സീറോ വിദ്യാഭ്യാസവർഷമാണ്‌ കഴിഞ്ഞതെങ്കിലും പരീക്ഷകൾ യഥാസമയം നടന്നു; പരീക്ഷാഫലങ്ങൾ യഥാസമയം പ്രത്യക്ഷപ്പെട്ടു. പതിവുപോലെ വിജയശതമാനവും രോമാഞ്ചജനകമായി വർധിച്ചു. വിദ്യാഭ്യാസവും പരീക്ഷയുമായി ബന്ധമൊന്നുമില്ലെന്ന ഔദ്യോഗികപ്രഖ്യാപനംകൂടിയായിരുന്നു ഇക്കുറിയത്തെ പരീക്ഷാഫലപ്രഖ്യാപനങ്ങൾ. അധ്യാപനവും വിദ്യാഭ്യാസവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന സംശയവും വ്യാപകമായുദിച്ചു ഈ വർഷം.
വിദ്യാർഥിയെ പരീക്ഷാർഥി റീപ്ളേസ്‌ചെയ്തു എന്നതാണ്‌ സമീപകാലത്ത്‌ വിദ്യാഭ്യാസത്തിൽവന്ന വലിയ മാറ്റം. വിദ്യാർഥിയെ അഭിസംബോധനചെയ്തിരുന്ന അധ്യാപകൻ പരീക്ഷാർഥിയെ അഭിസംബോധനചെയ്താൽമതി എന്നായി. വർക്ക്‌ ചെയ്യേണ്ടാ, ഡ്യൂട്ടി ചെയ്താൽമതി. ഭാവനയോ ബുദ്ധിയോ ജ്ഞാനമോ ഉപയോഗിച്ച്‌ വിലസണ്ടാ, സഹായിയായി അടങ്ങിയിരുന്നാൽമതി എന്നായി. നോക്കൂ, നിങ്ങളെക്കാൾ എത്ര കൂടുതലറിയാം ഒരു റോബോട്ടിന്‌! എന്നിട്ടും അതിന്‌ അതൃപ്തിയോ അഭിമാനമോ അന്തസ്സോ മമതയോ അമർഷമോപോലെ എന്തെങ്കിലും കിക്കിളികളുണ്ടോ?

 വിദ്യ എന്ന പ്രണയം
‘വെൽവൂ ബോധനമാധ്യമം, പ്രണയമായ്‌ മാറ്റുന്നൊരധ്യാപനം’ എന്നെഴുതിയപ്പോൾ വി.കെ. ഗോവിന്ദൻനായർ അധ്യാപകനും വിദ്യാർഥിനിയും തമ്മിൽ ക്ലാസിൽ രൂപംകൊള്ളാവുന്ന കേവലപ്രണയത്തെക്കുറിച്ചല്ല പറഞ്ഞത്‌, കൊടുക്കുന്നവനെയും കിട്ടുന്നവനെയും ഉയർത്തുന്ന വിദ്യ എന്ന പ്രണയത്തെക്കുറിച്ചാണ്‌. ‘ഓം സഹനാ വവതു’ എന്നുതുടങ്ങുന്ന ഉപനിഷദ്‌മന്ത്രത്തിന്റെ പൊരുളോളം പോകുന്നുണ്ടത്‌. മാർട്ടിൻ ബബർ പറയുന്ന ഐ-ദോ ബന്ധത്തോളം ഉയരമുണ്ടതിന്‌. അതാകട്ടെ, മികച്ച അധ്യാപകരുള്ള ക്ലാസായ ക്ലാസുകളിലൊക്കെ രൂപംകൊണ്ടു. ഇന്നും ക്ലാസിക്കൽ കലകൾ പഠിപ്പിക്കുന്നിടത്ത്‌, പരീക്ഷ കടന്നുവന്ന്‌ കലുഷമാക്കാത്തിടത്ത്‌, അത്‌ തുടരുന്നുമുണ്ട്‌.
 പക്ഷേ, വിദ്യാഭ്യാസത്തെ ഏറക്കുറെ നിർമാർജനംചെയ്തുകഴിഞ്ഞ, പരീക്ഷാനടത്തിപ്പുകേന്ദ്രങ്ങളായി പരിണമിച്ച ഇടങ്ങളിൽ വിദ്യാരതിക്കൊന്നും ഇടമില്ല. എന്റെ മാഷേ, നിങ്ങളുടെ അനാവശ്യങ്ങളൊന്നും ഞങ്ങൾക്ക്‌ കേൾക്കണ്ടാ. പരീക്ഷ മുറിച്ചുകടക്കാൻ ആവശ്യമായ പ്രായോഗികസഹായം എന്തെങ്കിലുമുണ്ടെങ്കിൽ അത്‌ തന്നുതുലയ്ക്ക്‌. അല്ലെങ്കിൽ സാറതിനും െമ​െനക്കടണ്ടാ, ഹാജർ മതി, ഇന്റേണൽ മാർക്ക്‌ മതി. പുറത്ത്‌ ട്യൂഷൻ സെന്ററുകൾ ചൂടാറാതെ ഞങ്ങളെയും കാത്തിരിക്കുന്നു.

ഇന്നയിന്ന പ്രഗല്‌ഭമതികളായ അധ്യാപകരുള്ള ഇടം എന്നതായിരുന്നു പ്രീപ്രൈമറിമുതൽ യൂണിവേഴ്‌സിറ്റി വരെയുള്ള വിദ്യാലയങ്ങളുടെ മുൻപത്തെ ആകർഷണം. ഭൂമിയിലെ ശ്രേഷ്ഠമായ ഓർമകളിൽ അവരുടെ പങ്കാളിത്തം വലുതായിരുന്നു. അവരുടെ സ്വാധീനമാണ്‌ വ്യക്തികൾക്കിട്ടുപോന്ന ഏറ്റവും മുന്തിയ ജൈവവളം. പക്ഷേ, അടിസ്ഥാനസൗകര്യങ്ങളുടെ പെരുപ്പമോ കെട്ടിടത്തിന്റെ വലുപ്പമോ മികച്ച അധ്യാപകർക്ക്‌ പകരമായ ഒരു വികൃതലോകത്തിലാണ്‌ നമ്മൾ.

മണ്ടശിരോമണികൾ പഠിപ്പിക്കുന്ന ഈ ഊക്കൻ കെട്ടിടങ്ങൾകണ്ട്‌ ചിരിയടക്കാനാവുന്നവരെ നമിക്കണം. അവിടെ പഠിപ്പിക്കുന്നവരിൽ എൺപതുശതമാനം പേരും ആ തൊഴിലിന്‌ അനർഹരാണ്‌ (അല്ലാത്ത ആ ഇരുപത്‌ ശതമാനത്തിനോട്‌ എനിക്ക്‌ അനുകമ്പയും ആദരവുമുണ്ട്‌). സിമന്റും കല്ലും വ്യർഥമാക്കുന്ന ചുമതല നിർവഹിക്കുന്ന വിദ്യാഭ്യാസവകുപ്പ്‌ വാസ്തവത്തിൽ പൊതുമരാമത്ത്‌ വകുപ്പിൽ ലയിപ്പിക്കേണ്ടതാണ്‌. അതിനുള്ള പ്രവർത്തനം കാര്യക്ഷമമായിത്തന്നെ നടക്കുന്നുണ്ടെന്നും തോന്നുന്നു. അല്ലെങ്കിൽ നോക്കൂ, ഈ കോവിഡ്കാലത്ത്‌ അധ്യാപന പരിശീലനമില്ല, തിയറി ക്ലാസില്ല, റെക്കോഡ്‌ ബുക്കുകളില്ല, സഹവാസക്യാമ്പില്ല. എന്നാലും, അധ്യാപകവിദ്യാലയങ്ങൾ പരീക്ഷനടത്തി, പഠിപ്പിക്കാൻ അർഹർ എന്ന സർട്ടിഫിക്കറ്റും നൽകി ഭാവിയിലെ അധ്യാപകരെ ലജ്ജയില്ലാതെ പുറത്തുവിടുന്നത്‌.

 യോഗ്യത എന്ന മിത്ത്‌
നിങ്ങൾക്കുമാത്രം ചെയ്യാനാവുന്ന ചിലതില്ലെങ്കിൽ സമൂഹത്തിൽ നിങ്ങൾ അനിവാര്യനാവില്ല. അനിവാര്യരായ പലരുണ്ടായിരുന്ന ഒരു കാലമാണ്‌ അധ്യാപകന്റെ അന്തസ്സുയർത്തിയത്‌. അധ്യാപകനിയമനത്തിലെ പോരായ്മകൾമൂലം കൊള്ളരുതാത്തവർ അധ്യാപനരംഗത്ത്‌ എന്നുമുണ്ടായിരുന്നു. പക്ഷേ, അവരിൽ ലജ്ജയും കുറ്റബോധവുമുണ്ടാക്കുന്ന സാഹചര്യം ഈ മികച്ച അധ്യാപകരും വിദ്യാർഥികളും ചേർന്ന്‌ അന്ന്‌ സൃഷ്ടിച്ചിരുന്നു. ക്വാളിറ്റി ഒരു അധിക്ഷേപപദമായി മാറിക്കഴിഞ്ഞിരുന്നില്ല.

 അധ്യാപകനെ ഗുരുസ്ഥാനത്തുനിന്ന്‌ നീക്കി സഹായിയാക്കിയ വിദ്യാഭ്യാസപരിഷ്കാരം യോഗ്യതയെ ഒരു മിത്താക്കി. ആർക്കും ചെയ്യാവുന്ന ഡ്യൂട്ടിയായി അധ്യാപനം മാറി. ഓൺലൈൻ ക്ലാസുകളും ആപ്പുകളും അണിയറയിൽ വേഷംകെട്ടുന്ന റോബോട്ടുകളും അധ്യാപകന്റെ അവസ്ഥ പഴയ സ്കൂൾശിപായിയുടെയോ മെക്കാനിക്കിന്റെയോ പദവിക്ക്‌ തുല്യമാക്കുന്നു. കോവിഡനന്തര അധ്യാപകൻ ചരിത്രത്തിലെ ഏറ്റവും ദുർബലനായ അധ്യാപകനാണ്‌. ബുദ്ധിയോ സാമർഥ്യമോ ഭാവനയോ പ്രതിഭയോ ഒന്നും ആവശ്യമില്ലാത്ത അയാളെ അധ്യാപകൻ ചെയ്യേണ്ടതല്ലാത്ത പണികളേൽപ്പിച്ചുകൊണ്ടാണ്‌ സർക്കാർ വാങ്ങുന്ന പ്രതിഫലത്തിന്‌ അർഹനാക്കുന്നത്‌. പണികൊടുക്കുക എന്നതിന്‌ ശിക്ഷിക്കുക എന്നോ കൊല്ലുക എന്നോ അർഥംകിട്ടിയ സമീപകാലത്ത്‌ അധ്യാപകന്‌ നല്ല പണികിട്ടി. പണിയെടുത്തതിന്റെ വിശദരേഖകൾമതി, പഠനമൊക്കെ നിങ്ങളെക്കൂടാതെ നടന്നുകൊള്ളുമെന്ന സർക്കാർ മനോഭാവവും നിലവിൽ വന്നു.

 ‘പണിതരുന്ന’ ഭരണകൂടങ്ങൾ
സ്കൂൾ എന്ന വാക്ക്‌ ഉടലെടുത്ത സ്കോളെ എന്ന പദത്തിന്‌ കോർപ്പറൽ പണിഷ്‌മെന്റ്‌ എന്നായിരുന്നു അർഥം. ചൂരലെടുത്ത പഴയ സ്കൂൾ സ്വാഭാവികമായും ശിക്ഷണസ്ഥലമോ ശിക്ഷാസ്ഥലമോ ആയിരുന്നു വിദ്യാർഥികൾക്കെങ്കിൽ ഇന്നത്‌ അധ്യാപകനുള്ള ശിക്ഷാസ്ഥലമാണ്‌. കൈനിറയെ പണംതരുന്നില്ലേ, അതിനുമീതേ ഒരന്തസ്സും വേണമോ എന്ന്‌ സർക്കാർ മുറുമുറുക്കുന്നു. പണികിട്ടിയവർക്കുമില്ല പരാതി. പലരും കയറിയത്‌ കൈക്കൂലി കൊടുത്തിട്ടാണ്‌(എൽ.പി. സ്കൂൾ അധ്യാപകന്‌ 25 ലക്ഷമാണ്‌ നിലവിലെ നിരക്ക്‌). പി. എസ്‌.സി.യുടെ ബുദ്ധിശൂന്യമായ ചോദ്യങ്ങളെ ചൂഷണംചെയ്തുകൊണ്ടാണ്‌ അല്ലാത്തവർ ഈ വൃത്തിയിൽ കയറുന്നത്‌.
സർക്കാർ നടത്തുന്ന ഭാഗ്യക്കുറികളിൽ കൂടുതൽ ക്രൂരത പി.എസ്‌.സി. നടത്തുന്ന ഭാഗ്യക്കുറിക്കാണ്‌. അഭിരുചിയോ അർഹതയോ ഉള്ളവരെ തിരഞ്ഞെടുക്കാൻ ട്രെയിനിങ്‌ ഘട്ടത്തിലോ നിയമനഘട്ടത്തിലോ ഒരു ഉത്തരവാദിത്വവും കാട്ടാത്ത ഭരണകൂടങ്ങൾ അധ്യാപനത്തെ ഈ പതനത്തിലെത്തിച്ചു.

 കട്ടെഴുതുന്ന ആസന്നഭാവി
മുഴുവൻ കുട്ടികൾക്കും എ പ്ളസും ക്ളാസിൽ മുമ്പൊന്നുമില്ലാതിരുന്ന പഠനപ്രവർത്തനങ്ങളും നിരന്തരമൂല്യനിർണയവും നൂതനങ്ങളായ പ്രോജക്ട്‌ അവതരണങ്ങളുംകൊണ്ട്‌ വ്യത്യസ്തമായ ആസന്നഭാവി താങ്കൾ കാണുന്നില്ലേ? ഉണ്ട്‌ സാർ, ടീച്ചർ സെന്ററിൽപ്പോയിട്ട്‌ സമീപത്തെങ്ങുമില്ലാത്ത (അയാൾ ചെയ്യാത്ത പഠനപ്രവർത്തനങ്ങളുടെ രേഖയുണ്ടാക്കുന്ന തിരക്കിലാണ്‌). സമ്പൂർണമായും ചൈൽഡ്സെന്റേഡ്‌ ആയ ആ സുദിനങ്ങൾ വരുകതന്നെയാണ്‌. മാർക്കല്ലാത്ത ഒരു മാനദണ്ഡവും ആത്യന്തികമായി അന്നുമുണ്ടാവില്ലെങ്കിലും ഞാൻ കോരിത്തരിക്കുകതന്നെയാണ്‌ സാർ (ഫലപ്രഖ്യാപനവേളയിൽ അന്നും മന്ത്രി റിസൽട്ടിന്റെ യഥാർഥ അവകാശികളായ ഇൻഫ്രാ സ്ട്രക്ചർ ഇല്ലാതെതന്നെ പഠിപ്പിക്കുന്ന ട്യൂഷൻ സെന്ററുകളെ ഓർമിക്കുകയില്ല). അസൈൻമെന്റുകൾ കട്ടെഴുത്തിൽ കുട്ടികളെ വിദഗ്‌ധരാക്കും. പ്ലാജിയാരിസത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും ഗവേഷണ ബിരുദവും അനായാസമായി നേടും നമ്മുടെ ഭാവിതലമുറകൾ. അപ്പോഴേക്കും മുഴുവൻ മുൻവാതിലുകളും അടച്ച്‌ സീൽ​െവച്ചിട്ടുണ്ടാവും. വിദ്യാഭ്യാസവുമായി മാർക്കിനോ റാങ്കിനോ ബിരുദത്തിനോ ഒരു ബന്ധവുമുണ്ടാവുകയില്ല. ഇതിനൊക്കെ അതീതമായി അപ്പോഴും ഒരിരുപതുശതമാനം കേരളത്തിലുണ്ടാവും. മുമ്പുണ്ടായിരുന്നതിന്റെ ഇരുപതുശതമാനം വരുന്ന ആ കേരളത്തിൽ നാം ഞെരുങ്ങിപ്പാർക്കും.
മികച്ച അധ്യാപകർ രചിച്ചതാണ്‌ കേരളത്തെ; അത്‌ മായ്ച്ചുകളയരുതേ!

ചില അധ്യാപകദിന ചിന്തകൾ
വിദ്യാർഥിയെ പരീക്ഷാർഥി റീപ്ളേസ്‌ചെയ്തു. വിദ്യാർഥിയെ അഭിസംബോധന ചെയ്തിരുന്ന അധ്യാപകൻ പരീക്ഷാർഥിയെ അഭിസംബോധനചെയ്താൽമതി എന്നായി. വർക്ക്‌ ചെയ്യേണ്ടാ, ഡ്യൂട്ടി ചെയ്താൽമതി