ഇന്ന് വികസിപ്പിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവുമധികം ഭാരം വഹിക്കാൻ ശേഷിയുള്ള ഫാൽക്കൺ ഹെവിയുടെ വിജയകരമായ വിക്ഷേപണം റോക്കറ്റ് സാങ്കേതികതയിലെ ഒരു നാഴികക്കല്ലാണ്.

പുനരുപയോഗ സാങ്കേതികത ഫാൽക്കൺ റോക്കറ്റുകളിൽ നേരത്തേതന്നെ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഫാൽക്കൺ ഹെവിയിൽ അതിന്റെ എല്ലാ ഘട്ടങ്ങളും, രണ്ട് സ്ട്രാപ്പും ബൂസ്റ്ററും, തിരിച്ചിറക്കാൻ ശ്രമിച്ച് വിജയകരമായെന്നതാണ് ഏറ്റവുംവലിയ പ്രത്യേകത. സ്റ്റാർമാൻ എന്ന ബോമ്മയെ ഡ്രൈവർസീറ്റിലിരുത്തി ടെസ്‌ല റോഡ്സ്റ്റർ കാറിനെ ഭ്രമണപഥത്തിലെത്തിച്ചത് വലിയ കാര്യമല്ലെങ്കിൽപോലും അത് റോക്കറ്റ് സാങ്കേതികതയിൽ ഒരു പുതുയുഗപ്പിറവിയാണ്. ഭൂമിക്ക് അപ്പുറത്ത് മറ്റൊരിടത്തുകൂടി മനുഷ്യവാസം സാധ്യമാക്കുകയെന്ന എലൻ മസ്‌കിന്റെ സ്വപ്നത്തിലേക്കുള്ള യാത്രകൂടിയാകും ഫാൽക്കൺ ഹെവിയുടെ വിജയം.

പുനരുപയോഗിക്കാനാവുന്ന ബൂസ്റ്ററുകളും  അപ്പർ സ്റ്റേജും 
അമേരിക്കയും റഷ്യയും ചൈനയും യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയുമൊക്കെത്തന്നെ റോക്കറ്റുകൾ വികസിപ്പിക്കാൻ തുടങ്ങിയിട്ട് അറുപത് വർഷത്തിലധികമായി. എന്നാൽ, റോക്കറ്റുകൾ പൂർണമായും പുനരുപയോഗിക്കാനാവുന്ന തരത്തിൽ സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിക്കാനായത് ആദ്യമായാണ്. സ്പേസ് ഷട്ടിൽ പോലുള്ള പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റുകൾ നാം നേരത്തേതന്നെ കണ്ടിട്ടുണ്ട്. സ്പേസ് ഷട്ടിലുകളാകട്ടെ ചിറകുള്ളവയാണ്. റോക്കറ്റായി വിക്ഷേപിക്കുകയും വിമാനം പോലെ തിരിച്ചിറങ്ങുകയുമാണ് ചെയ്യുക. അതിലെ ക്രയോജനിക് ഘട്ടവും ഖര ഇന്ധനം ഉപയോഗിക്കുന്ന ഘട്ടവുമൊന്നും പുനരുപയോഗസാധ്യമല്ല. ആ സാങ്കേതികതയിൽ വാഹനത്തിന് മാത്രമാണ് പുനരുപയോഗ സാധ്യതയുള്ളത്. അതായത്, 30 ശതമാനംമാത്രമേ പുനരുപയോഗിക്കാനാകൂ. എന്നാൽ, സ്പേസ് എക്‌സിന്റെ ഫാൽക്കൺ ഹെവിയിൽ അതിന്റെ ബൂസ്റ്ററുകളും അപ്പർ സ്റ്റേജും പുനരുപയോഗിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.

സാധാരണ റോക്കറ്റുകളെ രണ്ടുതരത്തിലാണ് വിവക്ഷിക്കാറുള്ളത്. ഇവോൾവ്ഡ് ലോഞ്ച് വെഹിക്കിളെന്നും (ഇ.എൽ.വി) റീ യൂസബിൾ ലോഞ്ച് വെഹിക്കിളെന്നും(ആർ.എൽ.വി.). സാധാരണഗതിയിൽ ആർ.എൽ.വി.യിൽ പല വാഹനങ്ങളും ചിറകുള്ള, വിമാനസദൃശമാണ്. ഇ.എൽ.വി.യിൽ ചിറകില്ലാത്ത സിലിൻഡർ ആകൃതിയിലുള്ള റോക്കറ്റുകളാണ്. എന്നാൽ, രണ്ട് സങ്കേതികതയും ചേർത്തുകൊണ്ടുള്ളതാണ് ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത്. എൻജിൻതന്നെ ഉപയോഗിച്ച് റോക്കറ്റുകൾ ലംബമായി ഭൂമിയിൽ തിരിച്ചിറക്കാമെന്നത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനായെന്ന നേട്ടവും സ്പേസ് എക്സിന്‌ ലഭിച്ചു. കഴിഞ്ഞ 20 വർഷത്തിലധികമായി പലരും ഇത്തരം റോക്കറ്റുകൾ നിർമിക്കാനും വികസിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. ക്രിസ്‌ലർ ഏറോ സ്പേസിന്റെ കെവൺ, റോട്ടോൺ റോക്കറ്റ് എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. അതൊക്കെ വലിയ പരാജയമായതോടെ പദ്ധതി അവസാനിപ്പിക്കുകയായിരുന്നു. 

മാറ്റത്തിന് വഴിയൊരുക്കും
എന്നാൽ, ഈ സാങ്കേതികതയിൽ വിജയിക്കാനായെന്നതാണ് പുതിയ നേട്ടം. ലോക്കീഡ് മാർട്ടിൻ, എയർബസ്, റോസ്‌കോസ്‌മോസ്, ഏരിയൻ തുടങ്ങിയ എല്ലാ സ്പേസ്‌ ഏജൻസികൾക്കും സ്പേസ് എക്സിന്റെ നേട്ടം വെല്ലുവിളിയാണ്. സാധാരണ റോക്കറ്റ് വിക്ഷേപിക്കാനാകുന്നതിന്റെ പകുതിയിൽക്കുറഞ്ഞ തുകയ്ക്ക് സ്പേസ് എക്സിന് വിക്ഷേപണം സാധ്യമാകുമെന്നതാണ് കാരണം. ഈ ചെലവുകുറവ് ഇന്ത്യയുടേതുമായി താരതമ്യം ചെയ്യേണ്ടതില്ല. 

യൂറോപ്പിലും അമേരിക്കയിലുമുണ്ടാക്കുന്ന റോക്കറ്റുകൾ ഇന്ത്യയിൽ നിർമിക്കുമ്പോൾ ചെലവ് കുറവുതന്നെയാണ്. പരമ്പരാഗത രീതിയിലുള്ള റോക്കറ്റുകൾ നിർമിച്ച് വിക്ഷേപിക്കുമ്പോൾ ചെലവ് കുറയ്ക്കാനാകും. എന്നാൽ, അതിനെക്കാൾ എത്രയോ കുറഞ്ഞചെലവിൽ വിക്ഷേപണം സാധ്യമാകുമെന്നതാണ് ഫാൽക്കണിന്റെ പുതിയ വിജയത്തിന്റെ പ്രത്യേകത. ഇതൊക്കെ മറ്റ് ഏജൻസികളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കും.

സാധാരണരീതിയിൽ റോക്കറ്റ് നിർമിക്കുകയും ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയുമല്ല സ്പേസ് എക്സിന്റെ ലക്ഷ്യം. അവരുടെ ലക്ഷ്യത്തെക്കുറിച്ച് മറ്റൊരു തരത്തിലാണ് ഏലൻ മസ്‌ക് പറഞ്ഞിരിക്കുന്നത്. രണ്ടുപ്രാവശ്യം അദ്ദേഹത്തിന്റെ പ്രഭാഷണം നേരിൽക്കേട്ടപ്പോഴും അദ്ദേഹം സൂചിപ്പിച്ചത് ഇക്കാര്യമാണ്. ഭൂമിയിലുള്ള മനുഷ്യൻ എത്രകാലം ഇവിടെയുണ്ടാകുമെന്ന് അറിയില്ല. മറ്റ് ഗ്രഹങ്ങളിലേക്കുകൂടി വാസസ്ഥലം മാറ്റാനായില്ലെങ്കിൽ നമ്മുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ചൊവ്വയിൽ മനുഷ്യന് വസിക്കാൻ പാകത്തിൽ കോളനികളുണ്ടാക്കുകയാണ് അദ്ദേഹത്തിന്റ ലക്ഷ്യം. അതിലേക്കുള്ള കാൽവയ്പുകൂടിയാണിത്. ഇതിനായി ചെലവ് വളരെ കുറയ്ക്കാനാകണം. 

വാഹനങ്ങൾ പുനരുപയോഗപ്രദമാക്കണം. ചൊവ്വയിൽ വെച്ചുതന്നെ വീണ്ടും ഇന്ധനം നിറയ്ക്കാനാകണം. ഇതിനായി ചൊവ്വയിൽ ലഭിക്കുന്ന ഇന്ധനംതന്നെ ഉപയോഗിക്കാനാകണം. ഇതിനായി അദ്ദേഹം മീഥേനും ഓക്സിജനും ഇന്ധനമാക്കുന്നതിന്റെ രാസപ്രക്രിയ കണ്ടെത്തി. അതിനുള്ള യന്ത്രം നിർമിച്ച് പരീക്ഷിച്ച് വിജയിക്കുകയും ചെയ്തു. അതുപോലെ കോംപസിറ്റ് മെറ്റീരിയൽ ഉപയോഗിച്ച് പ്രൊപ്പലന്റ് ടാങ്ക് നിർമിച്ച് പരീക്ഷിക്കുകയും ചെയ്തു.

200 ടൺ ത്രസ്റ്റ് എൻജിൻ  വികസനഘട്ടത്തിൽ

നാസയും ഏരിയൻ സ്പേസുമൊക്കെ പുനരുപയോഗ വിക്ഷേപണവാഹന രംഗത്ത് കാലെടുത്തുവെച്ചിട്ടുണ്ട്. അത്തരം റോക്കറ്റുകൾ നിർമിക്കാൻ സമയമെടുക്കും. പുതിയ സാങ്കേതികതകൾ വരുന്നതോടെ പല റോക്കറ്റുകളും പുനരുപയോഗ സാധ്യമാകും. നാം ചിറകുകളുള്ള പുനരുപയോഗ വാഹനത്തിന്റെ സാങ്കേതികത പരീക്ഷിച്ച് വിജയിച്ചുകഴിഞ്ഞു. ചിറകില്ലാത്ത പുനരുപയോഗ റോക്കറ്റിനായുള്ള സാങ്കേതികത വികസിപ്പിക്കുന്നതിനുള്ള ചുവടുവയ്പുകളും ആരംഭിച്ചിട്ടുണ്ട്. 

200 ടൺ ത്രസ്റ്റ് എൻജിന്റെ ഒരു സ്റ്റേജിന്റെ വികസനഘട്ടത്തിലാണ്. രണ്ട് കൊല്ലത്തിനിടെ ഈ ഘട്ടത്തി​ന്റെ വികസനം സാധ്യമാകുകയും ചെയ്യും. ചരിത്രംകുറിച്ച ഫാൽക്കൺ ഹെവിയുടെ വിജയം റോക്കറ്റ് സാങ്കേതികയിൽ വലിയ ചലനങ്ങൾതന്നെ സൃഷ്ടിക്കുമെന്നതും ഉറപ്പാണ്.