പ്രവാചക നഗരിയായ മദീനയില്‍ നടന്ന ആ യാത്രയയപ്പു യോഗത്തില്‍ പങ്കടുക്കാന്‍ നാനൂറില്‍പരം കിലോമീറ്റര്‍ അകലെ ജിദ്ദയില്‍ നിന്ന്‌ ബസ്സിലാണു പോയത്‌. ജനവാസമില്ലാത്ത തരിശു നിലങ്ങളും പച്ചപ്പ് തീണ്ടാത്ത കുന്നുകളും ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പീഠഭുമികളും പിന്നിട്ട മദീന എക്സ്പ്രസ്‌ വേയിലൂടെ യാത്ര ചെയ്യാന്‍ എന്നും ഇഷ്ടമായിരുന്നു. സൌദി അറേബ്യന്‍ പബ്ളിക്‌ ട്രാൻസ്‌പോര്‍ട്ട്‌ കമ്പനിയുടെ ബെന്‍സ്‌ ബസ്‌ നിശബ്ദം ഒഴുകി നീങ്ങുമ്പോള്‍ കടന്നു പോന്ന ജീവിതത്തിന്റേയും അനുഭവങ്ങളുടേയും കണക്കെടുപ്പു നടത്താന്‍ സമയം ലഭിക്കാറുണ്ട്‌.

മണ്ണിന്റെ മണമുള്ള ചില സൗഹ‍ൃദങ്ങളാണ്‌ മദീനയിലേക്കും അബഹയിലേക്കും ജിസാനിലേക്കുമൊക്കെ മാടി വിളിച്ചുകൊണ്ടിരുന്നത്‌. അതു കൊണ്ടു തന്നെ രണ്ടു പതിറ്റാണ്ടോളം നീണ്ട സാദി അറേബ്യന്‍ ജീവിത കാലത്ത്‌ പലവട്ടം ഈ പ്രദേശങ്ങളില്‍ വന്നു. ആയിരത്തി നാനൂറു സംവത്സരങ്ങള്‍ക്കപ്പുറം മക്കയില്‍ നിന്ന്‌ അനുചരന്മാരോടൊപ്പം മുഹമ്മദ്‌ നബി ഏറെ ക്ളേശങ്ങള്‍ സഹിച്ചാണ്‌ ഒട്ടകപ്പുറത്ത്‌ മദീനയില്‍ എത്തിച്ചേര്‍ന്നത്‌. അവിടെ അദ്ദേഹത്തിന്‌ വലിയ വരവേല്‍പു ലഭിക്കുകയും പുതിയൊരു വിശ്വാസ പാതയിലേക്ക്‌ അനേകര്‍ ആകര്‍ഷിക്കപ്പടുകയും ചെയ്തു. താരതമ്യേന നിഷ്കളങ്കരും ഗോത്ര സ്വഭാവത്തിന്റെ ആര്‍ജ്ജവം പ്രകടിപ്പിക്കുന്നവരുമായിരുന്നു മദീനക്കാര്‍. ഇന്നും ഏതാണ്ടങ്ങനെ തന്നെയാണവര്‍.

പഴയ മലബാറില്‍ സമൃദ്ധമായിരുന്ന സ്നേഹ സൗഹ‍ൃദങ്ങളുടെ പുമരങ്ങളിലൊന്നായിരുന്നു മുന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തിനു ശേഷം രോഗതുരതകളോടു പൊരുതി യാത്രയയപ്പു വേദിയില്‍ നിറ കണ്ണുകളോടെ ഇരുന്ന മനുഷ്യന്‍. നാട്ടില്‍ നിന്നുള്ള പിന്‍വിളികളാണ്‌ വേരുറച്ചുപോയ മദീനയുടെ മണ്ണില്‍ നിന്നും മടങ്ങാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞതോര്‍ത്തു. സദസും വേദിയും പൊതുവേ നിശബ്ദമായിരുന്നു. വലിയ ഹാള്‍ തിങ്ങി നിറഞ്ഞ്‌ ആളുകള്‍ ഉണ്ടായിരുന്നു. അവരില്‍ മലയാളികള്‍ മാത്രമല്ല സൌദികളും യമനികളും ഇതര നാട്ടുകാരും ഉണ്ടെന്ന്‌ വേഷ വിധാനങ്ങളില്‍ നിന്നു തന്നെ മനസിലാവും. സകലരോടും ഒരേ സ്നേഹത്തോടെ പെരുമാറാന്‍ കഴിഞ്ഞിരുന്ന ഈ മനുഷ്യന്‍ സ്നേഹത്തിന്റെ വലിയൊരു പാഠശാലയാണെന്നു എന്നും തോന്നിയിട്ടുണ്ട്‌.

പ്രായാധിക്യമുള്ള സ്പോണ്‍സര്‍ പുത്രന്‍മാരോടും ബന്ധുക്കളോടുമൊപ്പം എത്തിയതോടെ രംഗം സജീവമായി. എല്ലാ മുഖങ്ങളും പൊതുവേ മ്ളാനമായിരുന്നു. നഗരത്തിലെ പൌരപ്രമുഖരായ ചില മലയാളികളുടെ പ്രസംഗങ്ങള്‍ കഴിഞ്ഞതോടെ സ്പോണ്‍സര്‍ എണീറ്റു നിന്നു, കഥാപുരുഷനെ ഒന്നു നോക്കിയിട്ട്‌ അദ്ദേഹം മൈക്കിനടുത്തെത്തി. കവിത തുളുമ്പുന്ന അറബിയില്‍ അദ്ദേഹം പറഞ്ഞു തുടങ്ങി -"എന്റെ തോട്ടത്തിലെ ഓരോ ഈന്തപ്പനയും നട്ടു വളര്‍ത്തിയത്‌ ഇവനാണ്‌. നിങ്ങളെയെല്ലാം ഉപേക്ഷിച്ച്‌ ഞാന്‍ പോവുകയാണെന്ന്‌ എങ്ങിനെയാണിവനു അവയോടെല്ലാം പറയാന്‍ കഴിയുക? ഇന്നു കാണുന്ന എന്റെ അഭിവൃദ്ധിക്കു മുഴുവന്‍ കാരണം മറ്റാരുമല്ല. ഇവന്‍ ആത്മാര്‍ത്ഥതയോടെ പണിയെടുത്തുണ്ടാക്കിയതാണ്‌ എന്റേയും കുടംബത്തിന്റേയും സമ്പത്തു മുഴുവന്‍. പിന്നീട്‌ കൂടുതല്‍ പണിക്കാരും കൂടുതല്‍ തോട്ടങ്ങളും ഉണ്ടായെങ്കിലും എല്ലാത്തിനും അസ്തിവാരമിട്ട മുസയെ ഞാന്‍ എന്റെ ഹൃദയത്തോടു ചേര്‍ക്കുന്നു. ഞാനും എന്റെ മക്കളും ഇവനു വേണ്ടി എന്തും ചെയ്യാന്‍ ഒരുക്കമാണ്‌. നാട്ടില്‍ നിന്നു എപ്പോള്‍ വേണമെങ്കിലും അവനും കടുംബാംഗങ്ങള്‍ക്കും ഇവിടെ വന്ന്‌ എത്ര നാള്‍ വേണമെങ്കിലും താമസിക്കാം " ഇത്രയും പറഞ്ഞതോടെ അദ്ദേഹം അനിയന്ത്രിതമായി പൊട്ടിക്കരയാന്‍ തുടങ്ങി. മകന്‍ ഇരിപ്പിടത്തില്‍ നിന്ന്‌ എണീറ്റു വന്ന്‌ ആശ്വസിപ്പിച്ച്‌ കസേരയിലേക്കാനയിച്ചു. ഉപഹാരം സ്വീകരിക്കുമ്പോള്‍ മൂസയും കരയുന്നുണ്ടായിരുന്നു. സ്പോണ്‍സര്‍ ഒരു തൊഴിലാളിക്കു വേണ്ടി കരയുന്നത്‌ തന്റെ ജീവിതത്തില്‍ ആദ്യമായാണ്‌ കാണുന്നതെന്ന്‌ തൊട്ടടുത്തിരുന്ന ഫലസ്തീന്‍ പൌരന്‍ പറഞ്ഞപ്പോള്‍ പലരും അതു ശരി വെച്ചു.
മദീനയില്‍ മുസക്കയുടെ തോട്ടം എന്നു ഞങ്ങള്‍ വിളിച്ചിരുന്ന തോട്ടത്തിലേക്കുള്ള യാത്ര സുഹൃത്തുക്കള്‍ക്ക്‌ എന്നും സന്തോഷകരമായിരുന്നു. കോഴിക്കോടന്‍ ആതിഥേയത്വവും നല ഭക്ഷണവും മാത്രമല്ല നിര്‍ലോഭമായ സൌഈഹാര്‍ദ്ത്തിന്റെ കാറ്റു വീശുന്ന ഒരുദ്യാനമാണ്‌ അതിഥികള്‍ക്കായി അദ്ദേഹം തുറന്നു വെക്കാറുണ്ടായിരുന്നത്‌. മാതൃഭൂമി ബാല പാക്തിയില്‍ എണ്ണപ്പാടം മൂസക്കോയ എന്ന പേരില്‍ കഥകള്‍ എഴുതിയിരുന്ന കാലം തൊട്ടുള്ള പരിചയമാണ്‌. ജീവിതാനുഭവങ്ങളുടെ വലിയ ശേഖരം അദ്ദേഹം ഞങ്ങള്‍ക്കായി പങ്കു വെക്കുമായിരുന്നു. നൂറ്റാണ്ടുകള്‍ക്കപ്പുറം അഗ്നിപര്‍വത സ്ഫോടനത്തില്‍ ഉരുകിയൊലിച്ച ലാവ ഖനീഭവിച്ചുണ്ടായ കുന്നിന്‍മുകളിലേക്ക്‌ കുട്ടികളെ അദ്ദേഹം നയിച്ചു. അവരവിടെ കളിച്ചു തിമര്‍ക്കുന്നത്‌ ക്യാമറയില്‍ പകര്‍ത്തി. കത്തുന്ന അറേബ്യന്‍ വേനലില്‍ തോട്ടം നനയ്ക്കാനുള്ള വലിയടാങ്കില്‍ എല്ലാവരും നീന്തിക്കുളിക്കും. വര്‍ഷങ്ങളിലൂടെ മദീന ഞങ്ങള്‍ക്കൊരു മരുപ്പച്ചയായിത്തീര്‍ന്നതിന്റെ കാരണം ഈ മനുഷ്യനായിരുന്നു. പ്രവാചകന്റെ കബറിടം സ്ഥിതിചെയ്യുന്ന മദീനയിലെ പള്ളി ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടന ക്രേനദ്രങ്ങളിലൊന്നാണല്ലോ. പള്ളിയുടെ വിശാലമായ മുറ്റത്ത്‌ അനേകം രാത്രികളില്‍ വൈകുവോളം ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരുന്നിട്ടുണ്ട്‌. പള്ളിയുടെ മിനാരങ്ങള്‍ തുനിലാവില്‍ കുളിച്ചു നില്‍ക്കുന്ന അത്തരം രാവുകളിലാണ്‌ സ്വന്തം ജീവിതത്തേയും കുടുംബത്തേയും കുറിച്ച്‌ അദ്ദേഹം പറയാറുണ്ടായിരുന്നത്‌.

മലയാളികള്‍ക്കുവേണ്ടി സൌദി റിസര്‍ച്ച്‌ ആന്റ്‌ പബ്ളിഷിംഗ്‌ കമ്പനി 1999ല്‍ ജിദ്ദയില്‍ ആരംഭിച്ച മലയാളം ന്യൂസ്‌ പ്രതത്തിന്റെ മദീന ലേഖകനാകാനുള്ള ക്വണം അതീവ സന്തോഷത്തോടെയാണദ്ദേഹം സ്വീകരിച്ചത്‌. അക്ഷരങ്ങളുമായി അറ്റുപോയ ബന്ധം വീണ്ടും വിളക്കിച്ചേര്‍ക്കാമല്ലോ എന്ന ചിന്തയാവാം കാരണം. വായനക്കാരെ ഏറെ ആകര്‍ഷിച്ച അനേകം റിപ്പോര്‍ട്ടുകളും ഫീച്ചറുകളും അദ്ദേഹത്തിന്റേതായി വെളിച്ചം കാണുകയും ചെയ്തു. സുഹൃത്തുക്കളോടൊപ്പം നടത്തിയ കാശ്മീര്‍ യാത്രയുടെ വിവരണം ഉള്‍ക്കൊള്ളുന്ന പരമ്പര ഇക്കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു. വലിയ ആവേശത്തോടെയാണ്‌ ആ നാളുകളില്‍ ഫോണ്‍ ചെയ്യാറുണ്ടായിരുന്നത്‌.

Story of CK Hassan Koya moosakoya Pravasi Saudi Arabia
മദീനയിൽ നടന്ന യാത്രയയപ്പിൽ പൗരപ്രമുഖനായ അറബ്‌ പൗരൻ മൂസക്കോയക്ക്‌ ഉപഹാരം നൽകുന്നു. പിന്നിൽ ഇരിക്കുന്ന കഫീലിനേയും (സ്പോൺസർ) കാണാം. 

പ്രവാചകന്റെ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി ഏറെ സമയം ചെലവഡഴിക്കാറുണ്ടായിരുന്ന മൂസക്കോയക്കു ജീവിതം ശരശയ്യ തന്നെയായിരുന്നു. തോട്ടത്തിലെ കൊച്ചു മുറിയില്‍ ഇരുമ്പു കട്ടിലില്‍ കിടന്നുറങ്ങി, ചുരുങ്ങിയ ചെലവില്‍ ഭക്ഷണമുണ്ടാക്കി കഴിച്ചാണദ്ദേഹം വീട്ടിലേക്കു പണമയച്ചുകൊണ്ടിരുന്നത്‌. കുട്ടികള്‍ വിദ്യാഭ്യാസം നേടിയതും വലിയ വീടു നിര്‍മ്മിച്ചതുമെല്ലാം ഇങ്ങനെ മിച്ചം വെച്ച പണം ഉപയോഗിച്ചു തന്നെ. ഓരോ മാസവും അക്കൌണ്ടില്‍ എത്തിച്ചേരുന്ന പണം എങ്ങനെയാണുണ്ടാകുന്നതെന്നു ഭാര്യക്കോ മക്കള്‍ക്കോ മനസിലാക്കാന്‍ കഴിഞ്ഞില്ല. മക്കളെയെല്ലാം കല്ല്യാണം കഴിപ്പിച്ച്‌ ബാധ്യതകള്‍ ഏറെക്കുറെ അവസാനിപ്പിച്ചാണ്‌ നാട്ടിലേക്കു മടങ്ങിയതെങ്കിലും തന്റെ പണം കൊണ്ടു നിര്‍മ്മിച്ച വീട്ടില്‍ അദ്ദേഹം സ്വീകരിക്കപ്പെട്ടില്ല. പ്രവാസം പലപ്പോഴും തിരിച്ചു നല്‍കുന്നത്‌ കയ്പുനീര്‍ മാത്രമായിരിക്കുമെന്നു മൂസക്കയെ ഓരോ തവണ കാണുമ്പോഴും ഓര്‍മ്മിക്കാറുണ്ട്‌. മുറുമുറുപ്പുകളും അവഗണനയും വിവാഹ മോചനത്തിലേക്കു നീണ്ടതോടെ ജീവിതം തന്നെ തകിടം മറിഞ്ഞു.

അനേകര്‍ക്ക്‌ സ്നേഹവും ആശ്വാസവും പകര്‍ന്നു നല്‍കിയ ആ മനുഷ്യന്‍ ഏകാന്തതയുടെ തുരുത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ അധികമാരും ഉണ്ടായിരുന്നില്ല. നഗര പ്രാന്തത്തിലെ വീട്ടില്‍ കുടുംബം താമസിക്കുമ്പോള്‍ ഹൃദ്രോഗിയായ അയാള്‍ ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ വാടക മുറിയില്‍ കഴിയുകയായിരുന്നു. ജീവിതം മുന്നോട്ടു കൊണ്ടു പോകാനായി ആരംഭിച്ച തുണിക്കട കോവിഡ്‌ വന്നതോടെ വാടക പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിക്കഴിഞ്ഞിരുന്നു. രക്ത സമ്മര്‍ദ്ദവും മറ്റു രോഗങ്ങളും ചേര്‍ന്നപ്പോള്‍ ദുരന്തം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം (ഡിസംബർ 16) കോവിഡിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതം ആ ജീവനെടുത്തു എന്ന വാര്‍ത്ത തീര്‍ത്താല്‍ തീരാത്ത വേദനയാണ്‌ ആ വലിയ മനസുമായി ഇടപഴകിയിട്ടുള്ള ഓരോരുത്തര്‍ക്കും സമ്മാനിച്ചത്‌. പറയാന്‍ ബാക്കിവെച്ച അനേകം കഥകളുമായി ആ ദേഹം മണ്ണിലേക്കു മടങ്ങുമ്പോള്‍ അവസാനമായി ഒന്നു കാണാന്‍ പോലും സാധിച്ചില്ലല്ലോ എന്ന ദുഖം ബാക്കിയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ബന്ധപ്പെട്ടവരെല്ലാം കോവിഡ്‌ പ്രോട്ടോക്കോള്‍ ഭയന്ന്‌ വീട്ടില്‍ തന്നെ കുത്തിയിരുന്നു. അവരുടെയെല്ലാം മനസില്‍ അദ്ദേഹം പകര്‍ന്നു നല്‍കിയ നിരുപാധികമായ സ്നേഹം നിത്യ സുഗന്ധമായി അവശേഷിക്കുമെന്നുറപ്പാണ്‌.