വളരെനാൾകൊണ്ട് ഉരുണ്ടുകൂടിയ സാമ്പത്തികപ്രതിസന്ധിയുടെ കാഠിന്യം അനുഭവിക്കുകയാണ് ശ്രീലങ്ക. ഭക്ഷ്യക്ഷാമം രൂക്ഷം. ക്ഷാമകാരണം പൂഴ്ത്തിവെപ്പാണെന്നും അതുനേരിടാനെന്നും പറഞ്ഞ് പ്രസിഡന്റ് ഗോതബയ രാജപക്സെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് മൂന്നാഴ്ചകഴിഞ്ഞു. പക്ഷേ, ഇപ്പോഴും അവശ്യവസ്തുക്കൾക്കായി കടകൾക്കുമുമ്പിൽ നീണ്ടനിര, സർക്കാർ നടത്തുന്ന സൂപ്പർമാർക്കറ്റുകൾ പലതും കാലി. ഇറക്കുമതിചെയ്യുന്ന പാൽപ്പൊടി, ധാന്യങ്ങൾ, അരി എന്നിവയുടെ ശേഖരം വളരെക്കുറച്ചേയുള്ളൂവെന്ന് ബി.ബി.സി.യുടെ റിപ്പോർട്ട്. മരുന്നിനും മെഡിക്കൽ ഉപകരണങ്ങൾക്കും ഇന്ധനത്തിനും ക്ഷാമം. ഇറക്കുമതി കുറഞ്ഞതോടെ അവശ്യവസ്തുക്കളുടെ വില കുതിച്ചുകയറി. പക്ഷേ, സർക്കാർ ഇത്‌ നിഷേധിക്കുകയാണ്. ഇങ്ങനെയൊക്കെ റിപ്പോർട്ടുചെയ്ത് മാധ്യമങ്ങൾ ജനങ്ങളെ പേടിപ്പിക്കുകയാണെന്നും ആരോപിക്കുന്നു.

പക്ഷേ ഒന്നുണ്ട്, വിദേശത്തുനിന്നുള്ള ഭക്ഷ്യ ഇറക്കുമതിക്ക് കൊടുക്കാൻവേണ്ട ഡോളർ സർക്കാരിന്റെ പക്കൽ കമ്മിയാണ്. ഗോതബയയുടെ സഹോദരൻ മഹിന്ദ രാജപക്സെയുടെ കാലംമുതൽ വികസനത്തിനെന്നുപറഞ്ഞ് വിദേശരാജ്യങ്ങളിലും ഏജൻസികളിലുംനിന്ന് എടുത്തുകൂട്ടിയ വായ്പതിരിച്ചടച്ച് സർക്കാരിന്റെ വിദേശനാണ്യ കരുതൽശേഖരം കുറഞ്ഞു. ഒന്നരക്കൊല്ലത്തിലേറെയായി തുടരുന്ന കോവിഡിൽ വരുമാനമാർഗങ്ങൾ ചുരുങ്ങി. അടുത്ത വായ്പതിരിച്ചടവിന്റെ തീയതികൾ അടുത്തുകൊണ്ടിരിക്കുന്നു. അതിൽ വീഴ്ചവരുത്താതിരിക്കണമെങ്കിൽ ഇനിയും കടമെടുക്കണം. സർക്കാർ അംഗീകരിച്ചില്ലെങ്കിലും ഇതൊക്കെയാണ് യാഥാർഥ്യം.

കടത്തിൽ മുങ്ങി

ഇക്കൊല്ലം ഏപ്രിൽ അവസാനംവരെയുള്ള സർക്കാർ കണക്കനുസരിച്ച് 3510 കോടി ഡോളറാണ് (ഏകദേശം 2.6 ലക്ഷം കോടി രൂപ) ശ്രീലങ്കയുടെ വിദേശകടം. 47 ശതമാനവും വിപണിയിൽനിന്നുള്ള വായ്പകളാണ്. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിൽനിന്നുള്ള വായ്പ 13 ശതമാനം. ജപ്പാനിൽനിന്നും ചൈനയിൽനിന്നുമുള്ള വായ്പകൾ കടത്തിന്റെ 10 ശതമാനംവീതം വരും; ഇന്ത്യയിൽനിന്നുള്ള വായ്പ രണ്ടുശതമാനവും. ജനുവരി ഒന്നുമുതൽ ഏപ്രിൽ 30 വരെ മുതലും പലിശയുമായി 98.1 കോടി ഡോളർ തിരിച്ചടച്ചു. കോവിഡ് കാരണം വരുമാനം കുറവായതിനാൽ വിദേശനാണ്യ കരുതൽശേഖരത്തിൽനിന്ന്‌ എടുത്താണ് തിരിച്ചടവ്. അതോടെ കരുതൽശേഖരം കുത്തനെ കുറഞ്ഞു. 2019-ൽ 750 കോടി ഡോളറായിരുന്നത് ഈ ജൂലായ് ആയപ്പോൾ 280 കോടി ഡോളറായി ചുരുങ്ങി.

ഊഹക്കച്ചവടക്കാരെ നിയന്ത്രിക്കാനെന്നുപറഞ്ഞ് സർക്കാർ വിദേശനാണ്യവിപണിയിൽ പിടിത്തമിട്ടു. ഇടിഞ്ഞുനിന്നിരുന്ന ശ്രീലങ്കൻരൂപയുടെ മൂല്യം ഇതോടെ വീണ്ടും കുറഞ്ഞു. ഇക്കൊല്ലം ശ്രീലങ്കൻ രൂപയുടെ മൂല്യത്തിൽ ഏഴരശതമാനം ഇടിവാണുണ്ടായത്. 200 രൂപകൊടുത്താലേ ഒരു ഡോളർ കിട്ടൂ. കരിഞ്ചന്തയിൽ വിനിയമനിരക്ക് ഡോളറിന് 230 രൂപയാണ്. വിദേശനാണയം കിട്ടാതായതോടെ ഇറക്കുമതിക്കാർക്ക് മറ്റുരാജ്യങ്ങളിൽനിന്ന് സാധനമെത്തിക്കാൻ കഴിയാതായി. ഭക്ഷ്യവസ്തുക്കൾക്കും മരുന്നിനും ചികിത്സാ ഉപകരണങ്ങൾക്കും ക്ഷാമമുണ്ടായി. ഇന്ധനക്ഷാമവും പിടിമുറുക്കിക്കഴിഞ്ഞു.കോവിഡ് ശ്രീലങ്കയുടെ മുഖ്യ വിദേശവരുമാനമാർഗമായ വിനോദസഞ്ചാരമേഖലയുടെ നടുവൊടിച്ചു. 2019-ൽ ശ്രീലങ്കയുടെ മൊത്ത ആഭ്യന്തരോത്പാദനത്തിന്റെ 10 ശതമാനവും വിനോദസഞ്ചാരമേഖലയിൽനിന്നായിരുന്നു. അതുനിലച്ചു. സമ്പദ്‌വ്യവസ്ഥ 3.6 ശതമാനം ചുരുങ്ങി. ഇതോടെയാണ് വർഷങ്ങളായി ഉരുണ്ടുകൂടിയിരുന്ന സാമ്പത്തികപ്രതിസന്ധി ഇത്ര ഗുരുതരമായത്.

ജൈവകൃഷിഭ്രമം

ഇക്കൊല്ലം ഏപ്രിലിൽ രാജപക്സെ സർക്കാർ രാജ്യത്ത് രാസവളവും രാസകീടനാശിനികളും കളനാശിനികളും ഇറക്കുമതി ചെയ്യുന്നത്‌ നിരോധിച്ചു. ശ്രീലങ്കയെ ലോകത്തെ ആദ്യ സമ്പൂർണ ജൈവകൃഷിരാഷ്ട്രമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നിരോധനം. പക്ഷേ, അത്‌ തിരിച്ചടിച്ചു. ഉത്പാദനം കാര്യമായി കുറഞ്ഞു. ശ്രീലങ്കയിലെ 90 ശതമാനത്തോളം കർഷകർ രാസവളങ്ങളും കീടനാശിനികളും കളനാശിനികളും ഉപയോഗിക്കുന്നവരാണ്. നെല്ല്, തേയില, റബ്ബർ കൃഷികൾക്കാണ് രാസവളപ്രയോഗം ഏറെ നടത്തുന്നത്. കയറ്റുമതി വരുമാനത്തിന്റെ 10 ശതമാനവും കിട്ടുന്നത് തേയിലയിലൂടെയാണ്. ഉത്പാദനം കുത്തനെ ഇടിഞ്ഞതോടെ ആ വരുമാനമാർഗവും അവതാളത്തിലായി.

ജൈവകൃഷി ശ്രീലങ്കയെ ഇനിയും കടത്തിലാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഭൂട്ടാനാണ് ഉദാഹരണം. 2020-ഓടെ സമ്പൂർണ ജൈവകൃഷിരാഷ്ട്രമാകാൻ ഭൂട്ടാൻ ശ്രമിച്ചിരുന്നു. 2008-ൽ ഇതിനുള്ള നയവും കൊണ്ടുവന്നു. പക്ഷേ, ആ ലക്ഷ്യത്തിലെത്താൻ ഭൂട്ടാൻ ഇനിയുമേറെ യാത്രചെയ്യണമെന്നാണ് അടുത്തിടെയെത്തിയ പഠനം പറയുന്നത്. ജൈവകൃഷിയിലേക്കുള്ള പരിണാമം പൊടുന്നനെ സാധ്യമാകുന്ന ഒന്നല്ല. ഓരോ രാജ്യത്തിന്റെയും പാരിസ്ഥിതിക പ്രത്യേകതകളും നയം നടപ്പാക്കൽ രീതികളുമനുസരിച്ച് കുറഞ്ഞത് മൂന്നുകൊല്ലമോ അതിലേറെയോ എടുക്കും കർഷകരും മണ്ണും ഇതിലേക്ക്‌ പരിണമിച്ചെത്താനെന്നാണ് വിദഗ്ധർ പറയുന്നത്. അതുമനസ്സിലാക്കാതെ ലക്ഷ്യംനിശ്ചയിച്ച്‌ മുന്നേറിയ ഭൂട്ടാനിൽ വിളവുകുറഞ്ഞു. മുമ്പ് ഇറക്കുമതി ചെയ്തതിലുമേറെ അളവിൽ സാധനങ്ങൾ ഇറക്കുമതിചെയ്യേണ്ട അവസ്ഥയാണിപ്പോൾ. ഇതുമനസ്സിലാക്കാതെയുള്ള ശ്രീലങ്കയുടെ എടുത്തുചാട്ടം രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ അവതാളത്തിലാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

ഉരുക്കുമുഷ്ടി പ്രയോഗം

ഭക്ഷ്യപ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും കാരണം സ്വന്തം നയങ്ങളാണെന്ന് അംഗീകരിക്കാതെയാണ് ഊഹക്കച്ചവടക്കാരെയും പൂഴ്ത്തിവെപ്പുകാരെയും ശ്രീലങ്കൻ സർക്കാർ പഴിക്കുന്നത്. പട്ടാളത്തെയിറക്കി സകലപ്രതിസന്ധിയും പരിഹരിക്കാമെന്ന് പഴയ പട്ടാളക്കാരനും പ്രതിരോധമന്ത്രിയുമായിരുന്ന ഗോതബയ രാജപക്സെ കരുതുന്നു. അവശ്യവസ്തുവിതരണം ഉറപ്പാക്കാനും വ്യാപാരികളിൽനിന്ന് ഭക്ഷ്യോത്പന്നങ്ങൾ പിടിച്ചെടുത്ത് ന്യായവിലയ്ക്ക് ജനങ്ങൾക്കുനൽകാനും പട്ടാളത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 

കോവിഡിനെ നേരിടാനും പട്ടാളത്തെയാണ് ഇറക്കിയിരിക്കുന്നത്. കോവിഡിന്റെ തുടക്കത്തിലേ കരസേനാത്തലവൻ ജനറൽ ഷവേന്ദ്ര സിൽവയെ മേധാവിയാക്കി നാഷണൽ ഓപ്പറേഷൻ സെന്റർ ഫോർ പ്രിവൻഷൻ ഓഫ് കോവിഡ്-19 ഉണ്ടാക്കി. ഇക്കൊല്ലം ജനുവരിയായപ്പോൾ കോവിഡ് നിയന്ത്രണത്തിനായി 25 മേജർ ജനറൽമാരെയാണ് നിയമിച്ചത്. ആരോഗ്യവിദഗ്‌ധരെക്കാൾ പട്ടാളക്കാരുടെ ഉപദേശത്തെയാണ് പ്രസിഡന്റ് ആശ്രയിക്കുന്നത് എന്നാണ് ആക്ഷേപം. പട്ടാളം തുടക്കംമുതലുണ്ടായിട്ടും മൂന്നാംതരംഗം രൂക്ഷമായി തുടരുകയാണ് ശ്രീലങ്കയിൽ. ലോക്ഡൗണാകട്ടെ ഒക്ടോബർ ഒന്നുവരെ നീട്ടുകയുംചെയ്തു.

സാമ്പത്തികപ്രതിസന്ധിക്കിടെ രാജിവെച്ച കേന്ദ്രബാങ്ക് ഗവർണർ ഡബ്ല്യു.ഡി. ലക്ഷ്മണിന്റെ പിൻഗാമിയായി എത്തിയിരിക്കുന്നത് ധനകാര്യസഹമന്ത്രിയായിരുന്ന അജിത് നിവാർദ് കബ്രാലാണ്. ചില നെറികെട്ടവരുണ്ടാക്കിയ കൃത്രിമ ഭക്ഷ്യക്ഷാമമാണ് ഇപ്പോഴത്തേതെന്ന് ധനമന്ത്രിയായിരുന്നപ്പോൾ വാദിച്ചയാളാണ് കബ്രാൽ.2006 മുതൽ 2015-ന്റെ തുടക്കംവരെ കേന്ദ്രബാങ്ക് ഗവർണറായിരുന്നു അദ്ദേഹം. അന്ന് ഉയർന്നുനിന്നിരുന്ന പണപ്പെരുപ്പം ഒറ്റയക്കമാക്കിക്കുറയ്ക്കുന്നതിന് നേതൃത്വം നൽകിയെന്ന ഖ്യാതി അദ്ദേഹത്തിനുണ്ട്. പതിറ്റാണ്ടുകൾനീണ്ട ആഭ്യന്തരയുദ്ധം അവസാനിച്ച് വിനോദസഞ്ചാരവും സാമ്പത്തികവളർച്ചയും തിരിച്ചുവന്ന സമയമായിരുന്നു അത്. ഇപ്പോൾ സാഹചര്യം ഒട്ടും അനുകൂലമല്ല. ആദ്യം സാമ്പത്തികസ്ഥിരത കൈവരിക്കുക, പിന്നെ വളർച്ചയിൽ ശ്രദ്ധിക്കുക എന്നതാണ് നയമെന്നാണ് ‘അൽ ജസീറ’യ്ക്കുനൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. കഷ്ടിച്ച് രണ്ടുമാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ ഇറക്കുമതിചെയ്യാനുള്ള വിദേശനാണ്യംമാത്രം ബാക്കിയുള്ളപ്പോൾ എങ്ങനെ, എന്ന് കബ്രാൽ ലക്ഷ്യം കാണുമെന്നാണ് അറിയേണ്ടത്.