ഭാരതത്തിന്റെ രണ്ടാം ചാന്ദ്രദൗത്യം പൂർണമായി വിജയിച്ചില്ലെന്നത് യാഥാർഥ്യമാണെങ്കിലും ഒന്നാം ചാന്ദ്രദൗത്യത്തിൽനിന്ന് ലഭിച്ച അറിവിനെക്കാൾ കൂടുതൽ വിവരങ്ങൾ നമുക്ക് ലഭ്യമാകും. ഈ ദൗത്യത്തിൽ ഓർബിറ്ററിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിൽ നാം വിജയിച്ചു. ഒരു വർഷം പ്രവർത്തനകാലാവധി നിശ്ചയിച്ചിരിക്കുന്ന ഓർബിറ്റർ കൃത്യമായ പ്രവർത്തനപാതയിലുമാണ്. ഒന്നാം ചാന്ദ്രദൗത്യത്തിൽ ശാസ്ത്രീയമായ പഠനലക്ഷ്യങ്ങൾ കുറച്ചുമാത്രമേ ഉണ്ടായിരുന്നുള്ളൂ. റോക്കറ്റ് ഉപയോഗിച്ച് എങ്ങനെ ആദ്യമായി ചന്ദ്രനിലെത്താം എന്ന പഠനമാണുണ്ടായിരുന്നത്. എന്നാൽ, രണ്ടാംദൗത്യത്തിൽ ലാൻഡിങ്ങിലെ പ്രത്യേകതയ്ക്കും പേടകമിറങ്ങുന്ന പ്രദേശത്തിന്റെ പ്രത്യേകതയ്ക്കുമായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ, ദൗത്യം വിജയിക്കുന്നതിന് നിമിഷങ്ങൾക്കുമുമ്പ് അപൂർണമായി അത് അവസാനിച്ചു. അതേസമയം, ലോകത്ത് പുതുതായി ഉയർന്നുവരുന്ന ചിന്തകൾ ചാന്ദ്രദൗത്യങ്ങളുടെ പ്രസക്തി വർധിപ്പിക്കുകയാണ്.

ചന്ദ്രൻ ഒരു ബേസ് ക്യാമ്പ്

ശീതയുദ്ധകാലത്തുതന്നെ ചന്ദ്രനിൽ എത്തിച്ചേർന്നവരാണ് അമേരിക്കയും റഷ്യയും. പിന്നീട് അവർ ചാന്ദ്രദൗത്യങ്ങൾ ഉപേക്ഷിച്ചു. എന്നാൽ, ഇന്ന് അവർ ചർച്ചചെയ്യുന്നത് ചന്ദ്രനിൽ വീണ്ടും പോകുന്നതിനെക്കുറിച്ചുതന്നെയാണ്. ചൈനയാകട്ടെ ചാന്ദ്രദൗത്യങ്ങൾക്ക് വളരെ പ്രാധാന്യം നൽകുന്നുണ്ട്. അടുത്ത അഞ്ച് ചാന്ദ്രദൗത്യങ്ങളാണ് അവർ ആസൂത്രണംചെയ്തത്. ഇസ്രയേലും ചന്ദ്രനിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ജപ്പാൻ ചാന്ദ്രയാത്രയ്ക്കുള്ള ശ്രമം ആരംഭിക്കുകയുംചെയ്തു. കുറെ നാളായുള്ള സംഭവവികാസങ്ങൾ ശ്രദ്ധിച്ചാൽ എന്തുകൊണ്ടാണ് രാജ്യങ്ങൾ ഇതിന് പ്രാധാന്യം നൽകുന്നതെന്ന് മനസ്സിലാകും. അന്താരാഷ്ട്ര ബഹിരാകാശനിലയം (ഐ.എസ്.എസ്.) സ്ഥാപിച്ചശേഷം അമേരിക്ക പറഞ്ഞിരുന്നത് അത് വലിയൊരു സംഭവമാണെന്നാണ്. പഠനഗവേഷണങ്ങൾക്ക് അവിടെ പോയി മടങ്ങിയാൽമാത്രം മതിയെന്നായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, ഒരുപാട് ദൗത്യങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഐ.എസ്‌.എസിന്റെ ചെലവിന് അനുസൃതമായി ഫലം ലഭിച്ചിട്ടുണ്ടോയെന്ന സംശയമാണുള്ളത്. അതുകൊണ്ടുതന്നെ, ചന്ദ്രനെ ഒരു അന്താരാഷ്ട്ര ലാൻഡിങ്‌ സ്റ്റേഷനാക്കുക എന്നതിനെക്കുറിച്ചാണ് ഇപ്പോൾ അവർ ആലോചിക്കുന്നത്. ഐ.എസ്.എസിൽ എത്താൻ 400 കിലോമീറ്റർ സഞ്ചരിച്ചാൽ മതി. ഇതിൽനിന്ന് അൽപ്പംകൂടി ബുദ്ധിമുട്ടിയാൽ ചന്ദ്രനിലെത്താം. ഈ സൗകര്യങ്ങളാണ് പുതിയ ചിന്തകളിലേക്ക് നയിക്കുന്നത്.
ചന്ദ്രനെ ഒരു ബേസ് ക്യാമ്പാക്കി മാറ്റാനാകുമെന്നതാണ് പുതിയ ആശയം. അവിടെ മനുഷ്യന് തങ്ങാനാകും. അങ്ങനെ സാധ്യമായാൽ ചൊവ്വയിലേക്ക് ഉൾപ്പെടെയുള്ള ദൗത്യങ്ങൾ ചന്ദ്രനിൽനിന്ന് ആരംഭിക്കാനുമാകും. ഇത് ചെലവ് വളരെ കുറയ്ക്കുകയുംചെയ്യും. കുറെ ചാന്ദ്രദൗത്യങ്ങൾ നടത്തി സ്റ്റേഷൻ സ്ഥാപിച്ചിട്ട് പിന്നീട് അവിടെനിന്ന് ചൊവ്വയിലേക്ക് പോവുകയെന്നത് എളുപ്പമാകും. വരുന്ന നൂറുവർഷത്തിനുള്ളിൽ ചന്ദ്രൻ ഒരു ബേസ് ക്യാമ്പായി മാറുമെന്നതിൽ സംശയമില്ല. ഇത് എല്ലാ രാജ്യവും ഒരു തന്ത്രമായി കണ്ടുതുടങ്ങിയിട്ടുണ്ട്.

ആരുടേതാണ് ചന്ദ്രൻ

ഇനിയിപ്പോൾ ചന്ദ്രൻ ആരുടേതാണെന്ന ചോദ്യമാണുയരുന്നത്. അത് അമേരിക്കയുടേതാണോ റഷ്യയുടേതാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയരാം. നാം അന്റാർട്ടിക്കയിൽ പര്യവേക്ഷണം നടത്തി. അങ്ങനെയെങ്കിൽ അവിടം ആർക്കുള്ളതാണ്. അതിനുള്ള ഉത്തരം അന്റാർട്ടിക്ക, അവിടെ പര്യവേക്ഷണം നടത്തിയവർക്കുള്ളതാണ് എന്നാണ്. അവിടെ പര്യവേക്ഷണം നടത്താത്തവർക്ക് അവിടെ ഒരു നിയന്ത്രണവുമില്ല. നമ്മൾ അവിടെ പര്യവേക്ഷണം നടത്തിയതിനാൽ നമുക്ക് അവിടെ ഇടമുണ്ട്. ഐ.എസ്.ആർ.ഒ.യ്ക്ക് അവിടെ ഒരു ഗ്രൗണ്ട് സ്റ്റേഷനുമുണ്ട്. അവിടെനിന്നാണ് ഒരുപാട് ദൗത്യങ്ങൾ നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ ചന്ദ്രൻ എന്നത് ഒരു ആസ്തിയായി മാറും. ഒാരോ രാജ്യത്തിനും അവരുടേതായ അവകാശമുണ്ടാകും. ഒരു രാജ്യമെന്നനിലയിൽ നമുക്കും അവിടെ അവകാശമുണ്ടാകേണ്ടത് നമ്മുടെ ആവശ്യവുമാണ്. ഒരു വികസ്വരരാജ്യമെന്ന നിലയിൽ നമുക്ക് അക്കാര്യത്തിൽ വലിയ പ്രധാന്യം കൽപ്പിക്കേണ്ടതുണ്ട്. കാരണം, ഭാവി വാർത്താവിനിമയ സംവിധാനങ്ങളും റിമോട്ട് സെൻസിങ്ങുമൊക്കെ ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയാകാൻ സാധ്യതയുണ്ട്. ഭൂമിയിലെ വാർത്താവിനിമയ സംവിധാനങ്ങളെ ഇല്ലാതാക്കാവുന്ന തരത്തിൽവരെ സാങ്കേതികത വളർന്നേക്കാം. അപ്പോൾ ചന്ദ്രനിൽ ഒരു അടിസ്ഥാനമുണ്ടായിരിക്കുകയെന്നത് വളരെ പ്രാധാന്യമുള്ള കാര്യവുമാണ്.

അറിവുകൾ കൂടുതൽ ലഭിക്കണം

സാഹചര്യം ഇതായിരിക്കെ, ചന്ദ്രനെക്കുറിച്ച് കൂടുതൽ അറിവുകൾ ലഭിക്കണം. ഉദാഹരണത്തിന് ചന്ദ്രനിലെ ഗുരുത്വാകർഷണം, അതിന്റെ ഏറ്റക്കുറവ് തുടങ്ങിയവയെക്കുറിച്ചുള്ള അറിവുകൾ ഉണ്ടാകണം. ഇപ്പോഴത്തെ ദൗത്യത്തിന് നാം ചന്ദ്രനിലെ ഗുരുത്വാകർഷണ മാതൃകകൾ കടംവാങ്ങിയത് അമേരിക്കയിൽനിന്നാണ്. അതുകൊണ്ടുതന്നെ നമുക്ക് സ്വന്തമായി ഇത്തരം മാതൃകകൾ ഉണ്ടാകണം. ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ അത് നമുക്ക് ആവശ്യവുമാണ്. അതുപോലെ ചന്ദ്രന്റെ പൂർണമായ മാപ്പ്‌ വേണം. ഇത്രയും കാലമായി ഒരുപാട് ചാന്ദ്രദൗത്യങ്ങൾ നടന്നെങ്കിലും നമ്മുടെ കൈവശം വലിയ േഡറ്റകളൊന്നുമില്ല. നിലവിലുള്ളവയിൽ പലതും നമുക്ക് ലഭ്യവുമല്ല. ഉള്ളവർ അത് പങ്കുവെക്കുകയുമില്ല. നാളെ മനുഷ്യനെ അവിടെ എത്തിക്കുമ്പോൾ അതിനാവശ്യമായ വിവരങ്ങൾ നമുക്കുണ്ടാകണം. അതിനൊക്കെ നമുക്ക് പരമാവധി വിവരങ്ങൾ ലഭിക്കണം. അവയൊന്നും ആരും നമുക്ക് തരില്ല. 
നമ്മൾ ചന്ദ്രനിലേക്ക് അയക്കുന്നത് മനുഷ്യനെയായാലും റോബോട്ടിനെയായാലും  ചന്ദ്രനെക്കുറിച്ചുള്ള വിവരങ്ങൾ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ ചാന്ദ്രദൗത്യങ്ങൾക്ക് മുമ്പത്തേക്കാൾ പ്രസക്തി വർധിക്കുകയാണിന്ന്.

(തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ഡയറക്ടറാണ്‌ ലേഖകൻ)

Contents Highlights: chandrayaan 2, moon mission