ഓർബിറ്ററും ലാൻഡറും സെപ്റ്റംബർ രണ്ടിന് വേർപെട്ടു. പൈറോ സാങ്കേതികത ഉപയോഗിച്ചായിരുന്നു വേർപെടുത്തൽ. ഒരു ലോഹനാട ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന ലാൻഡറിനെയും  ഒാർബിറ്ററിനെയും ബെംഗളൂരുവിലെ നിയന്ത്രണകേന്ദ്രത്തിൽനിന്നുള്ള നിർദേശമനുസരിച്ച് മുറിച്ചുമാറ്റി. വേർപെട്ട ലാൻഡർ ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്നു. ഓർബിറ്ററും ലാൻഡറും വേർപെട്ടശേഷം ആ ഭ്രമണപഥത്തിൽവെച്ചുതന്നെ ലാൻഡറിന്റെ അഞ്ച് എൻജിനും  പ്രവർത്തനക്ഷമമാണോയെന്ന് പരിശോധിച്ചു.

ലാൻഡറിലെ ക്യാമറകൾ ഉപയോഗിച്ച് ഇറങ്ങാൻ തീരുമാനിച്ചിരിക്കുന്ന സ്ഥലത്തിനുമുകളിലൂടെ ലാൻഡർ കടന്നുപോകുമ്പോൾ ചിത്രങ്ങൾ പകർത്തും. ഈ ചിത്രങ്ങൾ ബെംഗളൂരുവിലെ  നിയന്ത്രണ കേന്ദ്രത്തിൽനിന്ന്‌ പരിശോധിച്ച് തിരികെ ലാൻഡറിന് കൈമാറും. ഇവ ലാൻഡർ അതിന്റെ മെമ്മറിയിൽ സൂക്ഷിക്കും.  

ലാൻഡിങ് പ്രക്രിയ

ശനിയാഴ്ച (സെപ്റ്റംബർ ഏഴിന്) നിശ്ചയിച്ച സമയത്ത് ചന്ദ്രനടുത്ത് 30 കിലോമീറ്ററിൽ ലാൻഡിങ് പോയന്റിൽ എത്തുന്നതിനുമുമ്പ്  ലാൻഡറിലെ അഞ്ച് എൻജിനുകളും പ്രവർത്തിപ്പിക്കും. ഇതോടെ ലാൻഡറിന്റെ വേഗംകുറയും. ലാൻഡർ ചന്ദ്രനിലേക്ക് പതുക്കെ ഇറങ്ങിത്തുടങ്ങും. ഈസമയത്ത് ലാൻഡറിന്റെ ദിശ ക്രമീകരിക്കും. വേഗംകുറയുന്നതിനനുസരിച്ച് ലാൻഡറിന്റെ കാലുകൾ ചന്ദ്രന് അഭിമുഖമാകും. ചന്ദ്രോപരിതലത്തിൽനിന്ന് ഒരുകിലോമീറ്റർ അകലെയാകുമ്പോൾ ലാൻഡറിന്റെ കാലുകൾ പൂർണമായും ചന്ദ്രന് അഭിമുഖമാകും. ഈസമയത്ത് എൻജിന്റെ തള്ളൽ കുറച്ചുകൊണ്ടുവരും. ഉപരിതലത്തിന് 15 മീറ്റർ മുകളിലെത്തുന്നതോടെ ലാൻഡറിനെ  താഴേക്കും മുകളിലേക്കും പോകാതെ ഹോവർ (ആകാശത്തിൽ സ്ഥിതിചെയ്യിക്കും) ചെയ്യും. 

ഈ സമയം ലാൻഡർ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ പകർത്തും. ഈ ചിത്രത്തെ നേരത്തേ ലാൻഡറിൽ അപ്‌ലോഡ് ചെയ്ത ചിത്രവുമായി താരതമ്യംചെയ്യും. സ്ഥാനം മാറിയെന്നുകണ്ടാൽ ലാൻഡ് ചെയ്യേണ്ട കൃത്യം സ്ഥലത്തേക്ക് ലാൻഡറിനെ നീക്കും. ആ സ്ഥലത്ത് എത്തിയാൽ ലാൻഡറിന്റെ ദിശ കൃത്യമാക്കി എൻജിന്റെ കുതിപ്പ്‌ വീണ്ടും കുറയ്ക്കും. ലാൻഡർ ചന്ദ്രോപരിതലത്തിന് അടുത്തേക്കുനീങ്ങും.ചന്ദ്രോപരിതലത്തിന് മൂന്നുമീറ്റർ മുകളിലേക്ക് എത്തുന്നതോടെ നാല് എൻജിനുകളും ഓഫ് ചെയ്യും. നടുവിലുള്ള ഒരു എൻജിൻമാത്രം  പ്രവർത്തിപ്പിക്കും. ലാൻഡർ പതുക്കെ ചന്ദ്രോപരിതലത്തിലേക്ക് നീങ്ങും. ലാൻഡറിന്റെ നാലുകാലുകളും ചന്ദ്രോപരിതലം തൊട്ടുവെന്ന് അവയിലെ സെൻസറുകൾ വിവരം നൽകുന്നതോടെ മധ്യഭാഗത്തെ എൻജിനും ഓഫാകും.  ലാൻഡിങ്‌ പ്രക്രിയ പൂർത്തിയാകും.

റോവർ പുറത്തെത്താൻ മൂന്നുമണിക്കൂർ

ലാൻഡിങ്‌ പൂർത്തിയായി മൂന്നുമണിക്കൂർ കഴിഞ്ഞേ റോവർ പുറത്തേക്ക് എത്തുകയുള്ളൂ. ലാൻഡിങ്‌ നടക്കുമ്പോൾ എൻജിന്റെ ശക്തികാരണം ചന്ദ്രോപരിതലത്തിൽനിന്ന് ഉയരുന്ന പൊടിയുടെ വേഗം സെക്കൻഡിൽ രണ്ടു കിലോമീറ്റർവരെയാകാം. വായു ഇല്ലാത്തതിനാൽ പൊടി താഴേക്ക്‌ ഉടനെ വീഴില്ല. ഇവയൊന്ന് അടങ്ങാൻ മണിക്കൂറുകൾ എടുക്കും.  ലാൻഡറിന്റെ മുകളിലും പൊടി അടിഞ്ഞുകൂടാം. അതിനാൽ മൂന്നുമണിക്കൂറിനുശേഷമേ ലാൻഡറിന്റെ വാതിൽ തുറക്കൂ.  രണ്ടു പാളികളുള്ള വാതിൽ തുറന്നാൽ റോവർ പതുക്കെ പുറത്തേക്ക് ഉരുളും. ഒരു പ്രത്യേകതരം ചരടുപയോഗിച്ച് റോവറിനെ ബന്ധിപ്പിച്ചിട്ടുണ്ടാകും. റോവർ താഴേക്കുനീങ്ങുമ്പോൾ ഈ ചരട് അയയും. റോവർ മണ്ണിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ ഈ ചരട് റോവറിൽനിന്ന് വിട്ടുമാറും. പിന്നീട് സെക്കൻഡിൽ ഒരുസെന്റീമീറ്റർ വേഗത്തിൽ റോവർ സഞ്ചരിക്കും. ഇതേസമയം, ലാൻഡറിലെയും റോവറിലെയും പരീക്ഷണ ഉപകരണങ്ങൾ അവയുടെ ദൗത്യം നിർവഹിക്കും.

പ്രവർത്തനം ഒരു ചാന്ദ്രദിനം. പിന്നീട്?

ഒരു ചാന്ദ്രദിനമായ 14 ദിവസമാണ്‌ ലാൻഡറും റോവറും പ്രവർത്തിക്കുക. പിന്നീട്‌ സൂര്യപ്രകാശം കിട്ടാതാകുമ്പോൾ ബാറ്ററി നിലയ്ക്കും. 14 ദിവസം കഴിയുമ്പോൾ ഒന്നുകിൽ ഇതിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയോ അല്ലെങ്കിൽ ബാറ്ററി തീർന്ന് പ്രവർത്തനം അവസാനിക്കുകയോ ചെയ്യും. വീണ്ടും പ്രവർത്തിക്കണമെങ്കിൽ അതിന് ബാറ്ററി ചാർജുണ്ടാകണം. ബാറ്ററി ചാർജ് ആകണമെങ്കിൽ 14 ദിവസത്തിനുശേഷം സൂര്യപ്രകാശമെത്തണം. സൂര്യപ്രകാശം ഇല്ലാത്ത അവസ്ഥയിൽ ചന്ദ്രനിലെ തണുപ്പ് മൈനസ്‌ 180 ഡിഗ്രിയാണ്. ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഈ താപനിലയിൽ പ്രവർത്തിക്കില്ല.  റേഡിയേഷൻ ഉൾപ്പെടെയുള്ള മറ്റുപ്രശ്നങ്ങളുമുണ്ട്. ഇവയൊക്കെ തരണംചെയ്യുകയും 14 ദിവസത്തിനുശേഷം സാധാരണ  താപനിലയിലെത്തി ബാറ്ററി വീണ്ടും ചാർജാവുകയും ചെയ്താൽ  ഈ ഉപകരണങ്ങളൊക്കെ പ്രവർത്തിച്ചെന്നും വരാം. അങ്ങനെയായാൽ റോവറിനെ പുതിയ സ്ഥലങ്ങളിലേക്ക് നീക്കാനുമാകും.ഓർബിറ്ററിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത് ഒരു വർഷമാണ്. ചിലപ്പോൾ അത് കൂടുതൽകാലം പ്രവർത്തിക്കുകയും പഠനങ്ങൾ നടത്തുകയും ചെയ്തെന്നുവരാം. ഭാരതം ആറുമാസത്തേക്കാണ് ചൊവ്വാ ദൗത്യത്തിനുള്ള ഒാർബിറ്റർ (mom) വിക്ഷേപിച്ചിരുന്നതെങ്കിലും അത് രണ്ടരവർഷമായി പ്രവർത്തിക്കുന്നുണ്ട്. ചിത്രങ്ങൾ എടുക്കുന്നുണ്ട്. ആ ചിത്രങ്ങൾ ഉപയോഗിച്ച് നാം മാപ്പിങ്ങും നടത്തുന്നു.

നിർണായകമായ 15 മിനിറ്റുകൾ

ബെംഗളൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ലാൻഡർ (വിക്രം) ഇറങ്ങുന്നതിനെടുക്കുന്ന 15 മിനിറ്റ് നിർണായകമാണ്. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ ഇറങ്ങുന്നതിനുള്ള ഒരുക്കം തുടങ്ങും.  ദക്ഷിണധ്രുവത്തിലുള്ള (ഇരുണ്ട) മാൻസിനസ്‌-സി, സിപ്ലിഷ്യസ്-എൻ എന്നീ ഗർത്തങ്ങൾക്കിടയിലുള്ള പ്രതലത്തിലാണ് ലാൻഡർ ഇറക്കേണ്ടത്. 

സെക്കൻഡിൽ 1.6 കിലോമീറ്റർ വേഗത്തിൽ ചന്ദ്രന്റെ ഉപരിതലം ലക്ഷ്യമാക്കി വരുന്ന ലാൻഡറിന്റെ വേഗം സെക്കൻഡിൽ രണ്ടു മീറ്ററായി കുറയ്ക്കണം. ചന്ദ്രന്റെ ഗുരുത്വാകർഷണത്തെ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലാൻഡർ തകരാൻ ഇടയാകും. ചന്ദ്രോപരിതലത്തിലേക്കുള്ള ഇറക്കത്തിനിടെ ലാൻഡർ പകർത്തുന്ന ചിത്രത്തിന്റെ സഹായത്തോടെയാണ് ഇറങ്ങുന്ന സ്ഥാനം നിർണയിക്കുന്നത്. ചന്ദ്രന്റെ പ്രതലത്തിലിറങ്ങുമ്പോഴുണ്ടാകുന്ന കനത്ത പൊടിപടലങ്ങളും ദൗത്യത്തിനു ഭീഷണിയാണ്. 15 മിനിറ്റിനുള്ളിൽ ഇതെല്ലാം പൂർത്തിയാക്കണം.

ലാൻഡർ പ്രതലത്തിൽ ഉറച്ചതിനുശേഷം നാലുമണിക്കൂറിനുള്ളിൽ റോവർ പുറത്തിറങ്ങും. റോവർ ആണ് ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തുക. റോവറിന് ആവശ്യമായ സന്ദേശങ്ങൾ ലാൻഡർ നൽകും. റോവറും ലാൻഡറും നൽകുന്ന സന്ദേശങ്ങൾ ഓർബിറ്റർ വഴി ബെംഗളൂരു ബൈലാലുവിലെ ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്‌വർക്കിൽ ലഭിക്കും.

വെല്ലുവിളികൾ

  1.  ഐ.എസ്.ആർ.ഒ. ആദ്യമായി ഉപയോഗിക്കുന്ന ത്രോട്ടിലബിൾ എൻജിന്റെ (കുതിപ്പുകൂട്ടാനും കുറയ്ക്കാനും) മോട്ടോറിന് തകരാറുണ്ടാകാം. 
  2.  ഒരു എൻജിൻ തകരാർ വന്നാൽ അതിന്റെ എതിർ മൂലയിലുള്ള എൻജിനും പ്രവർത്തിപ്പിക്കാനാകില്ല. ചെറിയൊരു തകരാറോ കൃത്യത ഇല്ലായ്മയോ വന്നാൽ ലാൻഡർ ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങിയേക്കാം.
  3.  ലാൻഡറിലെ ക്യാമറകളിൽ തകരാറുണ്ടായാൽ ചിത്രങ്ങൾ ലഭിക്കില്ല. 
  4.  ഭ്രമണപഥം 30 കിലോമീറ്ററെന്നതിന് പകരം കുറഞ്ഞുപോയാൽ  ലാൻഡറിന് ഉദ്ദേശിച്ച സ്ഥലത്ത് ഇറങ്ങാനാകില്ല. 
  5.  ചന്ദ്രനിലെ ഗുരുത്വാകർഷണത്തെക്കാൾ ആറിരട്ടി കൂടുതലാണ് ഭൂമിയിലെ ഗുരുത്വാകർഷണം. അതിനാൽ യഥാർഥ ലാൻഡിങ്ങിന് സമാനമായ പരീക്ഷണങ്ങൾ ഭൂമിയിൽ ചെയ്താലും അത് കൃത്യതയുള്ളതായിരിക്കണമെന്നില്ല.

Content Highlights: Historic journey of chandrayaan 2