appപൗരന്റെ സ്വകാര്യത ഉറപ്പാക്കുന്ന നിയമം അനിവാര്യമാണ്. എന്നാൽ, സ്വകാര്യതയ്ക്കുള്ള മൗലികാവകാശംപോലെത്തന്നെയോ അതിലും പ്രാധാന്യമുള്ളതോ ആണ് അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം

വ്യക്തികളുടെ സ്വകാര്യതാ വിവരങ്ങളുടെ കൈമാറ്റം സംബന്ധിച്ച വാട്‌സാപ്പിന്റെ മാറിയ നയവും പിന്നീട് അതിൽനിന്നുള്ള താത്കാലികമായ പിന്മാറ്റവും ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഈ ചർച്ചയുടെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ മുറുകുമ്പോൾതന്നെ നാം അംഗീകരിക്കേണ്ട ഒരു സത്യമുണ്ട്. വിവരസാങ്കേതികവിദ്യയുടെ ഇക്കാലത്ത് നമ്മുടെ സ്വകാര്യതയെന്നത് എന്നേ കൈമോശം വന്നുകഴിഞ്ഞു. ഗൂഗിൾ എത്രയോ നാളുകളായി നമ്മുടെ സ്വകാര്യമെന്ന് കരുതുന്ന വിവരങ്ങൾ കച്ചവട താത്പര്യങ്ങൾക്കുപയോഗിക്കുന്നു. നമ്മളെ കൃത്യമായി അറിയിക്കുകയോ നമ്മുടെ സമ്മതപത്രം വാങ്ങുകയോ ചെയ്യാതെ സ്വകാര്യതാവിവരങ്ങൾ കൈമാറ്റംചെയ്യുന്ന എത്രയോ ആപ്പുകളിൽ നാമിന്ന് കുടുങ്ങിക്കിടക്കുന്നു. നിങ്ങൾ അവ ഉപേക്ഷിക്കുക അഥവാ അവയുടെ പരിമിതികളും അപകട സാധ്യതകളും ഉൾക്കൊണ്ടുതന്നെ അവയിൽ അഭിരമിക്കുക എന്നതുമാത്രമാണ് ഏക പോംവഴി.

ഉപേക്ഷിച്ചില്ലെങ്കിലും ഉപേക്ഷിക്കാൻ പോകുമെന്ന തോന്നൽതന്നെ സേവനദാതാവിന്റെ നയംമാറ്റത്തിന് കാരണമാകുന്നു. വാട്‌സാപ്പ് വിട്ട് മറ്റു സങ്കേതങ്ങളിലേക്ക് ആളുകൾ മാറുന്നുവെന്ന പ്രവണത നിഴലിച്ചപ്പോൾതന്നെ വാട്‌സാപ്പ് നയവ്യതിയാനത്തിൽ പുതിയ സമീപനം സ്വീകരിച്ചു. നമ്മുടെ വ്യക്തിഗത വിവരങ്ങൾ കച്ചവടതാത്പര്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നു എന്നതാണ് ഈ പ്രശ്നത്തിന്റെ കാതൽ. ഈ വിവരങ്ങൾ സേവനദാതാവിന് എങ്ങനെ കിട്ടി ? ഈ സേവനം ആഗ്രഹിച്ച് നാം സ്വമേധയാ അവരുടെ വ്യവസ്ഥകൾ അംഗീകരിച്ച് നാംതന്നെ നൽകിയ വിവരങ്ങളാണ്. ഈ വിവരങ്ങൾ സേവനദാതാവ് നമ്മിൽനിന്ന് കവർന്നെടുത്തതല്ലെന്ന് സാരം.

കടയിലെ പറ്റുബുക്ക്

ലഭ്യമാകുന്ന ഒരു സൗകര്യത്തിനുവേണ്ടി വിവരങ്ങൾ കച്ചവടക്കാർക്ക് നൽകുന്ന പതിവ് വിവരസാങ്കേതികവിദ്യയുടെ ഉദ്‌ഭവത്തിന് എത്രയോ മുമ്പുതന്നെ നാം തുടങ്ങി. പഴയകാലത്ത് നാട്ടിൻപുറ കടകളിലെ പറ്റുബുക്കിന്റെ കാര്യമെടുക്കൂ. ഒരു വ്യക്തി അയാളുടെ വീട്ടിലേക്ക് ഏതൊക്കെ സാധനങ്ങൾ എത്രയളവിൽ ഒരുവർഷം വാങ്ങുന്നു എന്ന സ്വകാര്യ ഡേറ്റ പലചരക്കു കടക്കാരന്റെ കൈവശം ലഭ്യമായിരുന്നു. പക്ഷേ, കടക്കാരൻ അത് കുത്തകക്കമ്പനികൾക്ക് വിറ്റിരുന്നില്ലെന്ന് മാത്രം. രൊക്കം പണം നൽകാൻ നിവൃത്തിയില്ലാത്തതിനാൽ കടം ആവശ്യമായി വരുന്ന ആ വ്യക്തിക്ക് ആ സൗകര്യം ലഭിക്കുന്നതിനാണ് സ്വകാര്യ ഡേറ്റ കടക്കാരന് നൽകിയിരുന്നത്. വിവരസാങ്കേതികതയുടെ കാര്യത്തിലും വ്യക്തിപരമായ നേട്ടങ്ങൾ സൗജന്യമായി ലഭിക്കുന്നു എന്നതുകൊണ്ടു മാത്രമാണ് അവയുടെ അപകടസാധ്യതകൾ കണ്ടുകൊണ്ടുതന്നെ സമൂഹം അത് ഉപയോഗിക്കുന്നത്.

ഒരു സേവനവും സൗജന്യമല്ല

ലോകത്ത് ഒരു സേവനവും സൗജന്യമല്ലെന്നോർക്കണം. ഏതു സേവനത്തിന്റെയും പിന്നിൽ പ്രത്യക്ഷമായോ പരോക്ഷമായോ പ്രതിഫലത്തിന്റെ ഒരു ഘടകമുണ്ടാകും. ഈ വസ്തുത ഉൾക്കൊള്ളാതെ കരാർ ലംഘനം, കോംപറ്റീഷൻ കമ്മിഷൻ, സ്വകാര്യതാ ലംഘനം എന്ന് പരിതപിക്കുന്നതിൽ കാര്യമില്ല. വീടിനടുത്തുള്ള കടയിൽ 30 രൂപയ്ക്ക് കിട്ടുന്ന ഒരു സാധനം രണ്ടുരൂപ കുറച്ച് ഓൺലൈനിൽ നാം വാങ്ങുന്നു. മുമ്പ് വിദേശത്തുള്ള ഒരു ബന്ധുവിനെ രണ്ടുവാക്കിൽ ഒരു മരണവാർത്ത അറിയിക്കാൻ ചെലവാക്കിയ തുകയും അതിന് നേരിട്ട ബുദ്ധിമുട്ടും നിലവിൽ അത്തരത്തിലുള്ള ആശയവിനിമയത്തിനുള്ള സൗജന്യ സേവനവും താരതമ്യംചെയ്യുമ്പോൾ വാദപ്രതിവാദങ്ങളിൽ വലിയകാര്യമില്ലെന്ന് കാണാം.

വിക്കിപീഡിയക്ക് സംഭാവന നൽകിയോ ?

നാഴികയ്ക്ക് നാല്പതുവട്ടം വിവരങ്ങൾക്കായി നാമെല്ലാം ആശ്രയിക്കുന്ന വിക്കിപീഡിയയുടെ നിലനിൽപ്പുതന്നെ പ്രശ്നമായിരുന്നു. പിടിച്ചുനിൽക്കാൻ അവർ യാചനാപൂർവം സംഭാവന ചോദിച്ചപ്പോൾ എത്ര ഉപയോക്താക്കൾ അതിനോട് സഹകരിച്ചു ? ഉപയോക്താക്കളിൽ പത്തുശതമാനം പേർ പത്തുരൂപവീതം നൽകിയാൽ മറികടക്കാവുന്നതായിരുന്നു അവരുടെ സാമ്പത്തികപ്രതിസന്ധി. ഈ അനുഭവത്തിൽ നിന്നുകൊണ്ട് സക്കർബർഗ് വാട്‌സാപ്പ് വാങ്ങിയതിനെ കാണുക. ഏകദേശം ഇരുപത്തിയൊന്ന് ബില്യൺ ഡോളറിനാണ് സക്കർബർഗ് വാട്‌സാപ്പ് വാങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരം. ഈ കച്ചവടം സാമൂഹികസേവനത്തിന് മാത്രമല്ലെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.

ബദലും നിയമവശവും

ഇത്തരം എല്ലാ പ്രതിസന്ധികളിലും പ്രശ്നത്തിന്റെ ഗൗരവവും വ്യാപ്തിയുമറിയാതെ നമ്മൾ കണ്ടെത്തുന്ന ആശ്വാസപദമാണ് ബദൽ. ദിനംപ്രതി ഏകദേശം നൂറു ബില്യൺ മെസേജുകൾ, നാലുലക്ഷം ഫോട്ടോകൾ, ഒരു ബില്യൺ വീഡിയോകൾ എന്നിവ തടസ്സമില്ലാതെ കൈകാര്യംചെയ്യുന്ന വാട്‌സാപ്പ് പോലെയൊരു സംവിധാനത്തിന് ഒരു ബദൽ സങ്കേതം എളുപ്പമല്ലെന്ന് കാണാം. അതിന് വേണ്ടിവരുന്ന പണച്ചെലവും ബദലായി കണ്ടെത്തുക ബുദ്ധിമുട്ടാകും. അപ്പോൾ ശേഷം ചിന്ത്യം.

നിലവിൽ വാട്‌സാപ്പിന്റെ ഡേറ്റാ കൈമാറ്റത്തിനെതിരേ കർമണ്യസിങ്‌ സരീൻ vs യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഭരണഘടനയുടെ 21-ാം ആർട്ടിക്കിൾപ്രകാരം പൗരന് നൽകുന്ന സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് ഈ ഡേറ്റാ കൈമാറ്റമെന്നാണ് ഹർജിക്കാരന്റെ വാദം. വാട്‌സാപ്പിന്റെ മറുവാദമാകട്ടെ, അവരും ഉപയോക്താക്കളും തമ്മിൽ ഉഭയകക്ഷി സമ്മതപ്രകാരം നടപ്പാക്കിയ ഒരു കരാറിന്റെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് ഈ കൈമാറ്റമെന്നാണ്.

കേന്ദ്രസർക്കാർ എന്തു നിലപാടാകും സ്വീകരിക്കുക എന്നത് പ്രധാനമാണ്. പ്രത്യേകിച്ചും സമഗ്രമായ ഒരു നിയമം നിലവിലില്ലാത്ത സാഹചര്യത്തിൽ. ആധാറുമായി ബന്ധപ്പെട്ട കേസിന്റെ ആദ്യഘട്ടത്തിൽ പൗരന്മാർ ഇഷ്ടമുണ്ടെങ്കിൽമാത്രം ആധാർ രജിസ്റ്റർ ചെയ്താൽ മതിയെന്നതിനാൽ ആധാറിനെതിരേയുള്ള കേസ് നിലനിൽക്കില്ലെന്ന വാദം കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചിരുന്നു. ഈ വാദഗതിയാണ് വാട്‌സാപ്പും മുറുകെപ്പിടിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർതന്നെ മെസേജ് ട്രേസിബിലിറ്റി സൗകര്യം അതായത്, സന്ദേശത്തിന്റെ ഉറവിടം ലഭ്യമാക്കണമെന്ന് വാട്‌സാപ്പിനോട് ആവശ്യപ്പെട്ടിരിക്കയാണ്. സർക്കാരിന് വിവരങ്ങൾ നൽകുന്നത് സ്വകാര്യതയുടെ ലംഘനമല്ലെന്നും മറ്റൊരാൾക്ക് നൽകുന്നത് ലംഘനമാകുമെന്നും അപ്പോൾ വരാം.

വാട്‌സാപ്പ് കൈമാറുന്ന വിവരങ്ങൾ ബിഗ്‌ഡേറ്റ അനാലിസിസിനാണ് വ്യാപാരസമൂഹം ഉപയോഗിക്കുക. ഒരു വലിയ ഗ്രൂപ്പ് ആളുകളുടെ വാണിജ്യതാത്പര്യങ്ങൾ പൊതുവായി കണ്ടെത്തുകയെന്ന് സാരം. സർക്കാർ ഉദ്ദേശിക്കുന്നത് സിംഗിൾ ഡേറ്റ അനാലിസിസും. ഒരു മൗലികാവകാശ ലംഘനത്തിന്റെ സ്ഥാനത്ത് മറ്റേതൊക്കെ മൗലികാവകാശങ്ങൾ ധ്വംസിക്കപ്പെടുമെന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

ആഗോള പൗരനായി ജീവിക്കണോ ?

വിവരസാങ്കേതികവിദ്യാരംഗത്ത് വ്യക്തിഗത ഡേറ്റയുടെ സ്വകാര്യത ഉറപ്പാക്കുന്ന സമഗ്രമായ നിയമങ്ങൾ പൊതുവായെങ്ങും നിലവിലില്ല. കുറച്ചെങ്കിലും ഫലപ്രദമായുള്ളത് യൂറോപ്യൻ യൂണിയന്റെ ജി.ഡി.പി.ആർ. നിയമമാണ്. ഡേറ്റാ സുരക്ഷിതത്വത്തിൽ വീഴ്ചവരുത്തിയതിന് ഗൂഗിളിന് ഫ്രഞ്ച് ഡേറ്റാ പ്രൊട്ടക്‌ഷൻ അതോറിറ്റി മില്യൺ യൂറോയുടെ പിഴയാണ്‌ ചുമത്തിയത്. സാമൂഹികമാധ്യമങ്ങളുടെ കാര്യത്തിൽ പൗരന്റെ സ്വകാര്യത ഉറപ്പാക്കുന്ന നിയമം അനിവാര്യമാണ്. എന്നാൽ, സ്വകാര്യതയ്ക്കുള്ള മൗലികാവകാശംപോലെത്തന്നെയോ അതിലും പ്രാധാന്യമുള്ളതോ ആണ് അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം. സാധാരണക്കാരനുമുമ്പിൽ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വാതായനങ്ങൾ തുറന്നത് സാമൂഹികമാധ്യമങ്ങളാണ്. ഇത് രണ്ടും കണക്കിലെടുത്തേ നിയമനിർമാണത്തിലേക്ക് നീങ്ങാവൂ. വിവരസാങ്കേതികവിദ്യയുടെ കാലത്ത് നാമെല്ലാം ആഗോളപൗരത്വം നേടിക്കഴിഞ്ഞു. ആഗോളപൗരനായി ജീവിക്കണോ അമീഷ് പൗരനായി ജീവിക്കണോയെന്നത് നമ്മുടെ മാത്രം തീരുമാനമാണ്.

ഇൻവിസ് മൾട്ടിമീഡിയ സ്ഥാപക ഡയറക്ടറാണ്‌ ലേഖകൻ