തൃശ്ശൂരിലെ ഗ്രാമമായ മുണ്ടത്തിക്കോടിൽനിന്ന് ലോകത്തെ കലാപ്രതിഭകളുടെ ഹൃദയത്തിൽ ഇടംപിടിച്ച ജീവിതമാണ് സുഭാസ് ചന്ദ്രന്റേത്. ഒറ്റവാക്കിൽ രേഖപ്പെടുത്തിയാൽ കലാരംഗത്തെ വൈവിധ്യങ്ങളെയെല്ലാം മനോഹരമായി  ജീവിതവുമായി കോർത്തിണക്കിയ ഒരാൾ.  ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ പ്രൈവറ്റ് സെക്രട്ടറി എന്നനിലയിലാണ് സേവനവഴി സുഭാസ് ചന്ദ്രൻ തുറക്കുന്നത്.

നെഹ്രുവിന്റെ പേഴ്സണൽ സെക്രട്ടറിയായ ഡോ. വി.കെ. നാരായണമേനോനാണ് ഗുരുവും വഴികാട്ടിയും. ഇന്ദിരാഗാന്ധി വാർത്താവിതരണമന്ത്രാലയത്തിന്റെ ചുമതലയിലെത്തിയപ്പോൾ സുഭാസ് അവരുടെ പ്രൈവറ്റ് സെക്രട്ടറിയായി. ഡോ. നാരായണമേനോൻ ഓൾ ഇന്ത്യ റേഡിയോ മേധാവിയായപ്പോൾ സുഭാസ് ചന്ദ്രനെയും കൂടെക്കൂട്ടി. സുഭാസ് ചന്ദ്രന്റെ ജീവിതം ചരിത്രത്തിന്റെ ഭാഗമാകുന്നത് ഡോ. വി.കെ. നാരായണമേനോനോടൊപ്പം ചേർന്നുനടക്കാൻ തുടങ്ങിയതോടെയാണ്. അന്താരാഷ്ട്ര

തലത്തിൽ ശ്രദ്ധയാകർഷിക്കുന്ന ഒരു കലാ-സാംസ്കാരികകേന്ദ്രം ടാറ്റാ ഗ്രൂപ്പ് മുംബൈയിൽ തുടങ്ങാൻ ആലോചിച്ചപ്പോൾ അവർ കണ്ടെത്തിയ ചുമതലക്കാരൻ നാരായണമേനോനായിരുന്നു. നാരായണമേനോൻ നരിമാൻ പോയന്റിൽ നാഷണൽ സെന്റർ ഫോർ പെർഫോമിങ് ആർട്സിന്‌ (എൻ.സി.പി.എ.) തുടക്കംകുറിച്ചപ്പോൾ ആ കലാകേന്ദ്രത്തിന്റെ വളർച്ച സുഭാസിന്റേതുകൂടിയായി. 1999-ൽ വിരമിക്കുമ്പോൾ എൻ.സി.പി. എ.യുടെ പ്രോഗ്രാം ഓഫീസറായിരുന്നു.

വടക്കേ മലബാറിലെ തെയ്യം കലാകാരൻ മുതൽ യേശുദാസ് വരെ എൻ.സി.പി.എ.യിൽ വിവിധ പരിപാടികൾ അവതരിപ്പിക്കാനെത്തിയത് സുഭാസിന്റെ കാലത്താണ്. ലോകപ്രസിദ്ധ കലാകാരന്മാരായ യെഹൂദി മെനുഹിൻ, സുബിൻ മേത്ത, ഗ്രഹാം, പണ്ഡിറ്റ് രവിശങ്കർ, അന്നപൂർണ ദേവി, ഡോ. എം.എസ്. സുബ്ബലക്ഷ്മി, എം.ഡി. രാമനാഥൻ, മാണി മാധവ ചാക്യാർ, കലാമണ്ഡലം കൃഷ്ണൻ നായർ, ബാല സരസ്വതി, പീറ്റർ ബ്രൂക്ക്‌സ്, ബാദൽ സർക്കാർ, സത്യജിത് റായ്, ജോൺ എബ്രഹാം, അടൂർ ഗോപാലകൃഷ്ണൻ, എം.എഫ്. ഹുസൈൻ... അങ്ങനെ ലോകം മാനിക്കുന്ന ഒട്ടേറെ പ്രതിഭകളെ എൻ.സി.പി.എ.യിൽ എത്തിച്ചു. അതോടൊപ്പം അവരുടെ ഹൃദയത്തിൽ പ്രത്യേക ഇടംനേടാനും അദ്ദേഹത്തിന് കഴിഞ്ഞു. നാലുപതിറ്റാണ്ടോളം ഭവൻസ് ജേണൽ ഉൾപ്പെടെ ലോക കലാമാസികകളിൽ അദ്ദേഹം എഴുതി. കലാ-സാംസ്കാരിക വിനിമയവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധഭാഗങ്ങളിൽനടന്ന സെമിനാറുകളിൽ പങ്കെടുത്തു.

മ്യൂണിക് ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ലോകപ്രശസ്ത സിനിമാസംവിധായകൻ പോളൻസ്കി സിനിമ നിർമിച്ചപ്പോൾ സുഭാസ് ആ സംരംഭത്തിന്റെ ഭാഗമായി. മുംബൈ സർവകലാശാല ഫൈൻ ആർട്സ് വിഭാഗത്തിന്റെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, നളന്ദ ഡാൻസ് റിസർച്ച് സെന്ററിന്റെ വൈസ് പ്രസിഡന്റ്, യുനെസ്കോ അന്താരാഷ്ട്ര മ്യൂസിക് കൗൺസിൽ അംഗം, ഫിലിപ്പീൻസിലെ രമൺ മഗ്‌സാസെ അവാർഡ് ഫൗണ്ടേഷൻ ഉപദേശകൻ, കൊച്ചി-മുസിരിസ് ബിനാലെ ട്രസ്റ്റി, കേളി ആർട്ടിസ്റ്റിക് ഡയറക്ടർ എന്നീ നിലകളിൽ സംഭാവനകൾ നൽകി.

കലാ-സാംസ്കാരികരംഗത്തെ മൂല്യത്തെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ചതോടൊപ്പം വരുംതലമുറയ്ക്ക് കലാരംഗത്തെ വഴികാട്ടിതന്നെയായിരുന്നു അദ്ദേഹം. കലാലോകത്തെ ബന്ധങ്ങളെപ്പറ്റി ചെറുകുറിപ്പുകൾ എഴുതിയിട്ടുണ്ടെങ്കിലും ലോകം മതിക്കുമായിരുന്ന ആത്മകഥ എഴുതാതെയാണ് അദ്ദേഹം യാത്രയാവുന്നത്. കലാകാരന്റെ വലുപ്പം നോക്കിയല്ല, മൂല്യമുള്ള കലയെയാണ് സുഭാസ് എന്നും വിലമതിച്ചതെന്നും ആത്മമിത്രത്തെയാണ് നഷ്ടമായതെന്നും ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മാർഗ് പബ്ലിക്കേഷന്റെ മുൻ ചീഫ് എക്സിക്യുട്ടീവ് മാനേജർ (ഫിനാൻസ്) ശശി നമ്പ്യാർ ഓർമിച്ചു.

ഉള്ളടക്കത്തിന്റെ സുഭദ്രതയും കലാരൂപത്തിന്റെ സമഗ്രതയും അനുപൂരകങ്ങളാക്കി സ്ഥാനനിർണയം നടത്തുന്ന ഡോ. വി.കെ. നാരായണ മേനോന്റെ വ്യത്യസ്തമായ സമീപനമാണ് സുഭാസ് ചന്ദ്രൻ പിൻപറ്റിയിരുന്നത്. കലാമേഖലയിൽ അധികമൊന്നും കണ്ടിട്ടില്ലാത്ത ആ രീതിശാസ്ത്രം വേണ്ടവിധം പ്രയോജനപ്പെടുത്താൻ കലാസംവിധായകൻ എന്നനിലയിലുള്ള അദ്ദേഹത്തിന്റെ നീണ്ട 25 വർഷത്തെ പ്രവർത്തനങ്ങളിലൂടെ ‘കേളി’ക്ക്‌  കഴിഞ്ഞിട്ടുണ്ടെന്ന് കേളി ഫെസ്റ്റിവൽ ഡയറക്ടർ കെ. രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. വിഷയത്തിലെ കൃത്യതയും അവതരിപ്പിക്കുന്നതിലുള്ള വഴക്കവും മറ്റൊരു കലാസംഘാടകനിലും കണ്ടിട്ടില്ല.
പകരംവെക്കാനില്ലാത്ത പ്രതിഭ, നിരീക്ഷകൻ, നിരൂപകൻ, ആർട്ട് അഡ്മിനിസ്‌ട്രേറ്റർ എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.