കോവിഡെന്ന മഹാമാരി ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. പതിനൊന്ന്‌ ലക്ഷത്തിലധികം ആളുകളാണ്‌ മരിച്ചുകഴിഞ്ഞത്‌. എങ്ങനെയിത് പിടിച്ചുനിർത്തും? എന്താണിതിനൊരു പ്രതിവിധി? ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള വാക്സിൻ എന്ന് കണ്ടെത്തും? എന്താണിത്ര താമസം? ലോകം മുഴുവനുമുള്ള ആളുകൾ ആശങ്കയോടെ അന്വേഷിക്കുന്ന വസ്തുതകളാണിത്‌.അതേസമയംതന്നെ; ഇത്രവേഗം വാക്സിൻ കണ്ടുപിടിക്കാൻ കഴിയുമോ? മതിയായ പരീക്ഷണങ്ങളൊക്കെ നടത്തിയിട്ടുണ്ടോ? രോഗകാരണക്കാരനായ വൈറസിനെ പ്രതിരോധിക്കാൻ തക്കശേഷി ഈ വാക്സിനുണ്ടോ? ഇനി എന്തൊക്കെയായിരിക്കും ഈ മരുന്നുണ്ടാക്കുന്ന പാർശ്വഫലങ്ങൾ? പെട്ടെന്നുതട്ടിക്കൂട്ടുന്ന മരുന്നുകൾ നാളെ നമുക്കുദോഷമാകുമോ? സംശയങ്ങൾ രോഗത്തെപ്പോലെത്തന്നെ വളർന്നുകൊണ്ടിരിക്കുന്നു.

മരുന്നുകളുടെ പരീക്ഷണങ്ങൾ
മരുന്നുകളുടെ കണ്ടുപിടിത്തങ്ങളെങ്ങനെയെന്ന് നമുക്കൊന്ന് പരിശോധിക്കാം. മരുന്ന് കണ്ടുപിടിത്തങ്ങൾ പ്രധാനമായും രണ്ട് ഘട്ടങ്ങളായിട്ടാണ് നടക്കുന്നത്. രോഗഹേതുവായ പ്രോട്ടീനെ മനസ്സിലാക്കി കണ്ടുപിടിക്കുകയെന്നതാണ് ആദ്യത്തേത്. അതുകഴിഞ്ഞാൽ അതിനെ പ്രതിരോധിക്കാനുള്ള ഇൻഹിബിറ്ററിനെ കണ്ടുപിടിക്കണം. ഇൻഹിബിറ്ററെന്നാൽ മരുന്നാവാൻ സാധ്യതയുള്ള മൂലതന്മാത്ര (potential drug molecule)എന്നേയുള്ളൂ. വിശദമായ പഠനങ്ങളും വിശകലനങ്ങളും നിരന്തരപരീക്ഷണങ്ങളുമാണ് രണ്ടു ഘട്ടങ്ങളിലുമുള്ളത്. ഇൻ സിലിക്കോ  (In Silico), ഇൻ വിട്രോ (In Vitro), ഇൻ വിവോ (In Vivo), വെറ്റ്‌ ലാബ് (Wet Lab) തുടങ്ങി പലതരം രീതികളിലൂടെയാണിത് നടത്തുന്നത്. ഈ പറഞ്ഞതെല്ലാം കംപ്യൂട്ടറിന്റെ സഹായത്തോടെയുള്ള മരുന്ന് കണ്ടുപിടിത്തത്തെക്കുറിച്ചാണ്. ഇതാണിപ്പോൾ ലോകത്തെമ്പാടും നടക്കുന്നത്. ആയുർവേദ മരുന്നുകൾവരെ! മോളിക്കുലർ ബയോളജി തൊട്ട്‌ ബയോ ഇൻഫോർമാറ്റിക്സ് വരെ, മെഷിൻ ലേണിങ്, ഡീപ് ലേണിങ്, ബിഗ് ഡേറ്റാവരെ ഇതിനുപയോഗിക്കുന്നു.

പണ്ടത്തെ കഥ അറിയാമല്ലോ? ഒരു രോഗകാരണംതന്നെ കണ്ടുപിടിക്കാൻ സംവത്സരങ്ങൾ എടുത്തിരുന്നു. ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു വസൂരി (Small pox). കോടിക്കണക്കിനാളുകളുടെ ജീവനാണ് അത്‌ കവർന്നെടുത്തത്. വസൂരി നിയന്ത്രിക്കാനുള്ള പ്രതിരോധമരുന്ന് കണ്ടുപിടിക്കാൻ നൂറ്റാണ്ടുകളെടുത്തു. ടി.ബി, മീസിൽസ്, ഹെപ​െറ്റെറ്റിസ്‌ ബി അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാനും പതിറ്റാണ്ടുകൾ വേണ്ടിവന്നു. എന്നാലിത് വർഷങ്ങളായും മാസങ്ങളായും കുറച്ചുകൊണ്ടുവരാൻ പുതിയ സാങ്കേതികവിദ്യയുടെ സഹായത്താൽ കഴിഞ്ഞിരിക്കുന്നു.എബോള വൈറസിനെ ഒന്നരവർഷം കൊണ്ട് പിടിച്ചുകെട്ടി; വാക്സിൻ പതിനെട്ടു മാസത്തിനുള്ളിൽത്തന്നെ പുറത്തിറക്കി. കോവിഡിന്റെ കാര്യത്തിലാണെങ്കിൽ കഴിഞ്ഞ വർഷാവസാനം, അതായത് രോഗത്തിന്റെ ആരംഭഘട്ടത്തിൽത്തന്നെ, ഇതൊരു വൈറൽ രോഗമാണെന്നും രോഗഹേതു പ്രോട്ടീനാണെന്നും കണ്ടുപിടിച്ചു. അതിനെ പ്രതിരോധിക്കാനുള്ള ഇൻഹിബിറ്ററുകൾ കണ്ടുപിടിക്കുകയും അതുപയോഗിച്ചുള്ള ക്ളിനിക്കൽ ട്രയലുകൾവരെ ആരംഭിക്കാനും കഴിഞ്ഞു. ഈ കുറഞ്ഞ സമയത്തിനുള്ളിൽ ഇതിന് സാധ്യമായത് ബിഗ് ഡേറ്റാ ടെക്‌നോളജിയുടെ സഹായത്താലാണ്.

കോവിഡിനെ പ്രതിരോധിക്കാൻ
കോവിഡ് രോഗനിയന്ത്രണത്തിനായി ലോകമെമ്പാടും വിവിധ ആപ്ളിക്കേഷനുകൾ മുഖേന വിവരങ്ങൾ (ഡേറ്റ) ശേഖരിക്കുകയാണ്. ഒരാൾക്ക് പുതുതായി രോഗം പിടിപെട്ടാൽ രോഗിയിലുണ്ടാകുന്ന മാറ്റങ്ങൾ, കാണിക്കുന്ന ലക്ഷണങ്ങൾ, ബുദ്ധിമുട്ടുകൾ, കുഴപ്പങ്ങൾ എന്നിവയെല്ലാം രേഖപ്പെടുത്തുന്നു. കോവിഡ് ബാധിക്കുന്നതിനുമുമ്പ് രോഗിക്ക് ഉണ്ടായിരുന്ന മറ്റു രോഗാവസ്ഥകളുടെ വിശദവിവരങ്ങൾ, മരുന്നുകളുടെ വിവരങ്ങൾ, കുടുംബചരിത്രം തുടങ്ങിയ വിവരങ്ങളെല്ലാം തന്നെ രേഖപ്പെടുത്തുന്നു. രോഗിക്ക് മറ്റുള്ളവരുമായുള്ള സമ്പർക്കം, രോഗിയുടെ നീക്കങ്ങൾ, യാത്ര തുടങ്ങിയ വിവരങ്ങളും ശേഖരിക്കുന്നു. രോഗികളുടെ എണ്ണം ലക്ഷങ്ങൾ കഴിയുമ്പോൾ ശേഖരിച്ച ഡേറ്റയുടെ ബാഹുല്യവും സങ്കീർണതയും എത്രത്തോളമുണ്ടന്ന ഊഹിച്ചു നോക്കൂ. 

കോടിക്കണക്കിന് വരുന്ന ഈ ഡേറ്റ വിശകലനം ചെയ്യണമെങ്കിൽ ബിഗ് ഡേറ്റ ടെക്‌നോളജിക്ക് മാത്രമേ സാധിക്കൂ. നമ്മുടെ സ്വന്തം ആരോഗ്യ സേതു ആപ്ളിക്കേഷൻ ഇപ്പോൾത്തന്നെ ഏതാണ്ട് പതിനാറ്‌്‌ കോടിയിലധികം പേർ ഡൗൺലോഡ് ചെയ്തുകഴിഞ്ഞിരിക്കുന്നു. സർക്കാർ നിയന്ത്രണത്തിലുള്ളവ രോഗിയുടെ സ്വകാര്യതകൂടി സംരക്ഷിക്കുമെന്ന് നാം വിശ്വസിക്കുന്നു.അതുപോലെത്തന്നെ വാക്സിന്റെ ട്രയൽ വിവിധ രാജ്യങ്ങളിൽ നടക്കുകയാണ്. ഒട്ടേറെ ആളുകളിലാണ് പരീക്ഷണം നടത്തുന്നത്. ആദ്യ ഡോസ് നൽകുന്നതുമുതൽ ഓരോരുത്തരിലുമുണ്ടാകുന്ന ചെറുതും വലുതുമായ മാറ്റങ്ങൾ 24 മണിക്കൂറും കൃത്യമായി റെക്കോഡ് ചെയ്തും ഡേറ്റ അപഗ്രഥിച്ചുമാണ് മുന്നോട്ടുപോകുന്നത്. അതിനിടയിൽ കണ്ടെത്തുന്ന ഫലങ്ങളും പാർശ്വഫലങ്ങളും വിശദമായി അനലൈസ് ചെയ്ത് തിരുത്തൽ നടപടികൾ എടുക്കുന്നു. കോവിഡ്‌ രോഗപ്രതിരോധത്തിനായാലും പ്രതിവിധികൾക്കായാലും ഗവേഷകർക്കും ആരോഗ്യരംഗത്തെ പ്രമുഖർക്കും ബിഗ് ഡേറ്റ വലിയ സഹായമാണ് ചെയുന്നത്. കോവിഡിന്റെ മരുന്ന് എത്രയും പെട്ടെന്ന് എത്തുമെന്നും അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ പരമാവധി ആളുകളിലെത്തിക്കുമെന്നും അറിയിപ്പുകളും വന്നു തുടങ്ങിയിരിക്കുന്നു.

കൈകാര്യം ചെയ്യുന്നതെങ്ങനെ?
നിമിഷംപ്രതി വളർന്നുവലുതായി പർവത സമാനമായ ബിഗ് ഡേറ്റയെങ്ങനെ കൈകാര്യം ചെയ്യും? എവിടെ സ്റ്റോർ ചെയ്യും? പലതരം വിവരങ്ങൾ പലതരം ഫോർമാറ്റിൽ കുഴഞ്ഞു മറിഞ്ഞിരിക്കുന്ന ബിഗ് ഡേറ്റ പ്രൊസസ്‌ ചെയ്ത്‌ ഉപയോക്താവിന് ആവശ്യമായ വിവരങ്ങൾ/ ഉത്തരങ്ങൾ കണ്ടെത്തണം. ഇതിനായി ബിഗ് ഡേറ്റ ടെക്‌നോളജിയിൽ ഡിസ്ട്രിബ്യൂട്ടഡ് ഫയൽ സിസ്റ്റമായി സ്റ്റോർ ചെയ്യും വിവിധ സ്ഥലങ്ങളിൽ സമാന്തരമായി പ്രൊസസ് ചെയ്തും മെയിൻ മെമ്മറിയിൽ വെച്ചുതന്നെ പ്രൊസസ് ചെയ്തുമുള്ള വിവിധ ടെക്‌നോളജികളുണ്ട്. അപ്പാച്ചേ ഹാഡുപ്പ്(Apache Hadoop), സ്പാർക് (Spark), എച് ബേസ് (H Base), ഹൈവ് (Hive) തുടങ്ങിയവയാണ് ഈ രംഗത്തെ പ്രധാന സോഫ്‌റ്റ്‌വേറുകൾ.

സ്വതന്ത്ര സോഫ്‌റ്റ്‌വേറുകളാണ് ബിഗ് ഡേറ്റ ടെക്‌നോളജിയിൽ മുന്നിൽനിൽക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തിന്റെ വിവിധ കോണുകളിലുള്ള സാങ്കേതികവിദഗ്ധർക്കും ഗവേഷകർക്കും ‘ടെക് സാവി’ കൾക്കും ടെക്‌നോളജി അപ്‌ഡേറ്റ്‌ ചെയ്യാനും എക്സ്‌പാൻഡ്‌ ചെയ്യാനും വളരെ പെട്ടെന്ന് സാധിക്കുന്നു. എച്ച്‌ബേസ്, ഹൈവ് അടക്കമുള്ള ബിഗ് ഡേറ്റ ടെക്‌നോളജി ഉപയോഗിക്കുന്ന നമ്മുടെ ഫെയ്‌സ്ബുക്കിന്റെ കോടിക്കണക്കിനായ ഡേറ്റ എങ്ങനെയൊക്കെ ‘ഫലപ്രദ’മായി ഉപയോഗിക്കാമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ലോകം കണ്ടതാണ്. ബിഗ് ഡേറ്റ ടെക്‌നോളജിയുടെ ഉപയോഗങ്ങൾ ഒട്ടേറെയാണ്; ധനകാര്യം, ബിസിനസ്, കാലാവസ്ഥ, ബഹിരാകാശം, വ്യോമയാനം, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ. അതുകൊണ്ട് തന്നെ ധാരാളം അവസരങ്ങളുമുണ്ട്. കംപ്യൂട്ടർ സയൻസിലുള്ള അടിസ്ഥാന അറിവുംആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ബിസിനസ് ഇന്റലിജൻസിലും താത്‌പര്യവുമുള്ള ആർക്കും നല്ലൊരു ബിഗ് ഡേറ്റ അനലിസ്റ്റ് ആകാം. വലിയ ശമ്പളവും സ്കോപ്പുമാണുള്ളത്.

എന്താണ് ബിഗ് ഡേറ്റ? 

എന്താണ് ബിഗ് ഡേറ്റ? ഡേറ്റയെന്നാൽ ഇൻഫർമേഷൻ അഥവാ വിവരങ്ങൾ ആണെന്നെല്ലാവർക്കുമറിയാം. കംപ്യൂട്ടറിലും ഇലക്‌ട്രോണിക് ഉപകരണങ്ങളിലും സൂക്ഷിക്കാവുന്നതും വീണ്ടും പുറത്തെടുത്ത് വിശകലനം ചെയ്തുപയോഗിക്കാനാവുന്നതുമായ വിവരങ്ങൾ. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒന്നാണിപ്പോൾ ഡേറ്റ. ബിഗ് ഡേറ്റയെന്നാൽ വളരെ വലുപ്പത്തിൽ, അനുനിമിഷം ഭീമാകാരമായി വളർന്നു കൊണ്ടിരിക്കുന്ന ഡേറ്റയാണ്. പേടിക്കേണ്ടാ, നമ്മളെല്ലാം കൂടിയാണിതുണ്ടാക്കുന്നത്. നമ്മുടെ സ്വന്തം മൊബൈൽ ഫോണിലും ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമായി പോസ്റ്റ്‌ ചെയ്തും ഷെയർ ചെയ്തും ലൈക്ക്‌ ചെയ്തും ഇ-മെയിൽ, ട്വിറ്റർ, ലിങ്ക്‌ ടെൻ, വെബ്‌സൈറ്റ്, യൂട്യൂബ്, വീഡിയോw, സിനിമ കൂടാതെ ഇപ്പോഴിതാ ഓൺലൈൻ ക്ലാസുകൾ, മീറ്റിങ്ങുകൾ, വെബിനാറുകളെല്ലാംകൂടി കോടിക്കണക്കിന് ഡേറ്റയാണ് പ്രതിദിനം സൃഷ്ടിക്കുന്നത്. കഴിഞ്ഞയിടയ്ക്ക്‌ ഫെയ്‌സ്ബുക്കിൽ ഒറ്റ ദിവസംതന്നെ 100 കോടിയാളുകൾ ലോഗിൻ ചെയ്തതായി കേട്ടില്ലേ? അങ്ങനെ ഡേറ്റ, മെഗാ ബൈറ്റും ജിഗാ ബൈറ്റും കഴിഞ്ഞ് ടെറാബൈറ്റും പെറ്റാബൈറ്റും എക്സാ ബൈറ്റും സെറ്റാ ബൈറ്റും യോട്ടാ ബൈറ്റുമായി, ബിഗ് ഡേറ്റയായി വളർന്നുകൊണ്ടിരിക്കുന്നു.