഥ്യം. പിൽക്കാല വികസനത്തിനാവശ്യമായ പാഠ്യപദ്ധതികൾ രൂപപ്പെടുത്തുന്നതിലും അതിനാവശ്യമായ ശാസ്ത്രജ്ഞരടക്കമുള്ള സാങ്കേതിക വിദഗ്‌ധരെ  സൃഷ്ടിക്കുന്നതിലും ശരിയായ മാർഗനിർദേശം നൽകുന്നതിൽ ആദ്യ നയം വിജയിക്കുകയുണ്ടായി. അതിന്റെ തുടർച്ചയെന്നോണമെങ്കിലും ഇരുപത്തിയഞ്ചു വർഷത്തിനുശേഷം 1983-ൽ ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് ദേശീയ വിഷൻ ഡോക്യുമെന്റ് എന്ന വിശേഷണത്തോടെ സാങ്കേതികവിദ്യയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള രണ്ടാമത് ദേശീയ ശാസ്ത്രനയം പ്രഖ്യാപിതമാവുന്നത്.  

വീണ്ടും  ഒരു ഇരുപതുവർഷത്തിനുശേഷം അടൽ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രി ആയിരിക്കേ 2003-ൽ ഗവേഷണ പഠനങ്ങൾക്കു കാര്യമായ മുതൽമുടക്കുകളോടെ, ആഭ്യന്തര ഉപഭോഗ സൂചികയുടെ രണ്ടു ശതമാനം, മൂന്നാമത് ശാസ്ത്രസാങ്കേതിക നയം നിലവിൽവരുകയുണ്ടായി.  

തുടർന്ന് 2013-ൽ മൻമോഹൻ സിങ്‌ പ്രധാനമന്ത്രി ആയിരിക്കേ രാജ്യത്തെ നാലാമത് ശാസ്ത്രസാങ്കേതിക നയപ്രഖ്യാപനമുണ്ടായി.  ലോകവേഗം കൂടിക്കൊണ്ടിരുന്ന വേളയിൽ കാലത്തിനൊപ്പം നീങ്ങാൻ പര്യാപ്തമാകുംവിധം ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്ത് സർക്കാർ-സ്വകാര്യ സംരംഭങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകിക്കൊണ്ടായിരുന്നു ആ നയപ്രഖ്യാപനം.

 പ്രതീക്ഷയോടെ നോക്കാം
വ്യത്യസ്ത രാഷ്ട്രീയ സമീപനമുള്ള സർക്കാരുകൾ രാജ്യം ഭരിക്കുപ്പോഴും അദൃശ്യമായൊരിഴ നമ്മുടെ ശാസ്ത്രസാങ്കേതിക ഗവേഷണ മേഖലകളിലെ പ്രവർത്തനം ഏകോപിപ്പിച്ചുകൊണ്ടിരുന്നു എന്നത് ഒരുപക്ഷേ, ജനാധിപത്യംപോലെത്തന്നെ നമുക്കുമാത്രം അവകാശപ്പെടാവുന്ന ഒരു സവിശേഷതയാണ്. കഴിഞ്ഞ എൺപതു വർഷത്തെ അക്ഷീണമായ പ്രവർത്തനങ്ങൾ ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യക്ക്‌ എക്കാലത്തും തലയുയർത്തി നിൽക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിന്റെ തുടർച്ചയാവും ഇപ്പോൾ പ്രഖ്യാപിതമായിട്ടുള്ള അഞ്ചാമത് ദേശീയ ശാസ്ത്രസാങ്കേതിക നവീകരണ നയവും എന്നുതന്നെ കരുതാം.

ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് മുൻ ഉദ്യോഗസ്ഥനാണ് ലേഖകൻ