ബെംഗളൂരു പീനിയയിലെ ഐ. എസ്.ആർ.ഒ. ടെലിമെട്രിക് ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക്(ഇസ്ട്രാക്) കേന്ദ്രത്തിലെ മിഷൻ ഓപ്പറേഷൻ േകാംപ്ലക്സിൽ 48 ദിവസമായി ശാസ്‌ത്രജ്ഞർക്ക് ഉറക്കമില്ലാത്ത രാവുകളായിരുന്നു.  

രാജ്യത്തെ ബഹിരാകാശ ഗവേഷണരംഗത്തെ ഏറ്റവും വലിയ ദൗത്യമായ ചന്ദ്രയാൻ-2ന്റെ നിയന്ത്രണം ഇവിടെനിന്നാണ്. അതിന്റെ പിരിമുറുക്കം കേന്ദ്രത്തിലെത്തുന്നവർക്ക് കാണാം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള മാധ്യമപ്രവർത്തകർ ഇസ്ട്രാകിലെ കൺട്രോൾ സെന്ററിൽ നിറഞ്ഞു. ചൊവ്വാദൗത്യത്തിൽ നിന്നും വ്യത്യസ്തമായി മാധ്യമപ്രവർത്തകർക്കായി പ്രത്യേക വേദിയാണ് ഒരുക്കിയത്. എന്നാൽ, മിഷൻ ഓപ്പറേഷൻ കോംപ്ലക്സിലെ ശാസ്ത്രജ്ഞരുടെ പിരിമുറുക്കവും സാക്ഷ്യംവഹിക്കാനെത്തിയ വിദ്യാർഥികളുടെ ആകാംക്ഷയും നേരിൽ കാണാം.

ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ദൗത്യത്തിന് നേതൃത്വം നൽകാൻ മിഷൻ ഡയറക്ടർ റിതു കരിദാലും പ്രോജക്ട് ഡയറക്ടർ എം. വനിതയും നേരത്തേയെത്തി. ലാൻഡർ ചന്ദ്രനിൽനിന്ന്‌ കുറഞ്ഞ അകലമായ 35  കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണെന്ന് അറിയിക്കുന്നുണ്ടായിരുന്നു. ഓരോ അറിയിപ്പിലും ആകാംക്ഷ നിറഞ്ഞു.

ഒന്നരയോടെ ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ, മുൻ ചെയർമാൻമാരായ ഡോ. കെ. രാധാകൃഷ്ണൻ, കിരൺകുമാർ, കസ്തൂരി രംഗൻ എന്നിവർ ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിച്ചു. ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ്ങിനെക്കുറിച്ച് ചെയർമാൻ പ്രധാനമന്ത്രിയോട്‌ വിശദീകരിച്ചു. മിഷൻ ഓപ്പറേഷൻ കോംപ്ലക്സിലേക്ക് പ്രവേശിക്കുന്നിടത്ത് ചന്ദ്രയാൻ- 2-ന്റെ മാതൃക സ്ഥാപിച്ചിരുന്നു. ഇതേക്കുറിച്ചും നരേന്ദ്രമോദി ചോദിച്ചറിഞ്ഞു. 1.35-ന് ദൗത്യത്തിന് തയ്യാറെടുക്കുന്ന അറിയിപ്പ് വന്നു. 1.38-ന് ലാൻഡർ ചന്ദ്രനിൽനിന്ന്‌ 30 കിലോമീറ്റർ അകലെയെത്തിയപ്പോൾ ഇറങ്ങുന്നതിനുള്ള നിർദേശം നൽകി.

മുൻനിശ്ചയിച്ച പാതയിലൂടെ ലാൻഡർ നീങ്ങിയപ്പോൾ നിർത്താതെ െെകയടി. ചന്ദ്രനിലെ സെക്കൻഡിൽ 1.6 കിലോമീറ്റർ വേഗമുള്ള ഗുരുത്വാകർഷണത്തെ  പ്രതിരോധിക്കാൻ  നാല് എൻജിനുകൾ എതിർദിശയിൽ ജ്വലിപ്പിച്ചാണ് ലാൻഡർ ഇറങ്ങിയത്. പത്ത് മിനിറ്റുകൊണ്ട് ചന്ദ്രനിൽനിന്ന്‌ 7.4 കിലോമീറ്റർ അകലെയെത്തി. നിലയ്ക്കാത്ത െെകയടികൾ ഉയർന്നു. ലാൻഡറിന്റെ വേഗം കുറഞ്ഞത് ഏവരെയും സന്തോഷിപ്പിച്ചു. 
ദൗത്യത്തിന് സാക്ഷ്യം വഹിക്കാൻ മൂന്ന് മലയാളികൾ ഉൾപ്പെടെ 70-ഓളം വിദ്യാർഥികളുമുണ്ടായിരുന്നു. ഭൂട്ടാൻ പ്രതിനിധികളും കൂട്ടത്തിലുണ്ടായിരുന്നു. ലാൻഡറിന്റെ ഇറക്കം വീഡിയോ വാളിൽ തെളിഞ്ഞപ്പോൾ കുട്ടികളും കൈയടിച്ചു. ലാൻഡറിനെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനുള്ള അഞ്ച് ഘട്ടങ്ങളിൽ ആദ്യത്തേതായിരുന്നു ഇത്. ലാൻഡർ സഞ്ചരിക്കുന്ന പാത കംപ്യൂട്ടർ മോണിറ്ററിൽ തെളിഞ്ഞു. ചന്ദ്രപഥത്തിൽനിന്ന്‌ ചെരിഞ്ഞിറങ്ങിയ ലാൻഡറിന്റെ അടുത്തഘട്ടം കുത്തനെയുള്ള ഇറക്കമായിരുന്നു. ശാസ്ത്രജ്ഞരുടെ മുഖത്ത് പിരിമുറുക്കം കൂടുന്നത് കാണാമായിരുന്നു.

ആദ്യഘട്ടം പൂർത്തിയാക്കി ഒരു മിനിറ്റ് കഴിഞ്ഞപ്പോൾത്തന്നെ നിശ്ചയിച്ച പാതയിൽ നിന്ന്  ലാൻഡർ വ്യതിചലിച്ചു. എന്നാൽ, സന്ദേശം ലഭിച്ചുകൊണ്ടിരുന്നു. ശാസ്ത്രജ്ഞരുടെ മുഖത്ത് നിരാശ കാണാമായിരുന്നു. പലരും കംപ്യൂട്ടറുകൾക്ക് മുന്നിൽ തലകുനിച്ചു. ചിലർ മുഖത്ത് കൈവെച്ചു. ചെയർമാൻ ഡോ. കെ. ശിവന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖത്ത് നിരാശ. ഇതിനിടയിൽ ലാൻഡറിൽനിന്ന്‌ സന്ദേശം ലഭിക്കുന്നില്ലെന്ന് അനൗൺസ്‌മെന്റ് വന്നതോടെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സ് നിശ്ശബ്ദമായി. ദൗത്യത്തിന് സാക്ഷിയാകാനെത്തിയ വിദ്യാർഥികളും വിശിഷ്ടാതിഥികളും നിശ്ശബ്ദരായി. 1.58-ഓടെ ശിവൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്തെത്തി കാര്യം വിശദീകരിച്ചു. 1.59-ഓടെ പ്രധാനമന്ത്രി വേദിയിൽ നിന്നിറങ്ങിയതോടെ ലാൻഡറിന്റെ  ദൗത്യം പരാജയപ്പെട്ടെന്ന് വാർത്ത വന്നു.

എന്നാൽ, ഔദ്യോഗിക വിശദീകരണത്തിനായി എല്ലാവരും കാത്തുനിന്നു. ഇതിനിടയിൽ സിഗ്നൽ ലഭിച്ചുവെന്ന  റിപ്പോർട്ടുവന്നു. കുറച്ച് സമയത്തിനുശേഷം അനിശ്ചിതത്വത്തിന് അറുതിവരുത്തി ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവന്റെ വിശദീകരണം. ചന്ദ്രനിൽനിന്ന്‌  2.1 കിലോമീറ്റർ അകലെ വെച്ച് ലാൻഡറിൽനിന്നുള്ള സിഗ്നൽ നഷ്ടമായെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും അദ്ദേഹം  പറഞ്ഞു. എന്നാൽ, മാധ്യമപ്രവർത്തകർ പിരിഞ്ഞുപോയില്ല. രണ്ടരയോടെ ഐ.എസ്.ആർ.ഒ.യിലെ മുതിർന്ന ശാസ്ത്രജ്ഞൻ വി. എസ്. കാർണിക് ലാൻഡറുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതായി മാധ്യമങ്ങളെ അറിയിച്ചു. ഇതിനുശേഷം ശാസ്ത്രജ്ഞരെ ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. ചെയർമാൻ ഡോ. കെ. ശിവന്റെയും പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെയും അടുത്തെത്തി ആശ്വസിപ്പിച്ചു. കൈകൊടുത്തും ചുമലിൽ തട്ടിയും നരേന്ദ്രമോദി ശാസ്ത്രജ്ഞരെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. നിരാശപ്പെടരുതെന്നും പ്രതീക്ഷ കൈവിടരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.  

സമയം പുലർച്ചെ രണ്ടര കഴിഞ്ഞിരുന്നു. ദൗത്യം കാണാനെത്തിയ വിദ്യാർഥികളുമായും പ്രധാനമന്ത്രി സംസാരിച്ചു. പലർക്കും ഒാട്ടോഗ്രാഫുകൾ നൽകി. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകിയാണ് പ്രധാനമന്ത്രി മിഷൻ ഓപ്പറേഷൻ കോംപ്ലക്സ് വിട്ടത്. ലാൻഡറിൽനിന്നുള്ള ആശയവിനിമയം ഇല്ലാതായതോടെ ശനിയാഴ്ച രാവിലെ നടത്താനിരുന്ന വാർത്താ സമ്മേളനം റദ്ദാക്കി. ഒടുവിൽ മാധ്യമപ്രവർത്തകരും ദൗത്യത്തിന് സാക്ഷ്യംവഹിക്കാനെത്തിയവരും നിരാശയോടെ മടങ്ങി. 

Content Highlights: chandrayaan 2 moon landing; what happened in isro mission complex, experience by our reporter