പ്രകൃതിയെ പ്രണയിക്കുക... അതാണ് കലയുടെ ആഴങ്ങളെ കണ്ടെത്താനുള്ള മാര്‍ഗം' എന്ന് പറഞ്ഞത് വിഖ്യാത ചിത്രകാരന്‍ 'വിന്‍സെന്റ് വാന്‍ഗോഗ്' ആണ്. ചിത്രകാരനില്‍നിന്ന് വേറിട്ട്, ചിത്രകാരന്റെ ആത്മാവിനെ മാത്രം സ്വാംശീകരിച്ച് ജീവിക്കുന്നവയാണ് ചിത്രങ്ങളെന്ന വാന്‍ഗോഗിന്റെ കണ്ടെത്തലിനെ സാധൂകരിക്കുന്ന അനേകം സൃഷ്ടികള്‍ ഇപ്പോഴും പിറവിയെടുക്കുന്നുണ്ട്. നിറങ്ങളുടെ മനോഹരമായ മേളനം കൊണ്ട് വിസ്മയിപ്പിക്കുന്ന കാഴ്ച സമ്മാനിക്കുന്ന അനേകം വരകള്‍... ചിത്രകാരനില്‍നിന്ന് വേറിട്ട്, അയാളുടെ ആത്മാവിനെ സ്വാംശീകരിക്കുന്ന, പ്രകൃതിയോടും മനുഷ്യനോടുമുള്ള പ്രണയത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍.

പ്രവാസചിത്രകലാ ലോകത്ത് രണ്ട് ചിത്രകാരന്‍മാരുടെ വരകള്‍ ഇങ്ങനെ ദേശാന്തരങ്ങളെ ഭേദിച്ച് വര്‍ണങ്ങളുടെ മാസ്മരികത തീര്‍ക്കുന്നുണ്ട്... കൊല്ലം ചവറ സ്വദേശിയായ മുരളി സി.എ.യുടെയും മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയായ രാംമോഹന്‍ എ.കെ.യുടെയും വരകള്‍. മിഡില്‍ ഈസ്റ്റ് ആര്‍ട്ട് ആന്‍ഡ് പെയിന്റേഴ്സ് സൊസൈറ്റി, ഖത്തര്‍ മ്യൂസിയം, പൈറിയസ് ദ്വീപിലെ യുനെസ്‌കൊ ക്ലബ്ബ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഖത്തര്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫെസ്റ്റിവലില്‍ പങ്കെടുത്ത വിരലിലെണ്ണാവുന്ന മലയാളികളില്‍ രണ്ടുപേരാണിവര്‍.

Murali Painting
മുരളി വരച്ച ചിത്രം

ഖത്തറിലെ മള്‍ട്ടിനാഷണല്‍ കെട്ടിടനിര്‍മാണ കമ്പനിയിലെ ഉദ്യോഗസ്ഥരായിരുന്നു രണ്ടുപേരും. കുട്ടിക്കാലം മുതല്‍ക്കുള്ള കലാമോഹങ്ങളെ രണ്ടുപേരും സാക്ഷാത്കരിച്ചത്, പ്രവാസ ജീവിതത്തിന്റെ തിരക്കേറിയ തൊഴില്‍സമയങ്ങളില്‍ ഇടയ്‌ക്കെപ്പോഴോ വീണുകിട്ടിയ ഒഴിവുനേരങ്ങളിലാണ്.

ഡിസൈന്‍ കോ-ഓര്‍ഡിനേറ്ററായി ജോലിചെയ്യുന്ന മുരളിയുടെ ചിത്രങ്ങളില്‍ നല്ലൊരു ശതമാനവും ജീവിതത്തിന്റെ യഥാതഥ ചിത്രീകരണമാണ്. മഹത്തായ സാമൂഹികസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വരകളും മുരളിയുടെ ചിത്രങ്ങളില്‍ കാണാം. ചിത്രകാരനായി മാത്രം ജീവിക്കാനുള്ള ഉല്‍ക്കടമായ മോഹത്തെ മറികടന്നാണ് ജീവിതയാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് മുരളി അക്കരയ്ക്ക് പോയത്. ഹൃദയത്തോട് ചേര്‍ത്തുവച്ച കലാഭിനിവേശത്തെ പക്ഷേ, ഒരിക്കലും അദ്ദേഹം ഉപേക്ഷിച്ചില്ല.

Muralai Painting
മുരളി വരച്ച ചിത്രം

അങ്ങനെ പ്രവാസലോകത്തും കലാരംഗത്തെ സജീവ സാന്നിധ്യമായി. ചിത്രകലാ ക്യാമ്പുകള്‍ സംഘടിപ്പിച്ചു പ്രദര്‍ശനങ്ങള്‍ നടത്തി. ചിത്രരചനയില്‍ ഡിപ്ലോമ ബിരുദധാരിയായ മുരളിയുടെ സൃഷ്ടികളില്‍ എണ്ണച്ചായാ ചിത്രങ്ങളാണ് കൂടുതലും. 'മരണാസന്നയായ ഭൂമി' മുതല്‍ കടുംചുവപ്പ് നിറങ്ങളാല്‍ സമ്പന്നമായ 'തെയ്യക്കോലങ്ങള്‍' വരെ മുരളിയുടെ വരകള്‍ക്ക് വിഷയമായി.

മുരളിയുടെ വരകള്‍ക്കെപ്പോഴും നിസ്സീമമായ പിന്തുണ നല്‍കുന്നത് ഭാര്യ മിനിയും മക്കളായ മാനസ, മാനവ് എന്നിവരുമാണ്. ഖത്തറിന് പുറമെ, ദുബായ്, ഒമാന്‍ എന്നിവിടങ്ങളിലും ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്്്.

'സെല്‍ഫ് മെയ്ഡ്' എന്ന് വിശേഷിപ്പിക്കാവുന്ന, രാംമോഹന്റെ സൃഷ്ടികളൊക്കെയും പ്രകൃതിയുടെയും ജീവിതത്തിന്റെയും യഥാതഥമായ ചിത്രീകരണങ്ങളാണ്. പ്രകൃതിയോടുള്ള അദമ്യമായ പ്രണയമാണ് രാം മോഹന്‍ എന്ന സിവില്‍ എന്‍ജിനീയറുടെ ജീവിതത്തില്‍ കലയുടെ സുഗന്ധം നിറയ്ക്കുന്നത്.

കുട്ടിക്കാലത്തുതന്നെ രാംമോഹന്റെ വരകളില്‍ പ്രകൃതിയും പക്ഷിയും പൂവും മനുഷ്യരുമെല്ലാം ഒരേപോലെ ഇഴുകിച്ചേര്‍ന്നു. പിന്നീടെപ്പോഴോ സിവില്‍ എന്‍ജിനീയറിങ്ങിന്റെ പരുക്കന്‍ വഴികളിലൂടെ സഞ്ചരിക്കേണ്ടിവന്നപ്പോള്‍, രാം മോഹന്‍ വരകളെ മറന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ജീവിതപങ്കാളിയായെത്തിയ രേഖയുടെ ഓര്‍മപ്പെടുത്തലും പിന്തുണയുമാണ് കൈവിട്ടുപോയ വരകളെ തിരിച്ചുപിടിക്കാന്‍ രാമിനെ പ്രചോദിപ്പിച്ചത്. പിന്നെ, കണ്ട കാഴ്ചകളൊക്കെയും രാം ചിത്രങ്ങളാക്കി. പ്രകൃതിയും മനുഷ്യരും പക്ഷികളും മൃഗങ്ങളുമൊക്കെ രാമിന്റെ ചിത്രങ്ങളില്‍ പുനരാവിഷ്‌കരിക്കപ്പെട്ടു. വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളൊക്കെയും പുനര്‍ജനിച്ചു. എണ്ണച്ചായത്തിന് പുറമെ, പെന്‍സില്‍, ജലച്ചായ ചിത്രങ്ങളും രാമിന്റെ ശേഖരത്തിലുണ്ട്.

Rammohan paint
രാംമോഹന്റെ വരകള്‍

വന്യജീവി ഫോട്ടോഗ്രാഫര്‍ കൂടിയാണ് രാംമോഹന്‍. നാന്നൂറിലധികം പക്ഷിമൃഗാദികളെ രാമിന്റെ ക്യാമറ പകര്‍ത്തിയിട്ടുണ്ട്. അവധിക്കാലത്ത് നാട്ടില്‍ വരുമ്പോള്‍ കാടായകാടുകളൊക്കെ താണ്ടി പക്ഷികളെയും മൃഗങ്ങളെയും കാണും. അവയെ ഒക്കെ ക്യാമറയിലും കാന്‍വാസിലും പകര്‍ത്തും. 

Ram photo wildlife
രാംമോഹന്‍ പകര്‍ത്തിയ ചിത്രങ്ങളിലൊന്ന്

ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 147 ചിത്രകാരന്‍മാരാണ് പങ്കെടുത്തത്.

Content Highlights: Story of two painters